20 February Wednesday

ചരിത്രവും ഉപജാപങ്ങളും

ഡോ. മീന ടി പിള്ളUpdated: Sunday Mar 6, 2016

ഉമ്പര്‍ട്ടോ എക്കോയുടെ അവസാന നോവല്‍ ന്യൂമെറോ സീറോ
കൂലിക്ക് എഴുതുന്ന ഒരു  പത്രപ്രവര്‍ത്തകന്റെ  കഥ പറയുന്നു

കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ടിട്ടുള്ളതില്‍വച്ചേറ്റവും മികച്ച എഴുത്തുകാരില്‍ മുന്‍നിരക്കാരനാണ് അടുത്തയിടെ അന്തരിച്ച ഉമ്പര്‍ട്ടോ എക്കോ. സാഹിത്യത്തിനുമാത്രമല്ല, സാഹിത്യസിദ്ധാന്തങ്ങള്‍ക്കും മാധ്യമ സാംസ്കാരിക പഠനങ്ങള്‍ക്കും ഉത്തരാധുനിക നോവലിനും ചിഹ്നശാസ്ത്രത്തിനും തത്വചിന്തയ്ക്കും നിരൂപണത്തിനും അദ്ദേഹം വിലമതിക്കാനാകാത്ത സംഭാവന നല്‍കി. അദ്ദേഹം ഏറ്റവും അവസാനം രചിച്ച നോവല്‍ ന്യൂമെറോ സീറോ, കൂലിക്ക് എഴുതുന്ന ഒരു പത്രപ്രവര്‍ത്തകന്റെ കഥ പറയുന്നു. പത്രത്തിന്റെ ഉടമയുടെ പല കച്ചവടസംരംഭങ്ങളില്‍ ഒന്നുമാത്രമാണിത്. സത്യം പുറത്തുകൊണ്ടുവരുമെന്ന പ്രഖ്യാപിതലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ യഥാര്‍ഥ ലക്ഷ്യം, സത്യത്തെ മൂടിവയ്ക്കലാണ്.

ബോര്‍ഹെതസിന്റെ ഒരു ഹാസ്യാത്മക കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തുടങ്ങുന്ന കഥ ചരിത്രസത്യങ്ങള്‍ നിര്‍മിക്കപ്പെടാമെങ്കില്‍ അവ തുടച്ചുമാറ്റാനും സാധിക്കുമെന്ന് വാദിക്കുന്നു. എന്നാല്‍, കഥയും യാഥാര്‍ഥ്യവും ഇഴപിണഞ്ഞു കിടക്കുന്ന സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ വാക്കുകള്‍കൊണ്ട് മറ്റുള്ളവരെ ഉന്മൂലനംചെയ്യാന്‍ ശ്രമിക്കുന്ന എഴുത്തുകാരന്‍ വാക്കാല്‍ത്തന്നെ ഇല്ലാതാവുകയുംചെയ്യുന്നു. അങ്ങനെ എക്കോയുടെ പ്രിയപ്പെട്ട തന്ത്രമായ ഉന്മൂലനവിദ്യയുടെ മറ്റൊരു മകുടോദാഹരണമായിമാറുന്നു ഈ കൃതി. നാം കാണുകയും അനുഭവിക്കുകയും ആനന്ദിക്കുകയുംചെയ്യുന്ന ജീവിതത്തിനു പിറകില്‍ ദൃശ്യവും അദൃശ്യവുമായ അനേകം അതീവ രഹസ്യപദ്ധതികളും ഗൂഢതന്ത്രങ്ങളും ഉണ്ടെന്നു കാണിച്ചുതരുന്ന ഈ ശൈലി ഉത്തരാധുനിക നോവലിന്റെ ഏറ്റവും പ്രിയപ്പെട്ട സങ്കേതങ്ങളില്‍ ഒന്നാണ്.

മാധ്യമസൃഷ്ടികളും മാധ്യമവിചാരണയും അവയെ ചുറ്റിപ്പറ്റിയുള്ള ഉപജാപങ്ങളും ഇത്തരം ആഖ്യാനത്തോടുള്ള സംശയാത്മകതയും ഈ കൃതിയുടെ പ്രധാന വിഷയങ്ങളാണ്. ജനപ്രിയ മതിഭ്രമങ്ങള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന ഈ പ്രമേയം ചിത്തഭ്രമം ബാധിച്ച ഇന്നത്തെ മതസാമൂഹിക ചുറ്റുപാടുകളില്‍ ഏറെ പ്രസക്തമാണ്. എന്നാല്‍, നെയിം ഓഫ് ദി റോസ്, ഫൂക്കോസ് പെന്‍ഡുലംപോലെയുള്ള എക്കോയുടെ വിശ്വവിഖ്യാത കൃതികളില്‍ ഉണ്ടായിരുന്ന കരുത്തും ഊര്‍ജവും ഈ കൃതിക്ക് ഇല്ല.

മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ ഒരു മറുഭാഷ്യവും അന്ത്യവും എല്‍വിസ് പ്രസ്ളി ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവുകളുമൊക്കെയായി കാടുകയറുന്ന ആഖ്യാനം അതിസൂക്ഷ്മമായ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വായനയെ അല്‍പ്പം വിരസമാക്കുന്നുണ്ട്. എന്നാല്‍, ഇറ്റലിയുടെയും ലോകത്തിന്റെതന്നെയും സമകാലീനചരിത്രങ്ങളുടെ ആക്ഷേപഹാസ്യം എന്ന നിലയില്‍ ഈ കൃതി രസിപ്പിക്കുന്നുമുണ്ട്. 1990കളില്‍ ഇറ്റലിയില്‍ നടന്ന ക്ളീന്‍ ഹാണ്ട്സ് അഴിമതിവിവാദമാണ് ഈ കൃതിയില്‍ പ്രധാനമായും പരിഹസിക്കപ്പെടുന്നതെങ്കിലും അഴിമതിയില്‍ ആറാടുന്ന ഭരണകൂടങ്ങള്‍ക്ക് നേരെയും, അവയെ പൊതിഞ്ഞുവയ്ക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമ ധര്‍മങ്ങള്‍ക്കും  നേരെയും നീളുന്നു  ഹാസ്യത്തിന്റെ മുള്‍മുന. 

ഉല്‍ക്കൃഷ്ടമായ സാഹിത്യവും ജനപ്രിയ സാഹിത്യവും സമ്മേളിക്കുന്ന എക്കോയുടെ പതിവ് ശൈലി ഈ കൃതിയിലും കാണാം. ഇതര ചരിത്രങ്ങളിലൂടെയും പാഠാന്തരങ്ങളിലൂടെയും ഉപജാപകസിദ്ധാന്തങ്ങളിലൂടെയും സംശയാത്മക ചിത്തഭ്രമങ്ങളിലൂടെയും നീങ്ങുന്ന ആഖ്യാനം ഒരര്‍ഥത്തില്‍ ചരിത്രത്തെ അതീവ ഗൌരവത്തോടെ സംബോധനചെയ്യാനുള്ള ശ്രമംതന്നെയാണ് നടത്തുന്നത്. നിഷ്കളങ്കമെന്നുതോന്നിപ്പിക്കുന്ന ചരിത്രങ്ങളില്‍പ്പോലും നിഗൂഢമായ അനേകം പ്ളോട്ടുകള്‍ ഉണ്ടെന്ന് കറുത്ത ഹാസ്യത്തിന്റെ പൊള്ളുന്ന വാക്കുകളില്‍ എഴുതിക്കാട്ടുന്നു ഈ നോവല്‍. ഇറ്റാലിയന്‍ മൂലകൃതിയുടെ ഇംഗ്ളീഷ് പരിഭാഷ റിച്ചാര്‍ഡ്് ഡിക്സണാണ് നിര്‍വഹിച്ചിരിക്കുന്നത്. പെന്‍ഗ്വിനാണ് ഇന്ത്യന്‍ പ്രസാധകര്‍. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top