28 May Thursday

ആശുപത്രികളെ ഭയക്കേണ്ടതെന്തിന്

ഡോ. യു നന്ദകുമാര്‍Updated: Sunday Dec 18, 2016

ഡോക്ടര്‍മാരുടെ ദൈവാവതാരകാലം അവസാനിച്ചിരിക്കുന്നു. അവര്‍ മനുഷ്യര്‍തന്നെയാണെന്നും ചികിത്സയില്‍ ഡോക്ടറും രോഗിയും ഏറെക്കുറെ പങ്കാളികളാകണമെന്നും നാം ചിന്തിച്ചുതുടങ്ങി, ഇതിനകം. ചികിത്സയിലും പരിചരണത്തിലും ഇക്കാലത്ത് വന്നുകയറിയിട്ടുള്ള ദുഷ്പ്രവണതകള്‍ ഏറെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്. ഡോക്ടര്‍മാര്‍, ആശുപത്രികള്‍, മരുന്നുകമ്പനികള്‍ എന്നിവരുടെ അദൃശ്യകൂട്ടായ്മ സമൂഹത്തെയും രോഗികളെയും ദ്രോഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നു. നിയമങ്ങളിലുള്ള പഴുതുകളും സംഘടനാബലവും സ്വാധീനവും ഉപയോഗിച്ച് ശിക്ഷാനടപടികളില്‍നിന്ന് വളരെയെളുപ്പം രക്ഷപ്പെടാനും അവര്‍ക്ക് കഴിയും.

ഇന്ത്യയിലെ വൈദ്യശാസ്ത്ര പ്രവര്‍ത്തനങ്ങളിലെ തിന്മകളിലേക്ക് വിരല്‍ചൂണ്ടുന്ന പുസ്തകമാണ് അനില്‍ ഗദ്റെ, അഭയ് ശുക്ള എന്നിവര്‍ രചിച്ച 'രോഗനിര്‍ണയത്തിലെ ഭിന്നസ്വരങ്ങള്‍' (Dissenting Diagnosis  Anil Gadre,  Abhay Shukla: Vintage  Books India,- 2016).- രണ്ടുപേരും ഡോക്ടര്‍മാര്‍തന്നെയാണ്. ഡോ. അനില്‍ ഗദ്റെ പ്രശസ്തനായ ഗൈനക്കോളജിസ്റ്റ്; ഡോ. അഭയ് ശുക്ള പൊതുജനാരോഗ്യ വിദഗ്ധനും. സാധാരണക്കാരുടെ ഇടയില്‍ വ്യാപകമായി നിലനില്‍ക്കുന്ന തോന്നലാണ്, രോഗനിര്‍ണയത്തിലും ചികിത്സയിലും അവര്‍ പറ്റിക്കപ്പെടുന്നു എന്നത്. അനാവശ്യമായ ടെസ്റ്റുകള്‍, വിലയേറിയ ചികിത്സകള്‍, ഫലപ്രദമല്ലാത്ത ശസ്ത്രക്രിയകള്‍ ഒക്കെ നടക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഈവിഷയത്തിലേക്ക് കടക്കുകയാണ് ഗദ്റെയും ശുക്ളയും.

വിവിധ മേഖലകളില്‍ സ്വകാര്യ, സര്‍ക്കാര്‍ ഇടങ്ങളില്‍  ജോലിചെയ്യുന്ന 78 ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രാക്ടീസ് അനുഭവങ്ങളിലൂടെ വൈദ്യശാസ്ത്രത്തിന് നേരിടുന്ന മൂല്യച്യുതിയുടെ കഥ അനാവരണംചെയ്യുകയാണ് പുസ്തകത്തില്‍. തത്വദീക്ഷയില്ലാത്ത ഡോക്ടര്‍മാര്‍, കോര്‍പറേറ്റുകള്‍, മരുന്നുല്‍പ്പാദകര്‍ എന്നിവര്‍ ഒത്തുചേരുകയും ജനസംരക്ഷകരായി വര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിശ്ശബ്ദരാകുകയും ചെയ്യുന്ന അവസ്ഥ. പുസ്തകം ഒരു കാര്യത്തില്‍ നമുക്ക് ആശ്വാസം പകരുന്നുണ്ട്- വൈദ്യശാസ്ത്രത്തില്‍ ഇനിയും മനസ്സാക്ഷിയുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിവുള്ളവര്‍ മിച്ചമുണ്ട് എന്നതാണ് അത്. ഒരുവേള അവരിലൂടെയാവും വൈദ്യശാസ്ത്രത്തില്‍ നടക്കാനിരിക്കുന്ന പുതിയ മാറ്റങ്ങള്‍ തുടങ്ങുക.

ആരോഗ്യവും ആരോഗ്യപരിരക്ഷയും അടിസ്ഥാന മനുഷ്യാവകാശമാണ്. അത് ജീവിക്കാനുള്ള അവകാശത്തില്‍നിന്ന് ഭിന്നമായി കാണാനാകില്ല. അതിനാല്‍, ആരോഗ്യം സാമൂഹികവിഷയംതന്നെയാകുന്നു; നാമോരോരുത്തരും അതിലെ പങ്കാളികളും. ആരോഗ്യരംഗം ജനപക്ഷത്തായി നിലനിര്‍ത്താനുള്ള ഇടപെടലുകള്‍ ജനാധിപത്യഘടനയില്‍ ഒഴിച്ചുകൂടാനാകാത്തതുമാണ്. ഇന്ത്യയിലെ സ്വകാര്യചികിത്സാരംഗത്തെ നിയന്ത്രിക്കുന്നത് വളരെ മൃദുവായ നിയമങ്ങള്‍വഴിയാണ്. ശക്തവും ഫലപ്രദവുമായ നിയമങ്ങളെ അവര്‍ എതിര്‍ക്കുന്നു; എന്നാല്‍ സ്വന്തം നിലയിലുള്ള നിയന്ത്രണ ഉപാധികള്‍ നാളിതുവരെ കൊണ്ടുവന്നിട്ടുമില്ല. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ബില്‍ 2010നോടുള്ള എതിര്‍പ്പിനെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. നിയമത്തില്‍ വന്നുപെട്ട ഏതാനും പഴുതുകളെ മുന്‍നിര്‍ത്തി നിയമമാകെ തെറ്റെന്ന വാദമാണ് ഉയര്‍ന്നത്.

മരണത്തിനടുത്തെത്തിയ രോഗികളെ അന്തസ്സും ബന്ധുക്കളുടെ സാമീപ്യവും നിഷേധിക്കുന്ന രീതിയില്‍ ചികിത്സിക്കുന്ന ആശുപത്രികള്‍ ഉണ്ടെന്ന് നാം കാണുന്നു. ഇങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് ലാഭംമാത്രം ലാക്കാക്കിയുള്ള ചികിത്സയായി കാണേണ്ടതല്ലേ? പുസ്തകാരംഭത്തില്‍ ചേര്‍ത്തിരിക്കുന്ന ഡോ. വിജയ് അജ്ഗോങ്കറുടെ വിശദമായ മുഖാമുഖത്തില്‍ ഇത്തരം പ്രവണതകളെ ചൂണ്ടിക്കാട്ടുന്നു. പല ആശുപത്രികളിലും രണ്ടുനാളത്തെ ചികിത്സയ്ക്ക് 50,000 രൂപയിലധികം ചെലവുവരും. മരുന്നുകളുടെ വിലയും ചികിത്സയുടെ നിരക്കുമൊക്കെ നിയന്ത്രിക്കേണ്ടതുണ്ട്; ഇത് സാധ്യവുമാണ്. ഉദാഹരണത്തിന് ജനറിക് മരുന്നുകള്‍മാത്രം ഉപയോഗിക്കുന്നതും ഡോക്ടറുടെയും ആശുപത്രിയുടെയും നിരക്കുകള്‍ ന്യായമായി നിയന്ത്രിക്കുന്നതും ഫലപ്രദമാകും.

ഫാര്‍മസി കമ്പനികള്‍ പലരീതിയില്‍ ഡോക്ടര്‍മാരെയും ആശുപത്രികളെയും സ്വാധീനിക്കുന്നു. അക്കാദമിക് സമ്മേളനങ്ങള്‍ക്ക് പോകാനുള്ള യാത്ര, താമസം, വിദേശ സന്ദര്‍ശനങ്ങള്‍ തുടങ്ങി ചെറുസമ്മാനങ്ങള്‍, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍ ഇങ്ങനെ അനേക സാമഗ്രികളാണ് പല ഡോക്ടര്‍മാരുടെയും മനസ്സിളക്കുന്നത്. ചില ഡോക്ടര്‍മാരെങ്കിലും ഈ സമ്മാനദാതാക്കളുടെ പിടിയിലാണ്. ഒരുലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്ലസ് വേണ്ടെന്നുവച്ച ഒരു ഡോക്ടറുടെ കഥ പുസ്തകത്തിലുണ്ട്. വേണ്ടെന്നുവയ്ക്കാത്തവര്‍ ഉണ്ടാകുമല്ലോ.  ഹിംസാത്മകമായ വിപണനമാണ് മരുന്നുകമ്പനികളുടെ തന്ത്രം. ഒരു രൂപയ്ക്ക് വില്‍ക്കാനാകുന്ന ഡോക്സിസൈക്ളിന്‍ വിപണിയില്‍നിന്നു പിന്‍വലിച്ച് മറ്റേതെങ്കിലും ഉപയോഗപ്രദമല്ലാത്ത തന്മാത്ര കൂട്ടിച്ചേര്‍ത്ത് അഞ്ചു രൂപയ്ക്കു വില്‍ക്കുന്നു. ലക്റ്റുലോസ് (Lactulose)എന്ന തന്മാത്ര പഞ്ചസാരനിര്‍മാണത്തില്‍ ഉണ്ടാകുന്ന ഒരു ഉപോല്‍പ്പന്നമാണ്; അപ്പോള്‍ ഇതിന്റെ കമ്പോളവില പഞ്ചസാര വിലയേക്കാള്‍ കുറഞ്ഞിരിക്കണമല്ലോ. എന്നാല്‍, 200 മില്ലീലിറ്റര്‍ 180 രൂപയ്ക്കാണ് വില്‍പ്പന!

വന്‍കിട ആശുപത്രികളും കോര്‍പറേറ്റുകളും ആതുരസേവനം വ്യവസായമാക്കി മാറ്റിയിട്ടുണ്ട്. ന്യായീകരിക്കാനാകാത്ത ടെസ്റ്റുകള്‍, പ്രൊസീജറുകള്‍ എന്നിവ സാധാരണമായിക്കൊണ്ടിരിക്കുന്നു. ആവശ്യം ഉറപ്പില്ലാത്ത ശസ്ത്രക്രിയകള്‍ നടക്കുന്നുമുണ്ട്. ബില്ലിങ് രീതിയിലും പരക്കെ ആക്ഷേപമുണ്ട്. ബില്‍ തുക 10 മുതല്‍ 20 ലക്ഷംവരെ കയറിക്കഴിഞ്ഞാല്‍, ആയിരങ്ങള്‍മാത്രം വരുന്ന ബില്‍ നിസ്സാരമായി കാണാനാകും. മറ്റൊന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ മേലുള്ള സമ്മര്‍ദമാണ്. അവരുടെ സേവനം രോഗികളുടെ സുഖപ്രാപ്തിയുമായല്ല, ആശുപത്രിക്ക് ലഭിക്കുന്ന ലാഭവുമായാണ് ബന്ധപ്പെടുത്തിയിട്ടുള്ളത്. സാങ്കേതികമായി ഇത് പരിവര്‍ത്തന നിരക്ക് (Conversion Rate-)- എന്നറിയപ്പെടുന്നു: അതായത്, ഔട്ട് പേഷ്യന്റ് വിഭാഗത്തിലെത്തിയ രോഗികളില്‍ എത്രപേരെ സങ്കീര്‍ണങ്ങളായ പരിശോധന, പ്രൊസീജര്‍ എന്നിവയ്ക്കായി പ്രവേശിപ്പിച്ചു എന്ന്. രോഗിയുടെ മേലുള്ള ചികിത്സാതീരുമാനങ്ങള്‍ എടുത്തിരുന്നത് പണ്ടൊക്കെ ഡോക്ടര്‍മാരായിരുന്നെങ്കില്‍ ഇപ്പോള്‍ അത് അഡ്മിനിസ്ട്രേറ്റര്‍മാര്‍കൂടി ചേര്‍ന്നാണ്. അദൃശ്യരായ ഇവരാണ് ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നത്.

എന്നാല്‍, മൂല്യബോധത്തോടും വൈദ്യശാസ്ത്രത്തിന്റെ നൈതികത നിലനിര്‍ത്തിക്കൊണ്ടും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുണ്ട്. സാധാരണക്കാരായ രോഗികള്‍ക്ക് എങ്ങനെ അവരെ കണ്ടെത്താനാകും എന്നതാണ് പ്രശ്നം. പുസ്തകത്തില്‍ ഇതിനൊരു മാര്‍ഗം പറയുന്നുണ്ട്. രോഗിയുടെ ചോദ്യങ്ങള്‍ പൂര്‍ണമനസ്സോടെ കേള്‍ക്കുക, രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും രോഗിക്ക് ആവശ്യമായ അറിവ് നല്‍കുക, വ്യത്യസ്തമായ ചികിത്സകള്‍  ലഭ്യമെങ്കില്‍ അവയോരോന്നിന്റെയും ഗുണദോഷങ്ങള്‍ ചര്‍ച്ചചെയ്യുക, തെരഞ്ഞെടുക്കപ്പെടുന്ന ചികിത്സയുടെ പ്രത്യേകതകള്‍ ബോധ്യപ്പെടുത്തുക എന്നിവയ്ക്ക് സമയം കണ്ടെത്തുന്ന ഡോക്ടര്‍ നൈതികതയില്‍ വിശ്വാസമുള്ളയാള്‍ ആയിരിക്കും.

ഈ പുസ്തകം രചിച്ചിരിക്കുന്നത് വൈദ്യശാസ്ത്രത്തെക്കുറിച്ച് ഗഹനമായ സംവാദം തുടങ്ങാനല്ല, സാധാരണക്കാര്‍ക്ക് സുഗമമായി വായിച്ചു മനസ്സിലാക്കാനും വേണമെങ്കില്‍ സമൂഹത്തിലെ ആരോഗ്യ ചികിത്സാ പദ്ധതികളില്‍ പങ്കെടുക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഡോക്ടര്‍മാരും പൌരന്മാരും ഉള്‍പ്പെടുന്ന സന്നദ്ധ സംഘടനകള്‍ ഉണ്ടാകാനും, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ പ്രേരകശക്തിയായി മാറാനുമൊക്കെ ഇപ്പുസ്തകം ശുപാര്‍ശചെയ്യുന്നു. ആരോഗ്യമേഖല മാത്രമല്ല, മറ്റു മേഖലകളിലും അഴിമതിയും ജനവിരുദ്ധതയും നിലനില്‍ക്കുന്നുണ്ട്. അതും പരിഹരിക്കേണ്ടതുതന്നെ. എന്നാല്‍, അതുവരെ ആരോഗ്യരംഗം കാത്തുനില്‍ക്കേണ്ടതില്ലല്ലോ.

പ്രധാന വാർത്തകൾ
 Top