22 October Thursday

വിജയ് തെണ്ടുല്‍ക്കറും കന്യാദാനും

പ്രൊഫ. അലിയാര്‍Updated: Sunday Oct 9, 2016

ഇന്ത്യന്‍ നാടകവേദിയെ ഒരു പര്‍വതത്തോടുപമിക്കാമെങ്കില്‍ അതിലെ ഏറ്റവും ഉന്നതമായ കൊടുമുടികളിലൊന്നാണ് വിജയ് തെണ്ടുല്‍ക്കര്‍. അഞ്ച് ദശാബ്ദങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന സര്‍ഗാത്മക ജീവിതത്തില്‍ 27 മുഴുനീള നാടകങ്ങളും 25 ഏകാങ്കനാടകങ്ങളും അദ്ദേഹം രചിച്ചു. ചലച്ചിത്ര തിരക്കഥകളും ടെലിവിഷന്‍ പരമ്പരകളും ഇതിനുപുറമെ.
വിജയ് തെണ്ടുല്‍ക്കറിന്റെ നാടകങ്ങളെല്ലാം മറാത്ത നാടകവേദിയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. ഒന്നുപോലുമില്ല പ്രഹരശേഷിയുടെയും കലാമൂല്യത്തിന്റെയും അളവുനോക്കിയാല്‍ മാറ്റിനിര്‍ത്താന്‍. സഖാറാം ബൈന്‍ഡറും ഗാഷിറാം കോട്വാളുമൊക്കെയാകട്ടെ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു. തെണ്ടുല്‍ക്കറിന്റെ കന്യാദാനും ഈ ഗണത്തില്‍പ്പെടുന്നു.

വളരെ വര്‍ഷങ്ങള്‍മുമ്പ് വായിച്ച 'കന്യാദാന്‍' അടുത്തകാലത്തായി ഒരു ഗാഢപാരായണത്തിന് വിധേയമാക്കുകയുണ്ടായി. ഈ വായനയ്ക്കുശേഷം ഇത് മലയാളത്തിലേക്ക് മൊഴിമാറ്റാനും സാധിക്കുമെങ്കില്‍ അരങ്ങിലെത്തിക്കാനും ആഗ്രഹമുദിച്ചിരിക്കുന്നു.

വിജയ് തെണ്ടുല്‍ക്കറുടെ നാടകങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയെല്ലാം ഗൌരവമുള്ള രാഷ്ട്രീയം ആഴത്തില്‍ പരിശോധിക്കുന്നു എന്നതാണല്ലോ. യഥാര്‍ഥ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രമേയങ്ങള്‍ വളരെവേഗം വായനക്കാരിലേക്ക് എത്തും. എന്നാല്‍, അദ്ദേഹം പ്രമേയത്തെ ഉപരിപ്ളവമായ തലത്തിലല്ല കൈകാര്യംചെയ്യുന്നത്.

കന്യാദാനില്‍ ജാതിവ്യവസ്ഥയും അതിന്റെ പ്രശ്നങ്ങളും തെണ്ടുല്‍ക്കര്‍ ചര്‍ച്ചയ്ക്കെടുക്കുന്നു. ഒരു കുടുംബത്തിന്റെ കഥയാണിത്. ഗൃഹനാഥന്‍ പുരോഗമനകാരിയും എംഎല്‍എയും. അയാളുടെ ഭാര്യ പൊതുപ്രവര്‍ത്തക. അവര്‍ക്ക് രണ്ട് മക്കള്‍. ഉല്‍പ്പതിഷ്ണുക്കളായ കുടുംബം. മകള്‍ ദളിതനായ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാകുമ്പോള്‍ അതിനെ അത്രകണ്ട് എതിര്‍ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. എങ്കിലും അമ്മയ്ക്ക് സംശയം വ്യത്യസ്തമായ രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുമോ എന്ന്. കവിയായ ദളിത് ചെറുപ്പക്കാരന്‍ ചേരിവാസിയാണ്. അവിടെ മദ്യംവാറ്റും മദ്യപാനവും പതിവാണ്. ഇയാളും നന്നായി മദ്യപിക്കും. തെരുവില്‍ തല്ലുണ്ടാക്കും. എന്തായാലും വിവാഹം നടന്നു. തുടര്‍ന്നുള്ള സംഭവങ്ങളിലാണ് നാടകകൃത്ത് തന്റെ രാഷ്ട്രീയചര്‍ച്ച കൊണ്ടുവരുന്നത്.

സംഭാഷണങ്ങളിലൂടെ കഥ പുരോഗമിക്കുന്ന റിയലിസ്റ്റിക് ശൈലിയാണ് നാടകകൃത്ത് സ്വീകരിക്കുന്നത്. ആന്തരികമായ സംഘര്‍ഷം ഇതിലൂടെ സൃഷ്ടിച്ചെടുക്കുന്നു. ഒരു നിമിഷംപോലും പ്രേക്ഷകശ്രദ്ധ അരങ്ങില്‍നിന്ന് പിന്‍വലിക്കാന്‍ സാധിക്കില്ല.

തെണ്ടുല്‍ക്കറിന്റെ ഞാന്‍ വായിക്കുന്നതോ കാണുന്നതോ ആയ ആദ്യ നാടകമല്ല കന്യാദാന്‍. സഖാറാം ബൈന്‍ഡറും ഗാഷിറാം കോട്്വാളും മുമ്പേ വായിച്ചിട്ടുണ്ട്. ആറായിരത്തിലധികം വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള ഗാഷിറാം കോട്്വാള്‍ ഇന്ത്യന്‍ നാടകചരിത്രത്തില്‍ത്തന്നെ അത്ഭുതമാണ്. 1972ല്‍ പുറത്തിറങ്ങിയ ഈ നാടകം സ്ത്രീകളുടെ അടിമത്തത്തെയും മറ്റും വിഷയമാക്കുന്ന പൊളിറ്റിക്കല്‍ സറ്റയറാണ്.

1978ലാണ് ഞാനാദ്യമായി വിജയ് തെണ്ടുല്‍ക്കറിന്റെ നാടകം കാണുന്നത്. പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ദേശീയ നാടകോത്സവം സംഘടിപ്പിച്ചിരുന്നു. മലയാളിയുടെ നാടകാസ്വാദനശീലത്തെതന്നെ സ്വാധീനിച്ച സാംസ്കാരിക സംഭവമായി അത്. ഗിരീഷ് കര്‍ണാടിന്റെ ഹയവദന, ഹബീബ് തന്‍വീറിന്റെ ചരണ്‍ദാസ് ചോര്‍, തെണ്ടുല്‍ക്കറിന്റെ ഗാഷിറാം കോട്്വാള്‍ തുടങ്ങിയവയൊക്കെ അവിടെ അവതരിപ്പിക്കപ്പെട്ടു. അതുവരെ മലയാളി അത്തരം നാടകങ്ങള്‍ കണ്ടിരുന്നില്ല. ബി വി കാരന്ത്് സംവിധാനംചെയ്ത ഹയവദനയില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. ഹബീബ് തന്‍വീറിന്റെ നാടകത്തില്‍ അഭിനേതാക്കള്‍ മുഴുവന്‍ ആദിവാസികളായിരുന്നു.

ധീരനായ നാടകകൃത്തായിരുന്നു വിജയ് തെണ്ടുല്‍ക്കര്‍. തന്റെ ഇടതുപക്ഷവീക്ഷണം അദ്ദേഹം മരണപര്യന്തം ഉയര്‍ത്തിപ്പിടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top