13 September Friday
ഇന്ന്‌ വായനാ ദിനം

നമുക്ക്‌ വായിക്കാം

കെ എസ് രവികുമാർ dr.ksravikumar@gmail.comUpdated: Sunday Jun 19, 2022

എന്റെ സർവകലാശാലകൾ

 

 “എനിക്ക് മൂന്ന്‌ സർവകലാശാലകൾ ഉണ്ട്. അതിൽ മൂന്നാമത്തേതാണ്‌ ഇപ്പോൾ ജോലിയിൽനിന്ന് വിടപറയുന്ന സംസ്കൃത സർവകലാശാല. രണ്ടാമത്തേത് ഞാൻ പഠിക്കുകയും ഏറെക്കാലം പഠിപ്പിക്കുകയുംചെയ്ത കേരള സർവകലാശാല. എന്നാൽ, ഒന്നാമത്തെ സർവകലാശാല എന്റെ നാട്ടിലെ ഗ്രാമീണ ഗ്രന്ഥശാലയാണ്. പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള പനങ്ങാട് ജനതാ ഗ്രന്ഥശാല” –-ഇങ്ങനെയാണ് ഞാൻ ജോലിയിൽനിന്നു വിരമിച്ചപ്പോൾ യാത്രയയപ്പുയോഗത്തിൽ  മറുപടി പറഞ്ഞു തുടങ്ങിയത്.

എട്ടാമത്തെ വയസ്സുമുതൽ ഞാൻ ആ ഗ്രന്ഥശാലയുടെ ഭാഗമാണ്. കുറച്ച് മുതിർന്നതിൽ പിന്നെ എന്റെ വൈകുന്നേരങ്ങളെല്ലാം ആ ചെറിയ കെട്ടിടത്തിനുള്ളിലായിരുന്നു. എന്നെ ഞാനാക്കിത്തീർത്തത് അവിടത്തെ പുസ്തകങ്ങളിൽ ഒളിച്ചിരുന്ന അക്ഷരങ്ങളുടെ വെളിച്ചമാണ്. പാഠപുസ്തകങ്ങളിൽനിന്ന് അറിഞ്ഞതിനപ്പുറം എന്റെ ജീവിതത്തിന്റെ മൂലധനം അവിടെനിന്നു വായിച്ച പുസ്തകങ്ങളിൽനിന്നു ലഭിച്ച അറിവും അനുഭൂതികളുമാണ്. എന്റെ സാമൂഹിക ധാരണകളെയും ലോകബോധത്തെയും വായന ബലപ്പെടുത്തി. പിന്നീടത് സാഹിത്യ കൃതികളിലേക്കും പഠനങ്ങളിലേക്കും കേന്ദ്രീകരിച്ചു. ചെറുപ്പത്തിലേ സ്വാംശീകരിച്ച വായന സംസ്കാരം മലയാളം ഐച്ഛികമായെടുത്ത് ബിരുദാനന്തരബിരുദം നേടുന്നതിനും ഇഷ്ടപ്പെട്ട കോളേജ് അധ്യാപകജോലി ലഭിക്കുന്നതിനും വഴിയൊരുക്കി. അധ്യാപനത്തിനും എഴുത്തിനും ബലവത്തായ അടിത്തറയായതും ചെറുപ്പത്തിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ സ്വയംമറന്നു വായിച്ച രാത്രികൾതന്നെ. ഒ വി വിജയന്റെ വാക്കുകളിൽ ‘വായനയുടെ മുറജപം’. പിന്നീട് കോളേജ്- സർവകലാശാലാ ലൈബ്രറികളിലെ വിസ്മയിപ്പിക്കുന്ന പുസ്തകലോകം തുറന്നുകിട്ടിയെങ്കിലും പ്രിയപ്പെട്ട ജനതാ ഗ്രന്ഥശാലയാണ് എന്റെ ആദ്യത്തെ സർവകലാശാല.
 
   
പരിണാമപ്രക്രിയയിൽ മനുഷ്യൻ മറ്റു ജീവികളേക്കാൾ ഉയർന്ന നിലയിലെത്തിയത് ബുദ്ധിവികാസം കാരണമാണ്. ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ശേഷി ആർജിച്ചത് ആ വളർച്ചയുടെ ഭാഗമായാണ്. മനുഷ്യസമൂഹത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് എഴുത്തുവിദ്യ. അറിവുകളെല്ലാം മനുഷ്യർക്ക് എന്നും ഓർമയിൽ നിലനിർത്താൻ കഴിയില്ല. മരിച്ചുപോയാൽ എന്തൊക്കെ ഓർമയിൽ ഉണ്ടായിരുന്നുവോ അതെല്ലാം അയാളോടൊപ്പം മൺമറയുന്നു. ഈ പരിമിതിയെ നേരിടാൻ കണ്ടെത്തിയ സങ്കേതമാണ് എഴുത്തും വായനയും. പിന്നീട്അത് അച്ചടിയിലേക്ക് പുരോഗമിച്ചു. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ശബ്ദാലേഖനം, ദൃശ്യാലേഖനം എന്നിവയിലേക്കു വികസിച്ചു. ഇപ്പോൾ ഡിജിറ്റൽ സാങ്കേതികവിദ്യ വായനയ്ക്ക് പുതിയ സാധ്യതകൾ നൽകിയിരിക്കുന്നു. അറിവിനായാലും വിനോദത്തിനായാലും വായനയുടെ പ്രാധാന്യം ഇന്നും കുറഞ്ഞിട്ടില്ല. കടലാസിൽ അച്ചടിച്ച പുസ്തകത്തിന്റെ സ്ഥാനത്ത് ടാബും മൊബൈലും മറ്റുമായി എന്നുമാത്രം.
 
   നേരിട്ടുള്ള കാഴ്ചയ്ക്കും കേൾവിക്കും അപ്പുറമുള്ള എത്രയോ അറിവുകളും ധാരണകളുമാണ് വായനയിലൂടെ ലഭിക്കുന്നത്. മനുഷ്യർ അറിവുകളും അനുഭൂതികളും ഭാഷയിലൂടെ രേഖപ്പെടുത്തിവയ്ക്കാൻ തുടങ്ങിയതുമുതലുള്ള ഈടിരിപ്പുകളെല്ലാം പുസ്തകങ്ങളിലുണ്ട്. മികച്ച പുസ്തകങ്ങൾക്ക് ഒരു സവിശേഷതയുണ്ട്. അവ മനുഷ്യരെ ചിന്തിപ്പിക്കുന്നു. സ്വന്തം ജീവിതാവസ്ഥയെ തിരിച്ചറിയാനും അതിന്റെ പരിമിതിയെ ഭേദിക്കാനുമുള്ള കരുത്തുനേടാൻ പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് വായന വിമോചനപ്രക്രിയയായി മാറുന്നത്. അവനവനെയും ലോകത്തെയും തിരിച്ചറിയാനും സ്വാതന്ത്ര്യത്തെയും മാനസികവികാസത്തെയും പ്രതിരോധിക്കുന്ന ശക്തികളെ നേരിടാനും വായന മനുഷ്യനു കരുത്തുനൽകുന്നു.
 
   ഒരുകാലത്ത് വായന സമരമായിരുന്നു. സ്ത്രീകൾക്കും ദളിതർക്കും മറ്റും അക്ഷരം അന്യമായിരുന്നു. അക്ഷരം അറിയാവുന്ന സാധാരണക്കാർക്കുപോലും പുസ്തകം കൈയിൽ കിട്ടുന്ന ഒന്നായിരുന്നില്ല. പുസ്തകം വാങ്ങാനുള്ള സമ്പത്തോ സ്വാതന്ത്ര്യമോ മിക്കവർക്കും ഉണ്ടായിരുന്നില്ല. നവോത്ഥാനത്തിന്റെ വെളിച്ചം പ്രസരിച്ചു തുടങ്ങിയപ്പോഴാണ്‌ കേരളത്തിലെ ഗ്രാമങ്ങളിൽ പുരോഗമനാശയക്കാരായ യുവാക്കളുടെ മുൻകൈയിൽ വായനശാലകളും ഗ്രന്ഥശാലകളും ആരംഭിച്ചത്. അതിന്റെ പ്രതിരോധസ്വഭാവം തിരിച്ചറിഞ്ഞ പ്രതിലോമകാരികൾ സാധാരണക്കാർ പുസ്തകം വായിക്കുന്നതിന് പ്രതിബന്ധങ്ങളുണ്ടാക്കി. എങ്കിലും സാധാരണക്കാർ അക്ഷരം പഠിച്ചു. വായനയിലൂടെ അറിവും തിരിച്ചറിവും നേടി. ജനങ്ങൾ അക്ഷരങ്ങളിലൂടെ ആത്മശക്തിയും സാമൂഹികബോധവും നേടുന്നത് സഹിക്കാൻ കഴിയാത്തവർ ഗ്രന്ഥശാലകൾക്ക് തീയിടുന്നത് അന്നുമിന്നും പുതിയ കാര്യമല്ല. പ്രതിലോമശക്തികൾ എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനം വളർന്നു. ഇപ്പോഴും പുതിയ ഗ്രന്ഥശാലകൾ ഉണ്ടാകുന്നു, വായനക്കാർക്ക് പ്രോത്സാഹനം ലഭിക്കുന്നു. വായനയുടെ സംസ്കാരം വളർത്താനുള്ള പരിശ്രമത്തിന്റെ അടയാളങ്ങളാകുന്നു വായനദിനവും വായന പക്ഷാചരണവുമൊക്കെ. എന്നാൽ, ആചരണങ്ങൾക്കപ്പുറം വായന നിത്യശീലമായാലേ ലക്ഷ്യം പൂർത്തിയാകൂ.
 
   സാഹചര്യവശാൽ ആദ്യംതന്നെ ഗൗരവമുള്ള പുസ്തകങ്ങളാണ്‌ ഞാൻ വായിച്ചുതുടങ്ങിയത്. എന്നേക്കാൾ 10 വയസ്സ് കൂടുതലുള്ള ചേട്ടൻ അന്ന്‌ കോളേജിൽ പഠിക്കുന്നു. അദ്ദേഹം ലൈബ്രറിയിൽനിന്നു കൊണ്ടുവന്നിരുന്ന നിലവാരമുള്ള പുസ്തകങ്ങളായിരുന്നു എന്റെ ആദ്യത്തെ വായനവിഭവങ്ങൾ. നോവലും കഥയും കവിതയും നിരൂപണവുമൊക്കെ അതിൽപ്പെട്ടിരുന്നു. ആരോഗ്യനികേതനം, ഒളിവിലെ ഓർമകൾ, വോൾഗ മുതൽ ഗംഗ വരെ,  ബാലൻ പ്രസിദ്ധീകരണക്കാരുടെ വിജ്ഞാനമെന്ന ഒറ്റവാല്യം വിജ്ഞാനകോശം എന്നിവയൊക്കെ ഹൈസ്കൂളിലേക്കു കടക്കുമ്പോഴേക്കും വായിച്ചിരുന്നു. പലതും വേണ്ടതുപോലെ മനസ്സിലായില്ല. എങ്കിലും മികച്ച പുസ്തകങ്ങളുടെ ലോകത്തിലേക്ക്  അത് വഴിതുറന്നു.
 
   എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എം ടിയുടെ അതുവരെ പ്രസിദ്ധീകരിച്ചിരുന്ന പുസ്തകങ്ങൾ ഒന്നൊഴികെ എല്ലാം വായിച്ചു. എം ടിയുടെ ആദ്യത്തെ പുസ്തകമായ രക്തം പുരണ്ട മൺതരികൾ എന്ന കഥാസമാഹാരംമാത്രം കിട്ടിയില്ല. കുറേനാൾ കഴിഞ്ഞ് ബൈൻഡ് ചെയ്യാൻ മാറ്റിവച്ചിരുന്ന പുസ്തകങ്ങൾക്കിടയിൽനിന്ന് അത് അപ്രതീക്ഷിതമായി കിട്ടിയപ്പോഴുണ്ടായ സന്തോഷം മറക്കാനാകില്ല. മാതൃഭൂമി, ജനയുഗം, കുങ്കുമം, മലയാളനാട് എന്നിവ അന്ന്- എഴുപതുകളുടെ ആദ്യവർഷങ്ങളിൽ- വായനശാലയിൽ വന്നിരുന്നു. അവയിൽ കണ്ട രേഖാചിത്രങ്ങളും കൈകൊണ്ടെഴുതിയ ശീർഷകങ്ങളുമൊക്കെ ഇപ്പോഴും ഓർമയിലുണ്ട്. അക്കാലത്താണ് വായന നിത്യശീലമായിത്തീർന്നത്. അന്നുമുതൽ ജീവിതത്തിൽ വായിക്കാത്ത ദിവസങ്ങൾ കുറവ്. വായിക്കാത്ത  ദിവസങ്ങളിൽ എന്തോ ഒരു പോരായ്മ അനുഭവപ്പെടും. പൂജവയ്പിന്റെ ദിവസം പോലും വായനയ്ക്ക് മുടക്കമില്ല. വായനയാണ് ശരിയായ ഗ്രന്ഥപൂജ എന്നാണ് എന്റെ വിശ്വാസം.
 

ഇപ്പോൾ വായിക്കുന്ന പുസ്തകം 

നൈജീരിയൻ എഴുത്തുകാരി Chimamanda Ngozi Adichie എഡിറ്റ്‌ ചെയ്ത, ഒ ഹെന്റി സമ്മാനം ലഭിച്ച ചെറുകഥകളുടെ സമാഹാരം The Best Short Stories 2021 ആണ്. 1919 മുതൽ വർഷംതോറും പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയാണ്‌ അത്. ഓരോ വർഷവും ആനുകാലികങ്ങളിൽ വന്ന മികച്ച ഇംഗ്ലീഷ് ചെറുകഥകളുടെ സമാഹാരങ്ങളാണ്‌ അവ. കോവിഡ് സാഹചര്യംകൊണ്ടാകാം 2020ലെ സമാഹാരം പുറത്തുവന്നില്ല. 2021ലെ സമാഹാരത്തിൽ മറ്റു ഭാഷകളിൽനിന്നുള്ള കഥകളുടെ ഇംഗ്ലീഷ് പരിഭാഷകളും ആദ്യമായി ചേർത്തിരിക്കുന്നു. ന്യൂയോർക്കർ, പാരീസ് റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ വന്ന 20 കഥയാണ്‌ ഇതിലുള്ളത്. ഏറെയും യുവകഥാകൃത്തുകളുടെ രചനകൾ. പലരുടെയും ആദ്യപുസ്തകങ്ങൾ പുറത്തിറങ്ങാൻ പോകുന്നതേയുള്ളൂ. മൂന്നിൽ രണ്ടിലേറെ ഭാഗം കഥാകൃത്തുകൾ വനിതകളാണ്. പലരും ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്ന കറുത്ത വംശക്കാരോ കുടിയേറിയവരോ ആണ്.
 
ഇതിൽ സിന്ധ്യാ ഭാനു എന്ന ഇന്ത്യൻവംശജയായ എഴുത്തുകാരിയുടെ മല്ലിഗാ ഹോംസ്  എന്ന കഥയുമുണ്ട്. കോയമ്പത്തൂരും ചെന്നൈയും പശ്ചാത്തലമായുള്ള കഥയിൽ, ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുന്ന, വിധവയായ സ്ത്രീയുടെയും അമേരിക്കയിൽ ജോലിചെയ്യുന്ന മകളുടെയും ജീവിതത്തിലെ വൈകാരിക സന്ധികളാണ്‌ ഉള്ളത്. ഇന്ത്യയിലെ മധ്യവർത്തിസമൂഹം നേരിടുന്ന ഗൗരവമുള്ള ഒരു പ്രശ്നത്തെയാണ്  ഈ പുതിയ കഥാകാരി ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top