25 March Saturday

വാക്കുകള്‍ മതിയാവില്ല

എന്‍ പി ഹാഫിസ് മുഹമ്മദ്Updated: Sunday Jan 29, 2017

ചിലതു പറയാന്‍ വാക്കുകള്‍ മതിയാവില്ല. അത്തരമൊരു വിഷയമാണ് ഉപ്പ. ഞാന്‍ ജനിക്കുംമുമ്പേ എന്‍ പി മുഹമ്മദ് എന്ന എഴുത്തുകാരന്‍ പ്രശസ്തനായിക്കഴിഞ്ഞിരുന്നു. ചെറുകഥാകൃത്തായി മാത്രമല്ല, വിഷയങ്ങളെ ആഴത്തില്‍ പഠിക്കുകയും തന്റെ കാഴ്ചപ്പാടുകള്‍ സധൈര്യം അവതരിപ്പിക്കുകയും ചെയ്യുന്ന ഒരാളായും ഉപ്പ അറിയപ്പെട്ടു. തന്റെ ഉമ്മാച്ചുവിന് അവതാരികയെഴുതാന്‍ 30  വയസ്സ് തികയാത്ത എന്‍ പി മുഹമ്മദ് മതി എന്ന് ഉറൂബ് തീരുമാനിക്കാന്‍ കാരണം അതായിരിക്കാം. ശരിഅത്ത് നിയമങ്ങള്‍ പരിഷ്കരിക്കേകുുന്നതിനെ സംബന്ധിച്ച് ഇസ്ളാമിക് കോണ്‍ഗ്രസില്‍ പ്രബന്ധമവതരിപ്പിച്ചു. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനം. ഈ കാലത്തും അത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ ധൈര്യമുള്ള എത്രപേരുണ്ട്. മുസ്ളിങ്ങളും അല്ലാത്തവരുമായ പല എഴുത്തുകാരുടെയും മനസ്സില്‍ ഇത്തരം ആശയങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകാം. പക്ഷേ, അത് സമൂഹസമക്ഷം അവതരിപ്പിച്ചാല്‍ പുലിവാല് പിടിച്ചാലോ എന്നാകും ആശങ്ക.

അക്കിത്തത്തിന്റെ ഇരുപതാംനൂറ്റാകുിന്റെ ഇതിഹാസത്തെക്കുറിച്ച് ഉപ്പ പഠനമെഴുതി. അതേക്കുറിച്ച് സ്കൂളില്‍ അധ്യാപകന്‍ പറയുമ്പോള്‍ ഞാനെത്ര അഭിമാനിച്ചു! ഉപ്പയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുമ്പോള്‍ ഞാന്‍ എട്ടാംക്ളാസ് വിദ്യാര്‍ഥിമാത്രം.


ഉപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍ ഞങ്ങളുടെ കുടുംബത്തില്‍മാത്രമല്ല, കോഴിക്കോട്ടുകാരുടെയെല്ലാം മനസ്സില്‍ അദ്ദേഹം വിട്ടുപോയി 14 വര്‍ഷത്തിനിപ്പുറവും സജീവം. കോഴിക്കോട്ടെ എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും സംഗമസ്ഥാനമായിരുന്നു കോലായ. ഉറൂബും കക്കാടും അക്കിത്തവും... അങ്ങനെ എല്ലാവരും. ഓരോരുത്തരുടെയും വീടിന്റെ കോലായയില്‍ ഓരോ തവണകൂടി സാഹിത്യം ചര്‍ച്ചചെയ്യും. കോലായയിലെ കൂട്ടായ്മ കാണാന്‍ ചിലപ്പോള്‍ ഉപ്പ എന്നെയും കൂട്ടിയിരുന്നു.

ടെലിഫോണില്‍ അത്ര അധികം സംസാരിക്കില്ല. പക്ഷേ, ചിലരോടാകട്ടെ ഒരു മണിക്കൂറൊക്കെ സംസാരിക്കുകയും ചെയ്യും. പി സി മാമന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ഉറൂബ്, എം ടി, ഒ എന്‍ വി എന്നിവരോട് എത്ര സംസാരിച്ചാലും തീരില്ല. സാഹിത്യവും സംസ്കാരവും പിന്നെ ചില്ലറ കുടുംബകാര്യങ്ങളുമല്ലാതെ ഫോണിലെ ദീര്‍ഘഭാഷണങ്ങള്‍ക്കോ കോലായയിലെ വര്‍ത്തമാനങ്ങള്‍ക്കോ വിഷയമായിട്ടില്ല. അവര്‍ പുരസ്കാരങ്ങളെപ്പറ്റി വ്യാകുലപ്പെട്ടില്ല. പരസ്പര വിദ്വേഷം വച്ചുപുലര്‍ത്തിയില്ല. അസൂയപ്പെട്ടില്ല.

എം ടിയും എന്‍ പിയും തമ്മിലുള്ള ആത്മബന്ധം ഞാനായി പറയേകുതില്ല. ലോകത്തിനുമുന്നില്‍ പലതവണ അത് എഴുതപ്പെടുകയോ പറയപ്പെടുകയോ ചെയ്തിട്ടുക്ു. അമ്പതുകളില്‍ എം ടി സ്കോളര്‍ കോളേജില്‍ അധ്യാപകനായി എത്തിയതുമുതലുള്ള ബന്ധമാണ്. പിന്നീട് എം ടി മാതൃഭൂമിയില്‍ ചേര്‍ന്നു. ഉപ്പയും എം ടിയും ചേര്‍ന്ന് അറബിപ്പൊന്ന് എഴുതി, 1960ല്‍. പ്രമേയത്തെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ച് പരസ്പരം ധാരണയായി, അസാധാരണമാംവിധം തന്മയീഭവിച്ചശേഷമാണ് അറബിപ്പൊന്നിന്റെ രചന തുടങ്ങിയത്. ഏതു ഭാഗത്തെക്കുറിച്ച് ആര് എവിടെനിന്ന് എഴുതിത്തുടങ്ങിയാലും വ്യത്യാസമുകുാകാത്തവിധം പ്രമേയവും ആവിഷ്കരണരീതിയും ഇരുവര്‍ക്കും ബോധ്യമുകുായിരുന്നതായി എം ടി പറഞ്ഞിട്ടുക്ു. രകുാമൂഴത്തിന്റെ ഓരോ അധ്യായവും എഴുതിയശേഷം ഉപ്പയ്ക്ക് നല്‍കുമായിരുന്നു. ഉപ്പയുടെ ദൈവത്തിന്റെ കണ്ണും അങ്ങനെയായിരുന്നു. എഴുതിയ ഉടന്‍ എം ടി വായിച്ച് അഭിപ്രായം പറയും. മലയാളത്തിലെ ഏറ്റവും മികച്ച ഈ രക്ു നോവലുകളും ആദ്യം വായിക്കാന്‍ അവസരം കിട്ടുക എന്ന മഹാഭാഗ്യം എന്‍ പിയുടെ മകനായി ജനിച്ചതുകൊക്ു എനിക്ക് ലഭിക്കുകയുംചെയ്തു.

ഒരിക്കല്‍ എം ടി വിദേശ സന്ദര്‍ശത്തിനുപോയി മടങ്ങിവന്ന ഉടന്‍ ഉപ്പയെ വിളിച്ചു. യാത്രയ്ക്കിടയില്‍ കിട്ടിയ ഒരു പുസ്തകമായിരുന്നു സംഭാഷണവിഷയം. ഏതാണെന്നോ ആ പുസ്തകം? 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍'. ഗബ്രിയേല ഗാര്‍സ്യ മാര്‍ക്വേസിന് അപ്പോള്‍ നോബേല്‍ സമ്മാനമൊന്നും ലഭിച്ചിട്ടുകുായിരുന്നില്ല. പുതിയ പുസ്തകങ്ങള്‍ കിട്ടിയാല്‍ അവര്‍ക്കിടയില്‍ പ്രണയതുല്യമായ സൌഹാര്‍ദം വിടര്‍ന്നുവരുന്നത് ഞാന്‍ കകുിട്ടുക്ു.

ഇപ്പോള്‍ ചിലരൊക്കെ എം ടിക്കെതിരെ കലാപം കൂട്ടുന്നു. അല്ലെങ്കില്‍ അതിന് ശ്രമിക്കുന്നു. അദ്ദേഹം അഭിപ്രായം പറഞ്ഞുതുടങ്ങിയത് ഇപ്പോഴല്ല. ഒരിക്കലും എം ടി നിശ്ശബ്ദനായിരുന്നില്ല. സദാ മുദ്രാവാക്യം മുഴക്കിക്കൊകുിരുന്നിട്ടില്ലായിരിക്കാം. പക്ഷേ, പ്രതികരിക്കേകുുന്ന സന്ദര്‍ഭങ്ങളില്‍ ഒരിക്കലും മാറിനിന്നിട്ടില്ല. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ അക്രമം നടന്നപ്പോള്‍ താമരശേരിയില്‍ വന്ന് തെരുവില്‍നിന്ന് അദ്ദേഹം പീഡിതരോട് ഐക്യം പ്രഖ്യാപിച്ചത് മലയാളിക്ക് അത്രവേഗം വിസ്മരിക്കാനാകുമോ? അദ്ദേഹം എക്കാലവും മനുഷ്യപക്ഷത്താണ്. അത് തിരിച്ചറിയാനുള്ള വിവേകം നമുക്കുകുാകണമെന്നുമാത്രം.

എന്‍ പി മുഹമ്മദ് എന്ന എഴുത്തുകാരനെ എല്ലാവര്‍ക്കും അറിയാം. പക്ഷേ, അദ്ദേഹത്തിലെ മനുഷ്യനുമായി ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ഒരാള്‍ എം ടിയാണ്. എഴുത്തുകാര്‍ കുടുംബം നോക്കാത്തവരാണെന്ന് പൊതുവില്‍ ഒരാക്ഷേപമുക്ു. ഉപ്പ അതിനപവാദമായിരുന്നു. മക്കളോടുമാത്രമല്ല, സഹോദരങ്ങളോടും ഉമ്മയുടെ കുടുംബവുമായും അദ്ദേഹം പുലര്‍ത്തിയ അടുപ്പവും അവരോടൊക്കെ കാട്ടിയ കരുതലും ഹൃദയസ്പര്‍ശിയാണ്. ഓരോരുത്തരുടെയും വ്യക്തിത്വം അംഗീകരിക്കാന്‍ ഉപ്പയ്ക്കറിയാമായിരുന്നു. അത് പഠിച്ചതാകില്ല; തന്റെ പിതാവും സ്വാതന്ത്യ്രസമരസേനാനിയുമായ എന്‍ പി അബുവില്‍നിന്ന് പകര്‍ന്നുകിട്ടിയ സംസ്കാരമായിരുന്നിരിക്കണം. സ്കൂള്‍വിദ്യാര്‍ഥികളായിരുന്ന ഞങ്ങളോട് കുടുംബകാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ ചോദിച്ചും, തന്റെ പുസ്തകങ്ങളുടെ പുറംചട്ടമാത്രം വായിക്കുന്ന ഭാര്യയോട് അഗാധമായ ആത്മബന്ധവും സ്നേഹവും പുലര്‍ത്തിയും ഉപ്പ ആ സംസ്കാരം ഞങ്ങളിലേക്കും കൈമാറി. ഉപ്പയുടെ വിയോഗം ഉമ്മയ്ക്ക് ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. മരണവാര്‍ത്തയറിഞ്ഞപ്പോള്‍ 'ഇനി ഞാനെന്തിന് ജീവിക്കണ'മെന്നാണ് ഉമ്മ പ്രതികരിച്ചത്.

സ്കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യകഥ എഴുതുന്നത്  'എന്റെ സമരം'. മാതൃഭൂമി ബാലപംക്തിയില്‍ അത് അച്ചടിച്ചുവന്നപ്പോള്‍ 'ഉപ്പ എഴുതിക്കൊടുത്തതാകും' എന്ന് കൂട്ടുകാര്‍ പരിഹസിച്ചു. ഉപ്പയ്ക്ക് അതേപ്പറ്റി അറിയില്ലായിരുന്നുവെന്നു മാത്രമല്ല, കഥയുടെ വിഷയംതന്നെ ഉപ്പയായിരുന്നു. എഴുത്തില്‍ വേരുറച്ചെന്ന് സ്വയം ബോധ്യമായശേഷമാണ് എന്റെ കഥകള്‍ അദ്ദേഹത്തെ കാണിച്ചുതുടങ്ങിയത്.

എന്‍ പി മുഹമ്മദ് എന്ന മുഴുവന്‍ പേര് കോഴിക്കോട്ടുകാര്‍ വിളിക്കില്ല. അവര്‍ക്ക് പ്രിയപ്പെട്ട എന്‍ പി, ഞങ്ങളുടെ ഉപ്പ, നന്മയുടെയും സ്വാതന്ത്യ്രബോധത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും നിറവുള്ള മനുഷ്യനായിരുന്നു. യഥാര്‍ഥ മനുഷ്യന്‍.

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top