09 August Sunday

സിനിമയിലെ സാംസ്‌കാരിക വിവക്ഷകള്‍

ഡോ.ദിവ്യ ധര്‍മ്മദത്തന്‍Updated: Monday Jul 22, 2019

ഡോ.രാജേഷ് എം ആര്‍ എഴുതിയ സിനിമ - മുഖവും മുഖംമൂടിയും എന്ന ഗ്രന്ഥം സിനിമകളെ സൗന്ദര്യത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും പരിസരത്തില്‍ വിശകലനം ചെയ്യുന്ന ലേഖന സമാഹാരമാണ്. പുസ്തകത്തിന്റെ ആദ്യഭാഗം താരപദവിയും ലിംഗ രാഷ്ട്രീയവും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നു

ജനപ്രിയ നായകന്റെ സാംസ്‌കാരിക രാഷ്ട്രീയം, ഇളയദളപതിയുടെ തിരുവിളയാടല്‍, സുകുമാരി - വിഭിന്ന വേഷങ്ങളിലേക്കുള്ള പകര്‍ന്നാട്ടം എന്നീ ലേഖനങ്ങള്‍ താരപദവിയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നു. ജനങ്ങളുടെ കാമനാലോകവും ഭാവനാത്മകതയും വിപണിയുടെ സമവാക്യങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെടുത്തുന്ന താരപദവിയെ കേരളീയ സംസ്‌കാര മണ്ഡലത്തിനകത്തുവച്ച് വിശകലനം ചെയ്യുവാനാണ് ലേഖകന്‍ ശ്രമിക്കുന്നത്.

മുംബൈ പോലീസ്-സ്വവര്‍ഗരതിയും ആണത്തവും,അധികാരവും ലൈംഗികതയും, പ്രണയത്തിലെ ആണ്‍വിളയാട്ടങ്ങള്‍, ദൃശ്യപ്പെടുന്ന പുതിയ നിയമങ്ങള്‍,ആത്മഹത്യയുടെ ദൃശ്യപാഠങ്ങള്‍, മുന്നറിയിപ്പ് തരുന്ന മുന്നറിയിപ്പുകള്‍ എന്നീ ലേഖനങ്ങള്‍ ലിംഗ രാഷ്ടീയത്തെ വിശകലനം ചെയ്യുന്നവയാണ്.താര പദവിയും ലിംഗ രാഷ്ടീയവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെയും ഈ ലേഖനങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ദേശവും ദേശീയതയും - സാംസ്‌കാരിക വിവക്ഷകള്‍ എന്നതാണ് രണ്ടാം ഭാഗം. ഇതില്‍ സിനിമയിലെ ബദല്‍ സ്‌കൂള്‍ പാഠങ്ങള്‍,സാംസ്‌കാരിക ഭൂമി ശാസ്ത്രവും മലയാള സിനിമയും,മുസ്ലിം പൗരത്വത്തിന്റെ സംഘര്‍ഷങ്ങള്‍, തിരശ്ശീലയിലെ ഗ്രാമനിര്‍മ്മിതികള്‍,വസന്തത്തിന്റെ കനല്‍വഴികളില്‍ - സിനിമയും ചരിത്രവും,റോഡ് മൂവി - ആഖ്യാനവും രാഷ്ട്രീയവും,സവര്‍ണ്ണ ക്രൈസ്തവതയുടെ ദൃശ്യഭൂപടങ്ങള്‍, തിരയില്‍ തിളയിളകുന്നത്,അനുവര്‍ത്തനങ്ങളുടെ സമകാലീന വായന,ആമേന്‍ - ദൈവകേന്ദ്രിത ലോകത്തിലെ മായക്കാഴ്ചകള്‍,രാമ സങ്കല്‍പം ഇന്ത്യന്‍ സിനിമയില്‍,കാലാ- കറുപ്പിന്റെ പ്രതിരോധ സൗന്ദര്യശാസ്ത്രം,പാതിരാക്കാലം - ദേശീയതയുടെ സംഘര്‍ഷങ്ങള്‍ എന്നീ ലേഖനങ്ങളാണുള്ളത്.ദേശത്തിന്റെ അതിരുകള്‍ വികസിക്കുന്നതെങ്ങനെയെന്നും ദേശീയതയില്‍ നിന്നും പുറന്തള്ളപ്പെടുന്നതാരെന്നും ഈ ലേഖനങ്ങള്‍ അന്വേഷിക്കുന്നു. ഹൈന്ദവ ഫാസിസം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ദലിതരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം പഠനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്.

 മൂന്നാം ഭാഗമായ സിനിമ - ചരിത്രവും വര്‍ത്തമാനവും എന്നതില്‍ ഇന്ത്യന്‍ സിനിമകളുടെ ഭാവുകത്വ പരിണാമത്തെയാണ് പരിശോധിക്കുന്നത്.നവമാധ്യമങ്ങളും സിനിമയും, ഇന്ത്യന്‍സിനിമയുടെ ഭാവുകത്വ പരിണാമചരിത്രം,ബോളിവുഡിലെ ജനപ്രിയതയുടെ കാഴ്ചകള്‍,ന്യൂ ജനറേഷന്‍ സിനിമ - ആഖ്യാനവും രാഷ്ട്രീയവും,മള്‍ട്ടിപ്ലക്‌സ് സിനിമയും ആണത്തത്തിന്റെ വിമര്‍ശനവും,സിനിമയ്ക്കു പിന്നിലെ പ്രതിസന്ധികള്‍, കേരള ഫിലിം ഫെസ്റ്റിവലിന്റെ പിന്നിലെ രാഷ്ട്രീയം, സമകാലിക തമിഴ് ജനപ്രിയ സിനിമ - ബഹുജന രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം,ബോളിവുഡിന്റെ പുതുഭാവുകത്വം എന്നീ ലേഖനങ്ങളാണ് ഈ ഭാഗത്തുള്ളത്.

ചുരുക്കത്തില്‍ താരപദവി, ലിംഗ രാഷ്ട്രീയം, ദേശവും ദേശീയതയും, നവ മാധ്യമങ്ങളും സിനിമയും, ന്യൂ ജനറേഷന്‍ സിനിമ, ബോളിവുഡ് സിനിമ, തമിഴ് ജനപ്രിയ സിനിമ, ഫിലിം ഫെസ്റ്റിവല്‍, കീഴാള രാഷ്ട്രീയം മുതലായ നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്.ചലച്ചിത്ര ആസ്വാദകര്‍ക്കും പഠിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന ഈ ലേഖന സമാഹാരം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ദിവ്യ ദര്‍മ്മദത്തന്‍ : കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം  അധ്യാപിക

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top