22 June Tuesday

May Day Bookstore: പിറവി, വളർച്ച, അതിജീവനം

സുധാൻവ ദേശ്‌പാണ്ഡേ, പരിഭാഷ: രാജീവ് മഹാദേവൻUpdated: Wednesday Sep 23, 2020

(സുധാൻവാ ദേശ്‌പാണ്ഡെ LeftWord Books ൻറെ മാനേജിങ് എഡിറ്ററാണ്. സഫ്‌ദർ ഹശ്മി സ്ഥാപിച്ച ജനനാട്യമഞ്ചിൽ ദീർഘകാലം നടനും, സംവിധായകനുമായിരുന്നു. HallaBol: The Death and Life of Safdar Hashmi എന്ന പുസ്തകത്തിൻറെ രചയിതാവാണ്.)

ൽഹിയിൽ എത്ര പുസ്തകശാലകളുണ്ട്? കൃത്യമായൊരുത്തരം ആർക്കുമറിയാൻ വഴിയില്ല. വെറുതെ ഊഹിച്ചാൽപ്പോലും അതബദ്ധമായേക്കും. പുസ്തകശാലയുടെ നിർവചനത്തെത്തന്നെ ആശ്രയിച്ചെങ്കിലോ. ഉദാഹരണമായി, സ്‌കൂൾ ടെക്സ്റ്റ് ബുക്കുകളും, പ്രത്യേക വിഷയങ്ങളെ ആഴത്തിൽ പ്രതിപാദിക്കുന്ന അക്കാദമിക് ബുക്കുകളും  മാത്രം വിൽപ്പന ചെയ്യുന്ന ആയിരത്തോളം പുസ്തകശാലകൾ നിങ്ങൾക്ക് എണ്ണിയെടുക്കാനായേക്കും. ഫുട്പാത്തിൽ കച്ചവടം നടത്തുന്നവരുടെ എണ്ണമെടുത്താലും നൂറോ ആയിരമോ കണ്ടേക്കാം. പുസ്തകങ്ങൾ തൂക്കി വിൽക്കുന്നവരുടേയും, ത്രില്ലർ ബുക്കുകൾ ഒരേനിരക്കിൽ വില്പന നടത്തുന്നവരുടെയും എണ്ണമെടുത്താലും അത്രയധികമുണ്ടാവും.

ഒരുപക്ഷെ നിങ്ങൾക്ക് കുറേക്കൂടി ചെറിയ ഒരു കള്ളിയിലേക്ക് പുസ്തകശാലയുടെ നിർവചനത്തെ ഒതുക്കി നിർത്താൻ സാധിച്ചേക്കും. സാധാരണ വായനക്കാർ മുതൽ അക്കാദമിക്കുകൾ വരെയുള്ളവർക്ക് വായിക്കാൻ പാകത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്ന ഇടങ്ങൾ, അല്ലെങ്കിൽ അതിൽത്തന്നെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങൾ മാത്രം വിൽക്കുന്ന ഇടങ്ങൾ(ഉദാഹരണം, കുട്ടികൾക്കുള്ള പുസ്തകങ്ങൾ മാത്രം വിൽക്കുന്നവ). ഏത് നിലയ്ക്കായാലും മേൽപറഞ്ഞ എണ്ണങ്ങളെല്ലാം ഇപ്പോൾ ആയിരത്തിലും നൂറിലും നിന്ന്, വിരലിലെണ്ണാവുന്നവയായി ചുരുങ്ങിയിരിക്കുന്നു.

മറ്റൊരുകാര്യം, അത്തരം പുസ്തകശാലകൾ ഡൽഹിയിലുടനീളം വ്യാപിച്ചു കിടക്കുന്നവയായിരുന്നില്ല എന്നതാണ്. നിങ്ങൾക്കൊരു പുതിയ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലർ സ്വന്തമാക്കണമെങ്കിൽ സെൻട്രൽ ഡൽഹിയിലേക്കോ സൗത്ത് ഡൽഹിയിലേക്കോ പോകണം. നിങ്ങൾക്കൊരു ഹിന്ദി പുസ്തകമാണ് വേണ്ടതെങ്കിലോ ഓൾഡ് സിറ്റിയ്ക്കരികിലുള്ള ദരിയ ഗഞ്ചിലേക്കു പോകേണ്ടി വരും.

കാൽ നൂറ്റാണ്ടുകാലം ഞാൻ ജീവിച്ച പടിഞ്ഞാറൻ ഡൽഹിയിലോ, നദിയ്ക്കപ്പുറം കിഴക്കൻ ഡൽഹിയിലോ ആണ് നിങ്ങളെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും വിധമുള്ളൊരു പുസ്തകശാലയ്ക്കായി നിങ്ങൾ നഗരപ്രദക്ഷിണം നടത്തേണ്ടി വരും. ദൽഹി യൂണിവേഴ്സിറ്റിയുടെ നോർത്ത് ക്യാമ്പസിന് പരിസരത്താണ് നിങ്ങളെങ്കിൽ, ഭാഗ്യവാന്മാരെ നിങ്ങളെക്കാത്ത് ഭേദപ്പെട്ട കുറച്ച് പുസ്തകക്കടകൾ തുറന്നിരിപ്പുണ്ടാവും. എന്നാൽ അത്രയേറെ പ്രസിദ്ധമല്ലാത്ത ഒരു പുസ്തകമാണ് നിങ്ങൾ തിരയുന്നതെങ്കിലോ, ഖാൻ മാർക്കറ്റിലേക്ക് പോവുകയേ നിവൃത്തിയുള്ളു. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ, ബൾഗേറിയ എന്ന രാജ്യത്തോളം ജനസംഖ്യയുള്ള ഡൽഹിയിൽ, പേരിലുള്ള പെരുമ പോലും അവകാശപ്പെടാൻ കഴിയുന്ന ഒരു പുസ്തകശാലപോലുമില്ല എന്നതാണ് യാഥാർഥ്യം.

മെയ്ഡേ ബുക്ക്സ്റ്റോറിന്റെ പിറവി

പടിഞ്ഞാറൻ ഡൽഹിയിലുള്ള ഷാദിപ്പൂരിൽ ഞങ്ങൾ ഒരു പുസ്തകശാല തുടങ്ങാൻ തീരുമാനിച്ചപ്പോൾ, സ്വാഭാവികമായും ആളുകൾ കരുതിയത്, ഞങ്ങളെന്തോ ബുദ്ധിമോശം കാണിക്കുന്നുവെന്നാണ്. പരിസരവാസികൾക്കാണ് ഏറ്റവും അന്ധാളിപ്പുണ്ടായത്. എന്തു ചിന്തിച്ചിട്ടാണ് ഷാദിപ്പൂർ എന്ന, വരുമാനം കുറഞ്ഞ മധ്യവർഗക്കാരും, തൊഴിലാളികളും കൂടുതലുള്ള സ്ഥലത്ത് ഒരു കൂട്ടർ പുസ്തകശാല ആരംഭിക്കാൻ തുനിയുന്നത്. ആഡംബര വസ്ത്ര-ആഭരണക്കടകളോ, മുന്തിയ റസ്റ്റോറന്റുകളോ, കലാ-പ്രദർശനശാലകളോ, ഗ്രോസറി സ്റ്റോറുകളോ ഒന്നുമില്ലാത്ത, ചുരുക്കിപ്പറഞ്ഞാൽ ഒരു പുസ്തകക്കടയിലേക്ക് വെറുതെയെങ്കിലും ഒന്നെത്തി നോക്കാൻ ആളുകൾ ഇടപെടാനില്ലാത്ത ഒരിടം എന്നതായിരുന്നു അവരുടെ അന്ധാളിപ്പിന്റെ കാരണം. ഞങ്ങളുടെ അയൽക്കാരായുണ്ടായിരുന്നത്, മൊത്തക്കച്ചവടം നടത്തിയിരുന്ന ഒരു തുന്നൽക്കട, ഒരു മെഡിക്കൽ സ്റ്റോർ(അതിപ്പോൾ അടഞ്ഞു കിടക്കുന്നു), ബിരിയാണിയും മറ്റും വിൽക്കുന്ന ഒരു തട്ടുകട ഇത്രയുമാണ്. ഇവരുടെ കസ്റ്റമേഴ്‌സൊന്നും തന്നെ നമ്മുടെയടുത്തേയ്ക്ക് അബദ്ധത്തിൽപ്പോലും കടന്നു വരുന്നവരല്ല. പക്ഷേ, അവരിപ്പോൾ സന്തുഷ്ടരാണ്. കാരണം ഞങ്ങളുടെ കസ്റ്റമേഴ്സ്, അവർക്ക് നല്ല കച്ചവടം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് തട്ടുകടയിൽ. ഞങ്ങൾ ഇടയ്ക്ക് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ, അധികം ദൂരെയല്ലാത്ത ചായക്കടക്കാരൻറെയും കച്ചവടം ഉഷാറാകും.

ഞങ്ങളുടെ കച്ചവടത്തിന്റെ പ്രധാന ചാലകശക്തി, ഇടയ്ക്ക് നടത്താറുള്ള വിശേഷാൽ പരിപാടികളാണ്.  ഷാദിപ്പൂരിൽ ഈ സ്ഥലത്തേക്ക് ഞങ്ങൾ ചേക്കേറിയത് ഒറ്റയ്ക്കായിരുന്നില്ല. ജനനാട്യമഞ്ച് (ഇന്ത്യയിലെ പ്രധാനപ്പെട്ട തീയറ്റർ ഗ്രൂപ്പ്. ഇവരോടൊപ്പം ഞാൻ മൂന്നു പതിറ്റാണ്ടിലേറെയായി സഹകരിക്കുന്നുണ്ട്), അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA), സ്‌കൂൾ ടീച്ചേർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (STFI) എന്നീ മൂന്നു സംഘടനകളുമായി ഞങ്ങൾ ധാരണയിലെത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ചതിന്റെ ഫലമായി ഞങ്ങൾക്ക് സംയോജിതമായി ആ സ്ഥലം വിലയ്ക്കു വാങ്ങാനും നാലു നില കെട്ടിടത്തിൽ ഓരോ നിലയും പങ്കിട്ടെടുക്കാനും സാധിച്ചു. ജനനാട്യമഞ്ച്, സ്റ്റുഡിയോ സഫ്‌ദർ എന്ന സ്വതന്ത്ര കലാ സങ്കേതം സ്ഥാപിച്ചു. അങ്ങനെ അവിടയെത്തുന്നവർക്ക് ബുക്ക്സ്റ്റോറിൽ കടന്നു വരാനും, തിരിച്ചും അവസരമുണ്ടായി.

1989 ജനുവരി ഒന്നിന്, നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കെ, രാഷ്ട്രീയ പ്രതിയോഗികളാൽ കൊല്ലപ്പെട്ട ജനനാട്യമഞ്ചിൻറെ നായകൻ സഫ്‌ദർ ഹാശ്മിയുടെ ഓർമയാണ് സ്റ്റുഡിയോ സഫ്‌ദർ.

ഹാശ്മിയുടെ ജന്മദിനമായ ഏപ്രിൽ പന്ത്രണ്ടിന് ഞങ്ങൾ സ്റ്റുഡിയോ സഫ്‌ദർ ഉത്ഘാടനം ചെയ്തു. മെയ്ദിനം അടുത്തുവരികയായിരുന്നു. അതിനാൽ മെയ് ഒന്നിന് പുസ്തകശാല ഉത്ഘാടനം ചെയ്യാനും അതിന് Mayday Bookstore എന്ന് പേരു കൊടുക്കാനും തീരുമാനിച്ചു. ഞങ്ങളുടെ ആ സമയത്തെ ആഗ്രഹം ഇടതുപക്ഷ പുസ്തകശാലയും അതിനോട് ചേർന്നൊരു കോഫിഷോപ്പും എന്നതായിരുന്നു. കഫെ എന്നത് ഇപ്പോൾ വിശേഷാൽ അവസരങ്ങളിൽ- പ്രത്യേകിച്ച് മെയ്‌ദിനവുമായി ബന്ധപ്പെട്ട്- മാത്രമായി പരിമിതപ്പെട്ടപ്പോൾ, പുസ്തകശാല ഇതിനകം ഡൽഹിയിലെ ധൈഷണിക മണ്ഡലത്തിലെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു.

വേറിട്ടൊരു പുസ്തകയിടം


കണിശമായി തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ മാത്രമേ ഞങ്ങൾ സൂക്ഷിക്കുന്നുള്ളൂ എന്നതാണ് മറ്റുള്ള പുസ്തകശാലകളിൽ നിന്നും ഞങ്ങളെ വ്യത്യസ്തരാക്കുന്നത്. ഞങ്ങൾ രണ്ടു തരത്തിലുള്ള പക്ഷഭേദങ്ങൾ കാണിക്കുന്നുണ്ട്. അത് ഞങ്ങളുടെ നയമാണ്, അവ പരസ്പര പൂരകങ്ങളുമാണ്. ഒന്നാമതായി സ്വതന്ത്ര പ്രസാധകരുടെ പുസ്തകങ്ങൾ ഞങ്ങൾ വിൽപ്പനക്കെടുക്കുന്നു, രണ്ടാമത് ഇടതുപക്ഷ എഴുത്തുകാരുടെ കൃതികളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഞങ്ങൾ ഏറ്റെടുക്കുന്നു. മുഖ്യധാരയിലുള്ള പുതിയ പുസ്തകങ്ങളോ ബെസ്ററ് സെല്ലറുകളോ ഞങ്ങളുടെ പക്കലുണ്ടാവില്ലെന്ന് നിശ്ചയമായും പറയാം. ഞങ്ങൾക്കുറപ്പുണ്ട് അവ ആവശ്യമുള്ളവർക്ക് സെൻട്രൽ ഡെൽഹിയിലോ, സൗത്ത് ഡൽഹിയിലോ തിരഞ്ഞാൽ കിട്ടാവുന്നതേയുള്ളൂ എന്ന്. അല്ലെങ്കിൽ ഓണലൈൻ വഴി കണ്ടെത്താനാവും. സൗത്ത് ഡൽഹിയിലെ ആഡംബര പ്രദേശങ്ങളിലെത്തിപ്പെടുന്നതിനേക്കാൾ എളുപ്പത്തിൽ, പൊതുഗതാഗത സംവിധാനമുപയോഗിച്ച്  നിങ്ങൾക്ക് മെയ്ഡേ ബുക്സ്റ്റോറിൽ  എത്തിച്ചേരാം. വളരെയധികം പ്രയത്നിച്ച് ഇവിടെയെത്തുന്നവർക്ക് തീർച്ചയായും ആവേശം പകരുന്ന അനുഭവം തന്നെയാവും ഇവിടം സമ്മാനിക്കുക. മറ്റുള്ള പുസ്തകശാലകളിൽ കാണാനിടയില്ലാത്ത അത്യപൂർവ പുസ്തകങ്ങളേക്കാൾ വലുതായി മറ്റെന്താണൊരു പുസ്തകപ്രേമി ആഗഹിക്കുന്നുണ്ടാവുക.

പരിവേക്ഷണത്തിന്റെ ആഹ്ലാദമായിരിക്കണം മഹത്തായ ഒരു പുസ്തകശാല പ്രദാനം ചെയ്യേണ്ടതെന്ന് ഞാൻ കരുതുന്നു. ചിലപ്പോൾ നമ്മൾ അന്വേഷിക്കാത്ത ചില പുസ്തകങ്ങളോ എഴുത്തുകാരോ നമ്മളെത്തേടിയെത്തുന്നു. മറ്റു ചിലപ്പോൾ നമ്മളിതുവരെ കേട്ടിട്ടില്ലാത്ത പുസ്തകങ്ങൾ നമ്മൾ കണ്ടെത്തുന്നു. ഏത് പുസ്തകശാലയാണോ അത്തരമൊരനുഭവം പ്രദാനം ചെയ്യുന്നത്, അവിടെ നമ്മൾ വീണ്ടും വീണ്ടും പോകാനാഗ്രഹിക്കും.
 
അങ്ങനെയിരിക്കെ യാദൃശ്ചികമായി ഒരു സംഭവമുണ്ടായി. ഒരു സുഹൃത്ത്, പരേതനായ അയാളുടെ അച്ഛൻറെ പുസ്തകശേഖരം കൈമാറാനാഗ്രഹിക്കുന്നു എന്നറിയിച്ചു. അയാളുടെ അച്ഛൻ ഒരു പ്രൊഫസറായിരുന്നു. മറ്റനേകം പുസ്തകങ്ങളോടൊപ്പം, ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലുമുള്ള ബൃഹത്തായ ഒരു പുസ്തകശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാൻ അയാളോട് അതെല്ലാം ഏതെങ്കിലും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാൻ നിർദേശിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ ജോലിചെയ്തിരുന്ന യൂണിവേഴ്സിറ്റി ലൈബ്രറി അവ സന്തോഷപൂർവം ഏറ്റെടുത്തേക്കുമെന്നും ഞാൻ സൂചിപ്പിച്ചു. ഇല്ല, എല്ലാ ലൈബ്രറികളും സ്ഥലപരിമിതി നേരിടുന്നുണ്ട്, അവർക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യൽ അത്ര എളുപ്പപ്പമല്ല എന്നയാൾ പറഞ്ഞു. ഈ പുസ്തകശേഖരം നമുക്ക് സംഭാവന നൽകാൻ അയാൾ തയ്യാറായി എന്ന് മാത്രമല്ല, വായിക്കപ്പെട്ട പുസ്തകങ്ങളുടെ(used books) ഒരു വിഭാഗം തുടങ്ങിയാൽ നന്നായിരിക്കുമെന്ന് നിർദേശിക്കുകയും ചെയ്തു.

എത്രമാത്രം കുറഞ്ഞ വിലയ്ക്ക് ലഭ്യമായാൽപ്പോലും, അത്രയും പുസ്തകങ്ങൾ വിലയ്‌ക്കെടുക്കുന്നതിനു തക്ക സാമ്പത്തിക പിൻബലം ഞങ്ങൾക്കുണ്ടായിരുന്നില്ല. മാത്രവുമല്ല, ഈ പുസ്തകങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു(ഒരു ബുക്ക് സ്റ്റോർ തന്നെ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് ഞങ്ങളിലാർക്കും തന്നെ കാര്യമായ മുൻ ധാരണകളില്ലായിരുന്നു എന്നതായിരുന്നു വാസ്തവം). മറ്റു പലരും ഇതുപോലെ പുസ്തകങ്ങൾ സംഭാവന നൽകാൻ സന്നദ്ധരായിരിക്കുമെന്ന് ആ സുഹൃത്ത് പറഞ്ഞു. എൻറെ ആശങ്കകളെ കാര്യമാക്കാതെ അയാൾ അയാളുടെ സുഹൃദ് വലയത്തിലുള്ളവർക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാനുള്ള സന്നദ്ധത ആരാഞ്ഞുകൊണ്ട് ഇമെയിൽ അയയ്ക്കുകയും ചെയ്തു. എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് ആ മെയിൽ പല തവണ ഫോർവേഡ് ചെയ്യപ്പെടുകയും ഒരു വലിയ വിഭാഗം ആളുകൾ പുസ്തകങ്ങൾ സംഭാവന ചെയ്യാൻ സന്നദ്ധരായി മുന്നോട്ടു വരികയും ചെയ്തു.

മെയ് ഒന്ന് സമാഗതമായി. ആ ദിവസം ഞങ്ങൾ ചെറുതല്ലാത്ത ഉത്സവ പ്രതീതി സൃഷിടിക്കുക തന്നെ ചെയ്തു. പുസ്തകങ്ങളും, സംഗീതവും, ആശയങ്ങളും, കോഫിയും ഒത്തുചേർന്ന അന്തരീക്ഷത്തിൽ ഞങ്ങൾ ഈ മഹത്തായ അക്ഷരജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു (2012 May 1). തുടർന്നുള്ള വർഷങ്ങളിൽ പുസ്തകപ്രേമികളുടെ സവിശേഷ സന്ദർശന കേന്ദ്രമായി ഞങ്ങൾ മാറി.

വായിക്കപ്പെട്ട പുസ്തകങ്ങളുടെ ശേഖരം ചെറുപ്പക്കാരായ വായനക്കാരെ കൂടുതലായി ആകർഷിക്കാൻ തുടങ്ങി. ആദ്യമാദ്യം വിലക്കുറവു കാരണം തന്നെ, വായിക്കപ്പെട്ട പുസ്തകങ്ങൾ മാത്രം തിരഞ്ഞെടുത്തിരുന്ന അവർ, പതിയെപ്പതിയെ പുതിയ പുസ്തകങ്ങൾ തിരയാനും വാങ്ങാനുമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ അസംഖ്യം വിദ്യാർത്ഥികൾ വോളന്റീയർമാരായി വരികയും, പുസ്തകങ്ങൾ ക്രമീകരിക്കുന്നതിലും, വിലകൾ രേഖപ്പെടുത്തുന്നതിലും, പരിപാടികൾ സംഘടിപ്പിക്കുന്നതിലും മറ്റും സഹായിക്കുകയും ചെയ്തു പോന്നു. മെയ്‌ദിന ആഘോഷത്തിന്റെ ഭാഗമായ തിരക്കിനെ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യാൻ ഇവരുടെ സാന്നിധ്യം വലിയ അളവിൽ സഹായകരമായിട്ടുണ്ടെന്നുള്ളത് നന്ദിയോടെ ഓർക്കുന്നു. ഒരർത്ഥത്തിൽ വോളന്റീയർമാരാണ് ഞങ്ങളുടെ അംബാസിഡർമാർ. പരസ്യമായ അഭ്യർത്ഥന നടത്തും മുൻപ് തന്നെ കുറെയധികം വോളന്റിയേഴ്‌സ് ഞങ്ങളിലേക്ക് വന്നു ചേർന്നിരുന്നു. മറ്റൊരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ ബുക്ക്സ്റ്റോറിൽ വരുന്നവർ ഉറപ്പായും ഒരു പുസ്തകമെങ്കിലും വാങ്ങാതെ മടങ്ങാറില്ല. അതുമാത്രവുമല്ല, ഈ പ്രദേശത്ത് മറ്റാവശ്യങ്ങൾക്കു വേണ്ടിയല്ലാതെ, പുസ്തകങ്ങൾക്കായി മാത്രമാവും ആളുകൾ എത്തിച്ചേരുക. അങ്ങനെ വരുന്നവർ ഉറപ്പായും ഒന്നിൽക്കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും ചെയ്യും.

മഹാമാരിയുടെ പ്രഹരം


ഞങ്ങൾ തുടങ്ങിയതില്പിന്നെ ഏഴു വർഷങ്ങൾക്കു ശേഷം ആദ്യമായി കഴിഞ്ഞ വർഷം വിൽപ്പനയിൽ ഞങ്ങൾ നാമമാത്രമായെങ്കിലും ചെറിയൊരു ലാഭത്തിലെത്തി. ആ തുക വിനിയോഗിച്ച്  ബുക്സ്റ്റോർ എയർ കണ്ടീഷൻ  ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ. അപ്രതീക്ഷിതമായ മഹാമാരിയുടെ വരവ് എല്ലാ പദ്ധതികളും തകിടം മറിച്ചു. അഖിലേന്ത്യാ ലോക്‌ഡൗണിന്റെ ഭാഗമായി ഞങ്ങളും മൂന്നു മാസത്തോളം അടഞ്ഞു കിടന്നു. പിന്നീട് ഓൺലൈൻ ഓർഡറുകൾ വന്നു തുടങ്ങിയപ്പോൾ, ജൂൺ അവസാനത്തോടെ തുറന്നു പ്രവർത്തിക്കുവാൻ തുടങ്ങി. അക്കഴിഞ്ഞ മൂന്നു മാസങ്ങളിൽ യാതൊരു വരുമാനവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം. ഇപ്പോൾ, ആഴചയിൽ ഒരാളെങ്കിലും ബുക്സ്റ്ററിലെത്തിയാൽത്തന്നെ വലിയ സന്തോഷം എന്ന അവസ്ഥയിലാണ്. ഇത് തീർച്ചയായും പ്രതീക്ഷിക്കപ്പെട്ടത്‌ തന്നെയാണ്. ഞങ്ങളുടെ കസ്റ്റമേഴ്‌സിൽ ഭൂരിഭാഗവും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും യുവജനങ്ങളുമാണ്. അത് ആരോഗ്യപ്രശ്ങ്ങളുണ്ടാക്കും എന്ന ആശങ്കയിലുമാണല്ലോ.

രണ്ടു കാരണങ്ങളാലാണ് ഞങ്ങൾ ഇപ്പോഴും അതിജീവിക്കുന്നത്. ഒന്ന് ഈ സ്ഥലം ഞങ്ങളുടെ സ്വന്തമായതുകൊണ്ടു തന്നെ വാടക നൽകേണ്ടതില്ല. മറ്റൊന്ന് https://mayday.leftword.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ കച്ചവടം മന്ദഗതിയിലെങ്കിലും നടക്കുന്നുണ്ട്.

ഞങ്ങളുടെ സഹപ്രവർത്തകരും ദുർഘടഘട്ടത്തിലൂടെയാണ് കടന്നു പോ യ്ക്കൊണ്ടിരിക്കുന്നത്. AIDWA ഓഫീസ് മൂന്നു മാസത്തിലേറെയായി അടഞ്ഞു കിടക്കുകയാണ്. ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപത്തിൻറെ ഭാഗമായി ദുരിതമനുഭവിക്കുന്നവർക്കും, ഇപ്പോഴുണ്ടായ മഹാമാരിയുടെ ഭാഗമായി തൊഴിൽ നഷ്ട്ടപ്പെട്ടവർക്കും ആശ്വാസമെത്തിക്കാനുള്ള യത്നങ്ങളിൽ മുഴുകിയിരിക്കുകയാണവർ. STFIയുടെ അവസ്ഥയും അതു തന്നെയാണ്. അവരുടെ മെമ്പർമാർ ഓൺലൈൻ ക്‌ളാസുകളിൽ സജീവമായതിനാൽ ഓഫീസ് മാസങ്ങളായി അടഞ്ഞു തന്നെ കിടക്കുന്നു.

ജനനാട്യമഞ്ച്  അവരുടെ എല്ലാ കലാപരിപാടികളും ഓൺലൈൻ ആയിട്ടാണ് ഇപ്പോൾ ചെയ്യുന്നത്. പക്ഷെ, ഡൽഹിയിലെ തീയറ്റർ ഗ്രൂപ്പുകൾ റിഹേഴ്‌സലുകൾക്കും അവതരണങ്ങൾക്കുമായി ഉപയോഗിക്കുമായിരുന്ന സ്റ്റുഡിയോ സഫ്‌ദർ അഞ്ചു മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. ഷാദിപ്പൂർ ആകമാനം ദുരിതത്തിലാണ്. അതിഥി തൊഴിലാളികളെ ആശ്രയിച്ച് നിലനിന്നിരുന്ന ചെറുകിട സ്ഥാപനങ്ങളെല്ലാം ഇപ്പോൾ ഊർദ്ധനെടുക്കുകയാണ്.

ഇനിയെന്ത് ?


ഭാവിയെന്താണ് കരുതി വച്ചിരിക്കുന്നത്? എന്തായാലും എനിക്ക് ചിലത് പറയുവാനുണ്ട്.

ഒന്ന്: അച്ചടിക്കപ്പെട്ട പുസ്തകം, ബൃഹത്തായൊരു ജനസഞ്ചയത്തെ പരസ്പരം കൂട്ടിയിണക്കുന്ന മനുഷ്യ നിർമിതമായ ആദ്യ ഉൽപ്പന്നം; അതെവിടേയ്ക്കും പോകുവാൻ പോകുന്നില്ല. അനലോഗ് കാലത്തെ ഫിലിമുകളോ, ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ടേപ്പുകളോ, തൊണ്ണൂറുകളിലെ പേഴ്സണൽ പേജറുകളോ പോലെ വംശനാശം വന്നു പോകാതെ നൂറ്റാണ്ടുകളായി തുടർന്നു പോരുന്നവയാണ് പുസ്തകങ്ങൾ. അച്ചടിയുടെ സങ്കേതങ്ങൾ മാറിമറിഞ്ഞെന്നാകിലും, അവസാന ഉൽപ്പന്നമായ പുസ്തകം, അത് നൂറ്റാണ്ടുകൾക്ക് മുൻപുള്ളതിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല ഇന്നും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഡിജിറ്റൽ യുഗത്തിൻറെ പ്രഭാവത്തിൽ മങ്ങിപ്പോവാതെ, വർദ്ധിതവീര്യത്തോടെ പൊരുതി നിൽക്കുന്ന വ്യാവസായിക യുഗത്തിലെ മഹത്തായ ഉൽപ്പന്നമാണ് അച്ചടിക്കപ്പെട്ട പുസ്തകം.

രണ്ട്: ബിഗ് ഡാറ്റയും, അതിലേക്ക് ചൂഴ്ന്നിറങ്ങുന്ന അതിനൂതനവും സങ്കീർണവുമായ അൽഗോരിതങ്ങളും നമ്മുടെ ഓണലൈൻ തിരയലുകളെ നൂറു  ശതമാനവും സംതൃപ്തരാക്കിയേക്കാം. എന്നാൽ, വിവരസാങ്കേതികവിദ്യാപ്രപഞ്ചം എല്ലായ്‌പ്പോഴും കോലാഹലങ്ങൾ നിറഞ്ഞതും, വിവരങ്ങൾ അമിതമായി കുത്തിനിറയ്ക്കപ്പെട്ടതുമായതിനാൽ; ഇവയിലൊന്നും പെടാതെ, കാലത്തെ അതിജീവിച്ച അതിവിശിഷ്ടങ്ങളായ ചില പുസ്തകങ്ങൾ ഏതെങ്കിലുമൊരു പുസ്തകശാലയുടെ കോണിൽ നിങ്ങളെ കാത്തുകാത്തിരിപ്പുണ്ടാവും. ഇത് തന്നെയാണ്  സൂക്ഷ്‌മമായി പരിപാലിക്കപ്പെട്ട പുസ്തകശാലകളുടെ പ്രാധാന്യവും.

ആയതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ പുസ്തകശാലകളുടെ ഭാവിയെക്കുറിച്ചോർത്ത് എനിക്കാശങ്കകളേതുമില്ല.

അവസാനമായി; നമുക്ക് നമ്മുടെ നഗരങ്ങളെ പുനർവിഭാവനം ചെയ്യണം. മഹാമാരിയും അതേത്തുടർന്നുള്ള അടച്ചുപൂട്ടലുകളും ദശലക്ഷങ്ങളെ വീട്ടിലുറപ്പിച്ചു കഴിഞ്ഞു. തൊഴിലാളികളെ വീട്ടിലിരുത്തി ജോലി ചെയ്യിക്കുന്നതാണ് എന്തുകൊണ്ടും തങ്ങൾക്കഭികാമ്യമെന്ന് പല വൻകിട സ്ഥാപനങ്ങളും ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. വാടക മാത്രമല്ല, വൈദ്യുതിയുടെയും, ഇന്റർനെറ്റിന്റെയും ചിലവുകൾ കൂടി ലാഭിക്കാം എന്നാണവർ കണക്കു കൂട്ടുന്നത്. തൊഴിലാളികളെ സംബന്ധിച്ചടുത്തോളം ദീർഘകാലം ഇങ്ങനെ തുടരുന്നത് അത്ര സന്തോഷകരമായ കാര്യമായിരിക്കില്ല. ഇന്റർനെറ്റ് വേഗതയുമായും അതുമായി ബന്ധപ്പെട്ട പലവിധ പ്രശനങ്ങളുമായും ഇതിനകം തന്നെ ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. അത് മറ്റു തലങ്ങളിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. ചുരുക്കിപ്പറഞ്ഞാൽ, വീട്ടിലിരുന്നുള്ള ജോലി, നഗരജീവിതത്തിൻറെ ഭാഗമായി മാറുകയാണെങ്കിൽ, ചുറ്റുപാടുകൾ അതിനനുസരിച്ച് മാറ്റിയെടുക്കേണ്ടി വരും. ബഹുവിധമായ ആവശ്യങ്ങൾ സമൂഹത്തിലുയർന്നു വരും, അതിലുറപ്പായും  പുസ്തകശാലകളുമുണ്ടാവും.

ഒരു ചെറു രാജ്യത്തോളം പോന്ന ജനസംഖ്യയുള്ള നഗരങ്ങളിൽ പുസ്തകശാലകൾ ഒഴിവാക്കാനാവില്ല. ഓരോ നഗരങ്ങളിലും കൂടുതൽക്കൂടുതൽ പുസ്തകശാലകളുണ്ടാവണം. അവ ജനസംഖ്യാനുപാതികമായി വിന്യസിക്കപ്പെട്ടവയുമായിരിക്കണം. ഈ മഹാമാരിയ്ക്കു ശേഷം അത്തരത്തിൽ നമ്മുടെ നഗരങ്ങളിൽ സവിശേഷമായ പുസ്തകശാലകൾ ഉയർന്നു വരുന്നുവെങ്കിൽ, അതൊരു മഹത്തായ സാമൂഹിക ധർമ്മം നിറവേറ്റിയിരിക്കുന്നു എന്നു കരുതേണ്ടി വരും.


Mayday Bookstore ൽ നിന്നും ഓൺലൈനായി പുസ്തകങ്ങൾ https://mayday.leftword.com വഴി ഓർഡർ ചെയ്യാം.

(Courtesy: scroll.in - Sep 12, 2020)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top