22 May Wednesday

നേരിന്റെ വെളിച്ചമായി തെളിയുന്ന കവിതകള്‍

ശശി മാവിന്‍മൂട്Updated: Sunday Nov 29, 2015

പ്രതിബദ്ധതയുടെയും പ്രതികരണത്തിന്റെയും ലാവണ്യത്തിന്റെയുമാണ് ഏഴാച്ചേരിക്കവിതകള്‍. ചരിത്രപരമായ സത്യസന്ധതയും കാവ്യാത്മകമായ അനുഭവങ്ങളും ഇഴചേര്‍ത്തെടുത്ത ഏഴാച്ചേരി രാമചന്ദ്രന്റെ പുതിയ കവിതകളുടെ സമാഹാരമായ 'ഏദനിലേക്കെത്ര ദൂരം'  ഗന്ധചാരുതയാര്‍ന്ന കാവടിച്ചിന്തുകള്‍പോലെ ആസ്വാദ്യകരമാണ്.
ബൈബിള്‍ക്കഥയിലെ ഏദന്‍തോട്ടമുള്‍പ്പെട്ട ക്രിസ്ത്യാനികളുടെയും മുസ്ളിങ്ങളുടെയും ജൂതന്മാരുടെയും പുണ്യഭൂമിയായ ജോര്‍ദാന്‍ നദിക്കരയിലെ പലസ്തീനില്‍ ഇന്നുനടക്കുന്ന അധിനിവേശവും അക്രമങ്ങളും മനസ്സിലേല്‍പ്പിച്ച മുറിവുകളാണ് 'ഏദനിലേക്കെത്ര ദൂര'മെന്ന ശീര്‍ഷക കവിതയില്‍. 'എവിടെയാണെങ്ങളുടെ വാഗ്ദത്തഭൂമിയും മലമുകളിലുയിരിടും ഗോത്രഗുരുക്കളും....?' എന്ന ചോദ്യം ലോക മനഃസാക്ഷിയുടേതാണ്. 'ഗന്ധകം പൂക്കും അമാവാസി രാത്രി', 'അപ്രകാശിത ഗന്ധരുചികള്‍' എന്നിവയും ഇതിനോടു ചേര്‍ന്നുനില്‍ക്കുന്ന കവിതകളാണ്.

പൌരാണിക മിത്തുകള്‍ക്ക് സമകാലികപ്രസക്തി കണ്ടെത്തുന്ന ആധുനികതയും സമകാലിക സംഭവങ്ങള്‍ക്ക് മിത്തുകളുടെ സ്വഭാവം കൈവരുത്തുന്ന ഉത്തരാധുനികതയും കാല്‍പ്പനിക ഗാനാത്മകത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ കവിതകളില്‍ നിറച്ചിരിക്കുന്നു. കോള്‍റിഡ്ജിന്റെ കവിതകള്‍പോലെ കവിതയുടെ വിഭ്രമാത്മകതലങ്ങളിലൂടെ വായനക്കാര്‍ക്ക് കടന്നുപോകാം. കടലില്‍ അലഞ്ഞുനടക്കുന്ന രത്നമോഹികളായ ആത്മാക്കളാണ് 'ഒരു കപ്പല്‍ച്ചേതത്തിന്റെ ബാക്കിപത്രം' എന്ന കവിതയില്‍ ഭീകരസത്വങ്ങളായി കടന്നുവരുന്നത്. ഫാന്റസി രൂപത്തില്‍ പുതിയ കാലത്തിന്റെ പരിച്ഛേദമായി മാറുന്ന കവിതയാണ് 'ശാരദാലയം ശങ്കരന്‍വൈദ്യര്‍'. 'ഒന്നു മെല്ലെ തിരിഞ്ഞുനോക്കുമ്പോള്‍ ശങ്കരാലയം തീവിഴുങ്ങുന്നു, നിന്നുകത്തുന്നു മര്‍ത്ത്യരൂപങ്ങള്‍'–എന്നിങ്ങനെ വിഭ്രമച്ചുഴികളില്‍ മുങ്ങിപ്പൊങ്ങിയലയാം. പുതിയ കാലത്തെ ഭരണാധികാരിയെ തുറന്നുകാട്ടുന്ന പ്രതീകാത്മക കവിതയാണ് 'അറംഗസീബ്'. 'മുകിലപ്രതാപങ്ങള്‍ പോറ്റിയോരമാവാസി....' എന്ന പ്രയോഗത്തിലൂടെ മുഗള്‍ ചക്രവര്‍ത്തിയുടെ എല്ലാ ക്രൂരതകളും തുറന്നുകാട്ടുന്നു. 'ഒരു മാരിത്തരിയില്‍ നിന്നൊരഗാധ സമുദ്രം, ദവാഗ്നി വളര്‍ത്തുമൊരൂര്‍ജിത ജീവിതമന്ത്രം....' എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ 'ചാരുദിഗംബരമംഗലശൈലം' എന്ന കവിതയില്‍ റബ്കോയുടെ ജീവനാഡിയായ ഇ നാരായണനെ കവി അനുസ്മരിക്കുന്നു. മഞ്ഞയുടെ നാനാര്‍ഥങ്ങള്‍ 'മഞ്ഞയെ ചുംബിച്ചുനില്‍ക്കെ' എന്ന കവിത വരച്ചുകാട്ടുന്നു.

ഏഴാച്ചേരിക്കവിതകളുടെ മുഖമുദ്രയാണ് ഉപഹാസം. 'ഊര്‍ജമാതാവിന്റെ ചണ്ഡാലകാമുകര്‍' കോളിളക്കം സൃഷ്ടിച്ച സമകാലികസംഭവത്തിന്റെ പരിച്ഛേദമാണ്.  'ഊര്‍ജമാതാവിന്‍ പരിരംഭണോത്സുക മാത്രകള്‍ക്കന്നം വിളമ്പുന്ന ഇരുളിലെ നിഴലുകള്‍' വായനാവേളയില്‍ മനസ്സില്‍ തെളിഞ്ഞുവരും.  'ഗുരുകടാക്ഷം രാത്രി സത്രം', 'ഗാസയും ബുദ്ധിജീവിയും', 'കാശിയില്‍പ്പോയ സീനുലാല്‍' എന്നിവയിലും ഉപഹാസത്തിന്റെ ശലാകകളുണ്ട്. കന്യാവനങ്ങള്‍, ആറ്റൂര്‍ സുനിലിന്റെ ആത്മഗതം എന്നിവ പ്രബലമായ പരിസ്ഥിതി ക്കവിതകളാണ്. 'മക്കളേ, പച്ച കെടുത്താതിരിക്കണേ, പൂക്കള്‍തന്‍ ഗന്ധവിശുദ്ധി പുലരണേ, കന്യാവനങ്ങളെ കാത്തുകൊള്ളേണമേ....' എന്ന വരികള്‍ കവിയുടെ പ്രാര്‍ഥനയാണ്. 'പുത്തരിക്കതിരില്ലാപ്പാടമായ് സ്നേഹം മുങ്ങിച്ചത്തൊരീ താരുണ്യത്തിലാസുരം കുരുക്കുന്നു'–എന്ന വരികളില്‍ വര്‍ത്തമാനത്തിന്റെ ആസുരതകള്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നു. 'ചൂതില്‍പ്പിഴച്ച രജസ്വലയാമിവള്‍ക്കാരാണഭയം അശാന്തസമുദ്രമോ?' എന്ന് 'ഗ്രാമകമ്മാളവധുക്കളില്‍' എല്ലാ സ്ത്രീകളുടെയും ഉത്ക്കണ്ഠ ഏഴാച്ചേരി പങ്കുവയ്ക്കുന്നു. ഓണത്തിന്റെ തനിമയും ഗൃഹാതുരതയും നഷ്ടസ്മൃതികളുമാണ് 'ശ്യാമ വളര്‍ത്തുന്ന ചെമ്പകങ്ങള്‍', 'ആവണിച്ചിരി പങ്കുവയ്ക്കാന്‍', 'നീയെന്നെ മറന്നായോ' തുടങ്ങിയ കവിതകളില്‍. 'ഇലപൊഴിയും കാലമാകാം', 'ഒരു ജിപ്സിപ്പെണ്ണിന്റെ പാദമുദ്രകള്‍' എന്നിവയില്‍ പ്രണയത്തെയും പ്രകൃതിയെയും ഉപാസിക്കുന്ന കവിയുടെ കൈമുദ്രകള്‍ പതിഞ്ഞിരിക്കുന്നു.  'എന്തു നേടിയെന്നുണ്മ ചോദിക്കെ, ഇന്ത്യയെന്ന വികാരം മൊഴിഞ്ഞു'– 'കേളികൊട്ടുന്ന കൂടല്‍മാണിക്യ'ത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ദേശസ്നേഹത്തിന്റെ തുടിമുഴക്കമാണിത്.

ഗ്രാമത്തിന്റെ വിശുദ്ധിയും പ്രണയത്തിന്റെ മധുരവും പ്രതിഷേധത്തിന്റെ  തിരയിളക്കവും പ്രതിരോധത്തിന്റെ കരുത്തും ഉപഹാസത്തിന്റെ മൂര്‍ച്ചയും നിറയുന്ന 30 കവിതകള്‍ വായിച്ചുകഴിയുമ്പോള്‍ ദ്രാവിഡത്തനിമയുടെ കവി മുന്നില്‍ നേരിന്റെ വെളിച്ചവുമായി തെളിഞ്ഞുവരും. കവിത ഒരു തെളിനീര്‍ തടാകമല്ലെന്നും കലങ്ങിമറിഞ്ഞൊഴുകുന്ന ജീവിതപ്പുഴയാണെന്നും അപ്പോള്‍ നാം തിരിച്ചറിയുന്നു. 'ഞാന്‍ നിനക്കു തുണയാകാം, തേന്‍ മണക്കും തിനയാകാം, കോടിജന്മസുകൃതമെന്ന ഗീതകമാകാം..' എന്ന പ്രത്യാശയോടെ കവി ആ നദിക്കരയില്‍ സ്നേഹം നീട്ടി നില്‍ക്കുന്നു. കെ പി ശങ്കരന്റെ അവതാരികയും ഈശ്വരന്‍നമ്പൂതിരിയുടെ രേഖാചിത്രങ്ങളും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

പ്രധാന വാർത്തകൾ
 Top