25 May Saturday

ഗാനസാഗരത്തിലെ മണിമുത്തുകള്‍

ശശി മാവിന്‍മൂട്Updated: Sunday Oct 18, 2015

ലയാള ചലച്ചിത്രഗാനസാഗരത്തിലെ മുത്തുകളും പവിഴങ്ങളും ആസ്വാദകസമക്ഷം അവതരിപ്പിക്കുകയാണ് ഭ"കാവ്യഗീതിക'യിലൂടെ പ്രശസ്ത ഗാനിരൂപകനായ ടി പി ശാസ്തമംഗലം. തലമുറകള്‍ എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാള ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യരഹസ്യം ഈ കൃതി അന്വേഷിക്കുന്നു. കവിതയും സംഗീതവും ഒന്നുപോലെ മേളിക്കുന്ന ആ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം നമ്മുടെ ഇന്നലെകളിലേക്ക് അറിയാതെ പ്രവേശിക്കും. ചലച്ചിത്രഗാനങ്ങള്‍ നിരര്‍ഥകശബ്ദഘോഷങ്ങള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പഴയ ഗാനങ്ങളുടെ ശക്തിയും ലാവണ്യവും തിരിച്ചറിയാന്‍ ഈ കൃതി സഹായകമാകും.

കഴിഞ്ഞ 35 വര്‍ഷങ്ങളായി ഗാനിരൂപണരംഗത്ത് ഒറ്റയാനായ ടി പി ശാസ്തമംഗലത്തിന്റെ ഗാനാസ്വാദനങ്ങള്‍ സമാഹൃതമാകുന്ന ആദ്യകൃതിയാണിത്. അനശ്വരങ്ങളായ 100 ചലച്ചിത്രഗാനങ്ങളും ഒരു ലളിതഗാനവും ഉള്‍പ്പെടെ 101 ഗാനങ്ങളാണ് ഇതില്‍ ആസ്വാദ്യമധുരമായി അവതരിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ ഗാനങ്ങളുടെയും സാഹിത്യം പൂര്‍ണമായും കാവ്യഗീതികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല, ഓരോ ഗാനത്തിന്റെയും പല്ലവി, അനുപല്ലവി, ചരണം എന്നിവ പദാനുപദം ആസ്വാദനത്തിന് വിധേയമാക്കിയിരിക്കുന്നു. ഗാനരചയിതാക്കളോ ശ്രോതാക്കളോ കേള്‍ക്കാത്തതും കാണാത്തതുമായ നിരവധി അപൂര്‍വമുഹൂര്‍ത്തങ്ങളിലൂടെ ഗ്രന്ഥകാരന്‍ സഞ്ചരിക്കുന്നു.

കാവ്യഗീതികയില്‍ അദ്ദേഹം തുറന്നിട്ട വാതായനങ്ങളിലൂടെ വായനക്കാര്‍ കടന്നുചെല്ലുമ്പോള്‍ ആസ്വാദ്യത ഇരട്ടിയാകുകയും ഉള്ളില്‍ വിസ്മയം നിറയുകയുംചെയ്യും. ഓരോ വരികളിലും നിറഞ്ഞിരിക്കുന്ന കല്‍പ്പനകളും സാരാംശങ്ങളും വെളിവാക്കുകയും ഒപ്പം അവയുമായി ചേര്‍ന്നിരിക്കുന്ന ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും മിഴിതുറക്കുകയുംചെയ്യുന്നു. രചനാവേളയില്‍ ഗാനരചയിതാവിനെ സ്വാധീനിച്ച ഘടകങ്ങള്‍, ഗാനത്തിന്റെ ചിത്രീകരണസന്ദര്‍ഭം, അഭിനേതാക്കള്‍, സംഗീതസംവിധായകര്‍, ഗായകര്‍, ഗാനരചനയ്ക്കിടയിലെ അപൂര്‍വമുഹൂര്‍ത്തങ്ങള്‍ എന്നിവയെല്ലാം മറയില്ലാതെ കാട്ടിത്തരുന്നു.

അതുല്യപ്രതിഭകളായ പി ഭാസ്കരന്‍, വയലാര്‍, ഒ എന്‍ വി, ശ്രീകുമാരന്‍തമ്പി, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ മാസ്റ്റര്‍പീസ് രചനകളാണ് കാവ്യഗീതികയുടെ ആത്മാവ്. എം എസ് ബാബുരാജ്, ജി ദേവരാജന്‍, കെ രാഘവന്‍, ദക്ഷിണാമൂര്‍ത്തി, എം ബി ശ്രീനിവാസന്‍ സലില്‍ചൗധരി, രവീന്ദ്രന്‍, എം ജി രാധാകൃഷ്ണന്‍, എം ജയചന്ദ്രന്‍, തുടങ്ങിയവര്‍ ഈണമിട്ട് യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രന്‍, പി സുശീല, കെ എസ് ചിത്ര, കെ പി ബ്രഹ്മാനന്ദന്‍, എം ജി ശ്രീകുമാര്‍ തുടങ്ങിയവരുടെ സ്വരമാധുരിയിലൂടെ നാം കേട്ട നാടോടിത്തനിമ തുളുമ്പുന്ന ഗാനങ്ങള്‍ ഈ കൃതിയുടെ വായനവേളയില്‍ നമ്മുടെ കാതുകളില്‍ പുനര്‍ജനിക്കും. തിരുനായിനാര്‍കുറിച്ചി മാധവന്‍നായര്‍, അഭയദേവ്, കാവാലം, മുല്ലനേഴി, കെ ജയകുമാര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പ്രഭാവര്‍മ്മ, എസ് രമേശന്‍നായര്‍, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല, റഫീക്ക് അഹമ്മദ്, ശരത് വയലാര്‍ തുടങ്ങി മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ കവികളുടെയും ഗാനരചയിതാക്കളുടെയും ഉല്‍ക്കൃഷ്ടരചനകള്‍ കാവ്യഗീതിക അനാവരണം ചെയ്യുന്നു.

യുക്തിസഹവും പുതുമയാര്‍ന്നതുമായ ഗാനിരൂപണമാണ് ഈ കൃതിയുടെ സവിശേഷത. നീലക്കുയില്‍ എന്ന ചിത്രത്തിലെ ഭ"കായലരികത്ത് വലയെറിഞ്ഞപ്പോ...'&ൃെൂൗീ;എന്ന ആദ്യഗാനം മുതല്‍ ഒ എന്‍ വി എഴുതി ദേവരാജന്‍ ഈണമിട്ട് പി ജയചന്ദ്രന്‍ പാടിയ ഭ"ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ...' എന്ന ലളിതഗാനം വരെയുള്ള 101 ഗാനങ്ങളുടെയും ആസ്വാദനവഴികളിലൂടെ അനുവാചകര്‍ക്ക് അനായാസം കടന്നുപോകാനാകും. ചില വരികളിലോ വാക്കുകളിലോ നാം വിസ്മയിച്ച് നിന്നുപോയേക്കാം. അത് വായനസുഖം വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഈ കൃതിയിലെ അമരത്വമാര്‍ന്ന ഗാനങ്ങളും അനുകരണീയമായ അവതരണശൈലിയും അനുവാചകരുടെ ആസ്വാദനതലത്തെ സമ്പന്നമാക്കാന്‍ പോന്നതാണ്. ഭാഷയുടെ ലാവണ്യവും ഗ്രന്ഥകാരന്റെ ഗവേഷണചാതുരിയും ഗാനങ്ങളുടെ നിഗൂഢമായ ഉള്ളറകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും.

പഠനാര്‍ഹമായ ഓരോ ആസ്വാദനത്തിനും അഴകും അര്‍ഥവുമുള്ള ശീര്‍ഷകം നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പഴയ തലമുറയിലെ വായനക്കാര്‍ക്ക് കാവ്യഗീതിക ഗൃഹാതുരമായ ഓര്‍മകളും ആസ്വാദനവും സമ്മാനിക്കുമ്പോള്‍ പുതിയ തലമുറയ്ക്ക് അമൂല്യമായ അറിവും അന്യമായ ആസ്വാദനവുമായി മാറുന്നു. വികലമായ ഗാനങ്ങളെ എന്നും അതിനിശിതമായി വിമര്‍ശിച്ചിട്ടുള്ള ടി പി ശാസ്തമംഗലം ഈ കൃതിയില്‍ അത്തരം ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഗാനങ്ങളുടെ തെരഞ്ഞെടുപ്പില്‍ നീതി പുലര്‍ത്തുകയും രാഗപരിചയം നടത്തുകയും ചെയ്തിരിക്കുന്നു. മലയാളസാഹിത്യത്തിലെ അപൂര്‍വത എന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതി വായിച്ചു കഴിഞ്ഞാല്‍ ഗാനങ്ങള്‍ക്കൊപ്പം ഓരോ ഗാനവും തേന്‍തുള്ളികളാക്കി നാവില്‍ മധുരം പകര്‍ന്ന ടി പി ശാസ്തമംഗലവും നമ്മുടെ മനസ്സില്‍ ഇടം നേടും.

പ്രധാന വാർത്തകൾ
 Top