25 April Thursday

തടവറയ്ക്കുള്ളിലെ സ്നേഹാക്ഷരങ്ങള്‍ ഇനി വെളിച്ചത്തിലേക്ക്

പി ഒ ഷീജUpdated: Monday Aug 17, 2015

കല്‍പ്പറ്റ > തടവറയുടെ ഏകാന്തതയില്‍ വിരിഞ്ഞ, ജീവിതത്തിന്റെ കറുപ്പും വെളുപ്പും ഉള്‍ച്ചേര്‍ന്ന, പൊള്ളുന്ന അനുഭവങ്ങളുടെ കരുത്തുള്ള ലിസിയുടെ കവിതകള്‍ക്ക് ഇനി പുനര്‍ജ്ജനി. "കുറ്റവാളിയില്‍ നിന്ന് എഴുത്തുകാരിയിലേക്ക്' എന്ന പേരില്‍ കോക്കോപെല്ലി പബ്ലിക് റിലേഷന്‍സ് എം ഡിയും പത്രപ്രവര്‍ത്തകനുമായ സുബിന്‍ മാനന്തവാടി സമാഹരിച്ച ലിസിയുടെ കഥകളും കവിതകളുമാണ് പൂര്‍ണ പബ്ലിക്കേഷന്‍സ് പുസ്തകമാക്കിയത്.

തടവറയുടെ ഏകാന്തതയിലിരുന്ന്, കുമ്പസാരം പോലെ ഇവര്‍ എഴുതിയ കഥകള്‍ അടുത്തമാസം പുറത്തിറങ്ങുന്നതോടെ ഗ്രന്ഥകാരിയായ ആദ്യ വനിത തടവുകാരി എന്ന വിശേഷണം ലിസിക്ക് സ്വന്തം. ഇരുമ്പഴിക്കുള്ളിലിരുന്ന് ലിസി കുറിച്ച 14 കവിതകളും എട്ട് കഥകളുമാണ് ഇതിലെ ഉള്ളടക്കം. വിധി, തിരിച്ചറിവ്, വിരഹം, അശ്രുപൂജ, മഴ എന്നിവ ഇവയില്‍ ചിലതാണ്. പുസ്തക പ്രകാശനത്തിന് പോകാന്‍ അനുമതിക്കായി അഭ്യന്തരവകുപ്പിനും ജയിലധികൃതര്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ് ലിസി.

വയനാട് ബത്തേരിക്കടുത്ത ചുള്ളിയോട് പുള്ളോലിക്കല്‍ ജോര്‍ജിന്റെയും റോസക്കുട്ടിയുടെയും മകളാണ് നാല്‍പതുകാരിയായ ലിസി. അച്ഛന്‍ ചെറുപ്പത്തില്‍ മരിച്ചതോടെ അമ്മ കൂലിപ്പണിയെടുത്താണ് അഞ്ച് പെണ്ണും ഒരു ആണും ഉള്‍പ്പെടെയുള്ള ആറുമക്കളെ വളര്‍ത്തിയത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ലിസി ലഘുനാടകങ്ങളും കഥാപ്രസംഗങ്ങളും മറ്റും എഴുതി അവതരിപ്പിക്കുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സാമ്പത്തിക പ്രയാസത്താല്‍ പഠിത്തംഉപേക്ഷിക്കേണ്ടി വന്നു. പാലക്കാട് സ്വദേശിയായ ശശിയെ വിവാഹം കഴിച്ചു. ആറ് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ വയനാട്ടില്‍ തിരികെയെത്തി അമ്മയോടൊപ്പമായി താമസം. ലിസിയെ ദുരന്തം വിടാതെ പിന്തുടര്‍ന്നു. ഇതിനിടെ ലിസിയുടെ സഹോദരി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അമ്മയെ സഹായിക്കാനാണ് സുഹൃത്തിന്റെ സഹായം തേടിയത്.

"ഒരു സാധനം' എറണാകുളത്ത് എത്തിച്ച് മറ്റൊരാള്‍ക്ക് കൈമാറിയാല്‍ പണം കിട്ടുമെന്ന ഇയാളുടെ ഉപദേശമാണ് ലിസിയെ തടവറയ്ക്കുള്ളിലാക്കിയത്. 2010 ജൂലൈ 26ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ മയക്കുമരുന്നുമായി എത്തിയ ലിസിയെ പൊലീസ് പിടികൂടി. സാധനം കൈമാറേണ്ട വ്യക്തി നേരത്തെ അറസ്റ്റിലായിരുന്നു. രണ്ട് കേസുകളിലായി 25 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2011 ഒക്ടോബര്‍ ആറിന് കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരിയായി എത്തി. ഏകാന്തത മറികടക്കാനായി എഴുത്തും വായനയും പൊടിതട്ടിയെടുത്തു. എഴുത്തിലൂടെ കുറ്റവാളിയെന്ന ദുഷ്പേര് മറികടക്കാനായി ശ്രമം.

ഇതിനിടെ, പൂര്‍ണ പബ്ലിക്കേഷന്‍ നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടി. ആലാപ് എന്ന സംഘടന നടത്തിയ മത്സരത്തിലും ജീസസ് ഫ്രെറ്റേണിറ്റി നടത്തിയ കഥാമത്സരത്തിലും ലിസിക്കായിരുന്നു ഒന്നാം സമ്മാനം. എഴുത്തില്‍ പ്രതിഭ തെളിയിച്ച ലിസിയെ ജയിലധികൃതര്‍ നിലവിളക്ക് സമ്മാനിച്ചാണ് ആദരിച്ചത്. ജയിലില്‍ തന്നെ കാണാനെത്തിയ അമ്മയ്ക്ക് ഈ നിലവിളക്ക് കൈമാറി. പരോള്‍ പോലും കിട്ടാതെ ജയിലില്‍ കഴിയുന്ന മകളുടെ നിശ്ശബ്ദസാന്നിധ്യമാണ് ഈ വിളക്ക്.

പ്രധാന വാർത്തകൾ
 Top