22 February Friday

പോക്കുവെയില്‍ മണ്ണിലെഴുതിയത്

ചാത്തന്നൂര്‍ മോഹന്‍Updated: Sunday Aug 2, 2015

പോക്കുവെയില്‍ മണ്ണിലെഴുതിയത് വിണ്ണിന്റെ ഹൃദയസ്പന്ദനങ്ങളാണ്. വിലോലഭാവങ്ങളുടെയും വികാരവായ്പുകളുടെയും ഉള്ളെഴുത്തുകള്‍. കുണ്ഡലിനീശക്തി മൂലാധാരത്തില്‍നിന്ന് മുകളിലേക്കുയര്‍ന്ന് ജ്ഞാനത്തിന്റെ താമര വിരിയുംപോലെയുള്ള അനുഭവം. ഒ എന്‍ വിയുടെ ബാല്യ- കൗമാര- യൗവന സ്മൃതികളുടെ സഹസ്രദളപത്മം സൗന്ദര്യലഹരിയായി സംവദിക്കുന്ന അസുലഭ മുഹൂര്‍ത്തം. അതാണ് അദ്ദേഹം ഏറ്റവും ഒടുവിലെഴുതി പ്രസിദ്ധപ്പെടുത്തിയ "പോക്കുവെയില്‍ മണ്ണിലെഴുതിയത്' എന്ന പുസ്തകത്തിന്റെ വിളംബരം.

ഇരുപത്തേഴ് ലേഖനങ്ങളുടെ (ഓര്‍മകളുടെ) സമാഹാരമാണ് "പോക്കുവെയില്‍ മണ്ണിലെഴുതിയത്' എന്ന കൃതി. അനുഭവങ്ങളുടെ തീക്ഷ്ണതയും സംഗീതത്തിന്റെ ഈണവും ജീവിതത്തിന്റെ ചടുലതാളവും ഈ കൃതിയുടെ സവിശേഷതയാണ്. ഒ എന്‍ വി തന്റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ""ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാന്‍വേണ്ട വലുപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക് "ഇങ്കുകുറുക്കി' കൊടുത്ത്, ഈറന്‍വിരികളെല്ലാമുണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകള്‍മാത്രം.''

ഹൃദയത്തില്‍നിന്ന് അറിയാതെ ഒഴുകിയിറങ്ങുന്ന കാവ്യമധുരമായ ഈ വരികള്‍ കവിയുടെ ജീവിതത്തിന്റെ കൈയൊപ്പാണ്; ജീവിതദര്‍ശനത്തിന്റെ കരകാണാക്കടലാണ്.മലയാളഭാഷയുടെയും കവിതയുടെയും അഭിമാനമായ, കവി എന്ന ഉത്തുംഗശൃംഗത്തില്‍ വിരാജിക്കുന്ന ഒ എന്‍ വിയുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. കുട്ടിക്കാലത്ത് മനസ്സിലുണ്ടായ ഒരു നീറ്റലിന്റെ നീറിപ്പിടിത്തത്തില്‍നിന്നാണ് നാം ഇന്നറിയുന്ന മലയാളത്തിന്റെ ഒ എന്‍ വി നടന്നുകയറിയത്. അതിന്റെ സാക്ഷ്യപത്രമാണ് "പുന്നെല്ലുമണക്കുന്ന ഗ്രാമം' എന്ന അധ്യായം. അദ്ദേഹം ആ അധ്യായത്തില്‍ ഇങ്ങനെ എഴുതുന്നു:

""അമ്മയുടെ വലിയമ്മയുടെയും മറ്റും പെണ്‍മക്കളെ വിവാഹംകഴിച്ചിരുന്നത് ചില നാട്ടുപ്രമാണിമാരും കോണ്‍ട്രാക്ടര്‍മാരും മറ്റുമായിരുന്നു. അവര്‍ക്കൊക്കെ അച്ഛനോട് കടുത്ത അസൂയയായിരുന്നു. അച്ഛന്‍ മരിച്ച് സഞ്ചയനമൊക്കെ കഴിഞ്ഞൊരുദിവസം അമ്മയുടെ തറവാട്ടുമുറ്റത്ത് അവര്‍ ഒത്തുകൂടി. എന്റെ സഹോദരീഭര്‍ത്താവാണ് കണക്കുകളൊക്കെ ഹാജരാക്കിയത്. നോക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രീമിയം നീണ്ടകാലം അടച്ചിട്ടില്ല. ബാധ്യതകളാണ് ആസ്തിയേക്കാള്‍ കൂടുതല്‍. അച്ഛനോട് ഭയങ്കര ശത്രുതയും അസൂയയും അതുവരെ പുറത്തുകാട്ടാന്‍ ധൈര്യപ്പെടാതിരുന്ന ഒരു മുതിര്‍ന്ന ബന്ധു "ഫൂ! ഇതാണോ വലിയ ഒ എന്‍ കൃഷ്ണക്കുറുപ്പ്!' എന്നുപറഞ്ഞ് വായില്‍ക്കിടന്ന മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടിയൊരു തുപ്പുതുപ്പി. സത്യത്തില്‍ അതെന്റെ നെഞ്ചത്ത് വീണതുപോലെ തോന്നി. മനസ്സ് വല്ലാതെ നീറി. ആ നീട്ടിത്തുപ്പിയതിന്റെ സീല്‍ക്കാരം ഇന്നുമെന്റെ മനസ്സിലുണ്ട്; ഒരു നീറ്റലോടുകൂടിത്തന്നെ. വ്യസനമൊതുക്കിപ്പിടിച്ച് അമ്മ വാതില്‍പ്പിറകില്‍ നിന്നു. അച്ഛനെ പരസ്യമായി പുച്ഛിച്ച ആ പ്രമാണിയോട് എന്റെ മനസ്സിലെ കുട്ടി പറഞ്ഞു: "തന്നേക്കാളും തന്റെ മക്കളേക്കാളും മറ്റാരേക്കാളും അറിയപ്പെടുന്നവനായിട്ട്, നല്ലവനായിട്ട്, ആളുകള്‍ ഇഷ്ടപ്പെടുന്നവനായിട്ട് ഞാനിവിടെ വളരും'. അതൊരു വല്ലാത്ത വീറും വീര്യവും പകര്‍ന്നുതന്നു. സത്യത്തില്‍ ആ നീറ്റലാണ്, ആ തോന്നലാണ് എന്നെ മുന്നോട്ട് ഉന്തി ഇവിടംവരെ എത്തിച്ചത്.''

ഒ എന്‍ വിയുടെ ഈ ഓര്‍മ, അനുഭവം അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതത്തെയും കവിതയെയും ഉന്നതിയിലേക്ക് നയിക്കാന്‍ നിമിത്തമായി. യഥാര്‍ഥത്തില്‍ ഈ പുസ്തകത്തിന്റെ ഹൃദയത്തുടിപ്പ് "പുന്നെല്ലുമണക്കുന്ന ഗ്രാമം' എന്ന അധ്യായത്തിലാണ്. അതില്‍നിന്നാണ് ഒ എന്‍ വി എന്ന കവി പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറിയത്.ഗൊയ്ഥേയുടെയും ബിഥോവന്റെയും നാട്ടിലെത്തിയ കവി, അവിടെവച്ചുണ്ടായ അനുഭവങ്ങളുടെ ആര്‍ദ്രമായ ഓര്‍മകള്‍ വായനക്കാരുമായി പങ്കിടുന്നു. കാളിദാസന്റെ "ശാകുന്തള'ത്തിന്റെ ഭാഷാന്തരം വായിച്ചിട്ട് ""വസന്താരംഭത്തിലെ പൂക്കളും വസന്താപചയത്തിലെ കനികളും ഒന്നിച്ചുകാണണമെങ്കില്‍- ഭൂമിയും സ്വര്‍ഗവും ഒന്നിച്ചൊരിടത്ത് കാണണമെങ്കില്‍- ശാകുന്തളത്തിലേക്ക് ചെല്ലുക'' എന്ന് പ്രതികരിച്ച ജര്‍മന്‍ മഹാകവി ഗൊയ്ഥേയെക്കുറിച്ച് പറയുമ്പോള്‍ ഒ എന്‍ വി അഭിമാനവിജൃംഭിതനാകുന്നു.

വിശ്വസംഗീതത്തിന് ജര്‍മനി നല്‍കിയ സംഭാവനയായ ബിഥോവന്റെ ഭവനം സന്ദര്‍ശിച്ച ഓര്‍മയും കവി കുറിച്ചിടുന്നുണ്ട്.""എട്ടാമത്തെ വയസ്സില്‍ ശ്രോതാക്കളെ വിസ്മയിപ്പിച്ച ഒരു സംഗീതപരിപാടിയില്‍ ബിഥോവന്‍ ഉപയോഗിച്ചിരുന്ന "വയോള' ഒരു ചില്ലുകൂട്ടിലിരുന്ന് പാട്ടുനിര്‍ത്തിയ പക്ഷിയെപ്പോലെ സന്ദര്‍ശകരെ ഉറ്റുനോക്കുന്നു. ബിഥോവന്റെ വിരല്‍സ്പര്‍ശത്താല്‍ പുളകിതമായ "പിയാനോ' ഒരു വിധവയുടെ നിശ്ശബ്ദദുഃഖംപോലെ മറ്റൊരിടത്ത്.''"കഷായം മണക്കുന്ന ബാല്യ'ത്തില്‍ തുടങ്ങി "ജീവിതമേ! നന്ദി'യില്‍ അവസാനിക്കുന്ന ഈ പുസ്തകം തീര്‍ച്ചയായും മലയാളത്തിന് മുതല്‍ക്കൂട്ടുതന്നെ. ഓര്‍മകളുടെയും അനുഭവങ്ങളുടെയും ഇഴകള്‍ ചേര്‍ന്നുകിടക്കുന്ന ചിത്രപടംപോലെ ഈ പുസ്തകം നമ്മളെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കും.കവിതക്കളരിയിലെ ആദ്യാനുഭവങ്ങളും ചരിത്രമുറങ്ങുന്ന കൊല്ലം നഗരവും കലാലയജീവിതവും കെപിഎസിയും മാതൃഭാഷയെക്കുറിച്ചുള്ള വിചിന്തനവുമെല്ലാം കൂടിക്കലര്‍ന്ന അക്ഷരജ്യോതിസ്സാണ് ഈ പുസ്തകം.

പ്രധാന വാർത്തകൾ
 Top