23 May Thursday

വീണ്ടും പി ജി

ബി അബുരാജ്Updated: Sunday Jun 14, 2015

അറിവിന്റെ കടലായിരുന്നു പി ജി. ആഴവുംപരപ്പുമുള്ള കടല്‍. ആ മനസ്സില്‍ ഉയര്‍ന്ന ജ്ഞാനാന്വേഷണത്തിന്റെ തിരകള്‍ ഏതൊക്കെ തീരങ്ങളെയാണ് തേടാതിരുന്നിട്ടുള്ളത്! സാഹിത്യം, ദര്‍ശനം, ശാസ്ത്രം, ചരിത്രം, രാഷ്ട്രീയ ഭൂമിശാസ്ത്രം, ചലച്ചിത്രം, നവോത്ഥാനം, ഭക്തി... പി ജിയുടെ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും വിധേയാമകാത്ത മേഖലകള്‍ വിരളം.മഹാമനീഷികള്‍ക്ക് മരണമില്ലെന്ന് ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ട് പി ജിയുടെ വിയോഗത്തിന് രണ്ടുവര്‍ഷത്തിനുശേഷവും അദ്ദേഹത്തിന്റെ രണ്ടുപുസ്തകങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പല കാലങ്ങളിലായി എഴുതിയിട്ടുള്ള ലേഖനങ്ങള്‍ മാര്‍ക്സിസം, ചരിത്രം, വിജ്ഞാനം എന്ന തലക്കെട്ടില്‍ സമാഹരിച്ചിരിക്കുന്നതാണ് ഒന്ന്. അടുത്തത് പി ജിയുടെ ശാസ്ത്രകുറിപ്പുകളും.

ലേഖനങ്ങളുടെയോ കുറിപ്പുകളുടെയോ രചനാകാലം കണ്ടെത്തുക ദുഷ്കരം. കാരണം, ഓരോന്നും അത്രമേല്‍ കാലികമാണെന്നതുതന്നെ.ആഗോളമുതലാളിത്തം അതിന്റെ നീരാളിക്കൈകളാല്‍ ലോകത്തെ ധൃതരാഷ്ട്രാലിംഗനം ചെയ്തിരിക്കുന്നു. നവലിബറല്‍ സാമ്പത്തികപരിഷ്കാരങ്ങളും സാങ്കേതികവിദ്യയുടെ അതിരില്ലാത്ത വ്യാപനവും വലതുപക്ഷ ഭരണകൂടങ്ങളുമായുള്ള ചങ്ങാത്തവും കുത്തകമുതലാളിത്തത്തിന്റെ ധനദുര്‍മോഹങ്ങളെ തൃപതിപ്പെടുത്തുന്നതിനായി ഒത്തുചേരുകയും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരെ അവന്റെ ചുറ്റുപാടുകളില്‍നിന്നുതന്നെ അന്യവല്‍ക്കരിക്കുകയും നിര്‍ദാക്ഷണ്യം ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുമ്പോള്‍ ലോകം വീണ്ടും ഒരു വിമോചകനെ തേടുകയാണ്. ആ അന്വേഷണം ചെന്നുനില്‍ക്കുന്നതാകട്ടെ മാര്‍ക്സിലും.

എണ്‍പതുകളില്‍ ലോകജനസംഖ്യയുടെ പകുതിയെങ്കിലും മാര്‍ക്സിസത്തില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, തൊണ്ണൂറുകളില്‍ കിഴക്കന്‍ യൂറോപ്പിലെ സംഭവവികാസങ്ങളും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയും കമ്യൂണിസ്റ്റുകാരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. മാര്‍ക്സിനെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം വീണ്ടുമുയരുമ്പോള്‍ മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ പഴക്കത്തെപ്പറ്റി പുതുതലമുറ സംശയിച്ചേക്കും. തികച്ചും ന്യായമായ ഈ സംശയത്തിന് പി ജി മാര്‍ക്സിസം, ചരിത്രം, വിജ്ഞാനത്തില്‍ മറുപടി നല്‍കുന്നു. അതു മാത്രമല്ല, മാര്‍ക്സിസം, മാര്‍ക്സിസം ഒറ്റയടിപ്പാതയല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്സിസത്തിന്റെ ഭാവി എന്നീ ലേഖനങ്ങള്‍ സന്ദേഹികളായ ചെറുപ്പക്കാര്‍ക്ക് ദിശാസൂചകങ്ങളാണ്. മാര്‍ക്സിലും എംഗല്‍സിലും ഒതുങ്ങുകയല്ല, അവരില്‍ തുടങ്ങുകയാണ് മാര്‍ക്സിസമെന്നും അനുദിനം വികസിക്കുന്ന ചിന്താധാരയാണ് അതെന്നും പി ജി വ്യക്തമാക്കിത്തരുന്നു.

മാര്‍ക്സിസം ചരിത്രത്തെയു ദര്‍ശനത്തെയും ജീവിതത്തെയും പുനര്‍നിര്‍വചിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. അത് അടഞ്ഞവാതിലുകളെ തള്ളിത്തുറക്കുന്ന ചിന്താമാരുതനാണെന്നും അടഞ്ഞ മുറിയല്ലെന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.മൂന്നുഭാഗങ്ങളായി തിരിച്ചിട്ടുള്ള പുസ്തകത്തിന്റെ ഒന്നാംഭാഗം മാര്‍ക്സിസ്റ്റ് ദര്‍ശനത്തെയും തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ചുള്ളതാണെങ്കില്‍ രണ്ടാംഭാഗത്തില്‍ ചരിത്രവും മൂന്നാംഭാഗത്തില്‍ വിവിധ ജ്ഞാനമണ്ഡലങ്ങളും വിഷയമാകുന്നു. വേലുത്തമ്പി ദളവമുതല്‍ തെലങ്കാനവരെ വിവിധ ചരിത്രസന്ദര്‍ഭങ്ങള്‍ പി ജിയുടെ വിശകലനപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വേലുത്തമ്പി യഥാര്‍ഥ സ്വാതന്ത്ര്യസമര സേനാനിയോ അതല്ല നാടുവാഴിത്തത്തിന്റെ പുനഃസ്ഥാപനമെന്ന പരിമിതമായ ലക്ഷ്യത്തിനായിമാത്രം ബ്രിട്ടീഷുകാരോട് കലഹിച്ച വ്യക്തിയോ എന്ന ചോദ്യത്തെ പി ജി അഭിമുഖീകരിക്കുന്നു.

ഇവിടെ ഫ്യൂഡല്‍ അധികാരപോരാട്ടങ്ങളായി തമ്പിയുടെ ചെറുത്തുനില്‍പ്പിനെ ചുരുക്കിക്കാണുന്നത് ശരിയല്ലെന്ന നിലപാടിനൊപ്പമാണ് അദ്ദേഹം. ദരിദയുടെ പ്രതിഭയും പ്രത്യശാസ്ത്രവും, ഡാര്‍വിന്റെ പരാജയങ്ങള്‍, സോഷ്യലിസ്റ്റ് റിയലിസവും മാനവികതയും, പ്രതിസന്ധി ശാസ്ത്രത്തിനോ ശാസ്ത്രങ്ങള്‍ക്കോ തുടങ്ങിയ ശ്രദ്ധേയമായ ലേഖനങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ചാള്‍സ് ഡാര്‍വിനും പരിണാമ സിദ്ധാന്തവും പി ജിയുടെ പ്രത്യേക ശ്രദ്ധയ്ക്കും വിശദമായ പഠനങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. രണ്ട് പുസ്തകങ്ങളിലും ഡാര്‍വിനോ അദ്ദേഹവുമായി ബന്ധപ്പെട്ട ആശയങ്ങളോ വ്യക്തികളോ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പടുന്നു. ഡാര്‍വിന്റെ ആസന്നമരണ മാനസാന്തര കഥ, ഡാര്‍വിന്റെ പരാജയങ്ങള്‍ (മാര്‍ക്സിസം, ചരിത്രം, വിജ്ഞാനം), വാലസ് വിവാദം. (പി ജിയുടെ ശാസ്ത്രകുറിപ്പുകള്‍) എന്നീ ലേഖനങ്ങള്‍ ഡാര്‍വിനെപ്പറ്റി കൂടുതലറിയാന്‍ ആഗ്രഹിക്കുന്നവരെ തീര്‍ച്ചയായും സഹായിക്കും.

ശാസ്ത്രക്കുറിപ്പുകളില്‍ ഏതെങ്കിലും ശാസ്ത്രസത്യങ്ങളുടെയോ കണ്ടുപിടിത്തങ്ങളുടെയോ വിശദീകരണങ്ങളല്ല ഉള്ളത്. മറിച്ച് വൈജ്ഞാനിക വിപ്ലവം, ശാസ്ത്രചരിത്രം, ശാസ്ത്രവും സമൂഹവും, ഭാരതീയശാസ്ത്രങ്ങള്‍ തുടങ്ങിവയില്‍ പി ജി കേന്ദ്രീകരിക്കുന്നു. അധീശതാല്‍പ്പര്യങ്ങളുള്ള യൂറോ കേന്ദ്രീകൃത ശാസ്ത്രവീക്ഷണത്തിനെ നിരാകരിക്കുകയും "യൂറോപ്യന്‍ ശാസ്ത്രസാങ്കേതിക പ്രശസ്തിയുടെ വേരുകള്‍ മെസപ്പൊട്ടോമിയയിലും ഇന്ത്യയിലും ചൈനയിലും ഈജിപ്തിലും മറ്റുമാണെന്ന് അര്‍ഥശങ്കയില്ലാത്തവിധം ബോധ്യപ്പെടുത്തുകയുമാണ് പി ജി.എണ്‍പത്താറുവര്‍ഷത്തെ ജീവിതത്തില്‍ പി ഗോവിന്ദപ്പിള്ള എഴുതിയിട്ടുള്ള ലേഖനങ്ങളുടെ എണ്ണമെടുക്കുക അസാധ്യം. അവയില്‍ ഇനിയും സമാഹരിക്കപ്പെടാത്തവയുമുണ്ടാകുമെന്ന് തീര്‍ച്ച. അതുകൊണ്ടുതന്നെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞശേഷവും ഇനിയും അദ്ദേഹത്തിന്റെ "പുതിയ' പുസ്തകങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. അപ്പോഴും ഒരു ദുഃഖം അവശേഷിക്കും. പറഞ്ഞതിലും എഴുതിയതിലും എത്രയോ അധികമായിരുന്നു പിജി.

പ്രധാന വാർത്തകൾ
 Top