18 February Monday

പുലരിക്ക് കൊഴിയേണ്ടിവരുന്ന പൂക്കള്‍

ശശി മാവിന്‍മൂട്Updated: Sunday May 17, 2015

മനസ്സിന്റെ വിങ്ങലുകളില്‍നിന്ന് പിറവിയെടുക്കുമ്പോഴാണ് കവിതയുടെ ആഴം കൂടുന്നത്. ഒടുങ്ങാത്ത അസ്വസ്ഥതകളും വേദനകളും മനസ്സില്‍ അളന്നെടുക്കാനാകാത്ത തിരയിളക്കങ്ങളാകുമ്പോള്‍ കവിതയില്‍ ആര്‍ദ്രതയുടെ നവ് പടര്‍ന്നുകയറും. ചരിത്രാതീതകാലം മുതല്‍ ഭൂമിയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകള്‍ രൂപഭാവപരിണാമങ്ങളോടെ ഇന്നും തുടരുന്നു. രണ്ടാംതരം പൗരത്വമാണ് സമൂഹം ഇന്നും പെണ്ണിന് കല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. രാവില്‍ വിരിഞ്ഞ് പുലരിക്ക് കൊഴിയേണ്ടിവരുന്ന പൂക്കളായി സ്ത്രീ നമ്മുടെ കാഴ്ചകളെയും കേള്‍വികളെയും ഇപ്പോഴും അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ഡോ. എസ് രാജശേഖരന്റെ "പെണ്മ' എന്ന കവിതാസമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരുടെ ഉള്ളില്‍ ഉടലെടുക്കുന്ന ചിന്തകളും അസ്വസ്ഥതകളും സമൂഹത്തെ പെണ്‍പക്ഷത്തോട് ചേര്‍ത്തുനിര്‍ത്താന്‍ പര്യാപ്തമാണ്. നാലു പതിറ്റാണ്ടുകാലത്തോളം കവിതാരംഗത്ത് സജീവസാന്നിധ്യമായ ഡോ.എസ് രാജശേഖരന്‍ എഴുപതുകള്‍മുതല്‍ സമകാലംവരെ എഴുതിയ സ്ത്രീപക്ഷ കവിതകളുടെ സമാഹാരമാണ് പെണ്മ. പ്രത്യാശ കൈവിടാതെയും കാവ്യഘോഷങ്ങളുടെ ബഹളത്തില്‍പ്പെടാതെയും സ്വച്ഛന്ദമായി ഒഴുകുന്ന ഈ കവിതകള്‍ പെണ്‍ജീവിതത്തിന്റെ മുദ്രകള്‍ പേറുന്നവയാണെന്ന പ്രസാധകസാക്ഷ്യം വായനക്കാര്‍ക്കും അടിവരയിടേണ്ടിവരും."നരനും നാരിയുമൊരു പൂനിരപോല്‍ പുലരും നാളെയൊരുക്കും നാം'&ൃെൂൗീ; എന്ന ശുഭപ്രതീക്ഷയുള്ള മുഖകവിതയോടെയാണ് ഈ കൃതി ആരംഭിക്കുന്നത്.

സര്‍വംസഹയായ സ്ത്രീയുടെ മുഖമാണ് എല്ലാ സ്ത്രീകളിലും കവി ദര്‍ശിക്കുന്നത്. "ഇവിടെയെന്‍ മുന്നില്‍ ഞാന്‍ കാണ്മൂ സര്‍വംസഹേ ഒരു മുഖം ഒരു രൂപമൊരുപേര്‍ നിനക്കതില്‍' (ഒരു മുഖം ഒരു രൂപം). "പിരിയാനരുതാതെ നാം തിരുമുറിവിന്‍ നിണമായി ചേര്‍ന്നിരിക്കുന്നു പണ്ടേ' (സക്തി) എന്ന ഉദാത്തമായ കല്‍പ്പനയില്‍ കവി എത്തിച്ചേരുന്നു. "നീ എന്റെ കിനാവുകളും ഞാന്‍ നിന്റെ ചിന്തകളുമായിത്തീരുന്ന' (പൂര്‍ണതാ ഗൗരവായ) ഒരു സുരഭിലകാലം കവി മനസ്സില്‍ താലോലിക്കുന്നു. വൃത്തബദ്ധവും വൃത്തമുക്തവുമായ കവിതകള്‍ ഇതിലുണ്ട്. പക്ഷേ എല്ലാ കവിതകളിലും നിയതമായ താളം നിറച്ചെടുക്കാന്‍ കവി ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം വായനക്കാരുടെ മനസ്സിലേക്ക് പടര്‍ന്നുകയറുന്ന അസ്വസ്ഥതകളും. പുരുഷനോടൊപ്പം മനസ്സും ശരീരവും പകുത്ത് അവള്‍ ജീവിക്കുമ്പോഴും സമൂഹത്തില്‍ എവിടെയാണ് വിവേചനത്തിന്റെ വിത്തുകള്‍ മുളയ്ക്കുന്നതെന്നും കണ്ണീരിന്റെ നവു പടരാത്ത ഒരു ജീവിതത്തിന് സ്ത്രീക്ക് അവകാശമില്ലേ എന്നും ഈ കവിതകള്‍ പരിശോധിക്കുന്നു. ഈ കൃതിയിലെ ഓരോ കവിതയിലും പ്രണയത്തിന്റെ കുളിരും സമരത്തിന്റെ തീച്ചൂടുമുണ്ട്. "കൈമെയ് മറന്ന് ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് വിസരിക്കുന്ന ആര്‍ദ്രതയായി'&ൃെൂൗീ;( അനക്ഷരം), അനക്ഷരമായ സംഗീതമായി ആ പ്രണയം കവിതകളില്‍ നിറയുന്നു. അതിന്റെ മുഴക്കമാണ് പ്രപഞ്ചഗോളങ്ങളെയും ഇലയനക്കങ്ങളെയും നിയന്ത്രിക്കുന്നതെന്നും കവി വിശ്വസിക്കുന്നു.

ഈ പ്രണയം നഷ്ടമാകാതിതിക്കാനുള്ള സമരമാണ് നിരന്തരം നടത്തേണ്ടത്. ഒപ്പം അവകാശങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുകയും വേണം. "ദിവസങ്ങള്‍ നീണ്ട സമരജ്വാലയില്‍ തളര്‍ന്നുറങ്ങുന്ന കുട്ടികള്‍ തളരുന്തോറും നാടിന് കരുത്തായി മാറു'മെന്ന് (കുട്ടികള്‍ ഉറങ്ങുന്നില്ല) കവി തിരിച്ചറിയുന്നു. "പൂക്കളം 93' എന്ന കവിതയിലും ഈ സമരകാഹളം മുഴങ്ങുന്നതു കേള്‍ക്കാം. "പുഴയ്ക്കിന്നു മോഹം പുഴയായൊലിക്കാന്‍'&ൃെൂൗീ;(പുഴ) എന്ന വരിയിലൂടെ സ്ത്രീയുടെ അണകെട്ടി നിര്‍ത്തിയ അഭിലാഷങ്ങളാണ് അനാവൃതമാകുന്നത്. നാടന്‍പാട്ടിന്റെ ചടുലമായ താളവും പ്രതിഷേധത്തിന്റെ അഗ്നിനാളങ്ങളും "പ്രാന്ത്' എന്ന കവിതയെ ഉദാത്തമാക്കുന്നു. കര്‍ക്കടകത്തിലെ കറുത്ത മേഘങ്ങളായി ഉറഞ്ഞുകൂടിയിരിക്കുന്ന സ്ത്രീയുടെ ദുഃഖമാണ് ഈ കവിതയുടെ പ്രമേയം. പുരുഷനു തുണ സ്ത്രീ മാത്രമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന കവി "നീ കൂടെയുണ്ടെങ്കില്‍ നരകത്തിലും പോകാം' (ഈരില) എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. അതേസമയം "കദനക്കടലിന്‍ മീതേ നീയെന്താണുദയം ചെയ്യാത്തത്' (സാന്ധ്യഗീതം) എന്ന് പരിതപിക്കുകയും ചെയ്യുന്നു. "ഈ ലോക ദുഃഖമെന്‍ ദുഃഖം' (അഭിയാനം) എന്ന പരമമായ സത്യം തിരിച്ചറിഞ്ഞുകൊണ്ട് രുദിതാനുസാരിയായ കവി സ്ത്രീദുഃഖം സ്വയം ഏറ്റുവാങ്ങുന്നു.സാംസ്കാരികപ്രവര്‍ത്തകനും നിരൂപകനുംകൂടിയായ ഡോ. എസ് രാജശേഖരന്റെ കവിതകള്‍ പ്രതിബദ്ധതയുടേതുകൂടിയാണ്. പെണ്മ വായിച്ചുകഴിയുമ്പോള്‍ "പുകഞ്ഞു പുകഞ്ഞ് ആളിക്കത്തുന്ന അടുപ്പായി, അരഞ്ഞും ആടിയും പകലന്തിയോളം പതയുന്ന വ്യഥകളായി' (പെരുക്കങ്ങള്‍) സ്ത്രീത്വം നമ്മുടെയുള്ളില്‍ കൂടുകൂട്ടിയിരിക്കും.

പ്രധാന വാർത്തകൾ
 Top