23 January Wednesday

കവിതയുടെ ത്രയംബകം

ചാത്തന്നൂര്‍ മോഹന്‍Updated: Sunday Apr 26, 2015

ഒ എന്‍ വി കുറുപ്പ് ഒരു നിത്യവിസ്മയമാണ്. നിസ്തന്ദ്രമായ കാവ്യരചനകളുടെ നിത്യഹരിതകം. ജീവിതസായാഹ്നത്തിലും സര്‍ഗഭാവനയുടെ മേഘങ്ങള്‍ക്കുള്ളിലിരുന്നുകൊണ്ട് കവിതകളുടെ മിന്നല്‍പ്പിണരുകള്‍ പ്രസരിപ്പിക്കുന്ന കാവ്യസപര്യയുടെ പര്യായം. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളഭാവനയെ കീഴടക്കിയ ഈ മഹാകവി ത്രികാലങ്ങളുടെ ത്രയംബകമാണ്. ശൈവചാപംപോലെ കരുത്തുറ്റ സര്‍ഗവൈഭവം. "സൂര്യന്റെ മരണം' എന്ന പ്രഥമകവിതയില്‍ ഒ എന്‍ വിയുടെ കവിഹൃദയം പിടയ്ക്കുന്നതായി നാമറിയുന്നു. ആത്മാവിന്റെ കൈയൊപ്പാണ് അതില്‍ പതിഞ്ഞുകിടക്കുന്നത്.

"നെഞ്ചിലെ ചോര-ക്കിളി നൊന്തുമൂളുന്നു
"നിന്റെ സൂര്യന്‍... നിന്റെസൂര്യന്‍...
മരിച്ചുപോയ്'

എന്നെഴുതുമ്പോള്‍ കാലവിപര്യയത്തിന്റെയും സാമൂഹികവൃദ്ധിക്ഷയത്തിന്റെയുമൊക്കെ പല അടരുകളാണ് പ്രത്യക്ഷമാകുന്നത്. കാല്‍പ്പനികതയുടെയും ആധുനികതയുടെയും ഇണചേരല്‍ ഈ വരികളിലുണ്ട്. ഊര്‍ജകേന്ദ്രമായ സൂര്യന്റെ തിരോധാനം ഏതോ വിപത്തിന്റെ ഭീഷണവികാരമായി കവി തൊട്ടറിയുന്നു. പുതിയ വ്യവസ്ഥിതികളുടെ കപടസദാചാരവും വ്യാജനിര്‍മിതമായ മാറ്റങ്ങളുമൊക്കെ കവിമനസ്സിനെ നൊമ്പരപ്പെടുത്തുന്നു. തകര്‍ന്ന തറവാടുകളും കനലെരിയുന്ന കരളുമായി ജീവിക്കുന്ന മനുഷ്യരും പനപോലെ വളരുന്ന കപടധൈഷണികരും നിറഞ്ഞ ഈ ലോകത്തില്‍ പ്രതീക്ഷയുടെ ആകാശം ഇരുണ്ട് സൂര്യകിരണങ്ങള്‍ ഉള്‍വലിഞ്ഞ ഒരു അശാന്തമായ കാലത്തെയാണ് കവി ആവിഷ്കരിക്കുന്നത്.

"സഹപഥികരെല്ലാം ഒഴിഞ്ഞുപോയി.
ഏകാന്ത സഹനസത്രത്തില്‍ ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു' 

എന്ന് അഗാധമായ ആത്മനൊമ്പരത്തോടെ കവി പറയുമ്പോള്‍ എന്തെന്ത് അര്‍ത്ഥതലങ്ങളാണ് നമുക്ക് വായിച്ചെടുക്കാനാകുന്നത്!പുത്തന്‍ പരിഷ്കാരങ്ങള്‍ നിഷ്കളങ്കരായ മനുഷ്യരെ എങ്ങനെ ആഘാതത്തിന്റെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നുവെന്നും കവി നിരീക്ഷിക്കുന്നുണ്ട്. അരാജകത്വത്തിന്റെ അപനിര്‍മാണങ്ങള്‍ ഒ എന്‍ വിയുടെ മനസ്സിലെ സ്നേഹക്കടലിനെ ഇരമ്പംകൊള്ളിക്കുന്നു."കൊല്ലം - ഒരു പുരാതനഗാഥ' എന്ന കവിത സ്വന്തം തട്ടകത്തിന്റെ ഗതകാലസ്മൃതികളുടെ സുന്ദരമായ ആഖ്യാനമാണ്. ഒരു നാടിന്റെ തനിമയും ഗരിമയും അനാവരണംചെയ്യുന്നതോടൊപ്പം അതിന്റെ അപചയവും അന്യാധീനവും കവി ആവിഷ്കരിക്കുന്നു."പാതകള്‍ പദങ്ങളാ-ലളന്നു തളരുമ്പോള്‍എനിക്കു വിശക്കുന്നു!

ഇവിടെ കമ്പോളത്തി-ലെടുക്കാത്തതാണെന്റെകയ്യിലെ പഴേ നാണ്യം...'എന്നെഴുതി അവസാനിപ്പിക്കുമ്പോള്‍ സമയപ്രവാഹങ്ങളുടെ തീരത്തുനില്‍ക്കുന്ന ഏകാന്തപഥികനെയാണ് ഓര്‍മവരുന്നത്."ചെറുത്' എന്ന കവിതയിലെ "മണ്ണിര'യെക്കുറിച്ച് എഴുതി വലിയ കാര്യം ദ്യോതിപ്പിക്കുകയാണ് കവി. "മണ്ണിര', "വില്‍ക്കാനരുതാത്ത മണ്ണ്' എന്നീ കവിതകള്‍ മനുഷ്യന്റെ നിലനില്‍പ്പിനെ പ്രതിനിധാനംചെയ്യുന്ന ബിംബങ്ങളാണ്. സമൂഹത്തില്‍ എവിടെയും നടക്കുന്നത് അരുതാത്ത പ്രവൃത്തികളാണ്. സത്യവും ധര്‍മവും നീതിയും പിണ്ഡംവച്ച് പുറത്താക്കിയ ഒരുകൂട്ടര്‍ വൈതാളികരെപ്പോലെ ആര്‍ത്തട്ടഹസിക്കുന്നു. ഫാസിസത്തിന്റെ കടന്നാക്രമണവും കോര്‍പറേറ്റുകളുടെ കുടിലതന്ത്രങ്ങളും പാവം മനുഷ്യരെ നിരാലംബമാക്കുന്ന ഒരു സാമൂഹിക പരിതോവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇവിടെ, പുതിയ വിമാനത്താവളത്തിനായി കോര്‍പറേറ്റുകള്‍ മുന്നിട്ടിറങ്ങുമ്പോള്‍ കൃഷിയിടങ്ങള്‍ നഷ്ടമാകുന്നു. വയലേലകളുടെ സ്വപ്നങ്ങള്‍ സംഹരിക്കപ്പെടുന്നു. ഇതിനെതിരെയുള്ള കവിയുടെ പ്രതിഷേധമാണ് "വില്‍ക്കാനരുതാത്ത മണ്ണ്' എന്ന കവിത. "പഴയൊരീമണ്ണില്‍ മടച്ചുജീവിക്കുന്ന' കേവലരായ ഭൂമിപുത്രന്മാരുടെ ഉയിര് വിറ്റെടുത്ത് മുതലാളിത്തത്തിനടിയറവ് പറയുന്ന ഭരണകൂട നെറികേടുകളെ തുറന്നുകാണിക്കുകയാണ് കവി. ചുവപ്പന്‍ദശകങ്ങളിലൂടെ പോരാട്ടവീര്യവുമായി കാവ്യരംഗത്ത് പ്രവേശിച്ച കവി, അതേ വീര്യത്തിന്റെ കനലുകള്‍ ഇപ്പോഴും ഉള്ളിന്റെയുള്ളില്‍ ജ്വലിക്കുന്നുണ്ടെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുന്നു.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പരിദേവനങ്ങള്‍ എന്നും ഒ എന്‍ വിയുടെ ദുഃഖമാണ്. ജാതിയുടെ പുറമ്പോക്കുകളില്‍നിന്ന് മോചനം കിട്ടാനാഗ്രഹിക്കുന്ന, സ്വാതന്ത്ര്യത്തിന്റെ സ്വച്ഛമായ ഒരാകാശത്തെ സ്വപ്നംകാണുന്നവരെ കവി അവതരിപ്പിക്കുന്നു. "കൃഷ്ണപ്രിയ' എന്ന കവിതയിലൂടെ."ഇല്ലവള്‍ക്ക് മാദകസൗരഭംഇല്ലവള്‍ക്കേതും വര്‍ണവിഭൂഷകള്‍കാണികള്‍ ചിലരോതുന്നിവളേതോതാണജാതിയില്‍ വന്നുപിറന്നവള്‍'.ജീവിതത്തിന്റെ ഭൂമിയും ആകാശവും നഷ്ടപ്പെട്ടവരുടെ വ്യസനങ്ങളാണ് ഒ എന്‍ വിക്കവിതകളുടെ ആന്തരശ്രുതി. മാനവികമായ ഉള്‍ക്കാഴ്ചയോടെ മനുഷ്യസ്നേഹത്തിന്റെ ഗാഥകള്‍ രചിക്കുകയാണ് കവി. "എവിടെയെന്നുണ്ണികള്‍', "വ്യാകുലമാതാവ്', "എന്റെയാഗ്നേയദിനങ്ങള്‍', "ഭൂമിയെപ്പറ്റിത്തന്നെ', "മരുഭൂമിയിലെ മരുപ്പച്ച' തുടങ്ങിയ കവിതകളൊക്കെ വിളംബരംചെയ്യുന്ന സന്ദേശവും ഇതുതന്നെ.ഒ എന്‍ വിക്കവിതകളുടെ ഹൃദയംതൊട്ടറിഞ്ഞ കവി പ്രഭാവര്‍മ്മയുടെ പ്രൗഢസുന്ദരമായ അവതാരിക ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.ഒ എന്‍ വിയുടെ കവിമനസ്സ്, മൂല്യനിരാസങ്ങളുടെ മലീമസമായ അന്തരീക്ഷത്തില്‍ മനുഷ്യത്വത്തെ ചോദ്യംചെയ്യുന്ന ഇരുണ്ടശക്തികളോട് കലഹിച്ചുകൊണ്ടേയിരിക്കുന്നു.

പ്രധാന വാർത്തകൾ
 Top