20 March Wednesday

അനുഭവങ്ങളുടെ കടലും ആകാശവും

ശശി മാവിന്‍മൂട്Updated: Sunday Apr 12, 2015
അക്ഷരങ്ങളില്‍ അനുഭവങ്ങളുടെ മഷി പുരട്ടിയ കൃതിയാണ് എം എച്ച് എം കണ്ണ് എഴുതിയ കടല്‍നിലാവ്&ൃെൂൗീ;എന്ന നോവല്‍. സാധാരണക്കാരനായ ഒരു മനുഷ്യന്റെ അസാധാരണമായ കൃതി എന്നാണ് പ്രസാധകര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗതകാല ദശകങ്ങളില്‍ ചുറ്റും കണ്ട ആക്രമണങ്ങളുടെയും അവഗണനകളുടെയും ഒറ്റപ്പെടലുകളുടെയും ദുരന്തത്തില്‍നിന്നാണ് ഈ നോവലിന്റെ ബീജം കണ്ടെത്തിയതെന്ന് നോവലിസ്റ്റും സാക്ഷ്യപ്പെടുത്തുന്നു. തെക്കന്‍ കേരളത്തിലെ കടലോരഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ലളിതവും സങ്കീര്‍ണവുമായ ജീവിതമാണ് ഈ കൃതിയില്‍ ഇതള്‍ വിരിയുന്നത്. ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനുശേഷം രോഗം തളര്‍ത്തിയ ശരീരത്തില്‍ കാലം പുരട്ടിയ ലേപനത്താല്‍ പ്രചോദിതമായി അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഈ നോവല്‍ പിറക്കുന്നത്. നൂലിഴ&ൃെൂൗീ;എന്ന കഥാസമാഹാരം നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും കടല്‍നിലാവ് പ്രഥമ നോവലാണ്. നാലുപതിറ്റാണ്ടുമുമ്പ് കൗമാരത്തിന്റെ പടിപ്പുരയിലെത്തിയ നോവലിസ്റ്റ് കോടതിവരാന്തയില്‍ നീതികേടിന്റെ വിധി കേട്ടുനിന്നപ്പോഴാണ് ഈ കനല്‍ മനസ്സില്‍ വീണത്. അത് നീറിനീറി കടല്‍നിലാവായി.പതിനാറ് അധ്യായങ്ങളിലായി കടലും കായലും അതിരുകള്‍ തീര്‍ത്ത ചെറുദ്വീപുകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിലെ പച്ചയായ മനുഷ്യരുടെ കഥയാണ് ഈ നോവല്‍ കാട്ടിത്തരുന്നത്. മഹാസമുദ്രത്തിനും മരുഭൂമികള്‍ക്കും അപ്പുറത്തുനിന്നുകൊണ്ട് ഉസ്താദ് അബ്ദുല്‍ ഖരിം ലബ്ബയുടെ മരണവാര്‍ത്ത അറിയുന്നതോടെയാണ് നോവലിന്റെ തുടക്കം. ജീവിതത്തിന്റെ പച്ചത്തുരുത്ത് തേടി പോകുമ്പോള്‍ നിറകണ്ണുകളോടെ യാത്രയാക്കിയ സാത്വികനും സ്നേഹനിധിയുമായ ഉസ്താദ് പൂര്‍വികരായ പ്രപിതാക്കളോടൊപ്പം ഒരു വെള്ളിത്തിരയിലെന്നപോലെ സിരകളില്‍ തീപടര്‍ത്തി മനസ്സില്‍ കടന്നുവരികയാണ്. പൊടിക്കാറ്റ് വീശുന്ന മണലാരണ്യത്തില്‍നിന്ന് കല്‍പ്പവൃക്ഷത്തണലുകള്‍ വീണുമയങ്ങിയ ഗ്രാമത്തിലേക്ക് നിക്കറിട്ട കൊച്ചുകുട്ടിയായി നോവലിസ്റ്റ് മനസ്സുകൊണ്ട് ഓടിയെത്തുന്നു. സ്വാഭാവികമായി വളര്‍ന്നുവികസിക്കുന്ന ഒരു കഥ ഈ നോവലിന് അന്യമാണ്. എന്നാല്‍, ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുന്ന വിചിത്രസ്വഭാവികളായ കഥാപാത്രങ്ങള്‍ ഈ കൃതിയെ ജീവസ്സുറ്റതാക്കി മാറ്റുന്നു. ഗ്രാമത്തില്‍ ഒരു ജനതയും ഒരു സംസ്കാരവുമാണെങ്കിലും അവിടെ അധീശവര്‍ഗ അന്തര്‍ധാരയുടെ പ്രാദേശികമായ അതിര്‍വരമ്പുകളുണ്ട്. ഈ അതിര്‍വരമ്പുകളിലൂടെ പടര്‍ന്നുകയറുന്ന അസ്വസ്ഥതകള്‍ കണ്ടും കേട്ടും അനുഭവിച്ചുമാണ് നോവലിസ്റ്റിന്റെ കൗമാരം കടന്നുപോയത്. തുരുത്തിലെ ഇരകളും വേട്ടക്കാരും വായനയിലെ അസ്വസ്ഥതയാണ്. ഷറഫുദീനും ഹാഷിമുപ്പൂപ്പയും ഇരകളുടെ ജീവിക്കുന്ന സ്മാരകങ്ങള്‍. ഗ്രാമത്തിലെ എല്ലാ അസ്വസ്ഥതകളുടെയും ഉറവിടമായ ആമത്രുമുസ്ല്യാര്‍, അധീശത്വത്തിനെതിരെ ധീരമായി പൊരുതിയ ഉരുക്കുമനസ്സുള്ള മമ്മോക്കണ്ണ്, പൊടിയന്‍, എല്ലാം തമാശയായി കാണുന്ന ആംബ്രോസമ്മാച്ചന്‍, വെള്ളിപ്പണത്തിന്റെ മുതുകില്‍ കത്തിതാഴ്ത്തിയ റഫീക്ക്, കള്ളന്‍ ഫസില്‍, ആസാദ്, ഹക്കിം എന്നിവരെല്ലാം എല്ലാ കടലോരഗ്രാമങ്ങളിലും ജീവിക്കുന്ന കഥാപാത്രങ്ങള്‍തന്നെ. നോവലിലുടനീളം നന്മയുടെ പ്രതീകമായി നില്‍ക്കുന്ന കഥാപാത്രം അബ്ദുല്‍ ഖരിം ലബ്ബയാണ്. ഒരു ഗ്രാമത്തിന്റെ അതീവ സങ്കീര്‍ണമായ കഥയാണ് എം എച്ച് എം കണ്ണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രമേയത്തില്‍ ചെത്തിമിനുക്കലുകളേക്കാള്‍ പരുക്കന്‍ ഭാവങ്ങളാണ് ഏറെയും പ്രകടമാകുന്നത്. വ്യക്തികളുടെ വ്യത്യസ്തമായ സത്തകള്‍ ആവിഷ്കരിക്കാന്‍ പുതുമയുള്ള രചനാരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു നോവലിന് ആവശ്യമായ ഭാഷയും ശൈലിയും കണ്ണ് സ്വായത്തമാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ ചേര്‍ത്തിരിക്കുന്ന നാടന്‍ശീലുകള്‍ നോവലിന്റെ ഭാവഗരിമ വര്‍ധിപ്പിക്കുന്നു. അറബ് വാക്കുകളുടെ ആധിക്യം പ്രകടമാണെങ്കിലും അവയുടെ അര്‍ഥംകൂടി നല്‍കിയിട്ടുള്ളതുകൊണ്ട് ദുര്‍ഗ്രഹമാകുന്നില്ല. കഥാകാരന്‍ നിസ്സഹായനായ കൗമാരക്കാരനായി നിന്നുകൊണ്ട് കാണുന്ന കാഴ്ചകള്‍ വായനക്കാരുടെ മനസ്സലിയിക്കും. കള്ളന്‍ ഫസിലിനെതിരെയുള്ള പീഡനവും അയാളുടെ ഭാര്യയുടെയും മകന്റെയും കണ്ണീരും നമ്മുടെ കണ്ണുകളെയും നയ്ക്കും. അസമത്വത്തിലൂടെ മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്നതിനെതിരെയുള്ള ശക്തമായ പ്രതികരണംകൂടിയാണ് ഈ നോവല്‍.
പ്രധാന വാർത്തകൾ
 Top