24 February Sunday

ഭാവിയുടെ പുസ്തകം പകരുന്ന അനുഭവങ്ങള്‍

ചാത്തന്നൂര്‍ മോഹന്‍Updated: Sunday Dec 7, 2014

ഭാവിയുടെ പുസ്തകം എഡിറ്റര്‍: പി സുരേഷ്

ഡിസി ബുക് സ് വില: 195 രൂപ

സാമൂഹികജീവിതത്തിലെ ജീര്‍ണതകള്‍ക്കെതിരെയുള്ള പ്രതിരോധമാണ് കെ പി രാമനുണ്ണിയുടെ "ജീവിതത്തിന്റെ പുസ്തകം' എന്ന നോവല്‍. ജീവിതം ഒരു പുസ്തകമാണെന്നും അതിലെ അധ്യായങ്ങള്‍ വ്യത്യസ്ത ജീവിതമാതൃകകളാണെന്നും രാമനുണ്ണി ഈ കൃതിയിലൂടെ വിളംബരംചെയ്യുന്നു. ജീവിതത്തിന്റെ പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള കല-സാഹിത്യ-സാംസ്കാരിക ചിന്തകളാണ് "ഭാവിയുടെ പുസ്തകം' എന്ന കൃതിയില്‍ അനാവരണംചെയ്യുന്നത്.ആധുനികാനന്തര സാമൂഹികജീവിതം എത്രമേല്‍ യാന്ത്രികവും സാങ്കേതികബദ്ധവുമായിത്തീരുന്നുവെന്ന് "ജീവിതത്തിന്റെ പുസ്തകം' കാണിച്ചുതരുന്നു. അതിനെതിരെയുള്ള സര്‍ഗാത്മക ധിക്കാരമാണ് രാമനുണ്ണിയുടെ എഴുത്തിലുടനീളം പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ "ജീവിതത്തിന്റെ പുസ്തകം' ഭാവിയുടെ പുസ്തകമായി മാറുന്നു. പ്രൊഫ. എം കെ സാനുമുതല്‍ പി കെ ദീപക്കുവരെ 25 നിരൂപകര്‍ ജീവിതത്തിന്റെ പുസ്തകത്തെ വ്യത്യസ്തവീക്ഷണങ്ങളിലൂടെ സമീപിക്കുന്നു."ആധുനിക ജീവിതത്തിന്റെ കൃത്രിമ മോടികളോട് വിടപറഞ്ഞ് അതിയന്നൂര്‍ കടപ്പുറത്തിന്റെ സ്വാഭാവികജീവിതത്തില്‍ അലിഞ്ഞുചേരുന്ന ഗോവിന്ദവര്‍മരാജ എന്ന മുഖ്യകഥാപാത്രത്തിലൂടെ നൈസര്‍ഗികമായ സുഖത്തെ സംബന്ധിക്കുന്ന ജീവിതദര്‍ശനമാണ് കെ പി രാമനുണ്ണി ആവിഷ്കരിക്കുന്നത്' എന്ന് പ്രൊഫ. എം കെ സാനു പുസ്തകത്തിന്റെ പ്രഥമലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.പ്രത്യക്ഷമാകുന്ന രംഗങ്ങളില്‍നിന്ന് പരോക്ഷമായ ലോകങ്ങളിലേക്ക് അനുവാചകരെ നയിച്ചുകൊണ്ടുപോകുന്ന ഒരു ആഖ്യാനശില്‍പ്പത്തിന്റെ വിജയമാണ് നോവലിലെങ്ങും കാണുന്നതെന്നുംകൂടി സാനു മാസ്റ്റര്‍ രേഖപ്പെടുത്തുന്നു.

"ജീവിതത്തിന്റെ പുസ്തകം' അതിന്റെ ഭാഷ കണ്ടെത്തുന്നത് യാഥാര്‍ഥ്യവും ഭ്രമാത്മകതയും തമ്മിലുണ്ടെന്ന് നാം കരുതുന്ന അകലം ഇല്ലാതാകുന്നിടത്താണെന്നും ഭാഷ ഈ കൃതിയുടെ കേന്ദ്രംതന്നെയാണെന്നും സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു.ജീവിതത്തിന്റെ പുസ്തകം നല്‍കുന്ന വായനാനുഭവത്തെ വ്യക്തമാക്കുകയാണ് ബി രാജീവന്‍ തന്റെ ലേഖനത്തില്‍. നോവല്‍ അവസാനിക്കുന്ന ഘട്ടത്തില്‍ കഥാപാത്രമായി കഥാകാരന്‍തന്നെ കഥയിലേക്ക് കടന്നുവരികയും അതുവരെ വായിച്ച സംഭവങ്ങള്‍ മുഴുവന്‍ ഒരു കഥയായി എഴുതാന്‍ തുടങ്ങുകയും ചെയ്യുന്നു. കഥാസംഭവങ്ങള്‍ അവസാനിച്ചതിനുശേഷം "ഇതാ നിങ്ങള്‍ക്കുവേണ്ട പുസ്തകം' എന്ന് മൂന്നുതവണ ഉച്ചത്തില്‍ അടിമുടി രോമാഞ്ചപ്പെട്ട് നോവലിസ്റ്റ് വിളിച്ചുപറയുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്.

അങ്ങനെ കഥാപാത്രമായ കഥാകൃത്ത് എഴുതിത്തീര്‍ത്ത പുസ്തകവും നാം വായിച്ചുതീര്‍ത്ത പുസ്തകവും ഒന്നായിത്തീരുന്നു.ജീവിതാസക്തിയുടെ ദര്‍ശനോന്മാദിയായ സത്യവാങ്മൂലമെന്നോ വിപരീതനേരുകളുടെ താളത്തിളക്കമാര്‍ന്ന ജ്വാലാമുഖമെന്നോ ഈ കൃതിയെ വിശേഷിപ്പിക്കാമെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ രേഖപ്പെടുത്തുന്നു."പുരുഷാധിപത്യത്തിന്റേതായ ഈ ലോകത്തെ അങ്ങേയറ്റം സ്ത്രൈണതയാര്‍ന്ന ഒരു പുതുലോകമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ഒരു ശ്രമമാണ് ജീവിതത്തിന്റെ പുസ്തകം. അഥവാ അത്തരമൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും അതിന്റെ സാധ്യതകളുമാണ് ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നത്' - "സ്ത്രീ വാഴുന്ന ജീവിതങ്ങള്‍' എന്ന ലേഖനത്തില്‍ ഗിരിജ പി പാതേക്കര കണ്ടെത്തുന്നത് ഇങ്ങനെയാണ്. സ്ത്രീയുടെ സ്വത്വബോധവും അഭിമാനബോധവും ഇച്ഛാശക്തിയും ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതത്തിന്റെ പുസ്തകം സ്ത്രീവാഴുന്ന പുസ്തകമാണെന്നു പറയുന്ന ഗിരിജ സ്ത്രീപക്ഷ വായനയുടെ വ്യത്യസ്തതലം വെളിപ്പെടുത്തുന്നു.മുതലാളിത്ത പ്രവണത ഗ്രാമത്തില്‍ ആഞ്ഞടിക്കുന്നതിന്റെ നേര്‍ചിത്രം ജീവിതത്തിന്റെ പുസ്തകത്തില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ടെന്ന് ഡോ. എ എം ശ്രീധരന്‍ അഭിപ്രായപ്പെടുന്നു.സമകാലിക ജീവിതത്തെക്കുറിച്ചുള്ള ആധികളാണ് ജീവിതത്തിന്റെ പുസ്തകം അനാവരണംചെയ്യുന്നത്. അത് സ്നേഹത്തിന്റെ നാനാര്‍ഥങ്ങളെക്കൂടി വിളംബിതകാലത്തില്‍ ആലപിക്കുന്നു.

ജീവിതത്തിന്റെ നിഗൂഢതകളെയും രഹസ്യങ്ങളെയും അന്വേഷിക്കുന്ന ഒരു കലാകാരനെ നമുക്ക് ഈ പുസ്തകത്തില്‍ കണ്ടെത്താനാകും. പ്രാദേശിക സംസ്കൃതിയില്‍ അധിഷ്ഠിതമായ സാമൂഹികവ്യവഹാരങ്ങളും പുതിയ കാലത്തിന്റെ വ്യവസ്ഥിതിയും തമ്മിലുള്ള സംഘര്‍ഷങ്ങളും അവ നേരിടേണ്ടിവരുന്ന മലയാളിയുടെ വിഹ്വലതകളും നോവല്‍ വിശദമാക്കുന്നു. ഇത്തരം കാര്യങ്ങളിലേക്ക് ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ട രചയിതാക്കള്‍ വ്യത്യസ്തമായ വായനയിലൂടെ നമുക്ക് അചുംബിതങ്ങളായ ഭാവനകള്‍ എറിഞ്ഞുതരുന്നു. ഇത്തരത്തിലൊരു പുസ്തകം എഡിറ്റ് ചെയ്ത് സമാഹരിച്ച പി .സുരേഷിന്റെ ശ്രമത്തെ തീര്‍ച്ചയായും അഭിനന്ദിക്കേണ്ടതുതന്നെ. ആ നിലയില്‍ "ഭാവിയുടെ പുസ്തകം' മലയാളവായനയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുകയാണ്.

പ്രധാന വാർത്തകൾ
 Top