21 February Thursday

പരിസ്ഥിതി, പോരാട്ടം

ബി അബുരാജ്Updated: Sunday Dec 7, 2014

കല്‍പ്രമാണം

രാജീവ് ശിവശങ്കര്‍

എസ്പിസിഎസ്

വില 240 രൂപ

എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ല. സമരം ചെയ്യുക എന്നതുതന്നെ വിജയമാണ്. സമരംചെയ്യാന്‍ ഭയക്കുന്നവന്റെ മേലാണ് പരാജയം കറുത്തകൊടി നാട്ടുന്നത്. രാജീവ് ശിവശങ്കറിന്റെ പുതിയ നോവല്‍ "കല്‍പ്രമാണം' ഒരു സമരത്തിന്റെ കഥയാണ്; പഴുക്ക എന്ന മധ്യതിരുവിതാംകൂറിലെ സാങ്കല്‍പ്പികഗ്രാമത്തിലെ നിവാസികള്‍ തങ്ങളുടെ മണ്ണിനെയും മനുഷ്യരെയും സംരക്ഷിക്കാന്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ കഥ.പാറക്കെട്ടുകള്‍ നിറഞ്ഞ ഗ്രാമമാണ് പഴുക്ക. പക്ഷിപ്പാറ, രാക്ഷസപ്പാറ, സൂര്യപ്പാറ എന്നിങ്ങനെ ഒട്ടേറെ പാറക്കൂട്ടങ്ങള്‍. ഓരോ പാറയ്ക്കുമുണ്ട് കഥകള്‍. മലകള്‍ക്കിടയില്‍ മേഘങ്ങള്‍ കുടുങ്ങിപ്പോകുന്നതിനാല്‍ പഴുക്കയില്‍ മിക്കപ്പോഴും മഴയാണ്. ജലസമൃദ്ധിയുടെ പിന്തുണയില്‍ ഗ്രാമവാസികള്‍ മണ്ണില്‍നിന്ന് തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം വിളയിച്ചെടുക്കുന്നു. നാട്ടുനന്മകള്‍ മഹാമരങ്ങളായി തണല്‍വിരിച്ചുനില്‍ക്കുന്ന പഴുക്കയിലേക്ക് കരിങ്കല്‍മാഫിയയുടെ കണ്ണ് പതിയുമ്പോള്‍ ചിത്രം മാറുകയാണ്. ദുരന്തത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ആദ്യമാരും ശ്രദ്ധിച്ചില്ല. നാട്ടുകാരില്‍ ചിലരുടെ പിന്തുണയോടെ അജ്ഞാതരായ ചിലര്‍ ഭൂമിവാങ്ങിക്കൂട്ടുന്നു.

പിന്നെയെപ്പോഴോ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വെടിമരുന്നുകള്‍ പൊട്ടിത്തുടങ്ങി. ചിതറിത്തെറിച്ച പാറക്കഷണങ്ങളുമായി ടിപ്പര്‍ലോറികള്‍ ചെമ്മണ്‍പാതയിലൂടെ ഇരമ്പിക്കടന്നുപോയി.മദിരാശിയിലെ ഉദ്യോഗത്തില്‍നിന്ന് പിരിഞ്ഞ ബാലകൃഷ്ണന്‍ മാഷും കുടുംബവും സ്വദേശമായ പഴുക്കയിലേക്ക് തിരിച്ചെത്തിയപ്പോള്‍ കാണുന്ന കാഴ്ച തന്റെ പ്രിയങ്കരമായ നാടിനെ അത്യാര്‍ത്തിക്കാരായ മുതലാളിമാര്‍ തകര്‍ത്തെറിയുന്നതാണ്. പഴുക്ക സംരക്ഷണസമിതിയെന്ന സംഘടന രൂപീകരിച്ച് അദ്ദേഹം പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നു. മുതലാളിമാരുടെ സാമദാനഭേദ ദണ്ഡങ്ങള്‍ക്കൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനായില്ല. പക്ഷേ, അതിനിടയിലാണ് ബാലകൃഷ്ണന്‍മാഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കൊക്കയിലേക്കു മറിഞ്ഞത്. അദ്ദേഹത്തിന് കാലുകള്‍ നഷ്ടപ്പെട്ടു. മാഷിന് സംഭവിച്ചത് അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകശ്രമമാണെന്നും പഴുക്കക്കാര്‍ക്ക് ഉറപ്പായിരുന്നു. സമരത്തിന്റെ നേതൃത്വം മാഷിന്റെ മകള്‍ ദേവി ഏറ്റെടുത്തു. എന്നാല്‍, പണവും മത-രാഷ്ട്രീയ സ്വാധീനവും ആള്‍ബലവും ഗുണ്ടായിസവുമൊക്കെ വേണ്ടതിലധികമുള്ള മാഫിയയെ തുരത്താന്‍ പഴുക്കയിലെ സാധാരണക്കാര്‍ക്ക് സാധിച്ചില്ല. 3250 ദിവസം നീണ്ട സത്യഗ്രഹം സമിതി അവസാനിപ്പിച്ചു. ബാലകൃഷ്ണന്‍ മാഷും കുടുംബവും മദിരാശിക്ക് മടങ്ങിപ്പോയി.കേരളത്തില്‍ അടുത്തകാലത്തായി ഉയര്‍ന്നുവന്ന ഒട്ടേറെ ചെറുപോരാട്ടങ്ങളെ "പഴുക്ക സമരം' ഓര്‍മിപ്പിക്കുന്നു. നോവലിന്റെ മുഖ്യപ്രമേയം പരിസ്ഥിതിസമരമാണെങ്കിലും കഥാപാത്രങ്ങളില്‍ പലരുടെയും കഥകള്‍കൂടി ഇതില്‍ കണ്ണിചേര്‍ക്കപ്പെടുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കവും നോവലിസ്റ്റ് ചര്‍ച്ചാവിഷയമാക്കുന്നു. പഴുക്കയുടെ പുരാവൃത്തത്തിലേക്ക് പുരാണങ്ങളിലെയും ഉപനിഷത്തുകളിലെയും കഥാസന്ദര്‍ഭങ്ങളെ സമര്‍ഥമായി സന്നിവേശിപ്പിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കപ്പുറത്തേക്ക് ഇതിവൃത്തത്തെ കൊണ്ടുപോകാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു.

തട്ടും തടവുമില്ലാതെ കഥാഗതി മുന്നോട്ടുപോകാനുള്ള ശില്‍പ്പതന്ത്രം രാജീവ് ശിവശങ്കറിനുണ്ട്. വലതുപക്ഷ പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണതകളെയും പുരോഗമനവാദികളെയും ഒറ്റത്തട്ടില്‍ വയ്ക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകനായ നോവലിസ്റ്റും ഇതേ വഴിക്കുതന്നെ നീങ്ങുന്നത് തിരിച്ചറിയാതിരുന്നുകൂടാ. എന്നാല്‍, ആഗോളവല്‍ക്കരണത്തിന്റെ ഉഷ്ണകാലത്ത് പ്രകൃതിയെയും മനുഷ്യനെയും ഉയര്‍ത്തിക്കാട്ടുന്ന ഈ നോവലിനെ രാഷ്ട്രീയ അപക്വതയുടെ പേരില്‍ തള്ളിക്കളയാനുമാകില്ല. പാരിസ്ഥിതിക സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ മലയാളത്തില്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. കല്‍പ്രമാണം ആ വഴിക്കുള്ള ശക്തമായ ചുവടുവയ്പാണ്.

പ്രധാന വാർത്തകൾ
 Top