24 August Saturday

ജനപക്ഷ വികസനത്തിന്റെ പുതുക്കാടന്‍ പാത

ഡോ കാവുമ്പായി ബാലകൃഷ്ണന്‍Updated: Sunday Nov 30, 2014

ഗുരുവായൂരമ്പലത്തില്‍ നിവേദ്യത്തിന് ഒരുദിവസം 12000 കദളിപ്പഴം വേണം. 2009 വരെ ഇത് മുഴുവനായും എത്തിയിരുന്നത് തമിഴ്നാട്ടില്‍നിന്നാണ്. എന്നാല്‍, പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന സുസ്ഥിര കൊടകര (ഇപ്പോള്‍ സുസ്ഥിര പുതുക്കാട്) പദ്ധതിയുടെ ഫലമായി അതിനൊരു മാറ്റംവന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കദളിക്കൃഷി ഏറ്റെടുത്തു. ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ മിഷനെ നിശ്ചയിച്ചു. കുടുംബശ്രീയുടെ വിപുലമായ പൊതുയോഗം വിളിച്ചുകൂട്ടി പദ്ധതി വിശദീകരിച്ചു.

കൊടകരയെ നിവേദ്യകദളീവനമായി മാറ്റുമെന്ന് യോഗം പ്രതിജ്ഞയെടുത്തു. അത് സാക്ഷാല്‍ക്കരിക്കാനുള്ള ആവേശകരമായ പ്രവര്‍ത്തനമാണ് പിന്നീട് നടന്നത്. അതോടൊപ്പംതന്നെ, കൊടകര ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ മിഷനും ഗുരുവായൂര്‍ ദേവസ്വവും തമ്മില്‍ ഒരു കരാറുണ്ടാക്കി. അതനുസരിച്ച് ഓരോ ദിവസവും ഗുരുവായൂര്‍ ദേവസ്വം ആവശ്യപ്പെടുന്ന പഴം കുടുംബശ്രീ മിഷന്‍ നല്‍കണം. പഴത്തിന്റെ വില നിശ്ചയിക്കുന്നത് അതത് കാലത്തെ വിപണിവിലയെ ആസ്പദമാക്കി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലാണ്. അമ്പലപ്പറമ്പുകളും സ്കൂള്‍ അങ്കണങ്ങളും പാട്ടത്തിനെടുത്ത സ്വകാര്യഭൂമിയുമെല്ലാം കദളിക്കൃഷിയിടങ്ങളായി. ആവശ്യമായ വാഴത്തൈ തെങ്കാശിയില്‍നിന്നുപോലും ലഭ്യമല്ലാതെവന്നപ്പോള്‍, അത് കൊടകരയില്‍ത്തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ എത്ര വാഴക്കന്നുവേണമെങ്കിലും അവിടെ ലഭ്യമാണ്. എല്ലാ ആഴ്ചയിലും കുലവെട്ടാവുന്ന വിധത്തിലാണ് വാഴ നടുന്നതിന്റെ കാലയളവ് ക്രമീകരിച്ചിരിക്കുന്നത്. പഴത്തിന്റെ ശേഖരണവും വിതരണവും നടത്തുന്നതിന് മറ്റത്തൂര്‍ ലേബര്‍ സഹകരണസംഘം രൂപീകരിച്ചു. 8 പഞ്ചായത്തുകളിലായി ഉല്‍പ്പാദിപ്പിക്കുന്ന കദളിപ്പഴം അതത് പഞ്ചായത്ത് സഹകരണസംഘങ്ങള്‍ വാങ്ങി പണംനല്‍കി ലേബര്‍ സംഘത്തെ ഏല്‍പ്പിക്കും. ഗുരുവായൂരില്‍ എത്തിച്ച് എണ്ണം കൊടുക്കേണ്ട ചുമതല ലേബര്‍ സംഘത്തിനാണ്. ഇപ്പോള്‍ ആറായിരം പഴംവീതം ഓരോ ദിവസവും നല്‍കുന്നുണ്ട്. ജനപക്ഷബദല്‍ വികസന സമീപനത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഇതുപോലെ, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൊടകര/പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായും സംക്ഷിപ്തമായും അവതരിപ്പിക്കുകയാണ് "സുസ്ഥിര-സമഗ്രവികസനത്തിന്റെ ജനകീയമുഖം' എന്ന ചെറുഗ്രന്ഥത്തില്‍ പ്രൊഫ.സി രവീന്ദ്രനാഥ്.

ഈ പദ്ധതിയുടെ ഭാഗമായി പട്ടികജാതി/പട്ടികവര്‍ഗ കോളനികളെ സ്വയംപര്യാപ്തമാക്കാന്‍വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയും ആമ്പല്ലൂര്‍ സഹകരണസംഘവും ചേര്‍ന്ന് നടപ്പാക്കിയ നാച്വറല്‍ ഫ്രഷ് മില്‍ക്ക് പദ്ധതി, ആട് ഗ്രാമം പദ്ധതി. മണ്ഡലമാകെ-കോളനികളില്‍ പ്രത്യേകിച്ചും-വെള്ളവും വെളിച്ചവും എത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികോല്‍പ്പാദന വര്‍ധന ലക്ഷ്യമാക്കിയുള്ള ഗാലസപദ്ധതി, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികള്‍, പുതുക്കാടിനെ ജൈവവൈവിധ്യ ഉദ്യാനമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, വൃദ്ധരുടെയും അശരണരുടെയും രോഗികളുടെയും ആശ്വാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള പദ്ധതികള്‍- ഇവയെക്കുറിച്ചെല്ലാം ഈ പദ്ധതിക്ക് സര്‍ഗാത്മകനേതൃത്വം നല്‍കുന്ന, ഈ പദ്ധതിയുടെ ഉപജ്ഞാതാവായ പ്രൊഫ. രവീന്ദ്രനാഥ് വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.

ഈ പദ്ധതിയുടെ സവിശേഷതയും വിജയഹേതുവും എന്തെന്ന് അവതാരികയില്‍ ഡോ. തോമസ് ഐസക് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. "സുസ്ഥിര കൊടകര'യുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഉദ്ഗ്രഥനമാണ്. ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഉദ്ഗ്രഥനത്തിന്റെ അഭാവമാണ്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളിലും പരിശീലന പുസ്തകത്തിലും പറഞ്ഞിരുന്നുവെങ്കിലും നിര്‍ബന്ധിച്ചിരുന്നില്ല. ഈ പോരായ്മയ്ക്ക് ഒരു തിരുത്താണ് സുസ്ഥിര കൊടകര നല്‍കിയത്. വ്യക്തമായ കാഴ്ചപ്പാടോടെ ശക്തമായ ജനപങ്കാളിത്തത്തോടെ എങ്ങനെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്ന് ഈ ഗ്രന്ഥം നമ്മളെ ബോധ്യപ്പെടുത്തുന്നു. ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമപ്പുറത്ത്, അവയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിന് തികഞ്ഞ ലക്ഷ്യബോധവും ഇച്ഛാശക്തിയും ജനപക്ഷസമീപനവും ഉള്ള ഇടപെടലിലൂടെ ഒരളവുവരെ സാധിക്കുമെന്ന് സുസ്ഥിര കൊടകര/പുതുക്കാട് സാക്ഷ്യപ്പെടുത്തുന്നു. തീര്‍ച്ചയായും സുസ്ഥിര പുതുക്കാട് ജനപക്ഷവികസനത്തിനുള്ള ഒരു ബദല്‍ പാതയാണ് തുറന്നുതന്നിട്ടുള്ളത്.

പ്രധാന വാർത്തകൾ
 Top