23 April Tuesday

ജി. പ്രണാമം, കാവ്യപ്രതിഭയുടെ പ്രമാണം

ചാത്തന്നൂര്‍ മോഹന്‍Updated: Sunday Oct 26, 2014

അപാരതയുടെ ആഴങ്ങളും വന്‍കരകളും അന്വേഷിച്ച കാവ്യസഞ്ചാരിയായിരുന്നു മഹാകവി ജി ശങ്കരക്കുറുപ്പ്. "ഓടക്കുഴ'ലില്‍ നിന്നൊഴുകിയ കാവ്യധാരകൊണ്ട് ഒരു കാലഘട്ടത്തെ കീഴടക്കിയ ജി ജീവിതത്തിന്റെ സമസ്തഭാവങ്ങളെയും ആവാഹിച്ചുണര്‍ത്തി ആ ഉണര്‍ത്തുപാട്ടുകള്‍ മലയാളകാവ്യഭാവനയെ വികസ്വരമാക്കി. അദ്ദേഹത്തിന്റെ കവിതയും ജീവിതവും മുദ്രിതമാക്കുന്ന പഠനഗ്രന്ഥമാണ് "ജി. പ്രണാമം-മഹാകവി ജി: വായന, പുനര്‍വായന, സ്മരണ'.

ഗ്രന്ഥത്തിന്റെ ആദ്യഭാഗം കവിപരിചയമാണ്. തുടര്‍ന്ന് വായന, പുനര്‍വായന, ഒറ്റക്കവിതാപഠനങ്ങള്‍, കവിയും വിമര്‍ശകരും, സ്മരണ എന്നിങ്ങനെ അഞ്ചുഭാഗങ്ങളുണ്ട് ഗ്രന്ഥത്തിന്. എന്‍ വി കൃഷ്ണവാര്യര്‍, എസ് ഗുപ്തന്‍നായര്‍, കേസരി ബാലകൃഷ്ണപിള്ള, ഒ എന്‍ വി കുറുപ്പ്, വൈലോപ്പിള്ളി, വിഷ്ണുനാരായണന്‍ നമ്പൂതിരി, എം ലീലാവതി, കെ പി ശങ്കരന്‍ തുടങ്ങിയ പ്രമുഖരാണ് ആദ്യത്തെ നാലുഭാഗങ്ങളില്‍ അണിനിരക്കുന്നത്. സമ്പാദനവും സംശോധനവും നിര്‍വഹിച്ചിരിക്കുന്നത് ജിയുടെ ചെറുമകള്‍ ഡോ. നിര്‍മലയുടെ ഭര്‍ത്താവുകൂടിയായ എഴുത്തുകാരന്‍ ജി മധുസൂദനാണ്."ഓടക്കുഴ'ലിന് കൈവന്ന ജ്ഞാനപീഠസമ്മാനം ഭാരതീയ സാഹിത്യചരിത്രത്തില്‍ മലയാളഭാഷയ്ക്കും കവിതയ്ക്കും ലഭിച്ച അവിസ്മരണീയ അംഗീകാരമായിരുന്നു. സിമ്പോളിസവും മിസ്റ്റിസിസവും സമഞ്ജസമായി സമ്മേളിപ്പിക്കാന്‍ ജിക്ക് കഴിഞ്ഞുവെന്ന് പ്രൊഫ. എസ് ഗുപ്തന്‍നായര്‍ തന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. "ഭാഷാപദ്യത്തിലെ സിമ്പോളിസ്റ്റ് ഉപപ്രസ്ഥാനത്തിന്റെ വെന്നിക്കൊടിയാണ് ജി ശങ്കരക്കുറുപ്പിന്റെ "നിമിഷം' എന്ന കവിതാസമാഹാരമെന്ന് കേസരി ബാലകൃഷ്ണപിള്ളയും അഭിപ്രായപ്പെടുന്നു."വൈകൃതങ്ങളില്‍നിന്നും വൃത്തികേടുകളില്‍നിന്നും ഒഴിഞ്ഞുനിന്ന് സ്വന്തം പൊതുജീവിതവും കുടുംബജീവിതവും അങ്ങേയറ്റം സുചരിതമാക്കിയ വ്യക്തിയാണ് ജി.

കുമാരനാശാനുശേഷം ഇത്രമേല്‍ ആത്മഗൗരവംപാലിക്കുന്ന ഒരു കാവ്യസമുച്ചയം മറ്റൊരാള്‍ നമ്മുടെ ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. കവിയായി ജീവിക്കുക എന്ന ഈ മാതൃക ഇതരകവികള്‍ക്കും ആദരണീയമാണ് എന്നെനിക്ക് തോന്നുന്നു' - മഹാകവി വൈലോപ്പിള്ളിയുടെ ഈ നിരീക്ഷണത്തിന് പല അര്‍ഥതലങ്ങളുണ്ട്. "കവി ഒരു സ്വയം കവിതയായിരുന്നാലേ ഉദാത്ത ഭാവോജ്വലമായ കവിത ഉണ്ടാകൂ' എന്ന് ലോംഗിനസ് (ഘീിഴശിൗെ) പറഞ്ഞത് എത്ര ശരി!ലോകമനുഷ്യന്റെ തോളില്‍ കൈയിട്ടുനിന്ന് ചിന്തിക്കുകയും സ്വപ്നംകാണുകയും ആഹ്ലാദിക്കുകയും നൊമ്പരപ്പെടുകയും ചെയ്യുന്ന ആധുനിക കേരളീയന്റെ ശബ്ദം കവിതയിലേക്ക് സംക്രമിച്ചത് ജിയുടെ നാവിലൂടെയാണെന്ന് പുനര്‍വായനയില്‍ കവി വിഷ്ണുനാരായണന്‍നമ്പൂതിരി പറയുന്നു. പെരുന്തച്ചന്‍, സാഗരഗീതം, വിശ്വദര്‍ശനം, ശിവതാണ്ഡവം എന്നീ കവിതകളുടെ പുനര്‍വായനയിലൂടെ ഡി വിനയചന്ദ്രന്‍ കണ്ടെത്തുന്ന വാങ്മയവിച്ഛേദങ്ങള്‍ക്ക് പുതുമയുണ്ട്. സ്മരണ എന്ന ഭാഗത്തില്‍ ജിയുടെ സഹധര്‍മിണി പി സുഭദ്രാമ്മയുടെ നീറുന്ന ഓര്‍മകളുണ്ട്. പ്രിയതമന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ചെഴുതുമ്പോള്‍ വായനക്കാരില്‍ വല്ലാത്ത വിഷാദം നിറയുന്നു. പിതാവിനെക്കുറിച്ചോര്‍മിക്കുന്ന മകള്‍ രാധ, മകന്‍ രവി എന്നിവരുടെ എഴുത്ത് ഹൃദയത്തില്‍നിന്ന് വരുന്ന വാക്കുകളാണ്.ഭാഷയ്ക്കും ഭാവനകള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത അപാരതയിലേക്ക് അനുഭൂതികളുടെ അതീതതലങ്ങളെ പ്രത്യാനയിപ്പിച്ച പ്രേഷ്ഠ കവിക്കുള്ള "പ്രണാമം' മലയാളസാഹിത്യചരിത്രത്തിന്റെ പത്തായത്തില്‍ ചിതലരിക്കാത്ത പ്രമാണമായി എക്കാലവും സുരക്ഷിതമായിരിക്കും; ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വ്യാഖ്യാനിച്ചും പുനര്‍വ്യാഖ്യാനിച്ചും പഠിക്കാവുന്ന ഒസ്യത്തായി.

പ്രധാന വാർത്തകൾ
 Top