19 February Tuesday

ഗോമുഖ് അനുഭൂതികളുടെ മേഘസ്ഫോടനങ്ങള്‍

ബി അബുരാജ്Updated: Sunday Oct 5, 2014

യാത്രികന്റെ കണ്ണുകളിലാണ് ദാഹം. അതുപക്ഷേ അവനെ തെല്ലും തളര്‍ത്തുകയില്ല. ആ ദാഹമാണ് അവന്റെ ഊര്‍ജം. നാടുചുറ്റി മടങ്ങിവരുന്നവന്റെ ചുറ്റുംകൂടുക മലയാളിയുടെ ശീലമാണ്. വിശേഷങ്ങളറിയാന്‍ സഞ്ചാരിക്കൊപ്പം കൂടുന്ന പതിവ് മറ്റേതെങ്കിലും നാട്ടിലുണ്ടോ എന്ന് നിശ്ചയമില്ല. പ്രിയപ്പെട്ടവരുടെ നടുവിലിരുന്ന് കണ്ടകാഴ്ചകള്‍ വിവരിക്കുമ്പോള്‍ യാത്രികന്‍ മനസ്സുകൊണ്ട് കടന്നുവന്ന വഴികളിലൂടെ പുനര്‍യാത്ര ചെയ്യുകയാണ്. ഇത്തരം കഥപറച്ചിലുകളിലാണ് സഞ്ചാരസാഹിത്യത്തിന്റെ വേരുകള്‍ നമുക്ക് കണ്ടെത്താനാവുക.

യാത്രക്കുറിപ്പുകള്‍ നിരുപദ്രവകരമായ വിവരണങ്ങളല്ല. എഴുത്തുകാരന്റെ ജീവിതവീക്ഷണവും താല്‍പ്പര്യങ്ങളും രാഷ്ട്രീയവുമൊക്കെ മറ്റേതൊരു സാഹിത്യരൂപത്തിലുമെന്നതുപോലെ യാത്രാവിവരണത്തിലും പ്രതിഫലിക്കും. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ കെ ആര്‍ അജയന്റെ "ഗോമുഖ്: അനുഭൂതികളുടെ മേഘസ്ഫോടനങ്ങള്‍' വായിക്കുമ്പോള്‍ ഹിമാലയന്‍ യാത്രാവിവരണങ്ങളുടെ വാര്‍പ്പുമാതൃകകളില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്ന മലയാളിവായനക്കാരന്‍ ചിന്തിക്കുന്നത് യാത്രികന്റെ വീക്ഷണവ്യത്യാസങ്ങളെക്കുറിച്ചുതന്നെ. അനന്തമായ ഹിമപ്പരപ്പുകളുടെ വന്യധവളിമ സങ്കല്‍പ്പങ്ങളില്‍ നിറഞ്ഞുനിന്നകാലത്താണ് രാജന്‍ കാക്കനാടന്‍ തന്റെ ഹിമാലയയാത്രയെ അക്ഷരങ്ങളില്‍ നിരത്തിവച്ച് നമ്മെ ആഹ്ലാദിപ്പിച്ചത്. ടൂര്‍പാക്കേജുകളുടെ സൗകര്യത്തിലായിരുന്നില്ല രാജന്‍ കാക്കനാടന്റെ സഞ്ചാരം. എന്നാല്‍, അവിടെനിന്ന് അനാവശ്യമായ നിഗൂഢവല്‍ക്കരണത്തിന്റെയും അതിഭാവകുത്വത്തിന്റെ വര്‍ണപ്പൊലിമയാര്‍ന്ന ഭാഷയുടെയും അശ്ലീലതയില്‍ ഹിമാലയയാത്രയെഴുത്ത് അരോചകമായിത്തീരുന്ന കാഴ്ചയാണ് നാം കാണുന്നത്.

അസഹനീയമായ ഇത്തരം വാചാടോപങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കെ ആര്‍ അജയന്റെ ഗോമുഖ്.ഹിമാലയവുമായി ബന്ധപ്പെട്ട ആത്മീയ ആവരണത്തിനപ്പുറം അത്ഭുതകരമായ പ്രകൃതിവിസ്മയമാണതെന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഗ്രന്ഥകാരന്‍ വിരല്‍ചൂണ്ടുന്നത്. ഗംഗാനദിയുടെ ഉത്ഭവസ്ഥാനത്തേക്കുള്ള യാത്രയാണിത്. 30 കിലോമീറ്റര്‍ നീളമുള്ള ഗംഗോത്രിഹിമാനിയിലാണ് ഗോമുഖ്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 14,000 അടി ഉയരെ. അതീവ ദുര്‍ഘടമായ പാതയാണവിടേക്ക്. ഹിമാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏത് നിമിഷവും അടര്‍ന്നുമാറാവുന്ന പാറക്കെട്ടുകളും നിറംമാറുന്ന പ്രകൃതിയുമാണ്. യാത്രയിലുടനീളം അപകടം പതിയിരിക്കുന്നു. ഓരോ വരിയിലും ആകാംക്ഷ നിറച്ചുവച്ച് എന്നാല്‍ യാഥാര്‍ഥ്യത്തിന്റെ അതിര്‍വരമ്പുകളില്‍നിന്ന് ക്ഷണദൂരംപോലും അകന്നുപോകാതെയാണ് ഗോമുഖിന്റെ ഉയരങ്ങളിലേക്കുള്ള തന്റെ യാത്ര അജയന്‍ അവതരിപ്പിക്കുന്നത്.ഭയത്തിനും ഭക്തിക്കുമൊപ്പം ഹിമാലയം കയറുന്നവര്‍ക്ക് ശരിയായ കാഴ്ചകളിലേക്ക് മനസ്സ് തുറക്കാനാകില്ല. ഹിമാലയം ഇടിഞ്ഞുവീഴുന്നതും മേഘമഴപെയ്യുന്നതും ഇതെല്ലാം അവിടെ പാര്‍ക്കുന്ന സന്യാസിമാര്‍ മുന്‍കൂട്ടി അറിയുന്നതുമൊന്നും അത്ഭുതമല്ലെന്ന് നമ്മെ മനസ്സിലാക്കിത്തരാന്‍ ചെറുതെങ്കിലും ആഴമുള്ള ഈ പുസ്തകത്തിന് സാധിക്കുന്നു. നിരന്തരപരിചയവും സൂക്ഷ്മനിരീക്ഷണപാടവവുംകൊണ്ട് ഹിമാലയത്തിലെ സന്യാസിമാര്‍ വരാന്‍പോകുന്ന പ്രകൃതിദുരന്തം മുന്‍കൂട്ടി പറയുന്നതെങ്ങനെയെന്ന് അജയന്‍ ഒരു സന്യാസിനിയമ്മയുടെ ദൃഷ്ടാന്തത്തിലൂടെ വെളിപ്പെടുത്തുന്നു.

യാത്രയെഴുത്തുകാരനിലെ പത്രപ്രവര്‍ത്തകനാണ് ഇവിടെ മിഴിവോടെ തെളിഞ്ഞുവരുന്നത്. ഭക്തിവ്യവസായകേന്ദ്രങ്ങളിലെ തട്ടിപ്പുകള്‍ വിവരിച്ചുതരാനും അജയന്‍ തയ്യാറാകുന്നുണ്ട്.യാത്രയുടെ രസം ഒട്ടുംതന്നെ ചോര്‍ന്നുപോകാത്ത ആഖ്യാനശൈലിക്ക് ചാരുതയുണ്ട്. അലങ്കാരങ്ങളുടെ ധാരാളിത്തം അതിനില്ല. ഒരു നേര്‍വരയുടെ നന്മയും ലാഘവവുമാണ്. എന്നാല്‍, ഓരോ ചുവടുവയ്പിലുമുള്ള അപകടം വായനക്കാരന്റെകൂടി ഭീതിയാക്കി മാറ്റാനുള്ള മന്ത്രവിദ്യ ഈ നേര്‍ഭാഷയ്ക്കുണ്ടുതാനും.ഹിമാലയം നേരിടുന്ന പരിസ്ഥിതിനാശത്തെയും എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്നു. ശരത്കാലത്ത് മഞ്ഞുവീഴ്ച കുറയുന്നതിന്റെയും ഗംഗോത്രി ഹിമാനി പ്രതിവര്‍ഷം 23 മീറ്ററോളം ഉള്ളിലേക്ക് വലിയുന്നതിന്റെയും ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍, പ്രകൃതിയെ അത്രയേറെ സ്നേഹിക്കുന്ന ഒരാളിന്റെ നെഞ്ചിടിപ്പുകള്‍ നമുക്ക് കേള്‍ക്കാം.

വായനയുടെ ആനന്ദവും പൈന്‍ മരങ്ങള്‍ക്കും ദേവദാരുകള്‍ക്കുമിടയിലൂടെ, പാറക്കെട്ടുകള്‍ക്കും ഹിമക്കട്ടകള്‍ക്കുമിടയിലൂടെ സാഹസികമായ ഒരു യാത്രചെയ്ത തോന്നലും മാത്രമല്ല ഗോമുഖിന്റെ അവസാനതാള്‍ മറിക്കുമ്പോള്‍ ബാക്കിയാവുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗവും കാലാവസ്ഥാ നിയന്ത്രണത്തിലെ അവിഭാജ്യഘടകവും സമ്പദ്വ്യവസ്ഥയിലെ കണ്ണിയുമായ ഹിമാലയത്തെയും ഭാഗീരഥിയെയുംകുറിച്ചുള്ള ഒട്ടേറെ അറിവുകള്‍കൂടിയാണ്. സഞ്ചാരസാഹിത്യത്തിന് മാര്‍ഗരേഖ എന്ന ആമുഖകര്‍ത്താവിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണെന്നതില്‍, ഗോമുഖ്: അനുഭൂതികളുടെ മേഘസ്ഫോടനങ്ങള്‍ വായിക്കുന്ന ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

പ്രധാന വാർത്തകൾ
 Top