16 February Saturday

ചരിത്രത്തിന്റെ കനല്‍വഴികളിലൂടെ

ശശി മാവിന്‍മൂട്Updated: Sunday Sep 28, 2014

ഭാവിയെ നിര്‍വചിക്കാന്‍ കഴിയണമെങ്കില്‍ ചരിത്രം നന്നായി പഠിച്ചിരിക്കണമെന്ന പ്രസിദ്ധചിന്തകന്‍ കണ്‍ഫ്യൂഷ്യസിന്റെയും ചരിത്രം അറിയാത്തവര്‍ എക്കാലവും ശിശുവായി അവശേഷിക്കുമെന്ന വിശ്വസാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെയും വാക്കുകള്‍ അന്വര്‍ഥമാക്കുന്നതാണ് ഇരിഞ്ചയം രവി രചിച്ച "അച്ചിപ്പുടവ'എന്ന നോവല്‍. ചരിത്രത്തിന്റെ കനല്‍വഴികളാണ് ഈ നോവലിന്റെ സഞ്ചാരപഥം. ജീവിക്കാനും മാനം മറയ്ക്കാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടി ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെ കഥ പറയുന്ന ഈ ചരിത്രനോവല്‍ വ്യത്യസ്തമായ ഒരു വായനാനുഭവമാണ് നല്‍കുന്നത്.

അഞ്ചുതെങ്ങ് സെന്റ്തോമസ് പള്ളിയിലെ ജനലഴികളില്‍ പിടിച്ച് അനന്തസാഗരനീലിമയിലേക്ക് മിഴിയൂന്നി നില്‍ക്കുന്ന ഫാദര്‍ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതത്തിന്റെ ഓര്‍മകളിലൂടെയാണ് ഈ കൃതി വളരുന്നതും വികസിക്കുന്നതും. ഉള്ളില്‍ കനല്‍ കോരിയിട്ട് സിസ്റ്റര്‍ ഫിലോമിനയ്ക്കൊപ്പം നമുക്കും ആ കഥ കേട്ടിരിക്കാം. 19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിലനിന്ന ഫ്യൂഡല്‍ വ്യവസ്ഥയും അടിമ സമ്പ്രദായവുമാണ് ഈ കൃതി ചവുട്ടിനില്‍ക്കുന്ന മണ്ണ്. കഥ പറഞ്ഞുതുടങ്ങുമ്പോള്‍ സേവ്യര്‍ പത്തു വയസ്സുള്ള കോവാലനായി മാറുന്നത് നമുക്കു കാണാം. തെങ്ങുംപള്ളിയിലെ ജന്മി പപ്പൂട്ടിപ്പിള്ളയുടെ ഇളയ മകന്‍ കോവാലന്‍ നെഞ്ചിലേറ്റിയത് മഹാസങ്കടങ്ങളുടെ ഭാണ്ഡം. നെയ്യപ്പള്ളിയിലെ ജന്മി ശങ്കരപ്പിള്ളയും കാര്യസ്ഥന്മാരായ കോമ്പാക്കനും മാടന്‍പിള്ളയും ഏഴക്കരം പിരിവുകാരനായ ഏഴക്കാള എന്ന കാളിശ്വരന്‍ പിള്ളയും ജന്മിത്തത്തിന്റെ പ്രതീകങ്ങള്‍ തന്നെ. നാട്ടുക്കൂട്ടത്തിന്റെ നേതാവ് ശങ്കരനാരായണന്‍ പോറ്റിയും ഇവരോട് ചേര്‍ത്തുവയ്ക്കാവുന്ന കഥാപാത്രമാണ്. അടിമകളായി മണ്ണില്‍ പണിയെടുത്തിരുന്നവരും മറ്റു കുലത്തൊഴിലുകള്‍ ചെയ്തിരുന്നവരുമായ അവര്‍ണരുടെ നരകതുല്യമായ ജീവിതമാണ് ഇവിടെ ഇതള്‍ വിരിയുന്നത്. ഒപ്പം ബ്രാഹ്മണ-നായര്‍ ഭവനങ്ങളിലെ ദീനതയിലേക്കും തിരനോട്ടം നടത്തുന്നു.

കിഴുവില്ലത്തുമനയിലെ സീതാക്ഷിയും നെയ്യപ്പള്ളിയിലെ നാണിക്കുട്ടിയും ആ കഥ പറഞ്ഞുതരുന്നു. കണ്ണീര്‍പ്പാടങ്ങളും ചെളിവരമ്പുകളും നിറഞ്ഞതായിരുന്നു കോവാലന്റെ ബാല്യകാലം. കളിക്കൂട്ടുകാരന്‍ പുലയച്ചെറുക്കന്‍ കുറുമനായിരുന്നു. ചെയ്യാത്ത കുറ്റത്തിന് കുറുമന്റെ ദേഹത്ത് നീറ്റിന്‍കുല കുടയുകയും നാട്ടുക്കൂട്ടം തിളച്ച എണ്ണയില്‍ കൈമുക്ക് കല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ കോവാലനും കൊല്ലമ്പുഴ പപ്പുവൈദ്യനുമൊപ്പം വായനക്കാര്‍ക്കും ധാര്‍മികബോധം ഉണരും. ശങ്കരപ്പിള്ളയുടെ മകന്‍ ഭാസ്കരന്‍ കളപ്പുരയ്ക്കു തീയിട്ടുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. ഏഴപ്പെണ്ണുങ്ങളുടെ മാനം കവരുന്ന ജന്മിക്ക് ചെന്തിലയെന്ന പുലയക്കിടാത്തിയെ കിട്ടാത്തതിന്റെ ദേഷ്യം തീര്‍ത്തത് അവളുടെ അമ്മയായ മാലയെ ജീവനോടെ കുഴിച്ചിട്ടുകൊണ്ടാണ്. മനസ്സുടഞ്ഞ കോവാലന്‍ കളപ്പുരയ്ക്കു തീയിട്ടുകൊണ്ട് നാടുവിടുകയാണ്.

ഈ കൃതിയുടെ 40-ാം അധ്യായം ഒരു നടുക്കത്തോടെ മാത്രമേ വായിക്കാനാകൂ. തലക്കരംമുതല്‍ മുലക്കരംവരെയുള്ള ഏഴക്കരങ്ങള്‍ ഏര്‍പ്പെടുത്തിയ ധര്‍മരാജാവ് കാര്‍ത്തിക തിരുനാള്‍ ഉള്‍പ്പെടെ തിരുവിതാംകൂര്‍ രാജഭരണത്തിന്റെ കാണാത്ത മുഖം അച്ചിപ്പുടവ കാട്ടിത്തരുന്നു. മുലക്കരം പിരിക്കാനെത്തുന്ന പപ്പൂട്ടിപ്പിള്ളയുടെ മുഖത്തേക്ക് പാറൂട്ടിയുടെ മകള്‍ കുറുണി തന്റെ അറുത്തെടുത്ത മുലയും ചോരയും പ്രതികാരവും ഒന്നിച്ചെറിയുന്നു. അച്ചിപ്പുടവയഴിച്ച് ചിന്നയെയും കുങ്കിയെയും അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഏഴക്കാളയുടെയും പോണ്ടന്‍ പാച്ചന്റെയും തലയറുത്ത് അച്ചിപ്പുടവയില്‍ പൊതിഞ്ഞ് പോറ്റിയുടെ വീട്ടുമുറ്റത്തു വയ്ക്കുകയും താണജാതിപ്പെണ്ണുങ്ങള്‍ അച്ചിപ്പുടവയുടുത്ത് പ്രകടനം നടത്തി സവര്‍ണരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. സൈന്യം വിപ്ലവം അടിച്ചൊതുക്കുകയും ഗതിയില്ലാതെ ഏഴജാതികള്‍ മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്.അവര്‍ണര്‍ക്കിടയില്‍ അന്ന് നിലനിന്നിരുന്ന സംഭാഷണശൈലി ഒട്ടും തനിമചോരാതെ അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ ഗവേഷണപടുതയോടെ തയാറാക്കിയ, കേരളത്തിന്റെ അനതിവിദൂരമായ ഭൂതകാലം അനാവരണംചെയ്യുന്ന, ഈ ദീര്‍ഘനോവല്‍ കരളില്‍ മുള്ളുതറച്ച വേദനയോടെ മാത്രമേ വായിച്ചുതീര്‍ക്കാനാകൂ.

പ്രധാന വാർത്തകൾ
 Top