19 March Tuesday

നീതിത്തുലാസിന്‍ ഇടംവലം തട്ടുകള്‍

ശശി മാവിന്‍മൂട്Updated: Sunday Aug 17, 2014

നീതി എന്നുപറയുന്നത് ആകാശമോക്ഷത്തിന്റെ വാതിലുപോലെയാണ്. അതെപ്പൊഴാ തുറന്നുകിട്ടുകയെന്ന് തുറക്കുന്നവനുപോലും നിശ്ചയമില്ലാത്ത ഒന്ന്...... സെബാസ്റ്റ്യന്‍ പള്ളിത്തോട് എഴുതിയ ഭആകാശമോക്ഷത്തിന്റെ വാതില്‍&ൃെൂൗീ; എന്ന നോവല്‍ വായിച്ചുതുടങ്ങുകയാണ്. ഭൂമിയിലെ എല്ലാ നീതിന്യായസംവിധാനങ്ങളും ദരിദ്രനും നിരപരാധിക്കും എതിരാണെന്നും അതിന്റെ വിധിന്യായങ്ങള്‍ ജനങ്ങളോട് സംസാരിക്കുന്നത് ഏകാധിപതിയുടെ ഭാഷയിലാണെന്നുംകൂടി വായിക്കുമ്പോള്‍ നോവലിസ്റ്റിനൊപ്പം നീതിന്യായവ്യവസ്ഥിതിയുടെ ഉള്ളറകളിലേക്ക് നമ്മളും കടന്നുചെല്ലും. അനേകം ചതിക്കുഴികള്‍ ഒരുക്കിവച്ച് സത്യധര്‍മങ്ങളുടെ പുറംമോടി പ്രദര്‍ശിപ്പിക്കുന്ന നീതിന്യായകോടതികളുടെ ഉള്ളറകള്‍ അങ്ങനെ ആകാശമോക്ഷത്തിന്റെ വാതിലിലൂടെ വായനക്കാര്‍ക്കും കാണാനാകുന്നു.

വാദിയും പ്രതിയും വക്കീലും ഗുമസ്ഥനും ന്യായാധിപനും കോടതിജീവനക്കാരുമെല്ലാം ഒരേസമയം ഇരകളാകാന്‍ വിധിക്കപ്പെട്ടൊരു നീതിനിര്‍വഹണ വ്യവസ്ഥയുടെ സാക്ഷിപത്രമാകുന്ന നോവലെന്ന് ഈ കൃതിക്ക് അവതാരികാകാരനായ എം തോമസ്മാത്യു അടിവരയിടുന്നു.കാല്‍നൂറ്റാണ്ടു കാലം നീതിന്യായവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യന്‍ പള്ളിത്തോട് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ഈ നോവല്‍ അപൂര്‍വവും അപരിചിതവുമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്.

മുന്‍സിഫ് കോടതിയില്‍ നിന്ന് സ്ഥലംമാറ്റമോടെ സബ്കോടതിയിലെത്തിയ ആമോസ് എന്ന ബെഞ്ച്ക്ലര്‍ക്കിന്റെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ കഥ വളരുന്നതും വികസിക്കുന്നതും. നോവലിലെ നായകസ്ഥാനീയനായ ആമോസ് ഇല്ലാതെ കോടതിനടപടികള്‍ അഥവാ ഈ നോവല്‍ മുന്നോട്ടുപോകില്ലെന്ന് സൂചിപ്പിക്കുമ്പോള്‍ത്തന്നെ ജഡ്ജി ദേവസംഭവന്‍, മുന്‍സിഫ്, ജീവനക്കാരായ മണിയന്‍പിള്ള, മോഹനന്‍, കാമോദരി, "ശൈല്യക്കാരന്‍ ദാസ്', പ്രഭാകരന്‍, ടര്‍പ്പന്‍നായന്‍ എന്നീ കഥാപാത്രങ്ങള്‍ക്കെല്ലാം നായകനോളം പ്രാധാന്യംനല്‍കാന്‍ നോവലിസ്റ്റ് മടിക്കുന്നില്ല. മജിസ്ട്രേട്ടും ഗുമസ്തനും പ്യൂണും ഒരേപോലെ ഇരയായിത്തീരുന്ന ഒരു വിചിത്രസംവിധാനത്തെ അവതരിപ്പിച്ചുകൊണ്ട് നായകനും വില്ലനും ഒരാളായിത്തീരുന്നത് അദ്ദേഹം കാട്ടിത്തരുന്നു.

നിസ്സഹായനായ മനുഷ്യന്‍ എന്നും കുതറിക്കൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവനാണെന്നും ചോര പൊടിയുന്ന പ്രതിരോധമാണ് മനുഷ്യനാണെന്നതിന് തെളിവെന്നും പറഞ്ഞുകൊണ്ട് ഈ കൃതി മനുഷ്യത്വത്തെ അനാവൃതമാക്കുന്നു. മോണോലോഗ് എന്ന അധ്യായത്തില്‍ വസുപഞ്ചകദോഷത്തിലൂടെ മനുഷ്യന്റെ നിസ്സഹായതയുടെ പൂര്‍ണതയാണ് കാണാനാകുന്നത്. നിയമം ഒരു ചിലന്തിവലയാണെന്നും വലിയ വണ്ടുകള്‍ ഹൂങ്കാരത്തോടെ വന്ന് വല തുളച്ചു കടന്നുപോകുമെന്നും ചെറുപ്രാണികളും കീടങ്ങളുംമാത്രം ആ വലയില്‍ കുരുങ്ങി നശിക്കുമെന്നും വായനയ്ക്കിടയില്‍ നമ്മള്‍ തിരിച്ചറിയുന്നു

.നോവലിന്റെ പ്രമേയത്തിന് ഒട്ടും ചോര്‍ച്ചസംഭവിക്കാതെതന്നെ നര്‍മഭാഷണങ്ങളും ഉപഹാസവും മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ട്. കാമോദരിയുമായുള്ള സംഭാഷണത്തിനിടയില്‍ ഉണക്കമീന്‍കൊണ്ട് പൂച്ചയെ തല്ലിയാല്‍ പൂച്ച പോകുമോ സാറെ എന്ന ചോദ്യം ചിരിവിത്തുകള്‍ മുളപ്പിക്കും. ഈ കൃതിയില്‍ പ്രത്യക്ഷമാകുന്ന വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ സമാനതകളില്ലാതെ അനുഭവിക്കുന്ന ദുഃഖങ്ങള്‍ വായനക്കാരെയും അസ്വസ്ഥമാക്കും. നീതിയുടെ ദേവത കണ്ണുകള്‍ കെട്ടിയിരിക്കുന്നത് മുഖംനോക്കാതെ നീതി നടപ്പാക്കാന്‍ വേണ്ടി മാത്രമല്ല, സത്യം കാണാതിരിക്കാന്‍കൂടിയാണെന്ന് തന്റെ നേരനുഭവങ്ങളെ സാക്ഷിനിര്‍ത്തി സെബാസ്റ്റ്യന്‍ അടയാളപ്പെടുത്തുമ്പോള്‍ പകച്ചുപോകുന്ന വായനക്കാര്‍ തെല്ലിട വായന നിര്‍ത്തിയേക്കാം.

അന്യായപ്പകര്‍പ്പ് കാണാത്തതിന് ക്രൂശിക്കപ്പെടുന്ന സത്യസന്ധനായ ആമോസിനും അകാരണമായി പ്രൊമോഷന്‍ തടഞ്ഞുവയ്ക്കപ്പെടുന്ന കുടിലബുദ്ധിക്കാരനായ ജഡ്ജിക്കും ലഭിക്കുന്നത് ഒരേ വിധി തന്നെ. "നീതി ജലംപോലെ ഒഴുകട്ടെ. ന്യായവിധി വറ്റാത്ത നീര്‍ച്ചാലുപോലെയും' എന്ന ബൈബിള്‍വാക്യം ആമുഖത്തില്‍ വായിച്ചുകൊണ്ടാണ് നോവലിലേക്ക് പ്രവേശിക്കുന്നത്. രണ്ടു ഭാഗങ്ങളിലായി പതിനാല് അധ്യായങ്ങള്‍. ലോര്‍ഡ് ഡെന്നിംഗിന്റെ "വാട്ട് നെക്സ്റ്റ് ഇന്‍ ലാ', ആല്‍വിന്‍ ടോഫ്ളറുടെ "ദി ഫ്യൂച്ചര്‍ ഷോക്ക', കെസാത്ത് ക്ലോക്കിന്റെ "ദ ലാ ഈസ് ഇല്ലീഗല്‍' എന്നീ കൃതികളുടെ പേരുകള്‍ അധ്യായശീര്‍ഷകമാക്കിയിരിക്കുന്നത് പുതുമയുണര്‍ത്തുന്നു. ഭാഷയെ ആലങ്കാരികമാക്കാനല്ല, മറിച്ച് എല്ലാ നൈസര്‍ഗികമായ സവിശേഷതകളോടുംകൂടി പ്രയോഗിക്കാനാണ് ശ്രദ്ധിച്ചിരിക്കുന്നത്.

സഭ്യതയുടെ അതിര്‍വരമ്പ് ഭേദിക്കാതെയാണ് റെക്കോഡ് റൂമിലെ ലൈംഗികതപോലും കാട്ടിത്തരുന്നത്. അതേസമയം നാടന്‍ സംഭാഷണശകലങ്ങളാല്‍ ഭഭാഷയുടെ പച്ചപ്പ് വിരിച്ചിടുകയും ചെയ്യുന്നു. സങ്കീര്‍ണതയോ ദുരൂഹതയോ എവിടെയും കടന്നുവരുന്നില്ല എന്നത് വായനക്കാരെ ഈ കൃതിയുമായി കൂടുതല്‍ അടുപ്പിച്ചുനിര്‍ത്തുന്നു. നന്മ വറ്റാത്ത ഒരു മനസ്സ് നമുക്കു മുന്നില്‍ തുറന്നിട്ടുകൊണ്ട് ശുഭാപ്തിവിശ്വാസത്തോടെയാണ് നോവല്‍ അവസാനിപ്പിക്കുന്നത്. സമരസഖാവായിരുന്ന കെ എന്‍ നെടുങ്ങാടിയുടെ മകള്‍ നന്മ നെടുങ്ങാടി പുതിയ മുന്‍സിഫ് ആയി കടന്നുവരികയും അധികാരമേല്‍ക്കുംമുമ്പ് ആമോസിന്റെ കാല്‍ തൊട്ട് വന്ദിക്കുകയും ചെയ്യുന്നു. "നന്മയ്ക്ക് നന്മയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നതെങ്ങനെ' എന്ന ആശങ്കയോടെ നോവല്‍ അവസാനിക്കുമ്പോള്‍ വായനക്കാരില്‍ നന്മയുടെ നറുനിലാവ് പരക്കുകയും ആകാശമോക്ഷത്തിന്റെ വാതില്‍ തുറക്കുമെന്ന പ്രതീക്ഷ ജനിക്കുകയും ചെയ്യും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top