18 February Monday

നീലക്കുറിഞ്ഞിയില്‍ ജീവിതം പൂക്കുമ്പോള്‍

ശശി മാവിന്‍മൂട്Updated: Sunday Aug 3, 2014

നദികള്‍ ഭൂമിയുടെ രക്തധമനികളാണ്. മണ്ണ് ഭൂമിയുടെ മാംസമാണ്. പാറകള്‍ ഭൂമിയുടെ അസ്ഥികളും... പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇണപിരിയാത്ത ബന്ധം ഇഴചേര്‍ത്തെടുത്ത് ജീവിതത്തിന്റെ പുഷ്പോത്സവം ഒരുക്കുകയാണ് എന്‍ എം മുഹമ്മദലി "നീലക്കുറിഞ്ഞി വീണ്ടും പൂക്കും' എന്ന നോവലില്‍. പശ്ചിമഘട്ടസംരക്ഷണം പ്രമേയമാക്കി പുതിയ കാലത്തെ അഭിസംബോധനചെയ്യുന്ന ഈ കൃതി അനുവാചകമനസ്സുകളില്‍ പ്രകൃതിയുടെ നൈര്‍മല്യവും പ്രകൃതിചൂഷണത്തിന്റെ വേവലാതികളും കോരിയിടുന്നു.

വീണ്ടും പൂക്കുമെന്ന പ്രത്യാശ പങ്കുവയ്ക്കുമ്പോഴും നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമായി നിലകൊള്ളുകയാണ്.സാമാന്യം ദീര്‍ഘമായ ഈ നോവല്‍ രണ്ടു ഭാഗങ്ങളിലായി യാത്രയില്‍നിന്ന് ജീവിതയാത്രയിലേക്ക് പടര്‍ന്നുകയറുന്നു. പശ്ചിമഘട്ട മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തു എന്ന പത്രവാര്‍ത്തയോടെയാണ് നോവല്‍ ആരംഭിക്കുന്നത്. കുറിഞ്ഞിസംരക്ഷണസമിതി സെക്രട്ടറി കനകരാജിന്റെ അറിയിപ്പ് വായിച്ചിട്ടാണ് ചിന്നക്കനാലിലെ ഏകഡോക്ടര്‍ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന ഡോ. നിസാര്‍ അഹമ്മദ് തന്നെ ബാധിച്ചിരിക്കുന്ന ആന്‍ജൈന പെക്ടോറിസ് എന്ന ഹൃദ്രോഗത്തെപ്പോലും അവഗണിച്ചുകൊണ്ട്് പ്രകൃതിസ്നേഹികളുടെ കുറിഞ്ഞിപദയാത്രയില്‍ പങ്കെടുക്കാന്‍ കൊടൈക്കനാലില്‍ എത്തുന്നത്.

ജിവിതം വിധിച്ച കടുത്ത ഏകാകിത്വത്തില്‍നിന്നുള്ള മോചനംകൂടി യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. കൊടൈക്കനാലിലെ ബോട്ട്ക്ലബ് പരിസരത്തുനിന്ന് ഭ"സേവ് കുറിഞ്ഞി, സേവ് ഹ്യുമാനിറ്റി; എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പദയാത്രയില്‍ കനകരാജിന്റെ നേതൃത്വത്തില്‍ മനോരോഗ വിദഗ്ധനായ ഡോ. നിസാര്‍, സാമൂഹ്യ പ്രവര്‍ത്തകയായ ഗിരിജ, റിസര്‍ച്ച് സ്കോളര്‍ സുനിത, പ്രകൃതിസ്നേഹിയായ സെയ്തുമുനി, ഫോട്ടോഗ്രാഫര്‍ രവികുമാര്‍, നന്ദസൂനു, തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇസ്രായീല്‍ എന്നിവരാണുണ്ടായിരുന്നത്. പശ്ചിമഘട്ട മലനിരകളുടെ വശ്യതയും വന്യതയും മനസ്സില്‍ ഒപ്പിയെടുത്ത് അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരന്‍ കാട്ടുന്ന മെയ്വഴക്കം പ്രശംസനീയമാണ്.

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന പ്രോലിറ്റേറിയനായ കുറിഞ്ഞിയുടെ സംഘശക്തി സര്‍വീസ് സംഘടനാ നേതാവായിരുന്ന നിസാര്‍ തിരിച്ചറിയുന്നു. കൂടായി, കവുഞ്ചി, ക്ലാവര, കോവിലൂര്‍ എന്നിവിടങ്ങളിലൂടെ കഞ്ചാവു മാഫിയയുടെ ഭീഷണി വകവയ്ക്കാതെ പദയാത്ര കടന്നുപോകുന്നു. ഒരു നക്സലൈറ്റ് ആക്ടിവിസ്റ്റായിരുന്ന ഗിരിജയില്‍ തന്റെ ക്യാമ്പസ്പ്രണയിനി ആഞ്ജലീനയെ കണ്ടെത്തുന്നത് ഡോ. നിസാറിനെ ഗിരിജയുമായി കൂടുതല്‍ അടുപ്പിക്കുന്നു. തേയിലക്കമ്പനിയുടെ ആതിഥ്യം സ്വീകരിക്കുന്നതിലുള്ള അഭിപ്രായഭിന്നത പദയാത്രാസംഘം രണ്ടായി പിരിയുന്നതിന് കാരണമാകുന്നു. സ്വീകരണത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ച ഗിരിജയും നിസാറും സാമിയാര്‍കുടിയിലെ പൂര്‍വകാല ആദിവാസി സുഹൃത്ത് പപ്പുസാമിയെ കാണാന്‍ പോകുന്നത് നിസാറിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നു. കോവിലൂരില്‍ ആദിവാസികള്‍ക്കായി ജനതാ ഡിസ്പെന്‍സറി തുടങ്ങിയ ഡോ. നിസാറിന്റെ സഹായിയായും പിന്നെ ജീവിതസഖിയായും ഗിരിജ മാറുന്നു.

കുറിഞ്ഞിയുടെ വളര്‍ച്ച നിരന്തരം വീക്ഷിച്ചുകൊണ്ടിരുന്ന നിസാറിന് ലിത്തിയം ഖനത്തിലൂടെ അമേരിക്കന്‍ കമ്പനി കിഴക്കന്‍ മലനിരകളെ തകര്‍ക്കാനൊരുങ്ങുന്നു എന്ന അറിവ് ഞെട്ടലുളവാക്കുന്നതായിരുന്നു. ഖനത്തിനെതിരെ ആദിവാസികളെ സംഘടിപ്പിക്കുന്ന നിസാറിനും ഗിരിജയ്ക്കും ജീവന്‍ ബലിനല്‍കേണ്ടി വന്നെങ്കിലും ചെറുത്തുനില്‍പ്പിന്റെ ശക്തിയില്‍ കമ്പനി ഖനമുപേക്ഷിച്ച് മടങ്ങിപ്പോകുന്നതോടെ നീലക്കുറിഞ്ഞി വീണ്ടും പൂക്കുമെന്ന പ്രത്യാശ നല്‍കിക്കൊണ്ട് നോവല്‍ അവസാനിക്കുന്നു.മനുഷ്യനും പ്രകൃതിയുമാണ് പ്രധാന പ്രമേയം. കഥാനായകനിലൂടെ നോവലിസ്റ്റ് ആത്മപ്രകാശനം സാധ്യമാക്കിയിരിക്കുന്നു. ആധുനികോത്തര സങ്കീര്‍ണതകളിലേക്ക് കടന്നുപോകാതെ തികച്ചും ലളിതവും പരമ്പരാഗതവുമായ രീതിയാണ് കഥ പറയാന്‍ സ്വീകരിച്ചിട്ടുള്ളത്.

ആതുരശുശ്രൂഷാരംഗത്ത് പാലിക്കേണ്ട സദാചാരബോധവും ഇന്ന് നിലനില്‍ക്കുന്ന മൂല്യത്തകര്‍ച്ചയും മറനീക്കി കാട്ടിത്തരുന്നു. അന്ധവിശ്വാസത്തില്‍ ആണ്ടുകഴിയുന്ന ആദിവാസികളുടെ "പൂശാരിഡോക്ടര്‍'&ൃെൂൗീ;എന്നുള്ള വിളി അഭിമാനത്തോടെയാണ് നിസാര്‍ സ്വീകരിക്കുന്നത്. സുന്ദരിയുടെ സങ്കീര്‍ണമായ പ്രസവം വായനക്കാരെ ലേബര്‍റൂമില്‍ നിര്‍ത്തി കാണിച്ചുതരുന്നു. രാഷ്ട്രീയ-സര്‍വീസ് സംഘടനാ രംഗങ്ങള്‍ പരാമര്‍ശവിഷയമാകുന്ന നോവല്‍ വര്‍ത്തമാനകാലജീര്‍ണതകളും തുറന്നുകാട്ടുന്നു.

മനോരോഗവിദഗ്ധന്‍കൂടിയായ ഗ്രന്ഥകാരന്‍ മനുഷ്യമനസ്സുകളെ വിശദമായി അപഗ്രഥിച്ചിരിക്കുന്നു. ഓരോ മനുഷ്യനും വിശാലമായ സമുദ്രത്തിലെ ഓരോ ദ്വീപാണെന്നും തൊട്ടടുത്ത ദ്വീപില്‍ എന്തു നടക്കുന്നു എന്നറിയുന്നില്ലെന്നും പറഞ്ഞുകൊണ്ട് സങ്കുചിത മനസ്സുകളെ കാട്ടിത്തരുന്നു. പ്രകൃതിയുടെ ക്യാന്‍വാസില്‍ പ്രണയവും വിരഹവും ജീവിതത്തൂലികകൊണ്ട് വര്‍ണംചാര്‍ത്തിയ അനുഭവമാണുണ്ടാകുന്നത്. സിയാറ്റില്‍ മൂപ്പനിലൂടെ ആദിവാസി ഊരുകളുടെ അനിശ്ചിതത്വം പ്രകടമാക്കുന്നു. എല്ലാം പ്രതീതികള്‍മാത്രമായ ഈ ജീവിതത്തില്‍ നന്മയുടെ നറുവെളിച്ചം പകരുന്ന കൃതിയാണ് നീലക്കുറിഞ്ഞി വീണ്ടും പൂക്കും.

പ്രധാന വാർത്തകൾ
 Top