18 February Monday

മഹാഭാരതഹൃദയത്തിലൂടെ

ചാത്തന്നൂര്‍ മോഹന്‍Updated: Sunday Jul 20, 2014
  • മഹാഭാരതം കഥയിലൂടെ സഞ്ചരിച്ച് പി കെ ബാലകൃഷ്ണന്‍ എഴുതിയ "ഇനി ഞാന്‍ ഉറങ്ങട്ടെ", എം ടിയുടെ "രണ്ടാമൂഴം" തുടങ്ങിയ കൃതികള്‍ക്കുപിന്നാലെ എത്തിയ പി കെ വിജയന്റെ "മഹാഭാരതം സുയോധനപര്‍വം" ശ്രദ്ധേയമെന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ്. ദുര്യോധനനെ നായകകര്‍തൃത്വത്തിലേക്ക് ഉയര്‍ത്തുന്ന ഈ കൃതി നാടകീയമുഹൂര്‍ത്തങ്ങളുടെയും നായകസങ്കല്‍പ്പത്തിന്റെയും പൊളിച്ചെഴുത്തുകൂടിയാണ്. കൃഷ്ണന്റെ സാന്നിധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവനാണ് ഈ നോവലിലെ സുയോധനന്‍ അഥവാ ദുര്യോധനന്‍. സനാതനമൂല്യങ്ങളെന്നപേരില്‍ നിലനിന്ന വര്‍ണവ്യവസ്ഥയുടെ ജീര്‍ണതകള്‍ക്കെതിരെ പൊരുതിവീണ സുയോധനനിലൂടെ നോവലിസ്റ്റ് സമകാലികജീവിതത്തിന്റെ നെറികേടുകളെയും ചതിക്കുഴികളെയും രൂക്ഷമായി വിമര്‍ശിക്കുന്നു.

     മഹാഭാരതം കഥയിലൂടെ സാഹസികമായി സഞ്ചരിച്ച് അതിന്റെ വളവുകളിലും തിരിവുകളിലുമെല്ലാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ തന്റേതായ കാഴ്ചപ്പാടിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. നോവല്‍ എന്നതിലുപരി ഒരു ചരിത്രത്തിന്റെ ആഖ്യായിക എന്ന തലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു ഈ കൃതി. ഓരോ അധ്യായം വായിക്കുമ്പോഴും കുരുക്ഷേത്രഭൂമിയിലെ യുദ്ധത്തിന്റെ യഥാതഥചിത്രങ്ങള്‍ വായനക്കാരന്റെ മനസ്സിലേക്ക് ആഞ്ഞുപതിക്കും. അതിനനുയോജ്യമായ ഭാഷയും ശൈലിയും ഈ നോവലിസ്റ്റിനെ വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്. മലയാളത്തിലെ എണ്ണംപറഞ്ഞ നോവലുകളുടെ നിരയിലേക്ക് "മഹാഭാരതം സുയോധനപര്‍വ"ത്തിനും കയറിയിരിക്കാന്‍ അര്‍ഹതയുണ്ട്. മുന്‍ധാരണകളെയെല്ലാം കടപുഴക്കിക്കൊണ്ട് സുയോധനന്‍ എന്ന മികവുറ്റ ഭരണാധികാരി പ്രജാക്ഷേമത്തിന്റെയും ആശ്രിതവാത്സല്യത്തിന്റെയും സത്യധര്‍മാദികളുടെയും സനാതനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

     "കുരുക്ഷേത്ര"ത്തില്‍ തുടങ്ങി "കലിയുഗ"ത്തില്‍ അവസാനിക്കുന്ന നാല്‍പ്പത്തിനാല് അധ്യായങ്ങളുണ്ട് ഈ നോവലില്‍. കൗരവര്‍ മുച്ചൂടും മരിച്ചുകിടക്കുന്ന കുരുക്ഷേത്രഭൂമിയിലെത്തുന്ന ബലരാമന്റെയും കൃഷ്ണന്റെയും സംഭാഷണത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. കുരുക്ഷേത്രത്തിലെ ദാരുണമായ രംഗങ്ങള്‍ കണ്ട്, പ്രത്യേകിച്ച് ഭീമന്റെ ഗദാതാഡനമേറ്റ് തുടയെല്ല് ഒടിഞ്ഞ് മൃതപ്രായനായി കിടക്കുന്ന ദുര്യോധനനെ കണ്ട് രോഷം പ്രവഹിച്ച് കൃഷ്ണനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഹലായുധന്‍. ഭാരതവര്‍ഷത്തില്‍ അംഗീകരിച്ച് പിന്തുടരുന്ന യുദ്ധനീതികള്‍ കൃഷ്ണന്റെ ഉപദേശപ്രകാരം പാണ്ഡവര്‍ ഒന്നൊന്നായി പിച്ചിച്ചീന്തി കാറ്റില്‍പ്പറത്തി എന്ന് ഭര്‍ത്സിച്ചുകൊണ്ടാണ് ബലരാമന്‍ കൃഷ്ണനെ വിമര്‍ശിക്കുന്നത്. എല്ലാവരും ചത്തൊടുങ്ങിയ ഈ അഭിശപ്തദുരന്തഭൂമിയില്‍ തനിക്ക് ജീവിതമേ മതിയായി എന്നുപറഞ്ഞുകൊണ്ട് ബലരാമന്‍ ദുഃഖാകുലനായി, നമ്രശിരസ്കനായി, കമിഴ്ന്നുകിടന്ന് പല്ലുകടിച്ച് വേദന സഹിക്കുന്ന ദുര്യോധനന്റെ അടുത്തേക്ക് ചെല്ലുകയാണ്. പിന്നീട് അവര്‍തമ്മിലുള്ള സംഭാഷണം ശ്രദ്ധേയമാണ്. "നീ ധര്‍മയുദ്ധത്തില്‍ പരാജയപ്പെട്ടു. നിനക്ക് വീരസ്വര്‍ഗം മാത്രമല്ല, നീ ഭാരതവര്‍ഷത്തിലെ ഇതിഹാസപുരുഷനാകും. ഭാരതവര്‍ഷം എത്രകാലമുണ്ടോ അത്രയുംകാലം നീയുമുണ്ടാകും. നിന്റെ ധീരത, നിശ്ചയദാര്‍ഢ്യം, അചഞ്ചലമായ രാജ്യസ്നേഹം ഇവയെല്ലാം തലമുറകള്‍ കൈമാറും. മനീഷികള്‍ നിന്റെ ജീവിതദൗത്യം ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയും." ബലരാമന്റെ ഈ സംഭാഷണം നോവലിന്റെ വാതായനങ്ങള്‍ തുറക്കാനുള്ള താക്കോലാണ്.

     പിന്നീട് ഓരാ അധ്യായത്തിലും ഈ ദര്‍ശനത്തിന്റെ അന്തര്‍ധാരയില്‍ അഭിരമിച്ചുകൊണ്ടാണ് നോവലിസ്റ്റ് മഹാഭാരതം കഥ പുനരാവിഷ്കരിക്കുന്നത്. മൃതപ്രായനായി കുരുക്ഷേത്രത്തില്‍ കിടക്കുന്ന ദുര്യോധനന്റെ ഓര്‍മകളിലൂടെയാണ് നോവല്‍ വികാസംപ്രാപിക്കുന്നത്. നാലാം അധ്യായമായ "ഹസ്തിനപുരപ്രവേശം" മുതല്‍ക്ക് ഓര്‍മകളുടെ രഥചക്രം ഉരുളുകയാണ്. വസുഷേണന്‍ എന്ന കര്‍ണനെ അവതരിപ്പിക്കുമ്പോള്‍ നോവലിസ്റ്റിന്റെ ഹൃദയം വികാരവിജൃംഭിതമാകുന്നപോലെ തോന്നും. പാണ്ഡവപക്ഷത്തെ കൊള്ളരുതായ്മകളെ വിമര്‍ശിക്കുന്ന നോവലിസ്റ്റ് വാരണാവതത്തില്‍വച്ച് അരക്കില്ലത്തിന് തീകൊളുത്തി കുന്തിയെയും അഞ്ചുമക്കളെയും ദുര്യോധനന്‍ ചുട്ടുകൊന്നുവെന്ന് പാടിപ്പതിഞ്ഞ കഥയെയും പൊളിച്ചെഴുതുന്നുണ്ട്. പാണ്ഡവര്‍ രക്ഷപ്പെടുകയും പകരം ആറ് നിഷാദന്മാരെ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതാണ് സംഭവം. അജ്ഞാത നിഷാദന്മാരുടെ ഭൗതികാവശിഷ്ടം ഗംഗയില്‍ നിമജ്ജനം ചെയ്തത് താനും അനുജന്മാരും കൂടിയാണെന്ന് ദുര്യോധനന്‍ പറയുന്നുണ്ട്.

    "അരക്കില്ലം" എന്ന ഈ അധ്യായത്തിന്റെ ഒടുവില്‍ ചാര്‍വാകന്‍ പറയുന്ന ചില വാചകങ്ങള്‍ നോക്കൂ: "ഹേ മഹാരാജാവേ, മരണത്തോടെ ജീവിതം ഒടുങ്ങും. മാതാപിതാക്കളെയും സ്വന്തക്കാരെയും ജീവിച്ചിരിക്കുമ്പോള്‍ ശുശ്രൂഷിച്ച് പരിപാലിച്ച് സംരക്ഷിക്കുക. അല്ലാതെ മരിച്ചിട്ട് ഊട്ടിയിട്ട് കാര്യമില്ല. മരിച്ചവര്‍ക്ക് ഉദകക്രിയയും ബലികര്‍മവും ശ്രാദ്ധവും ചെയ്യുന്നത് വിഡ്ഢിത്തമാണ്"- ഇത്തരത്തിലുള്ള യാഥാര്‍ഥ്യങ്ങളെയാണ് നോവലിസ്റ്റ് അനാവരണംചെയ്യുന്നത്. ഓരോ അധ്യായം അവസാനിക്കുമ്പോഴും അതിലൂടെ സമകാലികജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലേക്കുള്ള സത്യവചനങ്ങള്‍ കുറിച്ചിടാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ഭാരതവര്‍ഷത്തിലുണ്ടായിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ധര്‍മനീതിശാസ്ത്രങ്ങളും പൊളിച്ചെഴുതണമെന്ന് വിചാരിക്കുന്ന സുയോധനനെയാണ് ഈ നോവലിലുടനീളം അവതരിപ്പിക്കുന്നത്. നാല്‍പ്പത്തിനാല് അധ്യായങ്ങളുള്ള നോവല്‍ വായിച്ചുതീരുമ്പോള്‍ കുരുക്ഷേത്രയുദ്ധം കണ്ട പ്രതീതിയും കര്‍മപരമ്പരകളിലൂടെ വെളിവാകുന്ന ചിന്തകളും മനസ്സില്‍ തറഞ്ഞുനില്‍ക്കും. രചനയുടെ മികവും ശൈലിയുടെ തികവും സമ്മേളിക്കുന്ന ഈ കൃതി മലയാള നോവല്‍ശാഖ തിരിച്ചറിയപ്പെടേണ്ടതാണ്.

പ്രധാന വാർത്തകൾ
 Top