05 December Thursday
പ്രേംപൊറ്റാസ്- /14

കേരളം! കേരളം! കേരളപ്പിറവിക്കുമുമ്പ്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

എസ് കെ പൊറ്റെക്കാട്ട് - ഫോട്ടോ: പുനലൂർ രാജൻ



‘‘കേരളമേ, നിന്റെയോമനപ്പേർ കേൾക്കെ
കോൾമയിർക്കൊള്ളുന്നെന്നുള്ളമെന്നും!
നീരാളപ്പച്ച വിരിച്ച വയലുകൾ
നീളെക്കിടക്കുമുൾനാടുകളും
വാരിളംപുല്ലണിക്കുന്നിൻപുറങ്ങളും
നേരറ്റ നീരലർപ്പൊയ്കകളും
പൂത്തിരി കത്തിച്ച പാതിരാവും പിന്നെ
പൂത്തിരുവാതിരപ്പൂനിലാവും
മഞ്ഞക്കുറിയിട്ട മൂവന്തിമാനവും
മഞ്ഞുപുതച്ച പുലരികളും
പുത്തനായുള്ള മുളകിൻകൊടികളും
തൈത്തെങ്ങിനങ്ങളു,മെന്നുവേണ്ട
നിന്തിരുമേനിയിൽ പറ്റിയ പാഴായോ‐
രെന്തിനുമുണ്ടൊരഴകുവേറെ‐
മുത്തണിഞ്ഞങ്ങിനെ നിൽക്കുന്ന മുറ്റത്തെ
മുത്തങ്ങപ്പുല്ലിനും ചന്തമുണ്ട്!
ശങ്കരാചാര്യനും തുഞ്ചനും കുഞ്ചനും
നിൻകളിത്തോപ്പിൻ കിടാങ്ങളല്ലേ?
നിച്ചിലും നിന്നെ ഞാൻ കൈതൊഴാം കൈതൊഴാം
തച്ചോളി‘ത്തേന’നെപ്പെറ്റ തായേ!’’

(സഞ്ചാരിയുടെ ഗീതങ്ങൾ, പി കെ ബ്രദേർസ്, കോഴിക്കോട്, 1947).

ബോംബെയിൽ പ്രവാസിയായിരിക്കെ എസ് കെ പൊറ്റെക്കാട്ട് എഴുതിയ (1939 മാർച്ച് 15) കേരളഗാനം എന്ന കവിതയാണ് മുകളിൽ മുഴുവനായും എടുത്തെഴുതിയത്. അന്ന് ഔദ്യോഗികമായി കേരളം പിറന്നിട്ടില്ല. പക്ഷേ കവിമനസ്സിൽ ആ ശാദ്വലഭൂമി ഗൃഹാതുരസാന്നിധ്യമായിരുന്നു.

വിശദീകരിക്കേണ്ടാത്തവിധം പരിചിതമാണ് ‘കാവ്യാത്മകമായ' ദൃശ്യബിംബങ്ങൾ. എവിടെപ്പോയാലും കേരളം കവിയെ മാടിവിളിക്കുന്നുവെന്ന് വെനീസിൽവച്ചെഴുതിയ പ്രവാസി എന്ന കവിതയിലും നാം വായിച്ചു:

‘‘സ്വർണഗോളങ്ങൾ തൂങ്ങും നാട്ടിലെപ്പച്ചക്കറി‐
പ്പർണശാലകൾ കാണ്മാൻ കണ്ണുകളുഴറുന്നു.
തോട്ടുവക്കത്തെ കൈതപ്പൂമണം പുണർന്നെത്തും
കാറ്റുകൊള്ളുവാനൊന്നു ചെന്നെത്താൻ കഴിഞ്ഞെങ്കിൽ!''

(സഞ്ചാരിയുടെ ഗീതങ്ങൾ)

ഒരഭിമുഖത്തിൽ എസ് കെ കേരളത്തോടുള്ള സവിശേഷമായ പ്രേമാതിരേകം വെളിവാക്കി: ‘‘പല രാജ്യങ്ങളും പല നിലയ്ക്കാണ് എന്നെ ആകർഷിച്ചിട്ടുള്ളത്. എന്നാൽ ഇന്നും എന്റെ ഹൃദയത്തിൽ മായാതെ കിടക്കുന്ന രാജ്യം ആഫ്രിക്കയാണ്. കാരണം അവിടെയാണ്, അവിടെ മാത്രമാണ് യഥാർഥ മനുഷ്യൻ എന്ന അസംസ്‌കൃത ജീവിയെ, പച്ചമനുഷ്യനെ ഞാൻ കണ്ടത്. പിന്നെ, പ്രകൃതിസൗന്ദര്യംകൊണ്ട് എന്നെ ആകർഷിച്ച രാജ്യം ഇന്നും ‘സ്വീറ്റ് സെവന്റീനി'ൽ കഴിയുന്ന സ്വിറ്റ്‌സർലൻഡാണ്. കൂട്ടത്തിൽ ഒരു സ്വകാര്യവും പറയട്ടെ; കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ ഈ നിത്യഹരിതഭൂമിയായ കേരളത്തെപ്പോലെ എന്റെ ഹൃദയം കവർന്ന ഒരു രാജ്യവും ഈ ലോകത്തിലില്ല!'' (‘അഭിമുഖം', എസ് കെ പൊറ്റെക്കാട്ട് എഡി. അശോകൻ പുതുപ്പാടി, ഒലിവ്, 2017).

എസ് കെയുടെ കാലടിപ്പാടുകൾ കാൽപ്പനികമല്ലാതെ പിന്തുടർന്ന എസ് കെയുടെ അയൽക്കാരനായ യാത്രികൻ രവീന്ദ്രനും കേരളം കാൽപ്പനികമായ അനുഭവമായിരുന്നുവെന്ന് നാം കൗതുകത്തോടെ മനസ്സിലാക്കും. എന്റെ കേരളം യാത്ര അവസാനിപ്പിച്ചുകൊണ്ട് ആ സഞ്ചാരി എഴുതി:

‘‘ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എന്നല്ല, ലോകത്തിന്റെ മറ്റേതെങ്കിലും തീരങ്ങളിൽ ജനിതകവൈവിധ്യത്താലും സസ്യവൃക്ഷപ്രകൃതിയുടെ സാന്ദ്രതയാലും ആകാശവർണങ്ങളുടെ ആഡംബരത്താലും ഇത്രയും സമ്പന്നമായ ഒരു നാടുണ്ടെന്നു തോന്നുന്നില്ല. ഇത് എന്റെയും നിങ്ങളുടെയും കേരളം, മലയാളികളുടെ മാതൃഭൂമി. പ്രകൃതിയുടെ മോഹനവും വന്യവും ഉദാരവുമായ ഒരു വിലാസവേദി.'' (എന്റെ കേരളം, രവീന്ദ്രൻ, മാതൃഭൂമി ബുക്‌സ്, 2008).


ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top