04 December Wednesday
പ്രേംപൊറ്റാസ്- /11

സഞ്ചാരിയുടെ ഗീതങ്ങൾ

മാങ്ങാട് രത്‌നാകരൻUpdated: Tuesday Oct 15, 2024

എസ്‌ കെ പൊറ്റെക്കാട് - ഫോട്ടോ പുനലൂർ രാജൻ


എസ് കെ പൊറ്റെക്കാട്ടിനെ ആരും കവിയായി കാണാറില്ല. എസ് കെയുടെ കഥകൾ കവിതകളെ ബഹുദൂരം അതിശയിച്ചു, അതിനാൽ കവിതകൾ ഒപ്പമെത്താൻ കിതച്ചു, എസ് കെ തന്നെയും കവിതയെ കൈയൊഴിഞ്ഞു. പക്ഷേ കൗതുകകരമായ ഒരു സംഗതി, എസ് കെയുടെ സ്മൃതികുടീരത്തെ അലങ്കരിക്കുന്നത് കഥയിലെ ഏതെങ്കിലും വരികളോ നിരീക്ഷണങ്ങളിലെ മൊഴിമുത്തുകളോ അല്ല, ‘എന്റെ ജീവിതം' എന്ന കവിതയിലെ അന്ത്യചരണമാണ്.

മരണഗന്ധം കലർന്നതാണെങ്കിലു
മൊരു നിയമവുമേലാത്തതെങ്കിലും
ഒരു നിരർത്ഥകസ്വപ്നമാണെങ്കിലും
മധുരമാണെനിക്കെന്നുമിജ്ജീവിതം.

മൂന്ന്‌ കവിതാസമാഹാരങ്ങളാണ് എസ് കെയുടേതായി പുറത്തുവന്നിട്ടുള്ളത്: പ്രഭാതകാന്തി, സഞ്ചാരിയുടെ ഗീതങ്ങൾ, പ്രേമശിൽപി. ബഹുമുഖപ്രതിഭയായ എസ് കെ, നോവൽ, ചെറുകഥ, യാത്രാവിവരണം, നാടകം, ലേഖനം, സ്മരണ എന്നീ വിഭാഗങ്ങളിൽ യഥേഷ്ടം വ്യാപരിച്ചിട്ടുണ്ടെന്നു മാത്രമല്ല, നോവലും നാടകവും ചേർത്ത് ‘നോവടകം' എന്നൊരു സാഹിത്യവിഭാഗവും സൃഷ്ടിക്കുകയുണ്ടായി. ഭാരതപ്പുഴയുടെ മക്കൾ എന്നാണ് ആ നോവടകത്തിനു പേര്.

ഒ എൻ വി കുറുപ്പ് വിലയിരുത്തിയതുപോലെ, എസ് കെയുടെ കവിതകൾ കവിതയുടെ ചങ്ങമ്പുഴക്കാലത്തെ ഓർമിപ്പിക്കുന്നവയാണ്. അക്കാലത്തെ മിക്കവാറും കവിതകളെപ്പോലെ, അവ കവിതയുടെ ഉയരങ്ങളും ആഴങ്ങളും താണ്ടിയില്ലെന്നും വരാം.

പക്ഷേ ഒന്നോർത്തേ തീരൂ. അത് എസ് കെ എഴുതിയവയാണ് (ഏറെ പരിചിതമായ ഉദാഹരണങ്ങൾ പറഞ്ഞാൽ മാർക്‌സിന്റെ കവിതകളെയും ഗാന്ധിജിയുടെ കവിതാവിവർത്തനങ്ങളെയും മറന്നുകൊണ്ട് അവരുടെ ജീവിതസാകല്യത്തെ മാത്രമല്ല, സർഗസാന്നിധ്യത്തെയും നമുക്കു മനസ്സിലാക്കാനാവില്ല). ‘ഗദ്യം കവീനാം നികഷം വദന്തി!'

എസ് കെയുടെ സഞ്ചാരിയുടെ ഗീതങ്ങൾ (പി കെ ബ്രദേർസ്, കോഴിക്കോട്, രണ്ടാം പതിപ്പ്, 1954) എന്ന കാവ്യസമാഹാരത്തെ ഈ ലക്കത്തിൽ പരിചയപ്പെടുത്തട്ടെ. നിത്യസഞ്ചാരിയായ എസ് കെയ്ക്ക്, കവിതയിലും സഞ്ചാരത്തെ ഒഴിച്ചുനിർത്താനാവുമായിരുന്നില്ല (രണ്ടാമത്തെ കവിതാസമാഹാരമായ പ്രേമശിൽപിയും സഞ്ചാരിയുടെ കവിതകൾ തന്നെ). പതിനാലു കവിതകളാണ് ഉള്ളടക്കം.

കശ്മീർ തൊട്ട് കന്യാകുമാരി വരെയുള്ള വിശിഷ്ടവും ചരിത്രപ്രസിദ്ധവും പുരാണപ്രസിദ്ധവുമായ പുരി, ഹരിദ്വാർ, സബർമതി, ത്രിപുരി, ആഗ്ര, താജ്‌മഹൽ തുടങ്ങിയ ഇടങ്ങൾ. നാല്‌ കവിതകൾ ഇന്ത്യയ്‌ക്ക്‌ പുറത്തേക്കൊഴുകുന്നു. ഉഗന്ത, ജനീവ, വെനീസ്, ഷേക്‌സ്‌പിയറുടെ ജന്മനാടായ സ്‌ട്രാറ്റ്‌ഫോർഡ് അപൊൺ ആവൺ എന്നിവ.

ഏറ്റവും രസകരമായിത്തോന്നിയത് വെനീസിൽ വച്ചെഴുതിയ പ്രവാസി എന്ന കവിതയാണ് (1950 ഏപ്രിൽ 9). വെനീസിന്റെ മുഗ്ധസൗന്ദര്യം മുകരുമ്പോഴും കവി മനസ്സ് കൊച്ചുകേരളത്തിലാണ്!

എന്തു സുന്ദരരംഗം! ഗ്രാമസീമയിലെങ്ങും
മുന്തിരിപ്പടർപ്പിന്റെ പന്തലിൻ വിതാനങ്ങൾ!
കിട്ടുകില്ലവയ്‌ക്കെന്നാൽഎന്റെ കേരളനാട്ടി
ന്നാറ്റുവക്കിലേയ്ക്കാഞ്ഞു നിൽക്കുമത്തെങ്ങിൻ ഭംഗി.

പിൽക്കാലത്തെ ജ്ഞാനപീഠ ജേതാവിന്റെ ഈ കവിതാസമാഹാരത്തിന് അവതാരികയെഴുതിയത് ആദ്യത്തെ ജ്ഞാനപീഠ ജേതാവാകാനിരിക്കുന്ന ജി ശങ്കരക്കുറുപ്പാണെന്ന കൗതുകവുമുണ്ട്; ഇന്ന് ഈ കവിതാസമാഹാരം വായിക്കുമ്പോൾ.

‘‘സഞ്ചാരിയുടെ ഗീതങ്ങൾ നമ്മുടെ സാഹിത്യത്തിൽ പുതിയൊരു ശാഖയുടെ പ്രഥമപ്രരോഹമാണ്. സാഹിത്യമർമജ്ഞനായ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പലപ്പോഴും സൂചിപ്പിക്കാറുള്ളതുപോലെ സഹ്യപർവതത്തിന്റെ അപ്പുറം കണ്ടിട്ടുള്ള കേരളീയ സാഹിത്യകാരന്മാർ വളരെയില്ല. പിന്നെ എങ്ങനെ നവനവാനുഭവങ്ങൾകൊണ്ടു ചിന്താദിങ്മണ്ഡലം വികസിക്കും. ആർഷഭാരതം ചുറ്റിനടന്ന പൊറ്റെക്കാട്ട് ദേശാഭിമാനത്തെ ഉദ്ദീപിപ്പിക്കുവാനും പ്രാദേശികമനോഭാവത്തെ ഭഞ്ജിക്കുവാനും ഉപകരിക്കുന്ന വർണനാത്മകമായ ഒരു ഭാവഗീതി ശാഖ തുടങ്ങിവച്ചിരിക്കുന്നു; ഇദ്ദേഹം തന്നെ വേണ്ടിവരുമോ ഇതിനെ വളർത്തുവാൻ?''

അതിനെ വളർത്താൻ ഉദ്യമിക്കാതെ ‘മൂന്നു ഭൂഖണ്ഡങ്ങളെ ചുംബിക്കുന്ന' കുറച്ചുകൂടി കവിതകൾ എഴുതി എസ് കെ ഗദ്യത്തിലേയ്ക്കു കൂടുമാറുകയായിരുന്നു. മറ്റാരും ആ മട്ടിൽ തുടർന്നതുമില്ല; ഭാവഗീതികൾ തന്നെയും അപ്പോഴേക്കും മലയാളത്തോട്‌ വിടപറഞ്ഞിരുന്നു?.


ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top