14 October Monday
പ്രേംപൊറ്റാസ്- 6

വേഴാമ്പലിനെപ്പോലെ കഥമഴ കാത്ത്...

മാങ്ങാട് രത്‌നാകരൻUpdated: Friday Sep 6, 2024

എം ടി , എസ്‌ കെ പൊറ്റെക്കാട്, വൈക്കം മുഹമ്മദ് ബഷീർ പുതുക്കുടി ബാലൻ. ഫോട്ടോ - പുനലൂർ രാജൻ


എസ് കെ പൊറ്റെക്കാട്ടിന്റെ യാത്രയെഴുത്തുകളെയും രവീന്ദ്രന്റെ ദൃശ്യയാത്രാവിവരണമായ എന്റെ കേരളത്തെയും ദൂരയാത്രകളിൽ പെട്ടിയിൽ കരുതാറുള്ള പ്രിയപ്പെട്ട യാത്രാപുസ്തകമായ കമിലോ ഹൊസെ തേലയുടെ ജേണി ടു അൽക്കാരിയയെയും (തേല സ്വയം ‘ട്രാവലർ' എന്നാണു വിശേഷിപ്പിക്കുന്നത്, അതിനെ അനുകരിച്ച് ഞാൻ എന്നെ ‘യാത്രിക'നാക്കി) പിന്തുടർന്ന്, ഈ യാത്രികൻഏഷ്യാനെറ്റ് ന്യൂസിൽ യാത്ര എന്ന പേരിൽ ഒരു യാത്രാപരിപാടി ഒരുക്കിയപ്പോൾ, ഗോകർണത്തു നിന്നു കോഴിക്കോട്ടെത്താൻ കുറച്ചുകാലം പിടിച്ചെങ്കിലും, ‘സത്യത്തിന്റെ നഗര'ത്തിൽ എവിടെനിന്ന് എങ്ങനെ തുടങ്ങണമെന്ന കാര്യത്തിൽ യാതൊരു ചാഞ്ചല്യവുമുണ്ടായില്ല.

എസ്‌കെയുടെ സ്വന്തം കോഴിക്കോട്ടു നിന്നു തുടങ്ങാം. ചെലവൂർ, പുതിയറ, മിഠായിത്തെരുവ്, തോട്ടൂളിപ്പാടം എന്ന അതിരാണിപ്പാടം അങ്ങനെ. ആദ്യമേ എം ടി വാസുദേവൻ നായരെ ചെന്നു കണ്ടു കാര്യം പറഞ്ഞു. ഒരു ചെറുപുഞ്ചിരിയും ബീഡിയും കൊളുത്തി, എം ടി പറഞ്ഞു. ‘‘അങ്ങനെയാണു വേണ്ടതും''.  എം ടി സാമാന്യം നീണ്ട ഒരഭിമുഖം അനുവദിച്ചു.

‘‘കുറച്ചു ദൃശ്യങ്ങൾ കൂടി വേണ്ടിയിരുന്നു,'' യാത്രികൻ പറഞ്ഞു, ‘‘വൈകിട്ട് ഒന്നു മിഠായിത്തെരുവിൽ വരുമെങ്കിൽ...'' മിഠായിത്തെരുവിൽ എം ടി, എസ് കെയുടെ പ്രതിമയ്‌ക്ക്‌ ചുവട്ടിൽ നിന്നു.

എം ടി, എസ് കെയെ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ പകർത്തുമ്പോൾ മുഖഭാവത്തിലെ സ്‌നേഹവും ആദരവും യാത്രികൻ വായിച്ചെടുത്തു. (ആ പ്രതിമയുടെ ചുമലിൽക്കയറി ഒരു സാമൂഹ്യദ്രോഹി അഴിഞ്ഞാടുന്ന ദൃശ്യം ഈയിടെ കണ്ടപ്പോൾ സങ്കടവും രോഷവും ഒരുമിച്ചു വന്നു. ‘മാലാഖമാർ മടിച്ചുനിൽക്കുന്നിടത്തു വിഡ്ഢി നിർബാധം കടന്നുചെല്ലുന്നു' എന്ന ആംഗലച്ചൊല്ലും ഓർമിച്ചു.)

അന്തിവെയിൽ ചാഞ്ഞിരുന്നു. യാത്രികന്റെ തൊട്ടടുത്തു നിന്നിരുന്ന ചെറുപ്പക്കാരിൽ ഒരാൾ ചങ്ങാതിയോടു പറയുകയാണ്, ‘‘നമുക്ക് എം ടി  സാറിനൊപ്പം ഒരു സെൽഫി എടുക്കാൻ അനുവാദം ചോദിച്ചാലോ? മമ്മൂട്ടിയെയും മോഹൻലാലിനെയും കിട്ടാൻ വിഷമമുണ്ടാവില്ലെടാ, എം ടി സാറിനെ അങ്ങനെ കിട്ടൂല.''
ഇന്ത ഡയലോഗിനു തന്നെ അന്ത സാഹിത്യനഗരപ്പട്ടം കൊടുക്കാവുന്നതാണ്! യാത്രികൻ സന്തോഷത്തോടെ അതിനു സൗകര്യം ചെയ്തു കൊടുത്തു.

അഭിമുഖത്തിൽ എം ടി ഇങ്ങനെ പറഞ്ഞു തുടങ്ങി: ‘‘ആഴ്ചപ്പതിപ്പുകളിലൊക്കെ ‘അടുത്ത ലക്കത്തിൽ ചെറുകഥ, എസ് കെ പൊറ്റെക്കാട്ട്,' എന്നു കണ്ടാൽ അതിനുവേണ്ടി കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഞാനന്നു കഥകളൊന്നും വായിക്കാൻ തുടങ്ങിയിട്ടില്ല. എങ്കിലും എന്റെ വീട്ടിലൊക്കെ പൊറ്റെക്കാട്ടിന്റെ പുസ്തകം, ചെറിയ പുസ്തകം, നാടൻപ്രേമം അച്ചടിച്ചു വന്നതിന്റെ കോപ്പി എത്തിയതിന്റെ കോലാഹലം ഒരു കുട്ടി എന്ന നിലയ്ക്കു ഞാൻ കണ്ടിരുന്നു. ഒരാൾ കഴിഞ്ഞാൽ മറ്റേയാൾ. അവിടുന്ന് അടുത്ത വീട്ടിലേക്കു പോകും. കഥകൾക്കായി കാത്തിരിക്കുക എന്നൊരവസ്ഥ അക്കാലത്തു പൊറ്റെക്കാട്ട് കൊണ്ടുവന്നു. എനിക്കു കുട്ടിക്കാലം മുതൽക്കേ പൊറ്റെക്കാട്ടിനോടു വലിയ ആരാധന തോന്നിയിരുന്നു. ലൈബ്രറിയിൽ നിന്നു പുസ്തകങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ സമാഹാരങ്ങളൊക്കെ ഞാൻ വായിക്കാൻ തുടങ്ങിയതു പിന്നീടാണ്. കഥകളോട് ആളുകൾക്കു വലിയൊരു ആഭിമുഖ്യം ഉണ്ടാക്കിത്തീർത്തത് എസ് കെയാണ്.''

ഫോട്ടോയുടെ വലത്തേയറ്റത്തിരിക്കുന്ന മനുഷ്യൻ മറ്റു മൂന്നുപേരെപ്പോലെ സുപരിചിതനായിക്കൊള്ളണമെന്നില്ല. പുതുക്കുടി ബാലൻ എന്ന സുഹൃത്തുക്കളുടെ ബാലേട്ടൻ. കോഴിക്കോട്ടെ ഒരു പ്രമാണി, ധനാഢ്യൻ, സർവോപരി സഹൃദയൻ, ബഷീറിന്റെയും എസ് കെയുടെയും എം ടിയുടെയും പട്ടത്തുവിളയുടെയും ഇഷ്ടതോഴൻ.

മൈസൂർ മഹാരാജാവിൽ നിന്നു വാങ്ങിയ റോൾസ് റോയിസിൽ നഗരം ചുറ്റിയടിക്കും, കൂട്ടുകാരും ഒപ്പമുണ്ടാകും. ദൂരയാത്രകളിൽ ബാലേട്ടനെ ആ കാറിൽ അനുഗമിച്ചതിന്റെ കഥകൾ പുനലൂർ രാജൻ എന്നോടു പറഞ്ഞിട്ടുണ്ട്. ‘‘എന്റെ റോൾ എന്താണെന്നറിയ്യ്വോ?'' രാജേട്ടൻ പൊട്ടിച്ചിരിച്ചു, ‘‘ബാലേട്ടൻ മദ്യപിക്കില്ല. യമണ്ടൻ ബ്രാൻഡുകൾ കാറിലുണ്ടാകും. ആർക്കും ഇഷ്ടം പോലെ കഴിക്കാം. പക്ഷേ സിഗരറ്റു വലിക്കും, ട്രിപ്പിൾ ഫൈവ് മാത്രം. ചുണ്ടത്തുവെച്ചാൽ ഞാൻ കത്തിച്ചുകൊടുക്കണം, എന്നാലേ വലിക്കൂ.''.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top