17 September Tuesday
പ്രേംപൊറ്റാസ്- 5

ഇനിയാരുണ്ടെൻ 'ജയാ' വിളി കേൾക്കാൻ...

മാങ്ങാട് രത്‌നാകരൻUpdated: Monday Sep 2, 2024

എസ്‌ കെ പൊറ്റെക്കാട്


എസ് കെ പൊറ്റെക്കാട്ടിന്റെ കുറിപ്പിലൂടെയും കവിതാഭാഗത്തിലൂടെയും മകൾ സുമിത്രയുടെ ഓർമകളിലൂടെയും എസ് കെയുടെ ജയവല്ലിയുമൊത്തുള്ള ദാമ്പത്യജീവിതത്തെക്കുറിച്ചും ജയവല്ലിയുടെ വിയോഗത്തെക്കുറിച്ചും എഴുതുകയാണ്,  'പ്രേംപൊറ്റാസി'ൽ.

എസ് കെ എഴുതി: ''ഞാൻ ഓർക്കുന്നു: 1952 മെയ് മാസം പതിനെട്ടാം തിയതി കോഴിക്കോട്ടെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽവച്ച് വിവാഹവും കഴിഞ്ഞ് കോടിച്ചേല ധരിച്ച് മുല്ലപ്പൂമാലകളണിഞ്ഞ് ജയയും മുന്നിൽ ഞാനും, വാദ്യഘോഷത്തോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ പുതിയറ റോഡിലൂടെ നടന്ന് 'ചന്ദ്രകാന്ത'ത്തിൽ ആനന്ദത്തോടെ വന്നുകയറി.

1980 ജൂലൈ ഒൻപതാം തിയതി ഞങ്ങളിരുവരും ആ വഴിയെ തന്നെ ഒരു യാത്ര നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. വാദ്യഘോഷമില്ല. ജയ കോടിവസ്ത്രവും മുല്ലപ്പൂമാലകളുമണിഞ്ഞിരുന്നു. അവൾ ഒരു കറുത്ത വാഹനത്തിലായിരുന്നു. ഞാൻ അവളുടെ പിറകെയായിരുന്നു. മൃത്യുഗന്ധമുണർത്തുന്ന ചന്ദനത്തിരികൾ ആ വാഹനത്തിൽ പുകഞ്ഞുകൊണ്ടിരുന്നു... 28 വർഷം മുമ്പ് ഞങ്ങളുടെ വിവാഹം നടന്ന ക്ഷേത്രത്തിനടുത്തുള്ള ശ്മശാനത്തിലേക്കായിരുന്നു ആ യാത്ര.'' ('എസ് കെയും മയ്യഴിയുടെ മകളും', മണർകാട് മാത്യു, എസ് കെ പൊറ്റെക്കാട്ട്, എഡി. അശോകൻ പുതുപ്പാടി, ഒലിവ്, 2017.)

കവി കൂടിയായിരുന്ന എസ് കെയ്ക്ക് കവിതയിലൂടെ മാത്രമേ തന്റെ ഹൃദയവ്യഥകൾ ഇറക്കിവയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. കവിതയുടെ ആദ്യ ഖണ്ഡം:

ഒരു വാക്കു പോലുമേ പറയാതെ പോയല്ലോ
പ്രണയപ്പൂങ്കരളേ നീ പരലോകത്തിൽ!
ഇരുപത്തിയെട്ടു സംവത്സരം ദാമ്പത്യ
ക്കതിർമണ്ഡപത്തെ നാം കാത്തുപോന്നു
മമ ഹൃദയത്തിന്നു സദ്യയായ് നിത്യവും
മധുമൊഴിയും നിന്റെ നീൾമിഴിയും
ദുരിതങ്ങൾ ഞാനറിഞ്ഞീലാ ദയിതേ നിൻ
മധുരസ്മിതത്തിന്റെ മേമ്പൊടിയാൽ
ഇനിയാരുണ്ടെൻ 'ജയാ'വിളി കേൾക്കാൻ പുഞ്ചിരി
ക്കണിയുമായി വാതിൽക്കൽ വന്നുനിൽക്കാൻ?
ഇനിയാരുണ്ടെന്നുടെ സായാഹ്നയാത്രയ്ക്കു
തനിയെ ഞാൻ വീട്ടിന്നിറങ്ങിടുമ്പോൾ
''അവിടൊന്നു നില്ക്കണേ''യെന്നോതി വന്നെന്റെ
യുടുമുണ്ടിന്നറ്റം പിടിച്ചുനിർത്തി
''ശരിയായി,പ്പോയ്‌ക്കോളു''കെന്നുരിയാടിയ
ക്കരിമീൻമിഴിയിൽക്കവിത തീർക്കാൻ
നിറപറ ദീപം പൊലിഞ്ഞു പോയിരുളിലാ
ണിനിമേലിൽ പുതിയ'ച്ചന്ദ്രകാന്തം' ('എന്റെ ജയ', അച്ഛനാണെന്റെ ദേശം, സുമിത്ര ജയപ്രകാശ്, മാതൃഭൂമി ബുക്‌സ്, 2022).

അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ മകൾ സുമിത്ര ആ മാതൃകാദമ്പതികളെക്കുറിച്ചു മിഴിവോടെ എഴുതുന്നു. ഒരു ദേശത്തിന്റെ കഥയുടെ കൈയെഴുത്തുപ്രതിയിലെ ഒരു രംഗം ജയവല്ലിക്കു പിടിച്ചില്ല. സ്വിറ്റ്‌സർലൻഡിലെ ഒരു ഹോട്ടലിൽവച്ച് എമ്മ എന്ന ജർമ്മൻ പെൺകിടാവിന്റെ കൈയിലെ ശീല ചുറ്റിയ മുറിവിൽ തൊട്ട സംഭവം എസ് കെ എഴുതിയിരുന്നു. ''നിങ്ങൾ ഒരു സ്ത്രീയെ തൊട്ട രംഗം അച്ചടിച്ചുവരുന്നത് എനിക്കു സഹിക്കില്ലെന്നായിരുന്നു മറുപടി...

അമ്മ ആ ഭാഗം കൈവശമാക്കി കീറിക്കളഞ്ഞു. അച്ഛൻ പ്രതിഷേധിച്ചില്ല. അങ്ങനെയൊരധ്യായം നോവലിൽ നഷ്ടപ്പെട്ടു. നോവലിന്റെ ഒരു പതിപ്പിലും ആ അധ്യായം ചേർക്കാൻ അച്ഛൻ ഇഷ്ടപ്പെട്ടില്ല'' (അച്ഛനാണെന്റെ  ദേശം).
ചിതയെരിയുന്ന മുഹൂർത്തത്തിൽ വിങ്ങിനിൽക്കുന്ന എസ് കെയെ പുനലൂർ രാജൻ ക്യാമറക്കണ്ണിലൂടെ നോക്കിയ മുഹൂർത്തമാണ് ഈ ഫോട്ടോയിൽ.

''ഞാൻ ഈ ഫോട്ടോ എടുക്കണമെന്ന് ഉദ്ദേശിച്ചതല്ല. വിലാപയാത്രയിൽ എസ് കെയെ അനുഗമിക്കുമ്പോൾ വേറെ ഫോട്ടോകളൊന്നും എടുത്തതുമില്ല. അത്രയേറെ ദുഃഖപൂർണമായിരുന്നു അന്തരീക്ഷം. പക്ഷേ ഞാൻ ഒരു ഫോട്ടോഗ്രാഫറാണെന്നും അതൊരു ചരിത്രമുഹൂർത്തമാണെന്നും മനസ്സു പറഞ്ഞപ്പോൾ സഞ്ചിയിൽ നിന്നു ക്യാമറ എടുത്തു'', പുനലൂർ രാജൻ എന്നോടു പറഞ്ഞിരുന്നു.

തൊട്ടുപിന്നിൽ നിൽക്കുന്നത് എസ് കെയുടെ മാതുലപുത്രനായ ചെലവൂർ വേണു, കോഴിക്കോട്ടുകാർക്ക് വിശേഷിച്ചും ഏതു വിശേഷണവും അധികപ്പറ്റാവുന്ന ഒരു മനുഷ്യൻ. ഈ വർഷം ജൂണിൽ ചെലവൂർ വേണുവും നമ്മെ വിട്ടുപിരിഞ്ഞു .

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top