16 February Saturday

കവിതയുടെ പ്രണയതാളം

ചാത്തന്നൂര്‍ മോഹന്‍Updated: Sunday Oct 13, 2013

പ്രണയത്തെ അഗാധമായി പ്രണയിക്കുന്ന കവിയാണ് കിളിമാനൂര്‍ മധു. പ്രണയം പദങ്ങളോടാകാം, ഭാഷയോടാകാം, സഞ്ചാരത്തോടാകാം. എന്തായാലും വേണ്ടില്ല, മധുവിന്റെ ഹൃദയം തുടിക്കുന്നത് കവിതയുടെ പ്രണയതാളത്തിലാണ്. കാല്‍പ്പനികതയും ആധുനികതയും ആധുനികാനന്തരവുമൊന്നും ഈ കവിയെ ബാധിക്കുന്നില്ല. മനുഷ്യസ്നേഹത്തിലധിഷ്ഠിതമായി മാനവദുഃഖത്തിന്റെ പൊരുള്‍തേടി കാവ്യതീര്‍ത്ഥാടനം നടത്തുന്ന കിളിമാനൂര്‍ മധു കവിതയുടെ ആഴങ്ങള്‍ അന്വേഷിക്കുന്ന സഞ്ചാരിയാണ്. "കുതിരമാളിക" എന്ന മധുവിന്റെ കാവ്യസമാഹാരത്തില്‍ 30 കവിതയുണ്ട്. ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ പ്രകാശിപ്പിക്കുന്ന കവിതകള്‍. അവിടെ കണ്ണീരും കിനാവും ക്രോധവും പരിഹാസവും ആര്‍ദ്രതയും കാരുണ്യവുമുണ്ട്. വായനക്കാരന്റെ മനസ്സിലേക്ക് ഒരു വളച്ചുകെട്ടലുമില്ലാതെ സംവദിക്കുന്ന ബിംബകല്‍പ്പനകളുണ്ട്.

 

അതിമനോഹരമായ ഇമേജുകളുണ്ട്. സംഗീതത്തിന്റെ സാന്ദ്രമായ മൗനവും മുഴക്കവുമുണ്ട്. ഈ സമാഹാരത്തിലെ കവിതകളിലൂടെ കടന്നുപോകുമ്പോള്‍ സഞ്ചാരിയായ കവിമനസ്സിന്റെ ഉള്‍ത്തുടിപ്പുകളാണ് തൊട്ടറിയുന്നത്. ജീവിതം യാത്രയാണെന്നും, യാത്ര പ്രണയമാണെന്നും ഒരു വരിക്കവിതയുടെ ചോട്ടിലാണ് വിശ്രമമെന്നും കവിതന്നെ പറയുന്നു. ആദ്യകവിതയായ "ഗ്രാമച്ചന്തയിലെ കവി" പണ്ടുകാലത്തെ ചന്തകളെ ഓര്‍മയില്‍ കൊണ്ടുവരും. ഗ്രാമങ്ങളിലെ ചന്തകളുടെ ചൈതന്യവും ചാരുതയും പകര്‍ത്തി ഗൃഹാതുരതയുടെ മടിത്തട്ടിലേക്ക് കവി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. പണ്ടൊക്കെ നാട്ടിലെവിടെയെങ്കിലും കൊലപാതകമോ തൂങ്ങിമരണമോ അതുപോലുള്ള സംഭവങ്ങളോ ഉണ്ടായാല്‍ അതിനെ അധികരിച്ച് പാട്ടുപുസ്തകങ്ങള്‍ ഇറങ്ങുക പതിവായിരുന്നു. കൊച്ചു പാട്ടുപുസ്തകവുമായി എത്തുന്ന ആള്‍ നടന്ന സംഭവം കഥാരൂപത്തില്‍ പാടി ഫലിപ്പിക്കുമ്പോള്‍ ചുറ്റും പെണ്ണുങ്ങള്‍ കൂടിനില്‍ക്കും. പോകുമ്പോള്‍ അണ, പൈസ കൊടുത്ത് പാട്ടുപുസ്തകവും സ്വന്തമാക്കിയിരിക്കും. പുതുതലമുറയ്ക്കിത് അന്യമാണ്.

 

ഈയൊരു ഗ്രാമപശ്ചാത്തലത്തിലാണ് ഈ കവിത വാര്‍ന്നുവീണിരിക്കുന്നത്. "ഗ്രാമച്ചന്തയില്‍ ഇപ്പോഴും ആ പാട്ടുകാരന്‍ കവിയുണ്ട്. ഹൃദയം വിറ്റും പെറുക്കിയും നെഞ്ചത്തടിച്ചും പാടാനറിയുന്ന കവി". എന്ന് മധു എഴുതുമ്പോള്‍ ലോക കവിതയുടെ ഭൂപടം നിവര്‍ത്തിവച്ച് ഏറ്റവും പുതിയ കവിതയെ ധ്യാനിച്ചിരിക്കെ നാട്ടുമ്പുറത്തിന്റെ ആ പ്രാകൃതന്റെ ഈണം വായനക്കാരന്റെ ഹൃദയത്തില്‍ മുഴങ്ങുന്നു. "സിംഹവേട്ടക്കാരന്റെ ഒച്ച" എന്ന കവിതയില്‍ വൈലോപ്പിള്ളി, ഇടശ്ശേരി, പി കുഞ്ഞിരാമന്‍നായര്‍ എന്നിവരെ അവതരിപ്പിക്കയാണ് മധു. മൂവരെയും കണ്ടുമുട്ടിയ നിമിഷങ്ങള്‍ വാങ്മയചിത്രങ്ങളിലൂടെ വരച്ചുകാട്ടുമ്പോള്‍ കവിത വായിക്കാനും പ്രത്യേകമൊരു സുഖമാണ്. "യാത്രാമുറിവുകള്‍" എന്ന കവിതയില്‍ വരില്ലെന്നറിഞ്ഞിട്ടും ആരെയോ കാത്തുനില്‍ക്കുന്ന കവിയുടെ മനസ്സിന്റെ അന്തഃസംഘര്‍ഷങ്ങളാണ്. "അമ്മയെ കാണാതെ കേഴുന്ന കുട്ടികള്‍ അത്താഴമില്ലാതെരിയുന്ന വയറുകള്‍ തേവിടിശ്ശിച്ചിരി കേട്ടുപോം പഥികരുടെ തേങ്ങലില്‍ കാമം കിലുങ്ങുന്ന പാര്‍ക്കുകള്‍"- ഇവയെല്ലാം കണ്ടും കേട്ടും കടംകൊണ്ട സ്മൃതികളില്‍ മുറിവുകള്‍ തുടച്ച് യാത്രയുടെ ദിക്കുകള്‍ തിരയുന്ന സത്യാന്വേഷിയുടെ വേപഥുപൂണ്ട മനസ്സാണ് കവി നിവര്‍ത്തിവയ്ക്കുന്നത്. ചിലപ്പോള്‍ ജീവിതം വിലങ്ങനെ വീണ വഴിമരംപോലെയെന്നും ചിലപ്പോള്‍ ആകാശമിരച്ചുപെയ്യുന്ന ഇടവപ്പാതിയില്‍ ഒലിച്ചുപോകുന്ന നിഴലുനോക്കിനിന്നെരിയും കണ്ണുപോലെയെന്നും പറഞ്ഞുകൊണ്ട് "ചിലപ്പോള്‍ ജീവിതം" എന്ന കവിതയില്‍ മധു ജീവിതത്തിന്റെയും കാലത്തിന്റെയും അവസ്ഥാന്തരങ്ങളെ കോറിയിടുന്നു. "നരചരിതം കിളിപ്പാട്ട്" എന്ന കവിതയില്‍ കഥകളിയുമായി ബന്ധപ്പെടുത്തി വേഷപ്പകര്‍ച്ചകളെയും കാവ്യപ്പകര്‍ച്ചകളെയും സമര്‍ഥമായി അവതരിപ്പിക്കുന്നു. കളിയരങ്ങിന്റെ രാത്രികളിലൂടെ ജീവിതത്തിന്റെ വിഭിന്നഭാവങ്ങളെ ആടിത്തീര്‍ക്കുന്ന ചുവടുകള്‍ കാലത്തിനുമേല്‍ പതിക്കുന്ന വിധിയുടെ താഡനങ്ങളാണ്. പത്മതീര്‍ത്ഥത്തില്‍ മുങ്ങിക്കേറുന്ന തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഒരേടാണ് "കുതിരമാളിക" എന്ന കവിത. സുനാമി ദുരന്തത്തിനുമുമ്പ് മധു എഴുതിയ "കടല്‍ഭൂകമ്പങ്ങള്‍" എന്ന കവിത കവിയുടെ ക്രാന്തദര്‍ശിത്വത്തിനും ഉദാഹരണങ്ങളാണ്. ചിന്തയെ ദ്യോതിപ്പിക്കുന്ന ദര്‍ശനവും കൈത്തഴക്കംവന്ന രചനാരീതിയും പദങ്ങളുടെ പ്രവാഹവും സംഗീതത്തിന്റെ ഘനസാന്ദ്രതയും ഈ സമാഹാരത്തിന്റെ സവിശേഷതയാണ്. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്കും അകക്കാഴ്ചകളിലേക്കും തുറന്നുവച്ച മനവും മിഴിയും ഇക്കവിയെ വേറിട്ടുനിര്‍ത്തുന്നു. ഡോ. സുധാവാര്യരുടെ മനോഹരമായ അവതാരികയും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. സ്വയം അറിയാനും അത് മറ്റുള്ളവരെ അറിയിക്കാനുമുള്ള മഹായാത്രയാണ് മധുവിന് കവിത. അത് പ്രണയമായും വ്രണിതമായ ഈണമായും കിനാവുകള്‍ പൊട്ടിയൊഴുകുന്ന മുറിവായും ജീവിതത്തിന്റെ അന്തസ്സംഘര്‍ഷങ്ങളെ അനുധാവനംചെയ്യുന്നു.

പ്രധാന വാർത്തകൾ
 Top