പ്രവാസ ജീവിതത്തിന്റെ മണൽക്കാലത്തിലേക്ക് കൊണ്ടുപോകുന്ന ഓർമകൾ...ഒപ്പം തണലിടങ്ങളായി മാറിയ സാംസ്‌കാരിക പ്രവർത്തനങ്ങളെ ചേർത്തുവയ്ക്കുകയാണ് കഥാകൃത്ത് കെ വി മണികണ്‌ഠൻ
വൈയക്തികമായ കുറിപ്പുകളെഴുതുന്നതിൽ താൽപ്പര്യമില്ലാത്തൊരുവനൊന്നുമല്ല ഞാൻ. എന്നാൽ ഔചിത്യംവച്ച് നോക്കുമ്പോൾ അത്തരം കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ അൽപ്പമെങ്കിലും പരിചയമുള്ളവരും സുഹൃത്തുക്കളും അടങ്ങുന്ന ഒരു ഇടത്തിലാണ് അഭികാമ്യം എന്ന് മനസ്സിലാക്കുന്നവനുമാകയാൽ ‘ദേശാഭിമാനി’യിൽ ഒരു ഓർമക്കുറിപ്പ് എഴുതുന്നതിൽ പ്രാഥമികമായി ഒരു പിൻവലിയൽ ഉണ്ടായിരുന്നു. എന്നാൽ ജനനംകൊണ്ട് തന്നെ എന്റെ തലമുറ ചരിത്രത്തിൽ പ്രാധാന്യമുള്ളവരാണെന്ന് രണ്ടാം വിചാരത്തിൽ മനസ്സിലായി മാനവരാശിയുടെ ചരിത്രത്തിൽ ചില തിരുവുകളുണ്ട്. അതുവരെയുള്ള മനുഷ്യന്റെ അഥവാ ഭൂമിയുടെ അതിജീവനത്തിനെയെന്നോ നിലനില്പിനെയെന്നോ ജീവിതത്തെയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒന്നിനെ സമൂലം പരിവർത്തനവിധേയമാക്കപ്പെട്ട ചില തിരിവുകൾ.
അതിൽ പോസിറ്റീവായും നെഗറ്റീവായുമുള്ളവ ഉണ്ടാകാം. മുന്നോട്ടുള്ള ഗതിവേഗത്തെ അതിദ്രുതം സ്വാധീനിച്ച ചിലവയാണ് തീ, ചക്രം മുതലായവയുടെ കണ്ടുപിടുത്തം മുതലിങ്ങോട്ടുള്ളവ. അതുവരെ നിലനിന്നുപോന്ന മനുഷ്യരാശിയുടെ ഗതിയെ മൊത്തത്തിൽ മറിച്ചിട്ട് മറ്റൊരുദിശയിലേക്ക് തിരിച്ചൊഴുകിച്ച ചില കണ്ടുപിടുത്തങ്ങൾ. ഇങ്ങനെയുള്ള മുഹൂർത്തങ്ങളിൽ ജീവിക്കാൻ ഭാഗ്യം സിദ്ധിച്ച തലമുറകൾ സവിശേഷമായിരിക്കും. പച്ചയിറച്ചി തിന്ന് എങ്ങനെയോ ജീവിച്ചിരുന്ന ഒരുവൻ/വൾ ഒരു ദിനം മുതൽ ചുട്ട ഇറച്ചി തിന്നുതുടങ്ങുന്നു. അവർക്ക് മുമ്പേ മണ്ണടിഞ്ഞുപോയ പൂർവികർക്ക് അനുഭവിക്കാത്ത ഒന്ന്. ഇവർക്ക് ശേഷമുള്ളവരോ പച്ചയിറച്ചി തിന്നുന്നവരായിരുന്നുവെന്നോ നിങ്ങൾ എന്ന് ഇവരോട് അത്ഭുതത്തിൽ അവിശ്വസനീയതയിൽ ചോദിച്ചിട്ടുണ്ടാകാം.
പറഞ്ഞുവന്നത്, അത്തരമൊരു ചരിത്രസന്ധിയിൽ ജീവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് ഞങ്ങളുടെ തലമുറ. ഇന്ന് നാല്പതുകളിലും അമ്പതുകളിലുമുള്ളവർ പ്രത്യേകിച്ചും. ടിവി എന്നൊരു സാധനം ഉണ്ട് എന്ന കേട്ടുകേൾവി ബാല്യത്തിൽ. ഇന്ന് കൈയിലൊരു ടിവിയുമായി നടക്കുന്നു. ടെലിഫോൺ എന്നൊരു അത്ഭുതം ഗ്രാമത്തിലും പട്ടണത്തിലും അത്യപൂർവം ആയി കണ്ടിട്ടുള്ളവർ, അനുഭവിച്ചിട്ടുള്ളവർ ഇന്ന് ഭൂമിയുടെ രണ്ടറ്റത്തിരുന്ന് കണ്ട് സംസാരിക്കുന്നു.
രതിയിലേർപ്പെടുകപോലും ചെയ്യുന്നു. ഈ രണ്ട് അറ്റങ്ങളും അനുഭവിക്കണമെങ്കിൽ നാം ആദ്യമേ പറഞ്ഞ മാനവരാശിയുടെ പാതയിൽ അപൂർവമായി മാത്രം ഉണ്ടാകുന്ന ആ ചരിവിൽ കൃത്യമായി ജനിക്കേണ്ടിയിരിക്കുന്നു. മുമ്പോപിമ്പോ ജനിച്ചവർക്ക് ആ ഭാഗ്യം ഉണ്ടാകില്ല.
തൊണ്ണൂറുകളിൽ ജനിച്ചവരോട് ഇതൊക്കെ പറഞ്ഞാൽ, എന്തിന്, ടിവിക്ക് റിമോട്ട് ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ പോലും വാ പൊളിച്ച്, എങ്ങനെ ജീവിച്ചു നിങ്ങൾ എന്ന് ചോദിക്കും തീർച്ച.
തൊണ്ണൂറുകളിൽ ജനിച്ചവരോട് ഇതൊക്കെ പറഞ്ഞാൽ, എന്തിന്, ടിവിക്ക് റിമോട്ട് ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ പോലും വാ പൊളിച്ച്, എങ്ങനെ ജീവിച്ചു നിങ്ങൾ എന്ന് ചോദിക്കും തീർച്ച.
അങ്ങനെ പ്രവൃത്തികൊണ്ടല്ലാതെ ജനനം കൊണ്ടുതന്നെ ചരിത്രപുരുഷൻ ആയൊരു തലമുറയുടെ പ്രതിനിധിയാണു ഞാൻ. അതുകൊണ്ടുതന്നെ ഒരു വൈയക്തിക കുറിപ്പെഴുതാൻ യോഗ്യനും!
ആട്ടെ, ഈ ചരിത്രത്തിരിവിൽ ജീവിച്ച നിന്റെ സംഭാവനയെന്ത് എന്ന ചോദ്യത്തിന് എന്റെ രചനകൾ എന്ന് പറയാൻ തക്ക മൂഢനുമല്ല ഈയുള്ളവൻ.
എന്നാലും ലോകത്തെ അടിമുടി മാറ്റിമറിച്ച അക്കാലയളവിൽ ജീവിച്ചുകൊണ്ട് അതിൽ ഒരു ചെറിയ സംഭാവന നൽകാൻ കഴിഞ്ഞതിനെപ്പറ്റി രേഖപ്പെടുത്താൻ ഈ അവസരം വിനിയോഗിക്കട്ടെ.
1999 ൽ അലൈൻ ഇന്ത്യൻ അസോസിയേഷൻ വർഷം തോറും നടത്തിവരുന്ന കഥാ കവിതാ ക്യാമ്പിലേക്ക് കൃതികൾ ക്ഷണിച്ചുകൊണ്ടുള്ള വാർത്ത ഞാൻ വായിക്കുന്നത് അക്കാലത്ത് പ്രസിദ്ധീകരിച്ച് തുടങ്ങിയ ഫ്രീയായും കുറഞ്ഞവിലയിലും ലഭ്യമായിരുന്ന ഗൾഫ് ടുഡേ എന്ന പത്രത്തിൽ നിന്നാണ്! ഈ ക്യാമ്പായിരുന്നു അക്കാലങ്ങളിലെ യുഎഇ യിലെ ഏറ്റവും മൂല്യവത്തായ ഒന്ന് എന്ന് കേട്ടിട്ടുമുണ്ട്.
കഥയെഴുത്തിലേക്ക് പിച്ചവയ്ക്കാൻ തീരുമാനിച്ചിരുന്ന ഞാൻ ആദ്യമായ് എഴുതിവച്ചിരുന്ന പരോൾ എന്ന കഥ അയച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കഥ അവിടേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല ക്യാമ്പിലെ മികച്ച കഥയ്ക്കുള്ള ഗോൾഡ് മെഡലും നേടി. അതായിരുന്നില്ല നേട്ടം. ആ ക്യാമ്പിന്റെ മോഡറേറ്റർ ആയിരുന്ന സർജു ചാത്തന്നൂർ ആയി പരിചയപ്പെടാൻ സാധിച്ചതാണ്. എന്റെ സാഹിത്യ/വ്യക്തി ജീവിതത്തെ നിർണായകമായി സ്വാധീനിച്ച നിമിത്തങ്ങളിൽ പ്രഥമസ്ഥാനം ആ സൗഹൃദത്തിനാണ്.
ആ ക്യാമ്പ് കഴിഞ്ഞ് അടുത്തൊരുനാളിൽ സർജുവിന്റെ ഫ്ലാറ്റിൽവച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നു. ഇന്റർനെറ്റ് ഒക്കെ അവിടെ സാർവത്രികമാകുന്ന കാലമാണ്. 2000 ഡിസംബർ ആദ്യ ആഴ്ച.
കൊച്ചുബാവ ടീം തുടങ്ങിവച്ച പൂമുഖം എന്ന കൂട്ടായ്മ ഒരു ഇന്റർനെറ്റ് മാഗസിനെപ്പറ്റി ആലോചിച്ചിട്ട് ഏറെ നാളായിരുന്നത്രെ. പക്ഷേ സാങ്കേതികവിദഗ്‌ധന്മാർ ആരുമില്ലായിരുന്നു കൂട്ടത്തിൽ. മലയാളത്തിൽ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുക. വെബ് പേജ് ഡിസൈൻ ചെയ്യുക. ഇത് അറിയാത്തതാണ് പ്രശ്നം എങ്കിൽ ആ പ്രശ്നം ഇതാ പരിഹരിക്കപ്പെട്ടിരിക്കുന്നു. വെറും പത്ത് മിനിറ്റിനുള്ളിൽ ഞാൻ ഒരു വെബ് പേജ് ഡിസൈൻ ചെയ്ത് അതിൽ മലയാളം ടൈപ്പ്ചെയ്ത് കാണിച്ചുകൊടുക്കുന്നു. അവിടെ ആ സമയം പിറവികൊണ്ടതായിരുന്നു മൂന്നാമിടം. കോം.
കൊച്ചുബാവ ടീം തുടങ്ങിവച്ച പൂമുഖം എന്ന കൂട്ടായ്മ ഒരു ഇന്റർനെറ്റ് മാഗസിനെപ്പറ്റി ആലോചിച്ചിട്ട് ഏറെ നാളായിരുന്നത്രെ. പക്ഷേ സാങ്കേതികവിദഗ്‌ധന്മാർ ആരുമില്ലായിരുന്നു കൂട്ടത്തിൽ. മലയാളത്തിൽ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുക. വെബ് പേജ് ഡിസൈൻ ചെയ്യുക. ഇത് അറിയാത്തതാണ് പ്രശ്നം എങ്കിൽ ആ പ്രശ്നം ഇതാ പരിഹരിക്കപ്പെട്ടിരിക്കുന്നു. വെറും പത്ത് മിനിറ്റിനുള്ളിൽ ഞാൻ ഒരു വെബ് പേജ് ഡിസൈൻ ചെയ്ത് അതിൽ മലയാളം ടൈപ്പ്ചെയ്ത് കാണിച്ചുകൊടുക്കുന്നു. അവിടെ ആ സമയം പിറവികൊണ്ടതായിരുന്നു മൂന്നാമിടം. കോം.
അക്കാലങ്ങളിൽ പ്രവാസത്തിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തിയിരുന്നതൊക്കെ പൊതുവിൽ ശുദ്ധ അസംബന്ധങ്ങളായിട്ടായിരുന്നു. (ഇന്നും വേണ്ടരീതിയിൽ അത് അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്നും അഭിപ്രായമില്ല). യാഥാർഥ്യങ്ങളിൽനിന്നുള്ള അകലവും ദുർവ്യാഖ്യാനങ്ങളും പരദേശങ്ങളിലെ മലയാളി ജീവിതത്തെ ചരിത്രത്തിൽനിന്നും വർത്തമാനത്തിൽ നിന്നും ഒരേപോലെ മാറ്റിനിർത്തി. ഗൾഫിൽ തൊഴിൽ തേടൽ ഒരാളുടെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്ന് അതുറപ്പിച്ചു പറഞ്ഞു. ദേശത്തിന്റെ യൗവനത്തെ വീടുവിട്ടുപോകാൻ പ്രേരിപ്പിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളൊന്നാകെ കണ്ടില്ലെന്നു നടിച്ചു...
യുഎഇയിലും കുവൈറ്റിലുമുള്ള മലയാള കവികളുടെ തെരഞ്ഞെടുത്ത കവിതകള്‍ കെ സച്ചിദാനന്ദന്‍ എഡിറ്റ്‌ചെയ്ത് പ്രവാസത്തിന്റെ മുദ്രകൾ എന്ന പഠനത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി 1999ൽ. ആ പുസ്തകത്തിന് നല്‍കിയ പേരാണ് മൂന്നാമിടം എന്നത്. നിരന്തര സംഘർഷവും വൈരുധ്യജടിലതയും നിറഞ്ഞ ഒരു മൂന്നാമിടമാണ് വിദേശവാസികളുടേത് എന്നത് ഹോമിഭാഭയുടെ ഒരാശയമാണ്.
ഒരുവശത്ത് ഒരു പ്രാദേശിക സംസ്കാരത്തിന്റെ ഭൗതിക ഉൽപ്പന്നമായ ശരീരത്തിന്റെ യാഥാർഥ്യം. മറുഭാഗത്ത് ആഗോളാനുഭവത്തിന്റെ സാംസ്കാരിക ഉപപാഠമായ മനസ്സിന്റെ അമൂര്‍ത്തവല്‍ക്കരണം. ഇവ ഇടഞ്ഞും ഇണങ്ങിയും കഴിയുന്ന മറ്റൊരിടം (third space).മൂന്നാമിടത്തെ തന്റെ പഠനത്തില്‍ സച്ചിദാനന്ദന്‍ ഇങ്ങനെയാണ് വിശദീകരിച്ചത്. വിട്ടുപോന്ന ദേശത്തിനും വന്നുചേര്‍ന്ന ദേശത്തിനും അപ്പുറമുള്ള ഒരു സ്ഥലം.
ഈ പുസ്തകത്തിലെ കവികളായിരുന്നു മൂന്നാമിടം.കോമിന്റെ പിറകിലെ ബൗദ്ധികകേന്ദ്രം തുടക്കത്തിൽ. എഡിറ്റർമാരായി സർജു, രാം മോഹൻ പാലിയത്ത്, കരുണാകരൻ. ഒരു പക്ഷേ മൂന്ന് ദേശത്തിരുന്ന് ഒരു മാഗസിൻ എഡിറ്റ് ചെയ്യുക എന്ന അതുവരെ അചിന്തനീയമായ ഒന്നിന്റെ ആദ്യശ്രമം ആയിരിക്കണം അത്. മൂന്നാമിടം ഇന്റർനെറ്റ് മാഗസിൻ ആദ്യമായി അപ് ലോഡ് ചെയ്തത് 2001 ഡിസംബർ 31 ന് ആയിരുന്നു സൈബർ സാധ്യതകൾ തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യുന്നതിൽ ദേശാന്തര ജീവിത പശ്ചാത്തലമുള്ളവർ മുൻപന്തിയിലായിരുന്നു.
മൂന്നാമിടം ഏറെ വൈകാതെ ഒരു പ്രവാസി കൂട്ടായ്മയായി. അത് രണ്ട് ദശകത്തിനപ്പുറമുള്ള ചെറിയൊരു തുടക്കം. കരുണാകരൻ, സർജു, രാം മോഹൻ പാലിയത്ത്, തോമസ് വർഗീസ്, അനൂപ് ചന്ദ്രൻ, ടി പി അനിൽകുമാർ, പ്രേം രാജൻ, മഹറൂഫ്, മധു ടി ബി, ആർ പി ശിവകുമാർ, ലാസർ ഡിസിൽവ, പി ജെ ആന്റണി, എൻ ടി ബാലചന്ദ്രൻ, ബെന്യാമിൻ,
അബ്ദുൽ ഗഫൂർ, ഇ ജി മധു, ഡോ. ടി പി നാസർ, ഒ കെ സുദേഷ്, ഷംസുദീൻ മൂസ, കമറുദ്ദീൻ ആമയം, അഷറഫ് പേങ്ങാട്ടയിൽ, റാഫി, രാജീവ്, ഷെരീഫ് മൂസ ബേക്കൽ, റഫീക്ക് ഉമ്പാച്ചി... ഇങ്ങനെ യുഎയിലും ഒമാനിലും കുവൈറ്റിലും സൗദിയിലും ബഹറിനിലുമുള്ള എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരുമായ വലിയൊരു സംഘം പലതലങ്ങളിൽ അതിന് ശക്തിപകർന്നു.
സംസ്കാരങ്ങളുടെ സംഭാഷണം (Dialogue between Cultures) എന്ന ലക്ഷ്യത്തിലേക്ക് രണ്ടാംലക്കം മുതൽ മൂന്നാമിടം ചുവട് വച്ചു. രാം മോഹൻ പാലിയത്ത് വിവർത്തനംചെയ്ത മൂന്ന് യുഎഇ കവിതകളുടെ തർജമയോടെയായിരുന്നു തുടക്കം. മലയാളിയുടെ സൈബർസ്ഥലം അന്ന് സ്വയം പ്രദർശനത്തിന്റെയും ആത്മരതിയുടെയും ജംഗ്‌യാർഡുകളായിരുന്നു. കലയുടെയും സംസ്കാരത്തിന്റെയും ഒരു പൊതുഇടം നിർമിക്കാനുള്ള ശ്രമം ഇതിനെ തിരുത്തി.
അരാഷ്ട്രീയത്തിൽനിന്നും പൈങ്കിളി രാഷ്ട്രീയത്തിൽനിന്നും വേർതിരിച്ചുനിർത്തി. ഒന്നിന്റെയും പരസ്യപ്പലക ആകാതെ രണ്ടായിരം വെബ് പേജുകളും ഇരുപത്തയ്യായിരം ഹിറ്റുകളുമായി അത് സൈബർ സ്പേസിലെ മലയാളത്തിന് യുവത്വം നല്‍കി. അന്നത്തെ മുഖ്യധാരാപ്രസിദ്ധീകരണങ്ങൾ നാലുനേരം പാലും പഴവും നല്‍കുന്ന കടലാസുപക്ഷികളെ പൂർണമായി ഒഴിവാക്കിക്കൊണ്ട് ഇതരദേശക്കാരായ പ്രവാസികളുമായും ആധുനിക അറബ് സമൂഹവുമായും വിനിമയം സാധ്യമാക്കുന്നതില്‍ ശ്രദ്ധിച്ചു.
ഇന്റർനെറ്റ് മാഗസിൻ പ്രസിദ്ധീകരിക്കുക എന്ന ഒറ്റകാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക ആയിരുന്നില്ല മൂന്നാമിടത്തിന്റെ ലക്ഷ്യം. അബുദാബി കൾച്ചറൽ ഫൗണ്ടേഷനിൽ എല്ലാ മൂന്നാം വ്യാഴാഴ്ചയും നടന്നുവന്നിരുന്ന നാനാദേശക്കാരായ കവികളുടെ കൂട്ടായ്മയിൽ മൂന്നാമിടം പ്രവർത്തകർ സജീവമായി പങ്കെടുത്തിരുന്നു. വിഭിന്ന ഭാഷക്കാർ അവരുടെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത്, കോപ്പി വിതരണം ചെയ്യും. പിന്നീട് സ്വന്തം ഭാഷയിലും, ഇംഗ്ലീഷിലും, ചിലരെല്ലാം അറബിയിലും സ്വന്തം കവിത ചൊല്ലും. ചർച്ചകൾ നടത്തും.ഇതായിരുന്നു രീതി. അപ്രതീക്ഷിതമായി ആ കൂട്ടായ്മയിലേക്ക് കടമ്മനിട്ടയെ എത്തിക്കാൻ മൂന്നാമിടത്തിന് അവസരമുണ്ടായി.
O baby, don't drink... വായിച്ച് ആസ്വദിക്കുകയായിരുന്ന നാനാദേശക്കാരായ കവികൾ, മൈക്കിനുമുന്നിലെ കടമ്മനിട്ടയുടെ ‘കുഞ്ഞേ മുലപ്പാൽ കുടിക്കരുത്’ എന്ന പകർന്നാട്ടത്തിൽ സ്തംഭിച്ചു പോയി. (കവിത കേൾക്കാനുള്ളതല്ല, വായിക്കാനുള്ളതാണെന്നുള്ള വാദം അവിടെ നിൽക്കട്ടെ). മലയാള കവിത അറബ് മനസ്സിലേക്ക് ഇടിച്ചുകയറിയത് അന്നു മുതലാണെന്ന് ഞാൻ വിശ്വസിക്കുന്നു. പാരായണത്തിനുശേഷം കടമ്മനിട്ടയുടെ ചുറ്റും കൂടിയവരിൽ ഒരാൾ – ഒരു സ്‌ത്രീ, എന്റെ ഓർമ സ്കോട്ടിഷ് നാടകകൃത്ത് ഡോറോതി കാർവുഡ് എന്നാണ് ഓ, ചീഞ്ഞ മുട്ട ഒക്കെ കവിതയിൽ ഉപയോഗിക്കാമോ? അവിശ്വസനീയം എന്ന് കരയുന്ന സ്വരത്തിൽ പറഞ്ഞത് വ്യക്തമായോർക്കുന്നു.
ഇന്തോ അറബ് സാംസ്കാരിക വിനിമയങ്ങളിൽ ഒരു ദിശാമാറ്റം കുറിച്ചുകൊണ്ട് ഷാർജയിലും ദുബായിലും അബുദാബിയിലുമൊക്കെ ഇന്തോ അറബ് സാംസ്കാരിക സംഭാഷണങ്ങൾക്കുള്ള പൊതുപരിപാടികൾ സംഘടിപ്പിച്ചു. യുഎഇ ഹ്രസ്വസിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദര്‍ശനങ്ങളും അറബ് ചലച്ചിത്രപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകളും നടന്നു.
ഈ പ്രവർത്തനങ്ങളില്‍ അറബ് എഴുത്തുകാർക്കൊപ്പം അറബ് സാംസ്കാരിക സ്ഥാപനങ്ങൾ, അറബ് റൈറ്റേഴ്‌സ് യൂണിയൻ, അറബ് മാധ്യമങ്ങള്‍, ഇങ്ങനെ വ്യത്യസ്തതലങ്ങളിലുള്ള പിന്തുണ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിതകളുടെ ഒരു സമാഹാരം ഡോ. ഷിഹാബ് ഗാനെം വിവർത്തനംചെയ്ത് അറബിയില്‍ പ്രസിദ്ധീകരിച്ചു. അറബ് കവിതയ്ക്ക് മലയാള സമാഹാരങ്ങൾ വന്നു. യുഎഇ സാംസ്കാരിക വകുപ്പ് ഇന്ത്യന്‍ എഴുത്തുകാരെ അതിഥികളായി ക്ഷണിക്കാന്‍ തീരുമാനിച്ചത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച മറ്റൊരു അംഗീകാരമായി. ഒപ്പം അറബ് ബുക് ഫെയറുകളിലേക്കുള്ള മലയാളി പ്രസാധകരുടെ രംഗപ്രവേശവും.
മാധ്യമവ്യാപാരികൾ സംപ്രേക്ഷണസമയം മൗലികവാദികൾക്ക് പാട്ടം കൊടുക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ സങ്കീർണമായ ഘട്ടത്തിൽ ഗൾഫിലെ എഴുത്തുകാരുടെയും സാംസ്കാരികപ്രവർത്തകരുടെയും കേരളീയ ഇടപെടലുകൾക്ക് കരുത്തുനല്‍കുന്നതിനുവേണ്ടി ഡി വിനയചന്ദ്രൻ
എഡിറ്ററായി (ഓണററി)സംഭാഷണം ദ്വൈമാസിക ആരംഭിച്ചു. ഇതിനായി 2003ല്‍ ഗള്‍ഫിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ഇരുപത്തഞ്ചോളം വ്യക്തികളെ ഉൾപ്പെടുത്തി മൂന്നാമിടം സംസ്കാരിക ട്രസ്റ്റ് രൂപീകരിച്ചു.
പരസ്യങ്ങൾ കോർത്തിണക്കിയുള്ള സുവനീർ സാഹിത്യത്തിനും ഗൾഫ് മണിപ്രവാള ഭാഷയ്ക്കും കപട ഗൃഹാതുരതയ്ക്കും മാറ്റംവരുത്തുകയും കരാർ ജോലിക്കാർ എന്ന നിലയ്ക്കുള്ള വിദേശജീവിതത്തെ കൃത്യമായ രാഷ്ട്രീയപ്രശ്നം എന്ന നിലക്ക് ഉന്നയിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ജനങ്ങള്‍ വിദേശ തൊഴിൽജീവിതം സ്വയം തെരഞ്ഞെടുക്കുന്ന ഒന്നാണെന്നും അതിന് അവരുടെ ജന്മനാട്ടിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഒരു പങ്കുമില്ലെന്ന വികലധാരണകൾ ഇന്നും തിരുത്തപ്പെട്ടിട്ടില്ല. ഇപ്പോഴും ഇക്കാര്യങ്ങളിലൊക്കെ വിദഗ്‌ധാഭിപ്രായം എന്ന നിലയിൽ ഘോഷിക്കപ്പെടുന്നത് മീഡിയോക്കർ തലത്തിലുള്ള അഭിപ്രായങ്ങളാണ്.
പ്രവാസം, ഭരണകൂടങ്ങൾക്ക് അനഭിമതരെന്ന നിലയിലായാലും അഭയാർഥികൾ എന്ന നിലയിലായാലും കരാർതൊഴിലാളികൾഎന്ന ഗണത്തിലായാലും വ്യക്തമായും രാഷ്ട്രീയപ്രശ്നമാണ്. ഈ നിലയ്‌ക്കുള്ള സംവാദങ്ങൾക്കും ചർച്ചകൾക്കും പഠനങ്ങൾക്കും സംഭാഷണം അന്നേ തുടക്കമിട്ടു. ഇതിനു തുടർച്ച ഉണ്ടായോ എന്നത് വേറെ കാര്യം.
അഞ്ചുലക്കങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട സംഭാഷണം
ത്രൈമാസിക അഞ്ഞൂറോളം പേജുകളിലൂടെ നൂറിലേറെ ആധുനികരും സമകാലികരുമായ അറബ് എഴുത്തുകാരേയും കലാകാരന്മാരേയും മലയാളത്തിന് പരിചയപ്പെടുത്തി. അറബിഭാഷയേയും സംസ്കാരത്തെയും മതാത്മകമായി മാത്രം നോക്കിക്കാണുകയും വിഭാഗീയമായി സമീപിക്കുകയും ചെയ്തിരുന്ന പൊതുസ്ഥിതിക്ക് ഒരു വിച്ഛേദം ഉണ്ടാക്കി.
സമാനമായ ഒരു പ്രസിദ്ധീകരണത്തിന് വേണ്ടിവരുന്ന ധനത്തിന്റെ നാലിലൊന്നുമാത്രം ചെലവിട്ടുകൊണ്ട് പ്രീപ്രസ് ജോലികള്‍ മുഴുവന്‍ കൂട്ടായ്മയിൽപ്പെട്ടവർ നിർവഹിച്ചുവെന്നത് സംഭാഷണത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ പ്രസാധനവും ഒരു സാംസ്കാരിക പ്രവര്‍ത്തനമാണെന്ന ബോധത്തെ വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഒരു പാര്‍ട്ട് ടൈം ജീവനക്കാരന്‍പോലുമില്ലാതെ 100 പേജുള്ള ഒരു മാസികയുടെ പ്രീ പ്രസ് ജോലികള്‍ മുഴുവന്‍ ഗൾഫിലിരുന്ന് കൊണ്ടുതന്നെ ചെയ്യാന്‍ കഴിഞ്ഞത് പ്രസാധനത്തെ സഹായിച്ചെങ്കിലും വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ സംഭാഷണം തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു.
അബുദാബിയിൽ ലിഫ്റ്റ് എൻജിനിയർ എന്ന നിലയിൽ ഇരുപത്തിനാലു മണിക്കൂറും ready for duty ആയി ഇരിക്കേണ്ട എനിക്ക് ഈ മൂന്നാമിടം / സംഭാഷണം പ്രവർത്തനങ്ങളിലെല്ലാം നൂറുശതമാനവും നീതിപുലർത്താൻ എങ്ങനെ സാധിച്ചു എന്നത് അഭിമാനം നിറഞ്ഞ അത്ഭുതമായേ ഇന്നു നോക്കിക്കാണാൻ സാധിക്കുന്നുള്ളൂ.
ഇതിനെത്തുടര്‍ന്നാണ് 2006 ജനുവരിയില്‍ മൂന്നാമിടം ഇ ആഴ്ചപ്പതിപ്പ് ആരംഭിച്ചത്. കലയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ള ലോകഭാഷയിലെ ആദ്യത്തെ ഇലക്ട്രോണിക് ആഴ്ചപ്പതിപ്പായി മൂന്നാമിടം അടയാളപ്പെടുത്തപ്പെട്ടു. മലയാള ഭാഷ മരിക്കുന്നു എന്ന് വൃദ്ധരായ സാഹിത്യകാരന്മാരുടെ നിലവിളികള്‍ ശമിക്കാത്ത ഒരു ഘട്ടത്തില്‍ മലയാളം നേടുന്ന ഈ ബഹുമതി ഭാഷാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
ദീർഘപാരമ്പര്യമുള്ള മലയാളത്തിലെ പല ആഴ്ചപ്പതിപ്പുകളെയും നിലവാരത്തിന്റെ കാര്യത്തില്‍ മൂന്നാമിടം പിന്നിലാക്കി. സംഭാഷണം പ്രധാനമായും ഗൾഫിലെ എഴുത്തുകാരെ കൂട്ടി ഇണക്കുകയാണ് ചെയ്തതെങ്കിൽ ഇ ആഴ്ചപ്പതിപ്പിൽ അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയാളി എഴുത്തുകാരുടെ സാന്നിധ്യം ശ്രദ്ധ നേടിയതോടെ ഭൂഖണ്ഡങ്ങളെ കൂട്ടി ഇണക്കുന്ന ഒരു ഇ. സ്ഥലം ഉണ്ടായി വന്നു. അമ്പതു ലക്കങ്ങളാണ് ഇങ്ങനെ ആഴ്ചപ്പതിപ്പ് എന്ന നിലയിൽ പ്രസിദ്ധീകരിച്ചത്.
ഗൾഫിൽ പരദേശികൾ ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പൈൻസുകാരും മാത്രമല്ല. ഇറാൻ, ഇറാഖ്, ഈജിപ്ത്, സിറിയ, ലെബനോൺ,ജോർദാൻ, പലസ്തീൻ, സുഡാൻ, സോമാലിയ, യെമൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ,ടാൻസാനിയ... ഇങ്ങനെ എണ്ണമറ്റ ദേശക്കാരുണ്ട്. അറബികൾ ആതിഥേയർ മാത്രമല്ല അത്രതന്നെ അഭയാർഥികളുമാണ്. ഇറാനിലെ സിനിമ, ഇറാഖിയുടെ കവിത, ബഹറിനിലെ ചിത്രമെഴുത്ത്... ഉത്തരാധുനിക അറബ് കലയുടെ സ്ത്രീപക്ഷം, വാസ്തു ശിൽപ്പം, സംഗീതം ഇങ്ങനെ സമകാലിക അറബ് കലയെയും സാഹിത്യത്തെയും എപ്പോഴും മൂന്നാമിടവും സംഭാഷണവും പരിഗണിച്ചിരുന്നു. അതിൽത്തന്നെ ദേശം വിട്ടു പാർക്കുന്നവര്‍ക്കും സ്ത്രീകൾക്കും പ്രത്യേകം പരിഗണന നൽകിയിട്ടുണ്ട്.
ഏറ്റെടുത്ത പ്രവർത്തനങ്ങൾ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് സംഭാഷണം വാർഷികപ്പതിപ്പ് ഇറക്കുന്നതിനുമുമ്പ് അറബ് എഴുത്തുകാരുടെ യൂണിയനെയും ഗൾഫിലെ സാംസ്കാരിക സംഘടനകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് ഇന്തോ അറബ് സാംസ്കാരിക ഉത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇതിലേക്ക് ഗൾഫിലെ വിവിധ സംഘടനകളുമായി സംസാരിച്ചെങ്കിലും ഇങ്ങനെ ഒരാശയം വിജയിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസം പലർക്കുമുണ്ടായില്ല. വേണ്ടി വരുന്ന ഭീമമായ സാമ്പത്തിക ചെലവ് മറ്റൊരു പ്രശ്നമായി.
അബുദാബി കേരളാ സോഷ്യൽ സെന്ററിന്റെ നേതൃത്വം ഈ വെല്ലുവിളി എറ്റെടുക്കാൻ തീരുമാനിച്ചതോടെ ഇക്കാര്യത്തില്‍ ഒരു വഴിത്തിരിവുണ്ടായി. എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പങ്കാളിത്തംകൊണ്ടും പരിപാടികളുടെ വൈവിധ്യംകൊണ്ടും ഇന്തോ അറബ് സാംസ്കാരിക ഉത്സവം പ്രതീക്ഷകൾക്കപ്പുറമുള്ള ഒരു വിജയമായി. അത് സൃഷ്ടിച്ച മാറ്റങ്ങൾ ഇവിടെ ഉപന്യസിക്കുന്നില്ല.
ഇൻഡോ അറബ് കൾച്ചറൽ ഫെസ്‌റ്റിൽ ഇ പി രാജഗോപാലൻ സംസാരിക്കുന്നു. വേദിയിൽ മേതിൽ, അടൂർ, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് തുടങ്ങിയവർ
അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ, മേതിൽ, സാറാജോസഫ്, ഇ പി രാജഗോപാലൻ, ഷിഹാബുദീൻ പൊയ്ത്തുംകടവ്, കരുണാകരൻ, ബെന്യാമിൻ... നാസർ അൽദാഹിരി, നുജൂം അൽ ഘാനെം, ഖാലിദ് ബുദൂർ... അത് അപൂർവമായ ഒരു സാംസ്കാരിക ഉത്സവമായി.
ചിത്രകാരന്മാർ, ശിൽപ്പികൾ, കവികൾ, കഥാകൃത്തുക്കൾ, നിരൂപകർ, വിവർത്തകർ, നടീനടന്മാർ, മാധ്യമപ്രവർത്തകർ, ഗൾഫ് സംസ്കാരിക സംഘടനകളുടെ നേതൃശ്രേണിയിലുള്ളവർ,വിവിധമേഖലകളിലെ പ്രൊഫഷണലുകൾ, ഇങ്ങനെ മൂന്നാമിടം കൂട്ടായ്മക്ക് ആഹ്ലാദകരമായ ഒരു വൈവിധ്യമുണ്ടായിരുന്നു. എന്നാല്‍ മൊത്തം അളുകളുടെ എണ്ണം നാൽപ്പതു കവിഞ്ഞിട്ടില്ല.
വിദേശത്തെ തൊഴിൽ, വ്യക്തിജീവിതം, കുടുംബജീവിതം, സ്വന്തം കലാപ്രവർത്തനങ്ങൾ, ഇവക്കിടയിൽനിന്ന് സമാഹരിക്കുന്ന സമയവും,സ്വന്തം വരുമാനത്തിൽനിന്നുള്ള ചെറിയൊരു പങ്കും മൂന്നാമിടത്തിനായി മാറ്റിവയ്ക്കുന്നവരായിരുന്നു എല്ലാവരും.
തീർച്ചയായും അറബ്മലയാള സാംസ്കാരിക പരിസരവും, ഗൾഫ് മലയാള സാഹിത്യ സാംസ്കാരിക രംഗവും മൂന്നാമിടത്തിനു മുമ്പുംപിമ്പും എന്ന് അടയാളപ്പെടുത്താൻ മാത്രം മൂന്നാമിടവും സംഭാഷണവും പ്രസക്തമായിരുന്നു. മൂന്നാമിടം ഗ്രൂപ്പിലെ മിക്കവരും ചെറുപ്പക്കാരായിരുന്നു എന്നതും, അവർ ആത്മകഥകളിലേക്കോ ഓർമക്കുറിപ്പിലേക്കോ തിരിയാൻമാത്രം കാലമായിട്ടില്ല എന്നതുമായിരിക്കാം അത് രേഖപ്പെടുത്താൻ വൈകുന്നതിന്റെ കാരണം.
തീർച്ചയായും അറബ്മലയാള സാംസ്കാരിക പരിസരവും, ഗൾഫ് മലയാള സാഹിത്യ സാംസ്കാരിക രംഗവും മൂന്നാമിടത്തിനു മുമ്പുംപിമ്പും എന്ന് അടയാളപ്പെടുത്താൻ മാത്രം മൂന്നാമിടവും സംഭാഷണവും പ്രസക്തമായിരുന്നു. മൂന്നാമിടം ഗ്രൂപ്പിലെ മിക്കവരും ചെറുപ്പക്കാരായിരുന്നു എന്നതും, അവർ ആത്മകഥകളിലേക്കോ ഓർമക്കുറിപ്പിലേക്കോ തിരിയാൻമാത്രം കാലമായിട്ടില്ല എന്നതുമായിരിക്കാം അത് രേഖപ്പെടുത്താൻ വൈകുന്നതിന്റെ കാരണം.
കുവൈറ്റിലും മലേഷ്യയിലുംമൊക്കെയായി ജീവിതത്തെ വ്യാപിപ്പിച്ച, മേതിൽ രാധാകൃഷ്ണന്റെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കുന്നതിൽ മുൻകൈ എടുക്കാൻ മൂന്നാമിടം തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു? മലയാളിയുടെ പുറംജീവിതത്തിന്റെ എഴുത്ത് എന്തായിരുന്നു എന്നതിന്റെയും എന്തായിരിക്കണം എന്നതിന്റെയും ഒരു രേഖ ഒന്നിച്ചവതരിപ്പിക്കുന്നതിനുള്ള ഒരാഗ്രഹമായിരുന്നു. മേതിൽ കവിതകളുടെ സമ്പൂർണസമാഹാരം ഡിസി ബുക്സുമായി സഹകരിച്ച് മൂന്നാമിടം പ്രസിദ്ധീകരിച്ചു. 425 പേജുള്ള കഥകളുടെ സമ്പൂർണസമാഹാരം മാതൃഭൂമി ബുക്സും പ്രസിദ്ധീകരിച്ചു. ഈ രണ്ടു കൃതികളും ഏറെ വിറ്റുപോകുന്നു എന്നത് സാഹിത്യത്തിലെ സന്തോഷകരമായ ഒരു വഴിത്തിരിവ്.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ആ തിരിവിൽ അച്ചടിയുടെ ഹാർഡ് കോപ്പി യുഗത്തിൽനിന്ന് പ്രകാശത്തിൽ തെളിയുന്ന അക്ഷരങ്ങളുടെ ഭ്രമാത്മകയുഗത്തിലേക്കുള്ള പ്രയാണത്തിൽ കൃത്യം സമയത്ത് ഗുണപരമായി ഇടപെടാൻ മൂന്നാമിടത്തിനു കഴിഞ്ഞു. അതിനാൽ തന്നെ എനിക്കും.
അതിനുശേഷം അച്ചടി സൈബർഎന്നുള്ളത് എത്രത്തോളം മുന്നോട്ടുപോയി എന്നത് പ്രത്യേകം പരാമർശിക്കേണ്ട കാര്യമില്ലല്ലോ. ഈ ലേഖനം അച്ചടിച്ച് ന്യൂസ് സ്റ്റാൻഡിൽനിന്ന് ഒരാൾ ദേശാഭിമാനി വാങ്ങി വായിക്കുന്നതിനേക്കാൾ എത്രയോമുമ്പ് മാഗ്സ്റ്റർ എന്ന ആപ്പിൽ കൂടി വിദേശത്തും ഇവിടെയുമുള്ള ആളുകൾ വായിച്ചിരിക്കും എന്ന യാഥാർഥ്യംതന്നെ അതിനുള്ള ഏറ്റവും വലിയ തെളിവ്.
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..