03 October Tuesday

വിവർത്തനം ദൗത്യമാണ്‌; ‘മീശ’ നോവൽ ഇംഗ്ലീഷിലേക്ക്‌ മൊഴി മാറ്റിയ ജയശ്രീ കളത്തിലിന്റെ ചിന്തകളിലൂടെ

സി വി രാജീവ്‌Updated: Sunday Nov 15, 2020

‘‘മലയാള സാഹിത്യം ലോക സാഹിത്യത്തിൽ മറ്റേത്‌ ഭാഷക്കും ഒപ്പം നിൽക്കാൻ കഴിയുന്നതാണ്‌. മികച്ച കൃതികൾ ഇംഗ്ലീഷിലൂടെ കേരളത്തിന്റെയും ഇന്ത്യയുടെയും പുറത്തെത്തണം–-ജയശ്രീ കളത്തിലിന്റെ വാക്കുകളിൽ നിറയെ ആത്മവിശ്വാസം. എസ്‌ ഹരീഷിന്റെ വിവാദ നോവൽ ‘മീശ’  ‘മൊസ്‌റ്റാഷ്‌’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ വിവർത്തനംചെയ്‌തത്‌ ജയശ്രീയാണ്‌. ഈ രചനയിലൂടെ ജെസിബി സാഹിത്യപുരസ്‌കാരവും നേടി. പുരസ്‌കാരതുകയായ 25 ലക്ഷം രൂപയിൽ 10 ലക്ഷം വിവർത്തകയ്‌ക്ക്‌ ലഭിക്കും. മാതൃഭൂമി വാരികയിൽ ഖണ്ഡശ്ശ വന്നപ്പോൾ സംഘപരിവാർ ഭീഷണിയെ തുടർന്ന്‌ പ്രസിദ്ധീകരണം നിർത്തിയ നോവലാണ്‌ ‘മീശ’.

മലപ്പുറം കോട്ടക്കൽ സ്വദേശിയാണ്‌ ജയശ്രീ കളത്തിൽ. ഇപ്പോൾ ലണ്ടനിൽ താമസം. മനുഷ്യാവകാശ പ്രവർത്തനമേഖലയിൽ സജീവം.  ആദ്യമായി വിവര്‍ത്തനം ചെയ്ത പുസ്തകം എന്‍ പ്രഭാകരന്റെ അഞ്ച്‌  നോവല്ലകളുടെ സമാഹാരമായ ‘ഡയറി ഓഫ്‌ എ മലയാളി മാഡ്‌മാൻ’(ഒരു മലയാളി ഭ്രാന്തന്റെ ഡയറി) ആണ്‌.  അതിന്‌ 2019ൽ വിവർത്തനത്തിനുള്ള ക്രോസ്‌വേർഡ്‌ ബുക്ക്‌സ്‌ ജൂറി അവാർഡ്‌ ലഭിച്ചു. ഹാര്‍പ്പര്‍ കോളിന്‍സായിരുന്നു പ്രസാധകർ. ഹാർപ്പർ കോളിൻസ്‌ എഡിറ്റര്‍ രാഹുല്‍ സോണിയാണ് ‘മീശ’വിവര്‍ത്തനം ചെയ്യാമോയെന്ന്‌ ചോദിച്ചത്. നോവൽ മുഴുവന്‍ ശ്രദ്ധിച്ചുവായിച്ചു. വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ചെയ്യാമെന്ന്‌ സമ്മതിച്ചു.

എന്തുകൊണ്ട്‌ വിവർത്തനങ്ങളിൽ ഇത്രമേൽ ആഴത്തിൽ ശ്രദ്ധിയ്‌ക്കുന്നുവെന്നതിന്‌ ജയശ്രീയുടെ ഉത്തരം ലളിതം.‘‘ഒരു സമൂഹത്തിന്‍റെ ആത്മാവറിയണമെങ്കില്‍ അതിലൊരു ഭാഗമാണ് സാഹിത്യം. ഭാഷകള്‍ സൃഷ്ടിക്കുന്ന ഭിത്തികള്‍ മറികടക്കാന്‍ വിവര്‍ത്തന സാഹിത്യം സഹായിക്കുന്നു. കുട്ടിക്കാലത്ത്‌ വിഷുകൈനീട്ടവും പോക്കറ്റ്‌ മണിയും കിട്ടുമ്പോൾ പുസ്‌തകങ്ങളാണ്‌ വാങ്ങിയിരുന്നത്‌. കോട്ടക്കലിൽ പ്രഭാത് ബുക്ഹൗസിന്റെ മൊബൈൽ ബുക്‌സ്‌റ്റാളിൽനിന്ന്‌ ചെക്കോവിന്റെയും ടോൾസ്‌റ്റോയിയുടെയും പുസ്‌തകങ്ങൾ  വാങ്ങി വായിച്ചു.

പിന്നെ മലയാള വാരികകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ബംഗാളി, കന്നഡ, മറാത്തി നോവലുകളും. ഭാഷയ്‌ക്കപ്പുറമുള്ള ആ വായനയുടെ ശിലപാകൽ കാലമാണ്‌ വിവർത്തനങ്ങൾക്കും ബലമേകുന്നത്‌. കോളേജിൽ പഠിക്കുന്ന കാലംമുതൽ കഥയും കവിതയും എഴുതിയിരുന്നു. ആദ്യകാലങ്ങളിൽ മലയാളത്തിലും പിന്നെ ഇംഗ്ലീഷിലും. കോട്ടക്കൽ പരിസരത്ത് കുട്ടിക്കാലത്ത്‌ കണ്ട ചാക്കുപ്രാന്തൻ എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരാളെ അടിസ്ഥാനമാക്കി ‘ദ സാക്ക്‌ക്ലോത്ത്‌മാൻ’ എന്ന ബാലസാഹിത്യ നോവൽപ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009ൽ ഡി സി ബുക്ക്സ് ഇറക്കിയ ഈ പുസ്തകം മലയാളം, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

കോട്ടക്കലിന്റെ സ്വന്തം കോട്ടക്കൽ പാണ്ടമംഗലത്ത് പരേതനായ മേലാത്ര ജനാർദ്ദന പണിക്കരുടെയും കളത്തിൽ ശ്രീകുമാരിയുടെയും ഇളയ മകളാണ്‌ ജയശ്രീ. കോട്ടക്കൽ എൻഎസ്‌എസ്‌ കരയോഗം സ്‌കൂൾ, തേഞ്ഞിപ്പലം സെന്റ്‌പോൾ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, ഫറൂഖ്‌ കോളേജ്‌, കലിക്കറ്റ്‌ സർവകലാശാല ഇംഗ്ലീഷ്‌ പഠനവകുപ്പ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തൃശ്ശൂർ ഗവ. ട്രെയ്‌നിംങ്‌ കോളേജിൽനിന്ന്‌ ബിഎഡും ഹൈദരാബാദ്‌ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ലാംഗേജസിൽ(ഇഫ്‌ളു)നിന്ന്‌ പിഎച്ച്‌ഡിയും നേടി. ഒഡീഷയിൽ ഗ്രാം വികാസ്‌ സന്നദ്ധസംഘടനയുമായി ചേർന്ന്‌ പ്രവർത്തിക്കുമ്പോഴാണ്‌ ബ്രിട്ടനിൽനിന്നെതിയ ആഡ്‌ലി സിദ്ദീഖിയെ പരിചയപ്പെട്ടത്‌. പ്രണയം വിവാഹത്തിലേക്കും ലണ്ടനിലേക്കുള്ള ജീവിതത്തിലേക്കും നയിച്ചു. ഏക സഹോദരി ശ്രീജ കോട്ടക്കൽ പറപ്പൂർ ഹൈസ്‌കൂളിൽ മലയാളം അധ്യാപിക (കോട്ടക്കലിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവപ്രവർത്തകനായ രവി ടി കെ യുടെ ഭാര്യ).

‘ഭ്രാന്തി’ന്റെ വർത്തമാനങ്ങൾഭ്രാന്ത് എന്ന മനുഷ്യാവസ്ഥയുടെ വഴികള്‍, വര്‍ത്തമാനങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഗവേഷണമാണ്‌ ലണ്ടനിലെ പ്രവർത്തനരംഗം.  ഭ്രാന്തരെന്ന് മുദ്രകുത്തി സമൂഹം ഒറ്റപ്പെടുത്തുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തിൽ സജീവം.  ലണ്ടനിൽ സർവൈവർ റിസർച്ച്‌ എന്ന സ്ഥാപനം നടത്തുന്നു. പൂണെയിലെ ബാപ്പു ട്രസ്‌റ്റ്‌ ഫോർ റിസർച്ച്‌ ഇൻ മൈൻഡ്‌ ആൻഡ്‌ ഡിസ്‌കോഴ്‌സ്‌, ഇൻഫോചേഞ്ച്‌ ഇന്ത്യ, ഹൈദരാബാദിലെ അൻവേഷി റിസർച്ച്‌ സെന്റർ ഫോർ വിമൺ എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷം 2003ലാണ്‌ ലണ്ടനിൽ എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top