28 September Monday

'ഞാന്‍ ഇരുണ്ട കാലത്തിന്റെ കഥാകാരി'...ഇന്ദു മേനോനുമായി അഭിമുഖം

ഇന്ദുമേനോന്‍/ഡോ. ശ്രീകല മുല്ലശ്ശേരിUpdated: Wednesday Sep 13, 2017

ഇപ്പോള്‍ എന്തെങ്കിലും തരത്തില്‍ വായിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.  എന്റെ കഥകള്‍ കൊണ്ട് ലോകത്തിന് സമാധാനം കിട്ടുകയില്ല.  വായനക്കാരന് ആഹ്ളാദം കിട്ടുകയില്ല.  എന്റെ സ്വത്വപ്രകാശനം, എന്റെ കരച്ചില്‍ പോലെ, ചിരിപോലെ സ്വകാര്യമായ ഒന്നാണ്... നിലപാടുകളിലും രാഷ്ട്രീയ വീക്ഷണത്തിലും സ്വന്തം ഇടം പറയാന്‍ മടിയില്ലാത്ത സാഹിത്യകാരി ഇന്ദുമേനോന്‍ ഇവിടെ മനസ്സ് തുറക്കുന്നു.

മലയാള സാഹിത്യത്തില്‍ ഉത്തരാധുനികതയുടെ രണ്ടാംഘട്ടത്തെ അടയാളപ്പെടുത്തിത്തുടങ്ങിയ കഥാകാരിയാണ് ഇന്ദുമേനോന്‍; 'ലെസ്‌ബിയന്‍ പശു' എന്ന ഒറ്റ സമാഹാരത്തിലൂടെ കഥാഖ്യാനത്തിന്റെ വ്യതിരിക്തവും തീക്ഷ്ണവുമായ ലോകം സൃഷ്ടിച്ച് വായനക്കാരെ ഈ  യുവ എഴുത്തുകാരി പിടിച്ചുനിര്‍ത്തി. രാഷ്ട്രീയ കഥകളിലൂടെ അവര്‍ ആസ്വാദക മനഃസാക്ഷിയെ പൊള്ളിക്കുകയും പ്രണയാക്ഷരങ്ങളിലൂടെ ആത്മാവിനെ ചുംബിക്കുകയും ചെയ്തു.

പുതിയകാലത്തെ എഴുത്തിന്റെ സങ്കീര്‍ണവും ചടുലവും ബിംബപരവുമായ സാധ്യതകളെ മനോഹരമായി ഉപയോഗിക്കുന്നു ഇന്ദു. വലുതും ചെറുതുമായ നല്ല കലയുടെ അട്ടിമറികളിലൂടെ എഴുത്തിന്റെ സര്‍വേക്കല്ലുകള്‍ ഇന്ദുമേനോന്‍ മാറ്റിക്കുത്തുന്നു എന്ന് എന്‍ എസ് മാധവന്റെ നിരീക്ഷണം ശരിവയ്ക്കുന്നവയാണ് അവരുടെ ഓരോ സര്‍ഗമുദ്രകളും. സംഘ്പരിവാര്‍, ഹിന്ദുഛായയുള്ള മുസ്ളിം പുരുഷന്‍, ചുംബന ശബ്ദതാരാവലി, വര്‍ഗീയ കഥകള്‍ എന്നിവ സൃഷ്ടിച്ച കമ്പനം വലുതായിരുന്നു. ആദ്യനോവലായ 'കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം' മലയാള ആഖ്യായിക ചരിത്രത്തിലെ നവസരണിയിലൂടെയാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോയത്. ആദ്യ കഥാസമാഹാരമായ ലെസ്‌ബിയന്‍ പശു പുറത്തുവന്നിട്ട് പതിനഞ്ച് വര്‍ഷമാവുന്നു.

നിലപാടുകളിലും രാഷ്ട്രീയ വീക്ഷണത്തിലും സ്വന്തം ഇടം പറയാന്‍ മടിയില്ലാത്ത ഇന്ദുമേനോന്‍ ഇവിടെ മനസ്സ് തുറക്കുന്നു.


? ചെറുതും വലുതുമായ ധാരാളം എഴുത്തുകാര്‍ നമുക്കുണ്ട്.  അവര്‍ക്കിടയില്‍ ഇന്ദുമേനോന്‍ എന്തുകൊണ്ട് വായിക്കപ്പെടണം.  ഒരു സ്വയം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ.

= ഇപ്പോള്‍ എന്തെങ്കിലും തരത്തില്‍ ഞാന്‍ വായിക്കപ്പെടണമെന്ന് എനിക്ക് ആഗ്രഹമില്ല. എന്റെ കഥകള്‍കൊണ്ട് ലോകത്തിന് സമാധാനം കിട്ടുകയില്ല. വായനക്കാരന് ആഹ്ളാദം കിട്ടുകയില്ല. എന്റെ സ്വത്വപ്രകാശനം, എന്റെ കരച്ചില്‍പോലെ, ചിരിപോലെ സ്വകാര്യമായ ഒന്നാണ്. അത് വായിക്കുന്നവര്‍ അസ്വസ്ഥരാകുന്നതുപോലെ തോന്നാറുണ്ട്. കറുത്ത ഇരുണ്ട കഥകളെഴുതുന്ന ഒരാള്‍ എന്ന നിലയില്‍ എന്നെ ആരും വായിക്കണമെന്നില്ല. എന്റെ ആത്മഹത്യപോലെ സ്വകാര്യമായി വയ്ക്കണം എഴുത്തുകള്‍ എന്ന് തോന്നിയ കാലവുമുണ്ടായിരുന്നു. എഴുത്തുകാരുടെ ചിലരുടെയെങ്കിലും ഇന്റലക്‌ച്വല്‍ ഡിസ്‌ഹോണസ്റ്റിയും കാപട്യവും വായനക്കാരില്‍ അറപ്പ് ഉളവാക്കിയിട്ടുണ്ട്. നിലപാടുകളിലെ കപടത എന്നെ ഇറി പെടുത്തുമ്പോള്‍

രാഷ്ട്രീയമായ കാരണങ്ങളാല്‍ ഞാന്‍ വായിക്കപ്പെടണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് എഴുത്തില്‍ ശരിയും സത്യസന്ധതയും സൂക്ഷിക്കുന്ന ഒരുവളുടെ ഗര്‍വ് കൊണ്ടാണ്. ഒരുതരം അഹങ്കാരം. രാഷ്ട്രീയമായ ശരികള്‍ മാത്രം എഴുതാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ട് എന്നെ വായിക്കട്ടെ എന്ന്. മനഃപൂര്‍വം പരിശ്രമിച്ച് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സ്ത്രീവിരുദ്ധത, മുസ്ളിം വിരുദ്ധത, ദളിത് വിരുദ്ധത എന്നിവയ്ക്കെതിരായി എഴുതാന്‍ ശ്രമിക്കുന്നു. സഹജീവികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിന്റെ വീണ്ടെടുപ്പിനായി നിലകൊള്ളാന്‍ വാക്കുകള്‍ എന്നെ സഹായിക്കുന്നുണ്ട്, അതുകൊണ്ട്.

യഥാര്‍ഥത്തില്‍ എന്റെ എഴുത്തിലും പുസ്തകത്തിലുമുള്ളത് ആത്യധികം വിക്ഷുബ്ധമായ, എ‌ക്സ്ട്രീമായി വേദനിക്കുന്ന മനുഷ്യരുടെ ജീവിതമാണ്.  നിരാശയുടെയും, നിന്ദിതരുടെയും അപമാനത്തിന്റെയും ചൂഷണം ചെയ്യപ്പെട്ടതിന്റെയും കഥകള്‍, പ്രാണസങ്കടത്തിന്റെ, ഉപയോഗിക്കപ്പെട്ട സ്ത്രീ ശരീരത്തിന്റെ (വിമന്‍ ബോഡി പൊളിറ്റിക്സ്) ചതിക്കപ്പെട്ടതിന്റെ, അസ്‌പൃശ്യതക്ക് ഇരയായി അപമാനിതമായതിന്റെ രാഷ്ട്രീയമാണ് ആ കഥകളിലെ പൊളിറ്റിക്സ്. അത് ലോകം അറിയേണ്ട തരം രാഷ്ടീയമായതുകൊണ്ട് എന്നെ വായിക്കണം എന്ന് തോന്നിയിട്ടുണ്ട്.

മൂന്നാംലോക ആര്‍ഭാടത്തില്‍ അഭിരമിക്കുന്ന ചിലരെയെങ്കിലും എന്റെ എഴുത്തുകള്‍ വിറളി പിടിപ്പിച്ചിട്ടുണ്ട്. നിലനില്‍പ്പിനുവേണ്ടി പൊരുതുന്ന സ്ത്രീയുടെ, കീഴാളന്റെ വിഭവവും ലൈംഗികതയും ചൂഷണം ചെയ്യപ്പെട്ട ഗോത്രവര്‍ഗ സമൂഹങ്ങളുടെയും കഥകളാണ് എന്റേത്. ഈ എഴുത്തുകള്‍ വായിക്കുമ്പോള്‍ നമുക്കൊരു കുറ്റബോധം ഉണ്ടാകണമെന്ന് എഴുത്തുകാരി എന്ന നിലയില്‍ ഞാനാഗ്രഹിക്കുന്നു. കാരണം ഇത് നമ്മുടെ ഹൃദയത്തിലെ മലീമസമായ ഇരുളിന്റെ കഥകളാണ്. കറുത്തവന്റെ കഥകളാണ്.  ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഈ ചുഷണത്തില്‍ നമ്മളോരോരുത്തരും പങ്കാളിയായിരുന്നിട്ടുണ്ട്. ഈറ പിടിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?  നമ്മള്‍ ചെയ്യുന്ന ഓരോ രാഷ്ട്രീയ 'ശരി'കള്‍ക്ക് വില കൊടുക്കേണ്ടിവന്ന ഒരു വലിയ ജനതയുണ്ട്. നാമനുഭവിച്ച പ്രിവിലേജുകളുടെ തണല്‍ അവരുകൊണ്ട വെയിലാണ്. അവരുടെ മേല്‍ നാം കാരണം വീണ ഇരുട്ടാണ്, നാമവരുടെ തലയില്‍ ചുമത്തിയ ഭാരമാണ്, അവരില്‍നിന്നും നാം സ്വാര്‍ഥമായി ഊറ്റിപ്പിഴിഞ്ഞെടുത്തു ചണ്ടിയാക്കിയ അവരുടെ വേദനകളാണ് എന്റെ എഴുത്തിലുള്ളത്. അത് വായിക്കുന്നവന്‍ നാം ചെയ്തുപോയതിനോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാവുന്നു. അപ്രകാരത്തില്‍ ബാധ്യസ്ഥനാകാന്‍ എന്റെ കഥകള്‍ വായിക്കൂ എന്നു പറയാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

സ്ത്രീയെ, കീഴാളജനതയെ, അനാഥരെ, വഞ്ചിക്കപ്പെട്ടവരെ, ജാതീയതക്ക് ഇരയായവരെ, ജാരസന്തതികളെ- ഇവര്‍ ഒക്കെ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ഒറ്റയടിക്ക് എഴുത്തില്‍ കൊണ്ടുവരാന്‍ സാധിക്കുകയില്ല.  അവരുടെ പ്രശ്നങ്ങളെ അതിന്റെ ഗൌരവം ഉള്‍ക്കൊണ്ട് പരമാവധി വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കാം എന്നുമാത്രം. അതിനര്‍ഥം അവരുടെ അനുഭവത്തെ മൊത്തമായി പ്രതിനിധാനം ചെയ്യാന്‍ ശ്രമിക്കുന്നു എന്നല്ല. അത്തരം ഒരു പ്രതിനിധാനത്തിനും സാധ്യതയുമില്ല. പ്രതിനിധീകരിക്കാന്‍ ഞാനാളുമല്ല. തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ വേദനകള്‍ അതിലെ നീതികേട് ഇതൊക്കെയാണ് എന്നെ ഓരോ കഥയിലേക്കും നയിച്ചത്. ഓരോ എഴുത്തിലേക്കും നയിച്ചത്. ആ അര്‍ഥത്തില്‍ അശാന്തിയുടെ എഴുത്താണ് എന്റേത് എന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയമായി ശരിയായ നിലപാടുള്ളവരുടെ സാക്ഷ്യം. ശരിയായ പക്ഷത്ത് നില്‍ക്കുന്നവരുടെ എഴുത്ത്. രാഷ്ട്രീയമായ ശരിയുടെ കാരണങ്ങളാല്‍ ഇന്ദുമേനോന്‍ വായിക്കപ്പെടുകതന്നെ വേണം.

? മറച്ചുവയ്ക്കാന്‍ ആഗ്രഹിച്ചതിനെ തുറന്നെഴുതിയ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി.  മാധവിക്കുട്ടിക്ക് ശേഷമുള്ള ആ ശൂന്യത നികത്താന്‍ ഇന്ദുവിന് സാധിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു.  മാധവിക്കുട്ടി ഇന്ദുവിലേക്ക് എത്രത്തോളം സ്വാധീനിക്കപ്പെട്ടു. മാധവിക്കുട്ടിക്ക് മലയാള സാഹിത്യത്തിലും പൊതുസമൂഹത്തിലുമുള്ള സ്ഥാനം... അവരുമായുള്ള ആത്മബന്ധം.

=  ഈ ചോദ്യത്തിന് ഒരുപാട് പ്രാവശ്യം ഞാന്‍ ഉത്തരം പറഞ്ഞതാണ്. മലയാളത്തിലെ രണ്ട് എഴുത്തുകാര്‍ എന്നതിലുപരി ഒരു സാദൃശ്യവും ഞങ്ങള്‍ക്കിടയില്‍ ഇല്ല. ഞങ്ങള്‍ക്കിടയില്‍ തെളിഞ്ഞ സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു. സ്നേഹവും ഉണ്ടായിരുന്നു. ഒരിക്കലും ഞങ്ങള്‍ തമ്മില്‍ എഴുത്തിലോ ജീവിതത്തിലോ ഒരു സാദൃശ്യവും ഇല്ല. എഴുത്തിനെക്കാള്‍ വ്യക്തി ആഘോഷിക്കപ്പെട്ടതിന്റെ ഇരയാണ് മാധവിക്കുട്ടി. ഞാന്‍ എന്റെ എഴുത്തിന്റെ ശരികളെ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല നിലപാടുകളില്‍ എന്നും എന്റെ നിലപാട് മെച്ചപ്പെട്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്കൊരിക്കലും അവരെപ്പോലെ പൊഖ്റാനില്‍ ഇന്ത്യ അണുബോംബ് പൊട്ടിച്ചതില്‍ ആഹ്ളാദിച്ച് പായസം വയ്ക്കാന്‍ കഴിയില്ല. എന്റെ ജീവിതത്തിലൊരിക്കലും ചാണകം ഉരുട്ടി ഒരു പെണ്‍കുട്ടിയുടെ വായിലിട്ട് കൊടുക്കാന്‍ കഴിയില്ല. ബോംബെക്ക് പോകുമ്പോള്‍ നാട്ടിലെ പാവപ്പെട്ട സ്ത്രീകള്‍ പത്രകടലാസ്സില്‍ പൊതിഞ്ഞ് മക്കള്‍ക്ക് കൊടുത്തയക്കുന്ന പലഹാരങ്ങളിലെ എണ്ണപുരണ്ട ഭാഗം കാണുമ്പോള്‍ എനിക്ക് ഓക്കാനും വരില്ല. അറപ്പോടെ അത് വീട്ടിലെ കുപ്പയിലെറിയാന്‍ കഴിയില്ല. വൃത്തികെട്ട സവര്‍ണ പ്രിവിലേജുകള്‍ കെട്ടിപ്പിടിച്ച് ഇരിക്കുന്ന ഒരാളല്ല ഞാന്‍. കുന്നംകുളത്തുനിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള പുന്നയൂര്‍ക്കുളത്ത് ഞാനാണ് ജീവിച്ചതെങ്കില്‍ എന്റെ ചുറ്റുമുള്ള മനുഷ്യര്‍ സംസാരിക്കുന്ന കുന്നംകുളം ഭാഷയേ എന്റെ നാവിലുണ്ടാവൂ. കൃത്രിമമായി സൃഷ്ടിച്ച വള്ളുവനാടന്‍ ഭാഷയുപയോഗിക്കാന്‍ എനിക്കാവില്ല. എന്റെ ഭാഷ കോഴിക്കോട്ടെയും മലപ്പുറത്തെയും മുസ്ളിങ്ങളുടെ സംസാരഭാഷയാണ്. അതിലെനിക്ക് അഭിമാനമാണുള്ളത്. കെട്ടിച്ചമച്ച ഒരു വള്ളുവനാടന്‍ ഭാഷയും എനിക്ക് വരില്ല.  നിലപാടുകളില്‍, സത്യസന്ധതയില്‍, ജീവിതത്തില്‍ ഇത്രമേല്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്കിടയില്‍ സാദൃശ്യമോ സമാനതകളോ ഇല്ല. മാധവിക്കുട്ടിയുടെ എല്ലാ എഴുത്തുകളെയും ബഹുമാനിച്ച് കാണുന്ന, അവരെ ഹൃദയപൂര്‍വം സ്നേഹിക്കുന്ന  എനിക്ക് അവരാകാന്‍ താല്‍പര്യമില്ല. സ്വന്തമായി എഴുതുന്ന വാക്കില്‍ ഇടം തേടുന്ന എന്നെപ്പോലെയൊരാള്‍ക്ക് അത്തരം സമാനതകള്‍ ലജ്ജാകരമാണ്. എനിക്ക് ഒരു മാധവിക്കുട്ടിയുടെയും ചിലങ്കകള്‍ ധരിക്കുവാന്‍ സൗകര്യമോ ഇഷ്ടമോ ഇല്ല. എന്നിലാരെയും ആവാഹിക്കുവാനും വയ്യ. എനിക്കെന്റെ ചെറിയ പാദസരമണിക്കിലുക്കം മതി.

? സോഷ്യല്‍ മീഡിയകളില്‍ മുസ്ളിം പെണ്‍കുട്ടികളെ മുഴുവന്‍ റേപ്പ് ചെയ്യണമെന്ന് ഒരാള്‍ ഉദ്ഘോഷിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം. ഇന്ദുവിന്റെ  ദിംഗബരന്‍ എന്ന കഥയിലെ കഥാപാത്രം മുസ്ളിം സ്ത്രീകളെ തിരഞ്ഞുപിടിച്ച് അണുക്കള്‍ നല്‍കുന്നതായി പറയുന്നുണ്ട്. വീട്ടിലെ സ്ത്രീ തുലഞ്ഞാല്‍ സമൂഹം തുലയും എന്ന് പറഞ്ഞ,് പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം.

= എന്റെ ഓരോ എഴുത്തിലും ഞാന്‍ എന്ത്് കണ്ടുവോ അത് യാഥാര്‍ഥ്യമായി വരുന്ന ഒരവസ്ഥയാണ്. രാഷ്ട്രീയമായ ശരിയില്‍ ജീവിക്കുന്ന ഒരാളില്‍ ഉണ്ടാകുന്ന ഉള്‍ക്കാഴ്ച മാത്രമാണത്. ഞാനെപ്പോഴും ഫാസിസത്തെ, അതിന്റെ കൊമ്പ് കുലുക്കിയ വരവിനെ ഭയക്കുന്നു. ആ ഭയം സൃഷ്ടിച്ച ഭീകരമായ തോന്നലുകളില്‍നിന്നാണ് എന്റെ പല കഥകളും ഉണ്ടായിട്ടുള്ളത്. ദിഗംബരന്‍ എന്ന കഥയിലെ ജയകൃഷ്ണന്‍ മാനസിക രോഗിയാണ്.  മനോരോഗത്തിന് ചികിത്സ തേടിയ ഒരാള്‍. സംഘപരിവാര്‍ പൊതുബോധത്തില്‍ ജനിച്ചു വീണ ഒരാള്‍.  അയാള്‍ക്ക് അസ്തിത്വ പ്രശ്നങ്ങളുണ്ട്.  അയാള്‍ ഗാന്ധിമാര്‍ഗത്തിലേക്ക് തിരിയുന്നു. പിന്നെ അയാള്‍ ഹിന്ദു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. രോഗബാധിതനായ അയാള്‍ മുസ്ളിം പെണ്‍കുട്ടികളെ പ്രേമിച്ച് ഗര്‍ഭിണികളും രോഗികളുമാക്കുന്നു. അതാണ് അയാളുടെ പ്രവര്‍ത്തനശൈലി.  ഗാന്ധിയന്‍ ഫിലോസഫികളില്‍ പലതിലും ഒളിഞ്ഞ് കിടക്കുന്ന മൃദുസംഘിത്തമുണ്ട്. അതില്‍ നിന്നും ഊറ്റംകൊണ്ട് ജയകൃഷ്ണന്‍ സംഘിത്തത്തിന്റെ പല നിലകളിലേക്ക് പോകുന്നു. ആന്ധ്യം ബാധിച്ച അന്തിമ നിലയില്‍ അയാള്‍ മുസ്ളിം സ്ത്രീകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്ന് എന്റെ ഭയമായിരുന്നു അത്. ഇന്നത് യാഥാര്‍ഥ്യമാവുന്ന അവസ്ഥയായി എന്നു മാത്രം. എന്റെ എല്ലാ കഥകളെയും എടുത്ത് വീണ്ടും ഒന്ന് വായിക്കൂ. 16 വയസ്സ് മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കഥകളും.

?“'സംഘപരിവാറില്‍' തീവണ്ടിയില്‍വച്ച് കൊലചെയ്യപ്പെടുമെന്ന് ഭയന്ന് ചാടിയ മുസ്ളിം  വൃദ്ധനില്ലേ. ഇവിടെ തീവണ്ടിയില്‍നിന്നും ചാടാനാകാഞ്ഞ യുവാവായ ജുനൈദിനെന്ത് സംഭവിച്ചു.

= 'ഹിന്ദു ഛായയുള്ള മുസ്ളിം പുരുഷ'നില്‍, മുസ്ളിം നാമധാരിയായതിനാല്‍ ഭീകരനാക്കപ്പെടുകയും സ്റ്റേറ്റിന്റെ കഠിന ശിക്ഷാവിധികള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു മുസ്തഫ. 1975ല്‍ ഇത് ഹോസ്റ്റ് ചെയ്യപ്പെട്ട കഥയില്‍ ഗുല്ലു ഭരണകൂട ഭീകരതയ്ക്ക് ഇരയാകുന്നു. നിര്‍ബന്ധിത വന്ധ്യംകരണമുള്‍പ്പെ ടെയുള്ള കടുത്ത ശിക്ഷകള്‍ വാങ്ങുന്നു.

'ലെസ്‌ബിയന്‍ പശു' എന്ന കഥ എടുത്തു നോക്കൂ. പശുവിന്റെ പേരില്‍ സ്ത്രീയെ നടുറോഡില്‍വച്ച് തല്ലിക്കൊന്ന് തീകത്തിക്കുന്ന മോബ് ലിഞ്ചിങ്ങ്്. പശുക്കള്‍ സ്വതന്ത്രരായി കത്തിയമരുന്ന തെരുവ് കീഴടക്കി നടക്കുന്നു. സ്ത്രീകള്‍ അടുക്കളയിലേക്ക് ചുരുങ്ങുന്നു.
ഞാന്‍ കറുത്ത കാലത്തെ ഭയന്നവളാണ്. സ്വപ്നം കണ്ട് പേടിച്ചവളാണ്. സത്യമാവല്ലേ അതൊന്നും എന്ന് ആഗ്രഹിച്ചവളുമാണ്. എന്നിട്ടോ കറുത്തകാലം വരികയല്ലേ? നമ്മെ വിഴുങ്ങാന്‍ വരുന്നു. സത്യങ്ങളാകുന്ന ആ കാലത്തിലാണ് നാമിപ്പോള്‍. പച്ചമനുഷ്യന്‍ തീവ്രവാദിയും മാവോവാദിയും ഭീകരവാദിയും നക്സല്‍ വാദിയും രാജ്യദ്രോഹിയും ആയിത്തീരുന്നു.

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു.  പശുക്കള്‍ പുണ്യമൃഗങ്ങളാകുന്നു. ശിശുക്കള്‍ ചുട്ട് തിന്നേണ്ടിവരുന്നവരും.  കോര്‍പറേറ്റ് ഭീമന്‍മാര്‍ തഴയ്ക്കുന്നു. കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യന്‍ തെരുവില്‍ കശാപ്പ് ചെയ്യപ്പെടുന്നു. വെടികൊണ്ട് വീഴുന്നു. കറുത്തകാലമാണ്, അവകാശ നിഷേധങ്ങളുടെ കാലം.  ഭരണഘടന പൌരന് നല്‍കിയ എല്ലാ അവകാശങ്ങളും ഇല്ലാതാകുന്ന കാലം. എനിക്ക് അന്നും ഇന്നും എന്നും ഭയമുണ്ട്.

ഇന്ദുമേനോന്‍ (വലത്ത്) ശ്രീകല മുല്ലശ്ശേരി, സക്കറിയ എന്നിവര്‍ക്കൊപ്പം

ഇന്ദുമേനോന്‍ (വലത്ത്) ശ്രീകല മുല്ലശ്ശേരി, സക്കറിയ എന്നിവര്‍ക്കൊപ്പം


?രതി/വിമത ലൈംഗികത അഭിസംബോധന ചെയ്യുന്ന എഴുത്തുകാരി എന്ന നിലയില്‍ ഇന്ദുമേനോന്‍ ലേബല്‍ ചെയ്യപ്പെടുന്നു.

= മലയാളത്തിലെ മുഖ്യധാരാ എഴുത്തുകളില്‍ ഗേ/ലെബ്സിയന്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട ചില കഥകളെങ്കിലും എന്റേതാണ്. ആ കഥകളില്‍ ഒന്നും തന്നെ ശരീരവര്‍ണനയോ രതിവര്‍ണനയോ അല്ല മുന്നിട്ടുനില്‍ക്കുന്നത്. പലപ്പോഴും കൈകാര്യം ചെയ്യുന്നത് ജീവിതമെന്ന ഡിസ്കോഴ്സ് ആയതിനാല്‍ പരിപൂര്‍ണമായി രതിയെയോ, ബോഡി പൊളിറ്റി‌ക്സിനെയോ ഒഴിവാക്കാനും എഴുത്തുകാര്‍ക്ക് സാധിക്കുകയില്ല. ജീവിതവ്യവഹാരങ്ങളെ പുനഃസൃഷ്ടിക്കുന്ന ഏത് സൃഷ്ടിയുടെയും കഥയോ പശ്ചാത്തലമോ ആവശ്യപ്പെടുന്നുവെങ്കില്‍ ലൈംഗികത ഉപയോഗിക്കുന്നതിലും തെറ്റില്ല. അത് പാപമാണെന്ന് കരുതാന്‍ തക്ക നിഷ്കളങ്കത എനിക്കില്ല.

സ്വവര്‍ഗ ലൈംഗികത കടന്നുവരുന്ന വേറെയും കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. കടല്‍ നായ,”ഹിജഡയുടെ കുട്ടി, ചില സ്വപ്നങ്ങളില്‍ സീതാലക്ഷ്മിയുടെ കറുത്ത മുടിയിഴകള്‍ തുടങ്ങിയവയില്‍... അതിലെല്ലാം രതിയുണ്ട്. ഒരു അടിയൊഴുക്ക് പോലെയാണ് അത് ആ കഥകളില്‍ കടന്നുപോകുന്നത് എന്ന് മാത്രം. ലൈംഗികത എന്നു കേട്ടമാത്രയില്‍ അവയില്‍ രതിയുണ്ടെന്ന തോന്നല്‍ കോഡ് ചെയ്ത് വെച്ചിരിക്കുകയാണോ? വായനക്കാരന്റെ മനസ്സില്‍ അത്തരം പെര്‍വേര്‍ഷന്‍ ഉണ്ടെന്നെനിക്ക് തോന്നുന്നില്ല. ലെസ്‌ബിയന്‍ പശു എന്ന കഥയില്‍ മഷിയിട്ടു നോക്കിയാല്‍ രതി കാണില്ല.  വിമത ലൈംഗികത ഗൌരവമായി അഡ്രസ്സ് ചെയ്യേണ്ട ഒന്നാണ്. നീല സിനിമകള്‍ കാണുന്ന മനോനിലയില്‍ അതിനെ സമീപിക്കരുത്.  ലെസ്ബിയന്‍ പശു എന്ന പേരാണ് ആ പ്രായത്തില്‍ എനിക്ക് എടുക്കാന്‍ സാധിച്ച ഏറ്റവും വലിയ ധീരത.

എല്ലാതരം സ്വവര്‍ഗ ലൈംഗികതകളും പലപ്പോഴും അധികാരത്തെയാണ് അഡ്രസ്സ് ചെയ്യുന്നത്.  ബലാത്ക്കാരത്തിലെന്നവണ്ണം രതി അധികാരത്തിന്റെ ചിഹ്നമാകുന്നു.  അധികാരത്തെ പ്രതിനിധാനം ചെയ്യുന്നു.

ലെസ്ബിയന്‍ പശുവില്‍ കയറി വരുന്ന ഒച്ച് എന്ന ബിംബം ഈ അധികാരത്തെ സൂചിപ്പിക്കുന്നു. ഉഭയ ലൈംഗികത ഉടലില്‍ സൂക്ഷിക്കുന്ന ജീവിയാണ് ഒച്ച്. ആണ്‍ ഒച്ചും പെണ്ണൊച്ചും എന്ന ഒന്നില്ല. ആണും പെണ്ണുമായാണ് ഓരോ ഒച്ചും. രതിക്കും മുന്‍പ് പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. ആരാണോ ആ യുദ്ധത്തില്‍ വിജയിക്കുന്നത് അവന്‍ ആണാകുന്നു. തോറ്റവള്‍ പെണ്ണും. അത് പ്രകൃതിയുടെ കളിയാണ്. ഫലത്തില്‍ രതി പുരുഷനെയും അധികാരത്തെയുമാണ് ഇവിടെ പ്രതിനിധാനം ചെയ്യുന്നത്.  ലെസ്‌ബിയന്‍ പശുവില്‍ അധികാരമുള്ളവള്‍ അവളുടെ ലൈംഗികത ദുര്‍ബലമായ മെഹ്‌രുനീസയില്‍ ഉപയോഗിക്കാന്‍ പരിശ്രമിക്കുന്നു. അവളുടെ പ്രതിയോഗിയായ ശ്രീഹരി പുരുഷനാണ്. പുരുഷാധികാരത്തെയും അതിന്റെ ദായക്രമത്തെയും ചോദ്യം ചെയ്യുകയും തകര്‍ക്കുകയും ചെയ്യുകയാണ് പശുവെന്ന കഥാപാത്രം. പാട്രിയാര്‍ക്കിയെ എതിര്‍ത്തവള്‍ എന്ന നിലയിലാണ് അവള്‍ മോബ് ലിഞ്ചിങ്ങിന് വിധേയമാകുന്നതും. പ്രത്യക്ഷത്തില്‍ പശുവിന്റ പേര് പറഞ്ഞെങ്കിലും സ്വവര്‍ഗ ലൈംഗികത അധികാരത്തിനുവേണ്ടി വേണ്ടി ഉപയോഗിക്കുന്ന ഉദാഹരണങ്ങള്‍ പ്രകൃതിയില്‍ തന്നെ ഇനിയും ധാരാളമുണ്ട്. ഒരു ടെറിറ്ററിയില്‍ അധികാരം കയ്യാളുന്ന മുഖ്യ ചിമ്പാന്‍സിക്ക് അവിടെയുളള മറ്റ് ആണ്‍ ചിമ്പാന്‍സികള്‍ സെ‌ക്സ് സ്ലേവ്സ് ആണ്. രതി അടിമകള്‍. രതിയിലൂടെ മറ്റ് ചിമ്പാന്‍സികള്‍ അടിമത്തം എസ്റ്റാബ്ളിഷ് ചെയ്യുന്നതോടെ തലവന്‍ ചിമ്പാന്‍സി പരമാധികാരിയായി മാറുന്നു. തലകുനിച്ചല്ലാതെ മറ്റ് ചിമ്പാന്‍സികള്‍ക്ക് ഈ തലവന്‍ ചിമ്പാന്‍സിയുടെ മുമ്പില്‍ നില്‍ക്കുവാന്‍ സാധിക്കില്ല. രതിയെ കേവല ശരീരമായല്ല ഞാന്‍ കഥകളില്‍ കൊണ്ടുവരുന്നത്. തീര്‍ത്തും ഗൌരവമുള്ള, അധികാരത്തില്‍ ഇടപെടലുകള്‍ നിത്യേന നടത്തുന്ന വ്യവഹാരം എന്ന നിലയിലാണ്. ആളുകള്‍ ഞാന്‍ രതിയെഴുതുന്നത് വിമര്‍ശിക്കുന്നത് എന്റെ കഥകള്‍ വായിക്കാതെയാണ്. അല്ലെങ്കില്‍ അധികാരം/രതി എന്നിവയുടെ രഹസ്യം ഒരു സ്ത്രീ കണ്ട് പിടിക്കുന്നതിലുള്ള കലിയുമാകാം 

അത് മാത്രമല്ല അമിത രതി ശരീരവര്‍ണന വായിക്കുന്നവരുടെ സമൂഹത്തില്‍ പെണ്‍ പീഡനങ്ങള്‍ ധാരാളം ലഭിക്കും. അത് എഴുതുവാന്‍ എഴുത്തിനെ ഗൌരവമായി കാണുന്ന എഴുത്തുകാര്‍ക്ക് സാധിക്കില്ല.  അതൊരു തൊഴിലായെടുക്കുന്ന ധാരാളം പേരുണ്ട്. എത്രയോ പോണ്‍സെറ്റുകള്‍ ഉണ്ട്. ലൈംഗികത, രതി എന്നിവ അധികാരമാകുന്നതെങ്ങനെ? ഭിന്ന ലൈംഗികത പാപമോ ശാപമോ ആയി വ്യക്തികളുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നതെങ്ങനെ? ആ അവകാശ നിഷേധങ്ങളെ പ്രതിഷേധിക്കുവാനാണ് ഞാന്‍ എന്റെ ഈ കഥകളിലൂടെ ശ്രമിക്കുന്നത്.

എന്നാല്‍ രതിയെഴുതിയ കഥകളുമുണ്ട്്. ജലത്തിലൂടെ നടക്കുന്ന കന്യാകുമാരിയിലേക്ക്” വരാം. അതില്‍ രതിയുണ്ട്. രതിയെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്.  ബോറ്റിസെല്ലിയുടെ പെയ്ന്റിങ് പോലെ സൌന്ദര്യാത്മകമായ് രതിയെഴുതുവാന്‍ വിശുദ്ധമായിട്ടെഴുതാനുള്ള ശ്രമങ്ങളില്‍ ആ കഥ വിജയിച്ചിട്ടുണ്ട്.

? ഇന്ദുമേനോന്റെ എഴുത്തില്‍ ലൈംഗികതയുടെ അതിപ്രസരം നിഴലിക്കുന്നുണ്ട് എന്നുള്ള വിമര്‍ശനത്തെ കാര്യമാക്കുന്നില്ലേ.

= ഞാന്‍ ഉത്തരം തന്നുകഴിഞ്ഞ ചോദ്യമാണത്. ഈ ചോദ്യം യഥാര്‍ഥത്തില്‍ എന്നോട് ചോദിക്കേണ്ട ഒരു ചോദ്യമല്ല.  ഒരു വായനക്കാരി എന്ന നിലയില്‍ ഇന്ദുമേനോന്റെ എഴുത്തില്‍ ലൈംഗികതയുണ്ട് എന്ന് ഞാന്‍ പറയില്ല. കാരണം ജീവിതത്തിലെ എല്ലാതരം വ്യവഹാരങ്ങളെ ഉപയോഗിക്കുന്നതുപോലെ മരണം, ജനനം, യാത്ര, ആളുകള്‍ തമ്മിലുള്ള സനേഹം, വാത്സല്യം അതുപോലെ രതിയും ഉപയോഗിച്ചിട്ടുണ്ടായിരിക്കാം. അല്ലാതെ രതിക്കുവേണ്ടി രതി ഉപയോഗിച്ച ഒരു കഥയെ ഉള്ളൂ.“'പ്രേമസൂത്രം' പുരുഷ ലൈംഗികതയെ കുറിച്ചുള്ള ഒരുപന്യാസമാണ്. ഇന്ദുമേനോന്റെ കഥകളില്‍ അമിതമായി രതി കടന്നുവരുന്നു എന്നുള്ള വിമര്‍ശനം കണ്ടപ്പോള്‍ ഞാന്‍ ലോകത്തോട് പറയാന്‍ ശ്രമിച്ച കാര്യം ഇതൊന്നും തന്നെ രതിയല്ല എന്നതാണ്. ഇത് ഇന്ദുമേനോന്‍ എന്ന സ്ത്രീ എഴുതുന്നതുകൊണ്ടുള്ള ഒരു പ്രശ്നം മാത്രമാണ്. സക്കറിയയും സുഭാഷ്ചന്ദ്രനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എഴുതുമ്പോള്‍ ഈ വിഷയം ഉണ്ടാവുന്നില്ല. ബി മുരളിയുടെ കഥ വായിക്കുമ്പോള്‍ നമ്മള്‍ ഞെട്ടിത്തരിച്ച് പോവും.  അത്തരം കഥകളില്‍ കാണപ്പെടുന്ന ലൈംഗികത ഒരു സ്ത്രീയാണ് എഴുതുന്നതെങ്കില്‍ തീര്‍ന്നു. അവളുടെ തന്നെ അനുഭവങ്ങളാണ് എഴുതുന്നത് എന്നുള്ള മിഥ്യാധാരണകളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് എന്നാണ് ഞാന്‍ മനസ്സിലാവുന്നത്.  എനിക്ക് രതിയെ നല്ല രീതിയില്‍ ഉപയോഗിക്കാനും എഴുതുവാനും കഴിയുമെന്ന് കാണിക്കാനുള്ള ഒരു വാശിക്കാണ് 'പ്രേമസൂത്രം' എന്ന കഥയെഴുതുന്നത്.  അല്ലാതെ മറ്റുള്ള എല്ലാ കഥകളിലും സ്വാഭാവികമായ രീതിയില്‍ അല്ലാതെ രതി കടന്നുവന്നിട്ടേ ഇല്ല. 


? 'പഴരസത്തോട്ടം' എന്ന ചെറുകഥാസമാഹാരത്തിലെ 'മരണവേട്ട' എന്ന കഥയില്‍ വര്‍ഗീയത നിഴലിക്കുന്നതായി കാണപ്പെടുന്നുണ്ട്. അത്തരം പശ്ചാത്തലത്തില്‍ 'ലൌ ജിഹാദ്' എന്നിവയെ എങ്ങനെ നോക്കിക്കാണുന്നു
.

= ഞാന്‍ മനഃപൂര്‍വം പരിശ്രമിച്ചിട്ടുവേണമായിരുന്നു അത്തരത്തിലുള്ള ഒരു കഥ എഴുതാനിരിക്കാന്‍. പക്ഷേ ആ കഥ എനിക്ക് പറ്റിയ ഒരു പിഴവ് തന്നെയാണ്. എഴുതികൊടുക്കുമ്പോള്‍ ഡെഡ്ലൈനിന്റെ കനത്ത സമ്മര്‍ദം കാരണം പറ്റിയ പിഴവ്.

എങ്ങനെയാണ് കോടതി ഒരു വിവാഹത്തെ അസാധുവാക്കുന്നത്. ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്യ്രം നിലനില്‍ക്കുന്നുണ്ട്. അത് ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്നതാണ്. ഒരു മതം വ്യക്തി സ്വീകരിക്കുമ്പോള്‍ (അയാളെ ചുറ്റിപ്പറ്റി ജീവിക്കുന്നവര്‍ക്ക്) ചുറ്റുമുള്ളവര്‍ക്ക് ഒന്നും അതില്‍ ഇടപെടാനുള്ള അവകാശമില്ല.  വ്യക്തികളുടെ സ്വകാര്യമായ സംഗതിയാണത്. എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല. ജനിച്ചത് ഹിന്ദുവായ മാതാപിതാക്കള്‍ക്കാണ്. സര്‍ട്ടിഫിക്കറ്റിലും ഹിന്ദു എന്ന് കണ്ടേക്കാം. പക്ഷേ എനിക്ക് ഒരു തരത്തിലുള്ള മതവിശ്വാസങ്ങളുമില്ല. എന്റെ മകന്റെ കഴുത്തില്‍ കിടക്കുന്ന ലോക്കറ്റില്‍ 'അള്ളാഹു' എന്ന ചിഹ്നം ഉണ്ട്. അത് പണ്ട് ഞാനിട്ടിരുന്നതാണ്; വിശ്വാസിയായിരുന്ന സമയത്ത്. എനിക്ക് തോന്നുന്നത് കുറിതൊട്ടിട്ട് സ്വര്‍ണ ചെയിനിന്റെ തലപ്പത്ത് ഒരു അള്ളാഹുവിന്റെ ലോക്കറ്റ് ഇട്ടിട്ട് കുറെ നാള്‍ ഞാനിരുന്നപ്പോള്‍ അതില്‍ പ്രശ്നമുണ്ടാക്കാനൊന്നും ആരും മിനക്കെടില്ല. മിനക്കെട്ടാല്‍ തന്നെ അത് നിഷ്ഫലമാണെന്ന് എല്ലാവര്‍ക്കുമറിയാം. ദൈവങ്ങള് തന്നെ എന്നെ കണ്‍ഫ്യൂസ്സ് ചെയ്യിപ്പിച്ചു.  ഉണ്ടോ ഇല്ലയോ ആവോ എനിക്കറിയുന്നില്ല.  ദൈവത്തോട് തോന്നാത്ത അടുപ്പം മതത്തിനോട് ഉണ്ടാവുമോ? അതുകൊണ്ട് മതത്തിനോട് ഒന്നും ഒരു താല്‍പര്യവും തോന്നിയിട്ടില്ല. കമ്യൂണിസ്റ്റുകാരനായ ഒരു ദൈവം യേശുക്രിസ്തു ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാര്‍ക്കും കൊടുക്കണം എന്ന ഒരു ചിന്ത അതിലുണ്ട്. മതം ഭ്രാന്തായി മാറുന്ന ഒരവസ്ഥയുണ്ട് ഇന്ന്. വ്യക്തികളുടെ മതമോ, ജാതിയോ നോക്കിയല്ല ഞാന്‍ എന്റെ ജീവിതത്തില്‍ ആരെയും സ്വീകരിച്ചിട്ടുള്ളത്. വിവാഹം ചെയ്തതുപോലും ജാതിയും മതവും നോക്കിയിട്ടല്ല. എന്റെ കുട്ടികള്‍ക്കും ജാതിയും മതവും ഇല്ല.

? ദളിത് എഴുത്ത്, സ്ത്രീ എഴുത്ത് തുടങ്ങി നിരവധി കളളികളായിനമ്മുടെ സാഹിത്യം വേര്‍തിരിക്കപ്പെടുന്നു. ഇന്ദു ഏത് കള്ളിയിലാണ്.  അഥവാ അത്തരം ഗ്രൂപ്പ് സാഹിത്യത്തില്‍ ആവശ്യമാണോ.

= നമ്മള്‍ക്ക് എല്ലാതരം എഴുത്തുകളും ആവശ്യമാണ്. ഓരോ സ്ട്രാറ്റയും വ്യത്യസ്തമാണ്. സമൂഹം വ്യത്യസ്തമായ തട്ടുകളില്‍ തരംതിരിക്കപ്പെടുന്നുണ്ട്. എനിക്കൊരിക്കലും സാമൂഹികമായ പ്രിവിലേജ് അനുഭവിക്കാത്ത സമൂഹത്തെക്കുറിച്ച് അവനനുഭവിച്ച വേദനകളെക്കുറിച്ച് അവന്റെ ജീവിതത്തെക്കുറിച്ച് സത്യസന്ധമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.  ഒന്നോ രണ്ടോ എഴുത്തുകാര്‍ക്ക് സാധിച്ചു എന്നും വരാം.  അതൊക്കെ Anecdote  ആണ്.  എഴുത്ത് എന്നു പറയുമ്പോള്‍ പെണ്ണ് പെണ്ണിനെക്കുറിച്ചു പറയുമ്പോള്‍ അതിഭയങ്കരമായ രീതിയിലുള്ള സത്യസന്ധതയും നേരറിവും അതിനകത്തുണ്ട്. അത്തരത്തില്‍ എല്ലാതരം എഴുത്തുകള്‍ക്കും ഇടമുണ്ട്. സാഹിത്യം കള്ളിയായി തിരിക്കപ്പെട്ടതല്ല വൈജാത്യങ്ങളും വൈവിധ്യങ്ങളുമാണ് സാഹിത്യത്തെ പരിപൂര്‍ണമാക്കി നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ കള്ളികളായി കാണേണ്ടതില്ല. വൈവിധ്യവും വൈചിത്യ്രവും എഴുത്തുകളില്‍ ആവശ്യമുണ്ട്.
അല്ലെങ്കില്‍ അതെല്ലാം സമാനസ്വഭാവമുള്ള എഴുത്താവില്ലേ. എഴുത്തിന് വൈവിധ്യം വേണ്ട എന്ന് പറയുമ്പോള്‍ ഒരുതരത്തിലുള്ള വിലക്കാണ് അവിടെ ഉണ്ടാകുന്നത്. നമ്മുടെ എഴുത്തിന് ബ്ളാസ്ഫെമി ഉച്ചരിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ടാവണം.  ബ്ളാസ്ഫെമി എന്ന് പറഞ്ഞാല്‍ ദൈവനിന്ദമാത്രമല്ല. ദൈവത്തെപ്പോലെ കാണുന്നതൊക്കെ- ഭരണകൂടമാവാം, അധികാര ക്രമമാവാം, മതമാവാം- എന്തിനെയും നിന്ദിക്കാനുള്ള ഒരു സ്വാതന്ത്യ്രം നമുക്കുണ്ടാവണം. എന്തിനെയും പച്ചയ്ക്ക് തെറി വിളിക്കാനുള്ള സ്വാതന്ത്യ്രം എന്നല്ല ഞാന്‍ വിവക്ഷിക്കുന്നത്. 

യഥാര്‍ഥമായ സാഹിത്യം എന്തുതരം വൈവിധ്യങ്ങളും ആവിഷ്ക്കരിക്കുന്നതാവണം.  ദൈവത്തെയും ഭരണാധികാരിയെയും ചീത്ത പറഞ്ഞ് എഴുതുക എന്നല്ല അര്‍ഥം മറിച്ച് ഏത് വലിയവനാണെങ്കിലും ചെറിയവനാണെങ്കിലും അവനെക്കുറിച്ച് പ്രതിഷേധ സൂചകമായി എഴുതുവാനുമുള്ള സ്വാതന്ത്യ്രം എഴുത്തുകാരിക്ക് ഉണ്ടാകണം.  ബ്ളാസ്ഫെമിയുടെ വിദൂര സാധ്യതകള്‍, എഴുതുന്ന ഒരു വാചകത്തിലുണ്ടാകാന്‍ സാധ്യതയുള്ള ഫാസിസ്റ്റ് ബ്ളാസ്ഫെമിയുടെ സാധ്യതകള്‍, എഴുതുന്ന ഒരു നാടകത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഫാസിസ്റ്റ് ബ്ളാസ്ഫെമിയുടെ സാധ്യതകള്‍ നാം ആരായണം. സമൂഹത്തില്‍ ഉപയോഗിക്കപ്പെടുന്ന ഓരോ ഇമേജറിയിലും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും എല്ലാ ബിംബങ്ങളിലും ബ്ളാസ്ഫെമിയുടെ ഘടകങ്ങള്‍ ആരോപിക്കപ്പെടും. ഏതൊക്കെയോ രീതിയില്‍ എഴുത്ത് ചുരുക്കപ്പെടുന്നു. ഫാസിസ്റ്റ്  നീരാളിത്തം വലിച്ച് വലിച്ച് അമര്‍ത്തി നമ്മുടെ എഴുത്ത് ശുഷ്കമാവുന്നു. കുറേക്കഴിയുമ്പോള്‍ ആധാരമെഴുത്തും കളമെഴുത്തും മാത്രമായിരിക്കും എഴുത്ത്. കഥകളിയോ അതുപോലെ പുരാണങ്ങളില്‍ അധിഷ്ഠിതമായിട്ടുള്ള കലാരൂപങ്ങള്‍ മാത്രമോ ആയിരിക്കും അവശേഷിക്കുക. അപകടരഹിത കലാസൃഷ്ടി അത് മാത്രമായിരിക്കും. പ്രതിഷേധം പോയിട്ട് ആത്മാവിഷ്കാരത്തില്‍ പോലും എന്തൊക്കെയോ പിടി മുറുക്കുമെന്ന അവസ്ഥ സംജാതമാകും. 

എഴുത്തുകാരന്, കലാകാരന് കലയ്ക്ക് അത്യാവശ്യമായ് വേണ്ട ആന്തരിക സ്വാതന്ത്യ്രം ഉണ്ട്. എങ്കില്‍ മാത്രമേ യഥാര്‍ഥമായുള്ള സൃഷ്ടിയും കലകളും ഉണ്ടാവുകയുള്ളൂ. കലയ്ക്ക് കലഹിക്കുക എന്ന ഒരു സ്വഭാവമുണ്ട്. കലയ്ക്ക് ശ്വാസംമുട്ടി ജീവിക്കാന്‍ സാധ്യമല്ല. കല ഒരഗ്നിപര്‍വതമാണ്. അത് ഒരു കലാകാരന്റെ വിസ്ഫോടനമാണ്. ഒരഗ്നിപര്‍വതത്തിന്റെ സൌന്ദര്യം കാണപ്പെടുന്നത് ഒരു വിസ്ഫോടനം വരുമ്പോഴാണ്. അതില്‍ നിന്നുമാണ് വസ്തുതയും, ഭയാനകവുമായ ചിത്രങ്ങള്‍ ഉണ്ടാവുന്നത്. 

? കിര്‍ത്താഡ്സ് പോലെ, ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും അവരുടെ സംസ്കാരവുമായി ഇടപഴകി ജോലിചെയ്യുന്ന ഇന്ദു എന്തുകൊണ്ട് പേരിലെ ആ വാല് ഇപ്പോഴും കൊണ്ടുനടക്കുന്നത്.


= ജാതിവാല്‍ സൂക്ഷിക്കുന്നതില്‍ ഒരു പ്രിവിലേജിന്റെ എലമെന്റ് ഉണ്ട്. അതെനിക്കറിയാം.  ആരെങ്കിലും വന്ന് എല്ലാ സര്‍ട്ടിഫിക്കറ്റിന്റെയും വാല് തിരുത്തി തന്നാല്‍ നന്നായിരുന്നു എന്ന തോന്നലുണ്ട്. ഇന്ദു എന്ന പേരില്‍ എഴുതിയാലോ എന്നാലോചിക്കുന്നുണ്ട്. പക്ഷേ ഇന്ദു എന്ന് പറയുമ്പോള്‍ പഴത്തിന്റെ നടുകഷ്ണംപോലെയാണ്.  പേരിന് ഒരു അപൂര്‍ണത തോന്നുന്നൂ. പൂര്‍ണതയില്ലായ്മ ഉണ്ട്. പണ്ട് എന്റെ പേര് ഇന്ദു വിക്രമന്‍ എന്നായിരുന്നു. പിന്നെ അതെങ്ങനെ മാറി എന്നോര്‍മയില്ല. എനിക്ക് ജാതീയത ഇല്ല. കിര്‍ത്താഡ്സ് പോലെയുള്ള സ്ഥാപനങ്ങളില്‍ ഇന്‍ഡിജീനസ് ആയ ജനങ്ങള്‍ക്കിടയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പേരിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരവസ്ഥ നിലനില്‍ക്കുന്നുണ്ട്.

അവിടെ വരുന്ന കൊറവ സമൂദായത്തില്‍ നിന്നുമുള്ള വ്യക്തി എന്നെ കൊറത്തിയായിട്ടാണ് address ചെയ്യുന്നത്. അവിടെ വരുന്ന ഉള്ളാടത്തി സ്ത്രീ എന്നെ സ്വീകരിക്കുന്നത് ഉള്ളാടത്തിയായിട്ടാണ്. എന്റെ വീട്ടില്‍ നില്‍ക്കുന്ന വെട്ടകുറവന്‍ സമുദായത്തിലുള്ള കുട്ടി എന്ന നങ്കളക്കന്‍ ആയിട്ടാണ് സ്വീകരിക്കുന്നത്. അവരുടെ സമുദായത്തിലുള്ള ഒരാളായിട്ടാണ് എന്നെ ഐഡന്റിഫൈ ചെയ്തിരിക്കുന്നത്. മേനോന്‍ എന്നത് എന്റെ മാത്രമാണ്. അതില്‍ ഒരു ശരികേടുണ്ട് അത് മാറണമെന്നുമുണ്ട്. പക്ഷേ അതിലൊന്നുമല്ല കാര്യം. ഇ എം എസ് നമ്പൂതിരിപ്പാട് എന്ന പേര് കൂടുതല്‍ പൊളിറ്റിക്കലായ നിലപാടില്‍ നില്‍ക്കുന്ന ഒരാളുടെ പേരാണ്. അതില്‍ ഒരു രാഷ്ട്രീയ ശരികേട് നിലനില്‍ക്കുന്നില്ലേ? ഇ കെ നായനാര്‍ക്ക് ഇല്ലേ? അതുകൊണ്ട് ഇതിലൊന്നുമല്ല കാര്യം. പ്രവൃത്തിയിലാണ് കാര്യം. ഇവിടെ വരുന്ന ഗോത്ര സമുദായക്കാരാണെങ്കിലും പട്ടികജാതി സമുദായക്കാരാണെങ്കിലും അവരില്‍ ഒരാളായിട്ടാണ് എന്നെ കാണുന്നത്. കഴിഞ്ഞ 14 വര്‍ഷവും അങ്ങനെതന്നെയാണ് അവര്‍ കണക്കാക്കിയത്. അവര്‍ തരുന്ന ആഹാരം കഴിച്ചാണ് ജീവിക്കുന്നത്. ഞാന്‍ അവരുടെ കൂടെയാണ്. എന്റെ ജീവിതത്തിലെ നല്ലതിലും ചീത്തയിലും ദുഃഖത്തിലും എന്റെ സന്തോഷങ്ങളിലും എന്റെ കൂടെയുള്ള സമൂഹം എന്ന് പറയുന്നത് ഞാന്‍ ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ഗോത്രസമൂഹമാണ്. എന്റെ വീടും ഓഫീസും തമ്മില്‍ വലിയ അകലമില്ല.  ഇവിടെ 24  മണിക്കൂറും എന്നപോലെയാണ് ഞാന്‍ ജോലിചെയ്യുന്നത്. ഈ വകുപ്പില്‍ ജോലിചെയ്യുമ്പോള്‍ സമയത്തെക്കുറിച്ച് ബോധവതിയാവാന്‍ കഴിയില്ല. ചിലപ്പോള്‍ പാതിരാത്രിയായിരിക്കും ഒരു ആദിവാസി യുവതി ഇടുക്കിയില്‍നിന്നും എത്തുന്നത്. ആ സമയത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി കുട്ടിക്കൊണ്ടുവരണം. അത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ഗോത്രസമൂഹവും ഞാന്‍ ജോലിചെയ്യുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹവും മേനോന്‍ എന്നത് അവരുടെ കുലത്തിലെ പെണ്ണൊരുവളെന്ന് ഐഡന്റിഫൈ ചെയ്യുന്നിടത്ത്, അവരില്‍ ഒരാളായിട്ട് എന്നെ കാണുന്നിടത്ത് ഞാന്‍ എന്റെ ജീവിതത്തോട് പുലര്‍ത്തിയത് പ്രവൃത്തികളിലെ സത്യസന്ധതയാണ് എന്ന് വെളിവാകും. മേനോന്‍ പേര് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല. ഞാന്‍ ഗോത്രവര്‍ഗക്കാരിയായാല്‍ വെട്ടുകുറുമ്പത്തിയാവാനാണ് ഇഷ്ടപ്പെടുന്നത്. പട്ടികജാതിക്കാരിയാവാന്‍ ഒരു ഓപ്ഷന്‍ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു പുലയസ്ത്രീയായിരിക്കും. ഞാന്‍ എന്റെ ജീവിതംകൊണ്ടാണ് ജോലിചെയ്യുന്നത്. പൈസ കിട്ടുന്ന ഒരു ജോലി എന്നതിലുപരി ആ സമൂഹവുമായി ഇടപെടുമ്പോഴാണ് അത് ഒരു കമ്മിറ്റ്മെന്റ് ആവുന്നത്. എന്റെ ഉള്ളില്‍ ജാതീയത ഇല്ല. എന്റെ പേരിലെ വാല്‍ പട്ടിയുടെ വാല്‍പോലെ ഒന്നാണ്. അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

? സംഘപരിവാര്‍ എന്ന പേരില്‍ ഒരു കഥ എഴുതിയ ആളാണ് ഇന്ദു. സംഘപരിവാര്‍ ഭീകരതയുടെ കാലത്ത് അത്തരം എഴുത്തുകള്‍ പിന്നെ ഉണ്ടായില്ല.  ഇന്ദുവും ഭയക്കുകയാണോ.

 = എനിക്ക് തോന്നുന്നത് ഞാന്‍ കൂടുതല്‍ പൊളിറ്റിക്കല്‍ ആവുകയാണ് ചെയ്തത് എന്നാണ്. പഴരസത്തോട്ടത്തിലെ മരണവേട്ട എന്ന കഥ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ എന്റെ എല്ലാ കഥകളും സ്ത്രീവിരുദ്ധത, മുസ്ളിം വിരുദ്ധത, ദളിത് വിരുദ്ധത എന്നിവയ്ക്കെതിരായ പ്രതിഷേധവും കലഹവുമാണ്. ഇതിനെതിരെയൊക്കെ പ്രതിഷേധിച്ചുകൊണ്ടും കലഹിച്ചുകൊണ്ടും നിലകൊള്ളുന്ന കഥകളാണ്. ഏത് കഥ എടുത്താലും അതില്‍ പൊളിറ്റിക്കല്‍ കറക്ട്നസ്സ് ഫീല്‍ ചെയ്യാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ പൊളിറ്റിക്കലായ നിലപാട് എന്ന് പറയുന്നത് അധികാരം മാറി വരുമ്പോള്‍ പൊളിറ്റിക്കല്‍ ആവുന്നതല്ല. കൂടെ എഴുതുന്ന പല എഴുത്തുകാരോടും എനിക്ക് പലപ്പോഴും പുച്ഛം തോന്നാറുണ്ട്. പല ആളുകള്‍ക്കും ഇടതുപക്ഷ രാഷ്ട്രീയ ബോധം വരുന്നത് ഇടതുഭരണകാലത്താണ്. ഇടതുബോധത്തെ വിമര്‍ശിക്കാന്‍ പാടുള്ളതല്ല എന്നല്ല; വിമര്‍ശിക്കാം. വളരെയധികം വലതുപക്ഷ നിലപാടുള്ള, മൃദുവായിട്ടും തീവ്രമായിട്ടുമുള്ള ഒരു കാവിമനസ്സോടുകൂടി ജീവിക്കുന്ന പല എഴുത്തുകാരും ചെറുപ്പകാലത്ത് ശാഖയില്‍ പോയിട്ടുള്ളവരാണ്. ഇതൊക്കെ ചെയ്തിട്ട് അധികാരം വരുമ്പോള്‍ അതിനൊപ്പം നില്‍ക്കുക. അപ്പോഴും ഇടതുരാഷ്ട്രീയ ബോധം അവര്‍ക്ക് അന്യമാണ്, പുച്ഛമാണ്, പരിഹാസമാണ്. അത് അതിഭയങ്കരമായ കാപട്യമാണ്. അത് വലതുപക്ഷത്തിന്റെ ഏറ്റവും വലിയ സ്വഭാവമാണ്. അധികാരം, ഹെജിമണി, അധീശത്വം എവിടെ നില്‍ക്കുന്നുവോ അതിനോടൊപ്പം ഒട്ടിനില്‍ക്കുക എന്നുള്ളത്. ഭയങ്കരമായ കാപട്യമാണ് എഴുത്തുകാരില്‍ നിലനില്‍ക്കുന്നത്. അത് പരിശോധിച്ചാല്‍ മനസ്സിലാവുന്നതാണ്. സീസണല്‍ ആയി കഥ എഴുതുക. പ്രമേയപരമായി സംരക്ഷിക്കുന്ന കാപട്യം. നാളെ കേന്ദ്രസര്‍ക്കാര്‍ സംഘപരിവാറിന് അനുകൂലമായി എഴുതുന്ന എഴുത്തുകള്‍ക്ക് ഇനാം പ്രഖ്യാപിച്ചാല്‍ ഇവരൊക്കെ അങ്ങോട്ടുപോവുമെന്ന് ഉറപ്പാണ്. ഭരണാധികാര മാറ്റങ്ങള്‍ക്കനുസരിച്ചല്ല എന്റെ രാഷ്ട്രീയബോധം ഉരുത്തിരിഞ്ഞതും ഉരുവായതും. സംഘപരിവാറിന്റെ പൊതുബോധത്തില്‍ അത് വരികയും പലപ്പോഴും ആ പൊതുബോധത്തില്‍ ഇന്‍കള്‍ക്കേറ്റ് ചെയ്യുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. അതില്‍ നിന്നൊക്കെ ചിന്തിച്ചും വായിച്ചും ഭാവനകളിലും ശരിയായ thought process  ലും കൂടി നിലപാടെടുക്കണം. ശരിക്കും പറഞ്ഞാല്‍ വാട്സ്ആപ്പിലും ഫെയ്സ്ബുക്കിനും യുദ്ധം ചെയ്യേണ്ടി വരികയാണ്. ബന്ധുജനസംഘികളോടുള്ള യുദ്ധം ഇന്നലെ തുടങ്ങിയതല്ല. വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷം അധികാരത്തില്‍ വരാത്ത ആ അഞ്ചുവര്‍ഷവും ഞാന്‍ അങ്ങനെയായിരുന്നു. എഴുത്തുകാര്‍ക്കിടയില്‍ ഈ ഒരു വലതുപക്ഷ സ്വഭാവം കോമണ്‍ ആയിട്ട് കാണുന്നുണ്ട്. അത് ഭയങ്കര ലജ്ജാകരമായ പ്രവണതയാണ്. ഇത്തരം നിലപാടിനെയൊക്കെ കാപട്യം എന്നേ വിളിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കിലും അവരൊക്കെ വ്യക്തിജീവിതത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. അതിനെ ഇന്റലക്്ചല്‍ ഡിസ്ഹോണസ്റ്റി എന്നുപറയും. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് രാഷ്ട്രീയമായ പ്രവൃത്തിയാണ്. അവിടെനിന്ന് മാറിനിന്നുകൊണ്ട് എഴുത്തിനെ കാണാന്‍ സാധിക്കില്ല.  എഴുത്ത് രാഷ്ട്രീയപരമായ പ്രവൃത്തി ആവണമെന്നാണ് പറയുന്നത്. ഹെജിമണിയോടൊപ്പം ചേര്‍ന്നുനില്‍ക്കലല്ല എന്റെ രാഷ്ട്രീയബോധം. അല്ലെങ്കില്‍ ആരാണോ ഭരിക്കുന്നത് അവര്‍ക്കൊപ്പം നിലനില്‍ക്കുന്നതല്ല എന്റെ രാഷ്ട്രീയം. വലതുപക്ഷം ഭരിക്കുമ്പോള്‍ ഇടതിനെ അതിശക്തമായ രീതിയില്‍ വിമര്‍ശിക്കുകയും എതിര്‍ക്കുകയും കഥകളില്‍ അതിനനുസരിച്ച് മാറ്റി എഴുതുകയും ചെയ്യുന്നവര്‍ ആണ് അധികവും. എഴുത്തുകാര്‍ അത്ര നല്ല പുള്ളികളാണെന്നെനിക്ക് തോന്നുന്നില്ല. എഴുത്ത് ചിലപ്പോ നല്ലതായിരിക്കും. ഇപ്പോ ദിലീപിന്റെ കേസ് പറഞ്ഞപോലെയാണ്.  ദിലീപ് ചെയ്യുന്ന കഥാപാത്രങ്ങള്‍ പലരും നന്മയുടെ മര്യാദരാമന്മാര്‍ ആണ്.  അതുപോലല്ലോ ദിലീപിന്റെ വ്യക്തിജീവിതം. ഇന്ന് കാപട്യമാണ് എഴുത്തിന്റെ കാതല്‍. ഞാന്‍ എഴുതുന്നത് ആയിരിക്കില്ല എന്റെ വ്യക്തി ജീവിതം. പല എഴുത്തുകാരും കാലത്തിനനുസരിച്ച് അധികാരം മാറുന്നതിനനുസരിച്ച് കാലുമാറുന്നവരാണ്.

? എഴുത്തുകാരും ബുദ്ധിജീവികളും നിശ്ശബ്ദരാക്കപ്പെടുന്ന ഒരു കാലമാണിത്. കല്‍ബുര്‍ഗിയും പന്‍സാരെയും കൊലചെയ്യപ്പെടുന്ന രാഷ്ട്രീയാവസ്ഥ.  ഒരുതരം അരക്ഷിതബോധം ജനങ്ങളില്‍ ഉടലെടുക്കുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ടിക്ക് മാത്രം ഇതിനെ പ്രതിരോധിക്കാനാവില്ല. ഒരു വലിയ പ്ളാറ്റ്ഫോം വേണം. ഇടതു പുരോഗമന ചിന്താഗതിക്കാരിയായ ഇന്ദു ഈ അവസ്ഥയെ എങ്ങനെ നോക്കിക്കാണുന്നു. 

= എഴുത്തിന് മീതെ വല്ലാത്ത ഒരു സര്‍വെയ്‌ലന്‍സ് നിലനില്‍ക്കുന്നുണ്ട്.  നമ്മള്‍ക്ക് അമര്‍ത്യാസെന്നിനെ നളന്ദയില്‍ നിന്ന് പടിയിറക്കണം. എം എഫ് ഹുസൈനെ തല്ലി പുറത്താക്കിയോടിക്കണം.  അലിഷാ ചിനോയ് പാട്ടുപാടാന്‍ പാടില്ല. ഖാന്‍മാരുടെ സിനിമ സഹിക്കാന്‍ പറ്റില്ല. അതുപോലെ നമുക്ക് മതങ്ങളെ വിമര്‍ശിക്കാന്‍ പറ്റില്ല.  പെരുമാള്‍ മുരുകന് എഴുതാന്‍ പറ്റുന്നില്ല.  അങ്ങനെ നിരവധി പ്രശ്നങ്ങള്‍  സാംസ്കാരിക പ്രവര്‍ത്തകര്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ മലീമസമായ ഒരു കറുത്ത കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്.  അതിന്റെ വലിയ ഒരു തകരാര്‍ അതിനകത്തുണ്ട്. എന്നെങ്കിലും എപ്പോഴെങ്കിലും ഒന്ന് പറഞ്ഞാല്‍ മുറിപ്പെടാന്‍ ഉള്ള ശേഷിയാണ് മതം കാണിക്കുന്നത്. എന്തെങ്കിലും പറയുമ്പോഴേക്കും ഹിന്ദുമതവും ക്രിസ്തുമതവും ഇസ്ളാം മതവുമൊക്കെ മുറിപ്പെടുകയാണ്. എന്നിട്ട് നമ്മളെ വിരട്ടി നിര്‍ത്തുകയാണ്. 

സോഷ്യല്‍ മീഡിയപോലുള്ള മോബ്‌ലിഞ്ചിങ്ങിന്റെ പ്രോസസ്സ് ഉപയോഗിച്ച് എതിരാളിയെ ആക്രമിക്കുന്ന ഒരുതരം പ്രവണത. ആരെങ്കിലും വിമര്‍ശിച്ചാല്‍ ശക്തമായ രീതിയില്‍ തിരിച്ചടിക്കുന്ന ഒരു ശൈലി നിലനില്‍ക്കുന്നുണ്ട്. എഴുത്തില്‍ രാഷ്ട്രീയമായ ഒരു ശരി സൂക്ഷിക്കുക. എഴുത്തില്‍ അക്ഷരങ്ങളില്‍, വാക്കുകളില്‍ നമ്മള്‍ ശരിയായ രാഷ്ട്രീയത്തെ ഒളിച്ച് കടത്തുക.  ഒരുപക്ഷേ നമ്മളെന്നെങ്കിലും പിടിക്കപ്പെട്ടേക്കാം. എന്നാലും എഴുത്തോ നിന്റെ കഴുത്തോ എന്ന് ചോദിക്കുമ്പോള്‍ എഴുത്ത് എന്ന് പറയാനുള്ള ഒരു ശക്തി എഴുത്തുകാരനുണ്ടാവുന്ന ഒരു കാലത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത്. എഴുത്തുകാരുടെ വായില്‍ പ്ളാസ്റ്റര്‍ ഒട്ടിക്കുകയും നാവ് അരിഞ്ഞ് വീഴ്ത്തുകയും ചെയ്യുന്ന ഒരു കാലമാണ്.  ഫാസിസം നമ്മെ ഭരിക്കുകയാണ്. 

ഫാസിസത്തിന്റെ രീതികള്‍ പുറമെ വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും ആന്തരികമായി ഒന്നാണ്. ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നം എന്നു പറയുന്നത് ഫാസിസ്റ്റ് മനോഭാവമുള്ള ആളുകളാല്‍ ഭരിക്കപ്പെടുന്നതാണ്.  അത്തരത്തിലുള്ള ആള്‍ക്കൂട്ടം, നമ്മുടെ ആഹാരശീലങ്ങളില്‍ പോലും വിലക്ക് കൊണ്ടുവരുന്നു. നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കുന്നത് അവരാണ്.  ഇന്ന സിനിമ കാണരുത്, എടുക്കരുത്, കഥയെഴുതരുത് ഇതൊക്കെ ഫാസിസത്തിന്റെ വ്യത്യസ്തങ്ങളായ രീതികളാണ്. ഓരോ ജനതയും അവരര്‍ഹിക്കുന്ന ഭരണാധികാരിയെയാണ് നേടുക എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാ സമയത്തും ഡെമോക്രസി ജയിക്കണമെന്നില്ല. ചിലപ്പോ ജനാധിപത്യം പലപ്പോഴും അന്ധാളിപ്പില്‍ നിന്നുപോകും.

? ഇന്ദു ഒരു സോഷ്യല്‍ മീഡിയ ജീവിയാണോ. നവമാധ്യമങ്ങളുടെ സജീവകാലത്ത്, എഡിറ്റര്‍മാര്‍ ആവശ്യമില്ലാതെ എല്ലാവരും എഴുത്തുകാരാവുകയാണ്. പണ്ടെല്ലാം ഒരു സൃഷ്ടി വെളിച്ചം കാണണമെങ്കില്‍ കാലങ്ങളോളം കാത്തിരിക്കണമായിരുന്നു.  ഇന്നത് മാറി. ആര്‍ക്കും എന്തും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാം. അതിന്റെ ഗുണദോഷവശങ്ങളെപ്പറ്റിയും അവ എഴുത്തുകാരെ സൃഷ്ടിക്കുന്നതിനെപ്പറ്റിയും ആലോചിച്ചിട്ടുണ്ടോ.


= ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. എല്ലാവരും എഴുതട്ടെ.    വായനക്കാരന് നല്ല എഴുത്ത് ഏതാണ്, വേണ്ട എഴുത്ത് ഏതാണ് എന്നറിയാനുള്ള ബുദ്ധിയും ബോധവും വിവേകവുമുണ്ട്. എഴുതുക എന്നത് ഏതൊരു മനുഷ്യന്റെയും എക്സ്പ്രഷന്‍ ആണ്.  ഓരോ ആളുകളുടെയും എഴുത്ത് ശരാശരിയില്‍ താണ നിലവാരത്തിലാണെന്നും കരുതി അയാളോട് എഴുതാതിരിക്കണം എന്നുപറയാന്‍ കഴിയുമോ? പറ്റില്ല. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്യ്രമുണ്ട്. എഴുത്തിന്റെ യഥാര്‍ഥ സ്വാതന്ത്യ്രം.  ഒരു എഴുത്ത് ഇന്‍ഫീരിയര്‍ ആര്‍ട്ട് ആയിപ്പോയി എന്നുള്ളതുകൊണ്ട് എഴുതാതിരിക്കണം എന്നും പറയാന്‍ പറ്റില്ല. പക്ഷേ വായനക്കാരന് ചോയ്സ് ഉണ്ടല്ലോ. ഇഷ്ടമുള്ളത് വായിച്ചാല്‍ മതിയല്ലോ.

? എഴുത്തില്‍ ഒരു ഗോഡ്ഫാദര്‍ ഇല്ലാതെ കടന്നുവന്ന ആളാണ് ഇന്ദുമേനോന്‍ എന്ന് കേട്ടിട്ടുണ്ട്. എങ്ങനെയാണ് എഴുത്തിലേക്ക് എടുത്തെറിയപ്പെട്ടത്.

 =  എഴുത്ത് ആത്മപ്രകാശനത്തിനുള്ള മാധ്യമമാണ്; വഴിയാണ്.  ഞാന്‍ കരയുന്നതുപോലെ, ചിരിക്കുന്നതുപോലെ തന്നെയാണ് എഴുത്തും. ഗോഡ്ഫാദര്‍ ഉള്ളത് മോശമാണെന്ന് ഞാന്‍ പറയില്ല. കാരണം വിദേശരാജ്യങ്ങളില്‍ 'മെന്റര്‍' എന്ന സംവിധാനം നിലനില്‍ക്കുന്നുണ്ട്.  അങ്ങനെ ഗോഡ്ഫാദര്‍ ഇല്ലാത്ത എഴുത്തുകാരും നിലനില്‍ക്കുന്നുണ്ട്.  ഇ സന്തോഷ്കുമാറിന് ഗോഡ്ഫാദര്‍ ഇല്ല. ചിലര്‍ക്കൊന്നും ഗോഡ്ഫാദേഴ്സ് ഇല്ല. നമ്മളെ തീരുമാനിക്കുന്നത് ഗോഡ്ഫാദര്‍മാരൊന്നുമല്ല. പക്ഷേ അവരുണ്ടെങ്കില്‍ ഒരുപാട് സ്പെയ്സ് കിട്ടുമായിരിക്കും. പക്ഷേ അതിനെക്കാളും ഉപരിയായിട്ട് എഴുത്താണ് നമ്മളോട് സംസാരിക്കുന്നത്. ഉള്ളില്‍ നല്ല ചൂടുള്ള  അഗ്നി ഉണ്ടെങ്കില്‍ അത് പുറത്തേക്ക് കത്തിപ്പിടിക്കും. കത്തിപ്പിടിക്കാന്‍ ഒരു ഗോഡ്ഫാദറിന്റെ ആവശ്യമില്ല. അത് ഒരു തരത്തില്‍ റിസര്‍വേഷന്‍ ആണ്.  അത് കിട്ടണം എന്നാഗ്രഹിക്കുന്നവര്‍ അത് സ്വീകരിച്ചോട്ടേ എനിക്ക് അത്തരത്തിലുള്ള ഒരു സംവരണം ആവശ്യമില്ല.

? എങ്ങനെയാണ് എഴുത്തിലേക്ക് എടുത്തെറിയപ്പെട്ടത്.

= അത് ഒരു സ്വാഭാവികമായ പ്രക്രിയയാണ്. അച്ഛന്‍ പാട്ടുകാരനാണ്. ഞാന്‍ കുഴപ്പമില്ലാതെ പാടുമായിരുന്നു.  വരക്കുമായിരുന്നു. അതൊന്നും നമുക്ക് തരാത്ത ആത്മസംതൃപ്തിയും ഒരു സമാധാനവും എഴുത്ത് നല്‍കുന്നുണ്ട്. എഴുതുമ്പോള്‍ സുഖം തോന്നുന്നുണ്ട്. എഴുതുമ്പോള്‍ സംതൃപ്തി അനുഭവപ്പെടുന്നുണ്ട്. എന്റെ സങ്കടങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നുണ്ട്.  എഴുതുമ്പോള്‍ എന്റെ സന്തോഷങ്ങളെ വീണ്ടുകിട്ടുന്നുണ്ട്.  ചിലപ്പോ ഭയങ്കര സന്തോഷത്തി ല്‍ കരയാറുണ്ട്. എന്റെ വികാരങ്ങളെയും വിചാരങ്ങളെയും കൃത്യമായ രീതിയില്‍ അടയാളപ്പെടുത്തിയ ഒരു മാധ്യമമാണ് എഴുത്ത്. അത് എന്നില്‍ വളരെ സ്വാഭാവികമായി വന്നതാണ്.

? എഴുത്തുകാരിയായില്ലെങ്കില്‍ ആരാവുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ.

എഴുത്തും വായനയുമൊന്നും അറിയില്ലെങ്കില്‍ ഞാന്‍ തുണിക്കച്ചോടം ചെയ്ത് ജീവിക്കുമായിരുന്നു. എന്നെ അമ്മ 'ചാലാച്ചി ചെട്ടിച്ചി' എന്നാണ് വിളിക്കുന്നത്.  എന്റെ മനസ്സില്‍ കഥകളും വാക്കുകളും ഇരിക്കുന്നതിനെക്കാള്‍ അധികം തുണിയുടെ നിറങ്ങളാണ്; ഡിസൈനുകളും, വെട്ടിതുന്നുന്ന മില്ലുകളുമാണ്. ഈ സെക്കന്റിലും ഞാന്‍ പുതിയൊരു വസ്ത്രത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. അത് എനിക്ക് ധരിക്കാനൊന്നുമല്ല. ആര്‍ക്കൊക്കെയോ ധരിക്കാനുള്ള പുതിയ വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കലാണെന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി.   അതുകൊണ്ട് എഴുത്തുകാരിയായില്ലെങ്കില്‍ ഒരു തുണിക്കച്ചോടക്കാരിയാവുമായിരുന്നു.

?എഴുത്ത് നിര്‍ത്തണം എന്ന് തോന്നിയിട്ടുണ്ടോ. അല്ലെങ്കില്‍ ഒരു സ്വയം പൊളിച്ചെഴുത്ത്.


= എഴുതാനുള്ള ഇടം കിട്ടി വരുന്നേ ഉള്ളൂ.  എനിക്ക് ജീവിതത്തിന്റേതായ തിരക്കുകളും ഉണ്ട്. എന്തൊക്കെയാണ് എഴുതുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആ സമയത്ത് എഴുത്ത് നിര്‍ത്തുന്നതിനെക്കുറിച്ച് ചോദിക്കല്ലേ.  ആന്തരികമായ പല കാരണങ്ങളാലും ഇടയ്ക്കുവച്ച് എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. വ്യക്തി എന്ന രീതിയിലുള്ള എന്റെ ഡിപ്രഷനുകളും അതിന് കാരണമായിട്ടുണ്ട്. എഴുത്ത് എനിക്ക് കൈനീട്ടി തരുന്നത് എഴുന്നേല്‍ക്ക്, ജീവിക്ക് എന്നൊക്കെയാണ്. വീണുപോവുമ്പോള്‍ ഇരുട്ടില്‍നിന്ന് എഴുന്നേല്‍ക്കാനുള്ള ഊര്‍ജം. ഇരുട്ടില്‍ ആവുമ്പോള്‍ ഉള്‍ക്കണ്ണില്‍ നിന്നും പുറത്തേക്ക് വരുന്ന പ്രകാശം അല്ലെങ്കില്‍ കൊടുംതണുപ്പില്‍ ഞാന്‍ വിറച്ചുനില്ക്കുമ്പോള്‍ എന്നെ പുതപ്പിച്ചു നിര്‍ത്തുന്ന ബ്ളാങ്കറ്റ്, കൊടുംചൂടത്ത്് നില്‍ക്കുമ്പോള്‍ ഒരു ശീതീകരണി എന്നൊക്കെ പോലെയാണ്.


? എഴുത്തില്‍ എല്ലാം മറന്ന് ഭ്രാന്ത് വരുന്ന അവസ്ഥ - അത് സുഖമുള്ള ഒരു ഉന്മാദംതന്നെയല്ലേ.


= എനിക്ക് ചെറുപ്പകാലത്ത് പെറ്റിക്മാള്‍ എപ്പിലെപ്സി ഉണ്ടായിരുന്നു. അത് ഒരു ഭയങ്കര അവസ്ഥയാണ്. കുഞ്ഞപസ്മാരം. കടലിലേക്കോ പുഴയിലേക്കോ നോക്കിയാല്‍ ബോധം കെട്ട് ജലത്തിലേക്ക് വീഴും.  കത്തുന്ന തീ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരുതരം ഉന്മാദം പോലെ അനുഭവപ്പെടാറുണ്ട്. ബോധം മറഞ്ഞ് തീയിലേക്ക് വീഴുന്ന അവസ്ഥ. അബോധത്തിന്റെ ഒരു കയത്തിലേക്ക് വീണുപോവുന്ന, കടല്‍ ജലത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നതായി സ്വപ്നം കാണുന്ന ഒരവസ്ഥ. തീയില്‍ ഒരു പുകപോലെ ഒഴുകുന്നപോലെ സ്വപ്നം കാണുക. ഡോ. എന്‍ എസ് വേണുഗോപാലാണ് ആ കുട്ടിയപസ്മാരം മാറ്റിയത്.  തലച്ചോറിലെ ഞരമ്പുകളില്‍നിന്നുണ്ടാവുന്ന വൈദ്യൂതികൊണ്ട് എല്‍സിഡി വരെ കത്തിക്കാമെന്നാണ് പറയുന്നത്. എന്റെ തലയിലെ വൈദ്യുതികൊണ്ട് ഒരു വലിയവീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിക്കാമെന്നായിരുന്നു എനിക്ക് തോന്നിയത്. എനിക്ക് നല്ല വട്ട് ഉണ്ട് എന്നു തോന്നിയിരുന്നു. കടുത്ത മൈഗ്രയിന്‍, ഡിപ്രഷന്‍, ദുഃഖം മെസോക്കിസം ഇതെല്ലാം കൂടി ഒരു ഗംഭീര പാക്കേജാണ്. അങ്ങനെയുള്ള എല്ലാ അവസ്ഥകളും കൂടി ഉണ്ടെങ്കില്‍ എഴുതിപ്പോകും.  ഞാന്‍ ഇതുമുഴുവനും ഉള്ള ഡെഡ്ലി കോമ്പിനേഷന്‍ ആണ്.  എഴുതുകയല്ലാതെ വേറെ വഴിയൊന്നുമില്ല. അപ്പോള്‍ എഴുത്തിനും ആ ഒരു ഫ്ളോ വരും അതുകൊണ്ടാണ് എഴുത്തില്‍ ഒരു ഭ്രാന്തിന്റെ എലമെന്റ് കാണുന്നത്. ചെറുപ്പകാലത്ത് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ഒരാണ്‍കുട്ടി ഉണ്ടായിരുന്നു. അന്ന് എനിക്ക് നല്ല ക്ളാസുള്ള ഭ്രാന്താണ്. എന്റെ ഭ്രാന്ത് അവനെ പ്രേമത്തിന് പ്രേരിപ്പിച്ചു. ഇത്രയും ഭ്രാന്തുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അവനും ഒരു ഭ്രാന്തനായതിനാല്‍ ഞാന്‍ ആ പണിക്ക് പോയില്ല. ക്ളാസ് പിരാന്താണെന്ന് മനസ്സിലായില്ലേ.

എനിക്ക് തോന്നുന്നത് എല്ലാ മനുഷ്യരും ദിവസം 15 മിനിറ്റ് ഭ്രാന്തന്‍മാരാണ്. മൊത്തം 24 മണിക്കൂറ് എടുത്താന്‍ മിനിമം 15 മിനിറ്റെങ്കിലും നമ്മള്‍ ഭ്രാന്തന്‍മാരായിരിക്കും. ചിലപ്പോ സെക്കന്റുകളോ മിനിറ്റുകളോ നില്‍ക്കുന്ന ഭ്രാന്താവും. അത് നമ്മളെ തന്നെ വിശകലനം ചെയ്താല്‍ മനസ്സിലാവും. പക്ഷേ അത് കുതിരവട്ടത്ത് കൊണ്ടുപോവാനുള്ള ഭ്രാന്ത് ആണെന്ന് വിചാരിക്കരുത്. അത് ഉന്‍മാദത്തിന്റെ ഒരവസ്ഥയാണ്. എഴുത്തായിമാറുന്ന ഉന്മാദം. ചുണ്ടുകളില്‍ പ്രാന്ത് പേച്ചുക, തലയില്‍ കടന്നല്‍ കൂട്.  എനിക്ക് തോന്നുന്നു,    എഴുത്തിലാണ് ഞാന്‍  പ്രാന്ത് കൂടുതലായി പുറത്തെടുക്കുന്നതെന്ന്.  അതേസമയംതന്നെ ഞാന്‍ വളരെ പ്രാക്ടിക്കലായ മനുഷ്യനാണ്.  വളരെ സാധാരണമായതും കൃത്യമായതും നിയതമായതുമായ  ജീവിതം  ചിട്ടയോടെ കൊണ്ടുപോകാന്‍ പരിശ്രമിക്കുന്ന ഒരാള്‍. എനിക്ക് പ്രശ്നങ്ങളുണ്ട.് പക്ഷേ അത് കുഞ്ഞുങ്ങളെയോ മാതാപിതാക്കളെയോ സൌഹൃദത്തിനെയോ ഒന്നും ബാധിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.  എനിക്ക് എന്റേതായ ഇത്തരം അരാജകത്വത്തിന്റെ, ഭ്രാന്തിന്റെ, ഉന്മാദങ്ങളുടെ, ഒരു സാധനയെ മറികടക്കാന്‍ കഴിയുന്നത് എഴുത്തുകൊണ്ടാണ്. ആ എഴുത്താണ് എന്നെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നത്.  പ്രഷര്‍ കുക്കറിന്റെ പ്രഷര്‍ വരുമ്പോലാണ് എന്റെ എഴുത്ത്. 


? കുടുംബം എന്ന വ്യവസ്ഥാപിത സ്ഥാപനത്തെ ഇന്ദു എങ്ങനെ കാണുന്നു. അതിന് എത്രത്തോളം പ്രാധാന്യവും പരിഗണനയും നല്‍കാറുണ്ട്.  അഥവാ അങ്ങനെയൊരു വ്യവസ്ഥ മാറ്റിമറിച്ച് സ്വതന്ത്രമായൊരു ലോകത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ.
  
  =  എന്റെ ജീവിതവും എഴുത്തും മാത്രം മതി എന്നു പറയുന്ന തരത്തിലുള്ള   ഭ്രാന്തമായ ചിന്ത ഉണ്ടാവാറുണ്ട്. പക്ഷേ എന്റെ കുഞ്ഞ് വന്ന്  കൈപിടിക്കുമ്പോള്‍ എഴുത്തും വേണ്ട ഒന്നും വേണ്ട എന്ന് തോന്നാറുണ്ട്. ഈ ലോകത്തുള്ള മനോഹരമായ സൃഷ്ടി എന്റെ മകനാണ്. അല്ലെങ്കില്‍ എന്റെ മകളാണ് എന്ന് തോന്നാറുണ്ട്. എന്റെ മകന്റെ തലയിലെ വിയര്‍പ്പുമണത്തിലൂടെ കിട്ടുന്ന ഒരു സുഖം എനിക്ക് ഏത് പുസ്തകം വായിച്ചാലും കിട്ടില്ല. അവന്റെ കുഞ്ഞിക്കൈയ്യില്‍ ഇക്കിളി ഉണ്ടാവാന്‍ വേണ്ടി എഴുതുന്ന എഴുത്തുകളുടെ ഒരു രസം കടലാസില്‍ എഴുതിയാല്‍ കിട്ടില്ല. എന്റെ ഉള്ളിലെ അമ്മ, അച്ഛന്‍, അനിയത്തി, അനിയന്‍ അവരൊക്കെ മാറിമറിഞ്ഞുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഭയങ്കര ഇമോഷണല്‍ ആണ്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ എന്റെ ഉള്ളിലുളള അമ്മയൊക്കെയാണ് ജയിക്കുക.  കുട്ടികളുടെ കാര്യത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കുക.  അവര്‍ ഉറങ്ങിയതിനുശേഷം സമയമുണ്ടെങ്കില്‍ മാത്രമാണ് ഞാന്‍ എഴുതുക. ഒരു എഴുത്തുകാരന് കുടുംബം ആവശ്യമില്ല. എഴുത്തായിരിക്കണം അവന്റെ ഭാര്യ എഴുത്ത് ആയിരിക്കണം അവന്റെ കുഞ്ഞ്.  അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ ഏകാകിയായി ജീവിക്കണമെന്നാഗ്രഹിക്കുന്നു.  ഇപ്പോ ഇതില്‍പ്പെട്ടുപോയില്ലേ.  അമ്മ, അച്ഛന്‍, കുട്ടികള്‍ ഭര്‍ത്താവ് എന്ന ലോകത്തില്‍ ഞാന്‍ പെട്ടുപോയി. അത് എത്ര രസകരമായ ലോകമാണെന്നും ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു.  നന്നായി ജീവിക്കണം, ശാന്തമായി ജീവിക്കണം. വലിയ ഒരു എഴുത്തുകാരിയാവുന്നതിലും രസമൊക്കെ അതിലുണ്ട് എന്ന തിരിച്ചറിവാണ് എന്റെ പ്രശ്നം. 

? ഉത്തരാധുനികതയുടെ രണ്ടാം ഘട്ടമാണോ ഒരു ലെസ്ബിയന്‍ പശുവിലൂടെ ഇന്ദു മലയാള സാഹിത്യത്തില്‍ കൊണ്ടുവന്നത്.

= അയ്യോ... അതൊന്നും എനിക്കറിയില്ല. കഥ എഴുതിക്കഴിഞ്ഞാല്‍ എനിക്ക് കഥയെപ്പറ്റിയല്ലാതെ വേറൊന്നും അറിയില്ല. കഥ തന്നെ മര്യാദക്ക് എഴുതാന്‍ അറിയില്ല. എഴുതിപ്പോകുന്നു.  അല്ലാതെ കഥയുടെ ക്രാഫ്റ്റിനെക്കുറിച്ചോ കഥയുടെ ഭാഷയെക്കുറിച്ചോ ഭംഗിയെക്കുറിച്ചോ സൂക്ഷ്മതയെക്കുറിച്ചോ ഒന്നുമറിയില്ല. പ്രാകൃത രൂപത്തില്‍ എഴുതുന്ന ഒരെഴുത്തുകാരിയാണ് ഞാന്‍.  ബോധപൂര്‍വമോ അബോധപൂര്‍വമോ ആയിട്ടുള്ള ഒരു ഒഴുക്കാണത്.  എനിക്ക് അതിനെക്കുറിച്ചൊന്നും അറിയില്ല. വായനക്കാരി എന്ന നിലയില്‍ ചില കഥകളൊക്കെ വായിച്ചാല് ഇഷ്ടമാവുമോ ഇല്ലയോ എന്നൊക്കെ പറയുക എന്നല്ലാതെ ബിംബങ്ങളെക്കുറിച്ചോ അതിന്റെ ക്രാഫ്റ്റ്  സൂക്ഷ്മത, സൌന്ദര്യം അതിനെക്കുറിച്ചോ ഒന്നും തന്നെ എനിക്കറിയില്ല.  നിരൂപകരൊക്കെ പറയുമ്പോള്‍ ഞാന്‍ കേള്‍ക്കും. അപ്പോഴാണ് മനസ്സിലാവുക അത് ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെ. 

? ഒരു ലെസ്ബിയന്‍ പശു എഴുതിയപ്പോള്‍ പലര്‍ക്കും കൌതുകമായിരുന്നു. മുമ്പ് മാധവിക്കുട്ടി ചന്ദനമരങ്ങളെപ്പറ്റി പറഞ്ഞ് സ്ത്രീകള്‍ തമ്മിലുള്ള അനുരാഗത്തെ വരച്ചിട്ടിരുന്നു.  ഇത്തരത്തിലുള്ള എഴുത്തിനോട് ആസ്വാദക ലോകത്തിന്റെ പ്രതികരണം എങ്ങനെയാണ്.

= പക്ഷേ ആ കഥ ആ രീതിയിലല്ല ഞാന്‍ എഴുതിയത്. പശുവിനെ ദ്രോഹിച്ചു എന്നതിന്റെ പേരില്‍ അതിലെ നന്ദിനി എന്ന കഥാപാത്രം തെരുവില്‍ മോബ്ലിഞ്ചിങ്ങ് ചെയ്യപ്പെട്ട് കൊല്ലപ്പെടുകയാണ്. ആള്‍ക്കൂട്ടം ഭ്രാന്തിയായ സ്ത്രീയെ പിടിച്ചുകെട്ടി അവളുടെ ശിരസ്സ് മുണ്ഡനം ചെയ്ത് അടിച്ചും കല്ലെറിഞ്ഞും കൊല്ലുകയാണ്.  അവളെ തീയിട്ട് കത്തിക്കുകയാണ്. ഇത് ഇപ്പോഴാണ് നേരിട്ട് കാണുന്നത്. പക്ഷേ 1998 ല്‍ എന്റെ ഉള്ളില്‍ നമ്മുടെ രാജ്യം നേരിടാന്‍ പോകുന്ന ഒരു ഭീഷണിയെകുറിച്ച്, ഇനി വരാന്‍ പോകുന്ന കറുത്ത ഭയാനകമായ കാലത്തെക്കുറിച്ചുള്ള ആധിയില്‍ നിന്നാണ് അത്തരം കഥകള്‍ ഉടലെടുത്തത്.  അതൊരു ലെസ്ബിയന്‍ കഥയല്ല. അതൊരു രാഷ്ട്രീയ കഥയാണ്.  ലെസ്ബിയനിസം ഉണ്ട്.  ഒരു സ്ത്രീക്ക് എന്തുകൊണ്ട് മറ്റൊരു സ്ത്രീയെ പ്രേമിച്ചുകൂടാ. അവിടെ സ്ത്രിയുടെ  സ്വാതന്ത്യ്രത്തെക്കുറിച്ചൊരു വിഷമമുണ്ട്. അല്ലെങ്കില്‍ പശുവിനെ കൊന്നാല്‍ പശുവും ദൈവമായിത്തീരുകയും ചെയ്യുമ്പോള്‍  ഇന്നത്തെ കാലത്ത് അതിന് പ്രസക്തി ഏറുകയാണ് ചെയ്യുന്നത്. വിവാഹം എന്ന വ്യവസ്ഥാപിത ചങ്ങലക്കൂട്ടില്‍പ്പെടുമ്പോള്‍ അതുവരെ താന്‍ ഭാര്യക്ക് കൊടുത്തിരുന്ന എല്ലാ ബഹുമാനങ്ങളും മാറ്റിനിര്‍ത്തി പത്രം വായിക്കാന്‍ ചാരുകസേരയില്‍ ഇരുന്നിട്ട് “'കാപ്പി കൊണ്ടുവാടീ' എന്ന് അതിലെ ശ്രീഹരി വെങ്കിടേഷ് ഭാര്യയോട് പറയുന്നിടത്താണ് കഥ അവസാനിക്കുന്നത്.  

ഭര്‍ത്താവ് രൂപേഷ് പോളിനൊപ്പം

ഭര്‍ത്താവ് രൂപേഷ് പോളിനൊപ്പം


? ജോലി സ്ഥലത്തുള്‍പ്പെടെ മാനസികമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഇന്ദു. എങ്ങനെ നമ്മള്‍ ഇതിനെ പ്രതിരോധിക്കും

.
= ജോലിസ്ഥലത്തുള്ള സ്ത്രീകള്‍ തീര്‍ച്ചയായും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഭയങ്കരമായ രീതിയിലുളള ടോര്‍ച്ചറിങ് സ്ത്രീകള്‍ അനുഭവിക്കുന്നത് തൊഴിലിടങ്ങളിലാണ്. ചില വ്യക്തികള്‍ നമ്മളോടൊക്കെ ചെയ്തത് എത്ര കുറവാണ്. പുറത്തുള്ള സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കുറെക്കാലം ഒന്നിച്ച് ജീവിക്കുകയും പണം വാങ്ങുകയും ക്രൂരമായ രീതിയില്‍ ഉപദ്രവിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നവരുണ്ട്. അത്തരത്തിലുള്ള വ്യക്തികളാണ് സ്ത്രീകളുടെ മൊറാലിറ്റിയെക്കുറിച്ച് ആധി പൂളുന്നത്.  അവരെല്ലാം കാണുന്നത് അവരുടെ കണ്ണുകളിലൂടെ മാത്രമാണ്. നികൃഷ്ടമായ ലോകത്തിലൂടെയുമാണ് അവര്‍ സഹപ്രവര്‍ത്തകയെ കാണുന്നത്. സഹപ്രവര്‍ത്തക എന്ന് പറയുന്നത് തന്നോടൊപ്പം ജോലിചെയ്യുന്നവളാണെന്ന ബോധ്യംപോലും അവര്‍ക്കില്ലാണ്ടാവുകയാണ്. ചില പുരുഷന്‍മാര്‍ അസൂയയുടെ കൊട്ടയാണ്. പല കാര്യങ്ങളിലും അവര്‍ അസൂയാലുക്കളാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ എനിക്ക് നേരിട്ടിട്ടുള്ളത് പുരുഷന്‍മാരില്‍നിന്നാണ്. ഞാന്‍ ഇത്തരത്തിലുള്ള സംഗതികളെയൊക്കെ മറികടക്കാന്‍ പഠിച്ചുകഴിഞ്ഞു. എല്ലാ ഓഫീസുകളിലും 80 ശതമാനം ജോലികള്‍ ചെയ്യുന്നത് 20 ശതമാനം ആളുകള്‍ മാത്രമായിരിക്കും. ബാക്കി 80 ശതമാനം പേര്‍ 20 ശതമാനം ജോലികള്‍ മാത്രമേ ചെയ്യൂ. അതുകൊണ്ടുതന്നെ അവര്‍ സ്ത്രീകളുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് ഗോസിപ്പുണ്ടാക്കും.  സഹപ്രവര്‍ത്തകയുടെ വസ്ത്രധാരണത്തെക്കുറിച്ച് കമന്റ് ചെയ്യാം, ബോഡി ഷെയ്പ്പിങ് ചര്‍ച്ച ചെയ്യാം. ആളുകള്‍  വിദ്യാസമ്പരാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി നില്‍ക്കുന്ന വ്യക്തി എന്റെ സഹപ്രവര്‍ത്തകനാണ്. അവന്‍ എന്നെ ഉപദ്രവിക്കുന്നില്ലല്ലോ എന്ന പേരില്‍ ഞാന്‍ ആശ്വസിക്കുകയാണ് വേണ്ടത്. മുമ്പ്  ജോലി ചെയ്യുന്നിടത്തുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അവിടുത്തെ കുട്ടിയോട് മോശമായി പെരുമാറി. ഞാന്‍ ആലോചിക്കുന്നത് ഇവരില്‍ നിന്നൊക്കെ രക്ഷപ്പെട്ട് പോകാന്‍ കഴിയുന്നുണ്ടല്ലോ എന്നാണ്. 'ദൈവമേ മെക്കിട്ട് കേറുന്നില്ലല്ലോ' എന്നാണ് ഞാന്‍ ആശ്വസിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് നുണ പറയാന്‍ യാതൊരു മടിയുമില്ല. എന്തൊക്കെയോ പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്യുക.  ഇതില്‍ നിന്നൊക്കെ എന്തെങ്കിലും തരത്തിലുള്ള സന്തോഷം അവര്‍ക്ക് കിട്ടുന്നുണ്ടാവും. സ്ത്രീകള്‍ ബോള്‍ഡ് ആകണം. ഇങ്ങോട്ടുവാടീ എന്നു പറഞ്ഞാല്‍ പോടാ എന്നുള്ള മറുപടി കൊടുക്കാന്‍ കഴിയണം.  സ്ത്രീകള്‍ നല്ല ബുദ്ധിയുള്ളവരും ജോലിചെയ്യാന്‍ കഴിവുള്ളവരുമാണ്.  അതെല്ലാം പുരുഷന്‍മാരില്‍ അസഹിഷ്ണുതയും അസൂയയും ഉളവാക്കുന്നു. പെണ്‍കുട്ടികള്‍ ബോള്‍ഡാവുമ്പോള്‍ പുരുഷന്‍മാര്‍ക്ക് നേരിട്ട് എതിര്‍ക്കാന്‍ ധൈര്യമുണ്ടാവില്ല.  പിന്നെ പുറകില്‍ കൂടെയും സൈഡില്‍കൂടിയുമായിരിക്കും അടിക്കുക. അപ്പോള്‍ പൊലീസിന് കംപ്ളയിന്റ് ചെയ്യണം.  

? ഇനിയുള്ള പ്രോജക്ടുകള്‍. അവ മലയാളം എത്രത്തോളം പ്രതീക്ഷയോടെ കാത്തിരിക്കണം.

= പിഎച്ച്ഡിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകഴിഞ്ഞാല്‍ കുറെ കഥകള്‍ എഴുതണമെന്നാഗ്രഹിക്കുന്നുണ്ട്.  ബോംബെയെക്കുറിച്ചുള്ള ഒരു നോവല്‍ ആലോചിക്കുന്നുണ്ട്. ആത്മകഥ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.

? വെളിപ്പെടുത്താനാഗ്രഹിക്കുന്ന എന്തെങ്കിലും സംഭവങ്ങള്‍.


 = അത് ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നതായിരിക്കും.

? അവാര്‍ഡുകള്‍ ഒരു മാനദണ്ഡമല്ല.  എങ്കിലും അവാര്‍ഡുകള്‍ ആഘോഷിക്കപ്പെടാറാണ് പതിവ്.  ഇന്ദുവിന് അര്‍ഹിക്കുന്ന പുരസ്കാരം ലഭിച്ചിട്ടില്ലെന്ന് തോന്നലുണ്ടോ.


= അവാര്‍ഡിന് വേണ്ടിയല്ല ഇന്ദുമേനോന്‍ എഴുതുന്നത്. അവാര്‍ഡ് വാങ്ങിക്കണം എന്ന് പറഞ്ഞ് എഴുതുന്നവരുണ്ട്. ആ കൂട്ടത്തില്‍ ഞാനില്ല . 

(ദേശാഭിമാനി വാരികയില്‍ നിന്ന്)

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top