28 November Saturday

എ എസ് വരയും കാലവും

കാരയ്ക്കാമണ്ഡപം വിജയകുമാര്Updated: Sunday Aug 25, 2013

രേഖാചിത്രരചനയിലെ കുലപതികളിലൊരാളായ എ എസിന്റെ സര്‍ഗലോകത്തെ അടയാളപ്പെടുത്തുകയും അദ്ദേഹത്തിന്റെ കലയെയും ജീവിതത്തെയും കലാസാഹിത്യരംഗത്തെ പ്രമുഖര്‍ അനുസ്മരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് "എ എസ് വരയും കാലവും". ജെ ആര്‍ പ്രസാദ് എഡിറ്റ് ചെയ്ത പരിഷ്കരിച്ച പതിപ്പാണ് എ എസിന്റെ 25-ാം ചരമവാര്‍ഷികത്തിന് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

അത്തിപ്പറ്റ ശിവരാമനെന്ന എ എസിന്റെ കുട്ടിക്കാലം, കലാപഠനം, ജീവിതമുഹൂര്‍ത്തങ്ങള്‍ ഇവയൊക്കെ ചേര്‍ന്ന അനുസ്മരണക്കുറിപ്പുകളില്‍നിന്ന് എ എസിനെ തൊട്ടറിയാനും അദ്ദേഹത്തിന്റെ കലയെ അനുഭവിച്ചറിയാനുമാകുന്നു. എന്തായിരുന്നു എ എസിന്റെ കലയിലെ പ്രത്യേകതകള്‍? അതിനുള്ള വ്യക്തമായ ഉത്തരവും ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചെടുക്കാം.

 

അനാഥത്വത്തിന്റെ വെയിലിലേക്ക് ഓടിയിറങ്ങുന്ന ബാല്യകാലത്തെ എ എസ് ഓര്‍ക്കുന്നതിങ്ങനെ: "അമ്മയെ ഒരു കര്‍ക്കടകത്തിലെ കറുത്തവാവുദിവസം രക്തസ്രാവം എന്ന മഹാവ്യാധി വിഴുങ്ങി. ചോരവാര്‍ന്ന് ആ അസ്ഥികൂടത്തില്‍നിന്ന് പ്രാണന്‍ പറന്നുപോയപ്പോള്‍ അതുമൂടിയിടാന്‍ ഒരു പഴന്തുണിപോലും വീട്ടിലുണ്ടായിരുന്നില്ല". ഈ ദുരന്തക്കയത്തില്‍നിന്ന് കുട്ടിക്കാലത്തെ ഏക ആശ്രയം തൃക്കിടീരി മനയായിരുന്നു. അതേക്കുറിച്ച് തൃക്കിടീരി വാസുദേവന്‍നമ്പൂതിരിയുടെ കുറിപ്പിലെ ഒരു ഭാഗം: "കാറല്‍മണ്ണ തൃക്കിടീരി മനയിലാണ് ശിവരാമന്‍ വളര്‍ന്നത്. വളര്‍ച്ച എന്നുപറയുമ്പോള്‍ ഇല്ലത്തെ ഒരു കുട്ടിയെപ്പോലെ അവിടെ ഉണ്ടും ഉറങ്ങിയും കളിച്ചും വളര്‍ന്ന കുട്ടി. ഒതുക്കമുള്ള കുട്ടി. വിനയമുള്ളവന്‍. ചിത്രം വരയ്ക്കാനുള്ള താല്‍പ്പര്യം കുട്ടിക്കാലം മുതലേ ശിവരാമനില്‍ കണ്ടുവന്നു. ചിത്രംവരയിലുള്ള താല്‍പ്പര്യം മനസ്സിലാക്കി ഞാന്‍ ശിവരാമനെ മദിരാശിയിലേക്കയച്ചു".

 

ചെര്‍പ്പുളശേരി സ്കൂളില്‍ പഠിക്കുന്നകാലത്ത് സ്ഥലത്തെ ഗ്രന്ഥശാലയുടെ കൈയെഴുത്തുമാസികയില്‍ ചിത്രം വരച്ചുകൊണ്ടാണ് എ എസ് ചിത്രരചനയില്‍ തുടക്കമിടുന്നത്. പിന്നീട് കെ സി എസ് പണിക്കരുടെ ശിഷ്യനായി കലാപഠനം. നമ്പൂതിരി, എം വി ദേവന്‍, അക്കിത്തം നാരായണന്‍ തുടങ്ങിയവരുടെ സൗഹൃദ കൂട്ടായ്മകള്‍. ചിത്രകലയിലെ വിവിധ സങ്കേതങ്ങളിലൂടെ സഞ്ചരിച്ച എ എസ് രേഖാചിത്രരചനയിലാണ് സജീവമായത്. "പേശും പടം", "ജയകേരളം" ഇവയില്‍ തുടങ്ങി മാതൃഭൂമിയിലാണ് ദീര്‍ഘകാലം ചിത്രകാരനായി പ്രവര്‍ത്തിച്ചത് - മരണദിവസംവരെ. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ചിത്രീകരണം വിവിധതലങ്ങളിലൂടെ വായനക്കാരനെ സാഹിത്യരചനയുമായി ഇണക്കിച്ചേര്‍ക്കുമെന്ന് എ എസ് പറയുന്നു.

 

പേജിന്റെ രൂപഭംഗിക്കനുസൃതമായിട്ടുള്ള ചിത്രീകരണം (ഡ്രോയിങ്), തലക്കെട്ട്, സ്പെയ്സ് ഇവയൊക്കെ ചേരുമ്പോഴുള്ള പൂര്‍ണതയുടെ സൗന്ദര്യശാസ്ത്രമാണ് എ എസിന്റെ കല. കഥാപാത്രങ്ങളുടെ ഭാവം, പശ്ചാത്തല അന്തരീക്ഷം, ശാരീരികമായ രൂപഘടന ഇവയൊക്കെ ചേരുന്ന ദൃശ്യാനുഭവത്തെക്കുറിച്ച് എം ടി, മുകുന്ദന്‍, സേതു, പുനത്തില്‍ തുടങ്ങിയവര്‍ ഓര്‍മിക്കുന്നു. കഥാകൃത്തും വായനക്കാരനുമായുള്ള സഫലമായ സംവാദത്തില്‍, ഗാഢമായ ആത്മബന്ധത്തില്‍ ചിത്രകാരന്റെ പങ്കിനെക്കുറിച്ചും ഇവര്‍ എടുത്തുപറയുന്നു.

 

എ എസിന്റെ പല രേഖാചിത്രങ്ങളിലും നിഴലിന്റെ ആവിഷ്കാരത്തിലൂടെ വെളിച്ചത്തിന്റെ വരവിന് തിളക്കം കൂടുന്നതായി കാണാം. നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകള്‍ ആവാഹിച്ചെടുത്ത എ എസിന്റെ രേഖകള്‍ ചലനാത്മകവുമാണ്. കറുപ്പിന്റെ ശക്തി പ്രകടമാക്കുന്ന രേഖാചിത്രങ്ങള്‍ (യയാതിയടക്കം) ഇദ്ദേഹത്തിന്റേതായുണ്ട്. വീക്ഷണസിദ്ധാന്തത്തിന്റെ പരിധിയില്‍നിന്നുകൊണ്ടുതന്നെ പല കോണുകളില്‍നിന്ന് കഥാപാത്രങ്ങളെയും പ്രകൃതിയെയും നോക്കിക്കാണുന്ന എ എസിന്റെ വേറിട്ട രചനാശൈലിയെക്കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നു - നിരവധിയായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വായനക്കാരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. സാഹിത്യഭാഷ ചിത്രഭാഷയായി ഇവിടെ രൂപപരിണാമം സംഭവിക്കുന്നു.

 

സാഹിത്യരചനയുടെ ആശയം കാലിഗ്രാഫിയിലൂടെ ആവിഷ്കരിക്കാനാകുന്ന തലക്കെട്ടുകളും ചിരിയും ചിന്തയും സമ്മാനിക്കുന്ന ചിത്രങ്ങളും ഈ പുസ്തകത്തില്‍ ധാരാളം ചേര്‍ത്തിട്ടുണ്ട്. ചിത്രകാരന്മാരെക്കുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള പുസ്തകങ്ങളില്‍ ശ്രദ്ധേയമാണ് "എ എസ് വരയും കാലവും". എ എസ് വരയും കാലവും എഡിറ്റര്‍: ജെ ആര്‍ പ്രസാദ് ചിന്ത പബ്ലിഷേഴ്സ് വില: 185 രൂപ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top