27 May Wednesday

നുണയന്റെ വഴി

അഭിലാഷ് മേലേതില്‍ Updated: Wednesday May 2, 2018
 
അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

Emmanuel Carrère സിനിമാ സംവിധായകനും പത്രപ്രവർത്തകനും ബയോഗ്രാഫറും കൂടിയായ സാഹിത്യകാരനാണ്. "La Mustache" തുടങ്ങിയ ആദ്യനോവലുകളിൽ (പിന്നീട് ഇത് അയാൾ തന്നെ സംവിധാനം ചെയ്ത സിനിമയുമായി) ഭ്രമകല്പനകൾ കടന്നു വരുന്ന സ്ഥിരം സാഹിത്യ ശൈലിയാണെങ്കിൽ "The Adversary: A True Story of Monstrous Deception", അയാളുടെ മാസ്റ്റർപീസ് ആയി കണക്കാക്കപ്പെടുന്ന "The Kingdom: A Novel" തുടങ്ങിയ നോവലുകളിൽ ഒരു ജേര്ണലിസ്റ്റിക് രീതിയാണ്  Carrère അവലംബിച്ചിരിയ്ക്കുന്നത്. 1999-ലാണ് "The Adversary" പുറത്തുവന്നത്. 
 
ഫ്രാൻസിൽ ഉപരിവർഗ്ഗക്കാർ പാർക്കുന്ന ഒരു ചെറുപട്ടണത്തിൽ ലോകാരോഗ്യ സംഘടനയിൽ ഡോക്ടറായി ജോലിചെയ്യുന്ന Jean Claude Romand-ന്റെ ഭാര്യയും മക്കളും 1993-ൽ ഒരു ദിവസം വീട്ടിലുണ്ടായ തീപിടുത്തത്തിൽ മരിയ്ക്കുന്നു. പിന്നാലെ അയാളുടെ അച്ഛനുമമ്മയും വളർത്തുനായയും അവരുടെ വീട്ടിൽ വെടിയേറ്റുമരിച്ച നിലയിൽ കാണപ്പെടുന്നു. Romand-നെ തീപ്പൊള്ളലേറ്റ നിലയിൽ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തുന്നു. എന്നാൽ തുടരന്വേഷണത്തിൽ Romand തന്നെയാണ് എല്ലാവരെയും കൊന്നത് എന്ന് വെളിപ്പെടുന്നു. പതിനെട്ടുവർഷമായി നല്ല രീതിയിൽ, സന്തോഷത്തോടെ ജീവിച്ച അയാൾക്കും കുടുംബത്തിനും എന്താണ് സംഭവിച്ചത് എന്ന അന്വേഷണമാണ് ഒറ്റവാചകത്തിൽ ഈ നോവൽ. ഫ്രാൻസിലെ ഏറ്റവും വെറുക്കപ്പെട്ട  കുറ്റവാളിയ്ക്ക് Carrère ഒരെഴുത്തെഴുതുകയാണ്. അയാളെപ്പറ്റി ഒരു നോവൽ എന്നതാണ് എഴുത്തുകാരന്റെ മനസ്സിലിരിപ്പ്. എന്താണതിനു പ്രേരണ എന്നത് നോവലിലെ ആദ്യവാചകങ്ങളിൽ തന്നെയുണ്ട്,  ഈ വാചകങ്ങൾ എഴുതിയില്ലായിരുന്നെങ്കിൽ താൻ ഈ പുസ്തകമേ എഴുതില്ലായിരുന്നു എന്ന് Carrère പാരീസ് റിവ്യൂ അഭിമുഖത്തിൽ ആണയിടുന്നുണ്ട്. “On the Saturday morning of January 9, 1993, while Jean-Claude Romand was killing his wife and children, I was with mine in a parent-teacher meeting at the school attended by Gabriel, our eldest son. He was five years old, the same age as Antoine Romand. Then we went to have lunch with my parents, as Jean-Claude Romand did with his, whom he killed after their meal.” നോവലിസ്റ്റ് Philip K. Dick-ന്റെ ജീവിത കഥ എഴുതിത്തീർക്കുന്ന സമയമായിരുന്നു അത്. തൊട്ടടുത്ത ദിവസം Carrère പത്രത്തിലെ തലക്കെട്ടിൽ കാണുന്നത് കൂട്ടക്കൊലപാതകത്തിന്റെ വാർത്തയാണ്. അതേ വർഷം ആഗസ്തിൽ അയാൾ Romand-നെപ്പറ്റി എഴുതാൻ അനുവാദവും കേസിന്റെ വിശദാംശങ്ങളും ചോദിച്ചുകൊണ്ട് ഒരു കത്തെഴുതി. “What you have done is not in my eyes the deed of a common criminal, or that of a madman, either, but the action of someone pushed to the limit by overwhelming forces, and it is these terrible forces I would like to show at work.” മറുപടി കിട്ടാഞ്ഞതിനാൽ Carrère വീണ്ടുമെഴുതി, ഇപ്രാവശ്യം Romand-ന്റെ വക്കീലിന്. പക്ഷെ അതിനും പ്രതികരണം ലഭിച്ചില്ല. Carrère കുടുംബാംഗങ്ങളെ കൊല്ലുന്ന ഒരാളെപ്പറ്റിയുള്ള നോവൽ എഴുതിത്തുടങ്ങിയെങ്കിലും എഴുത്തിൽ വലിയ പുരോഗതിയുണ്ടായില്ല. എന്നാൽ ഒക്ടോബറിൽ  Romand അനുകൂലമായ മറുപടിയയച്ചു. അവിടെ നിന്നങ്ങോട്ട് അവർ തമ്മിൽ കുറച്ചധികം എഴുത്തുകൾ കൈമാറി. താൻ പുറത്തു സ്വതന്ത്രനായി നടക്കുന്ന ഒരാൾ മാത്രമല്ല, ഒരെഴുത്തുകാരനും കൂടിയാണ് എന്നുള്ള ബോധ്യം Carrère-യ്ക്കുണ്ട്, അത് മനസ്സിൽ വച്ചാണ് എപ്പോഴും അയാൾ കത്തുകൾ എഴുതുന്നത്. എന്നാൽ പല ചോദ്യങ്ങൾക്കും എവിടെയും തൊടാത്ത മറുപടിയാണ് അയാൾക്ക്‌ കിട്ടിക്കൊണ്ടിരുന്നത്. ഒരു കത്തിൽ Romand, തന്നെ പരിശോധിച്ച സൈക്കയാട്രിസ്റ്റുകളുടെ കുറിപ്പ് പകർത്തിയിരുന്നു - “In this particular case, and at a certain archaic level of functioning, J.C.R. was no longer able to distinguish very well between himself and his love objects.......at that level, there is no longer much difference between suicide and homicide.” Romand-നെ സംബന്ധിച്ചിടത്തോളം “a writer’s approach to this tragedy can largely complete and transcend other, more reductive visions,” എന്നതായിരുന്നു വിചാരം, Carrère വിശദമാക്കുന്നു. അത് പോകെപ്പോകെ ശക്തിയാർജ്ജിയ്ക്കുന്നതായി നോവലിൽ കാണാം. 
 
സത്യത്തിൽ രണ്ടു കാര്യങ്ങളാണ്  നോവലിൽ ഒരു വായനക്കാരനെ കുഴക്കാനിടയുള്ളത്. ഒന്നാമതായി എല്ലാ വിശദാംശങ്ങളും പൊതുസമൂഹത്തിന് അറിയാവുന്ന ഒരു വിഷയത്തിൽ എന്താണ് പുതുതായി എഴുത്തുകാരന് പറയാനുണ്ടാവുക എന്നത്, പിന്നെ അചിന്ത്യമായ ഒരു കുറ്റകൃത്യം നടത്തിയ ഒരാൾ കഥയുടെ കേന്ദ്രത്തിൽ വരുമ്പോൾ അയാളുമായി എന്ത് തരം മാനസിക ബന്ധമാണ് എഴുത്തുകാരനും പിന്നെ വായനക്കാരനു തന്നെയുമുണ്ടാകുക എന്നും. നോവലിൽ ഒരു സമയത്ത് എഴുത്തുകാരൻ അയാളുടെ പക്ഷത്താണോ എന്ന് തോന്നിയ്ക്കുന്ന സമയമുണ്ട്. ഇതിനെ മറികടക്കാൻ Carrère ഒരു ജേര്ണലിസ്റ്റിക് രീതിയാണ്  എഴുത്തിൽ ഉടനീളം ഉപയോഗിയ്ക്കുന്നത്. ക്രൈം ഫിക്ഷൻ ഘടനയാണ് നോവലിന് ഉള്ളതും, അതിൽ തന്നെ ഏറ്റവും ഉന്നതമായ ഫിക്ഷൻ  പറയണം ( കൂടാതെ ഫസ്റ്റ് പേഴ്‌സണിലാണ് ഇത്  എഴുതിയിരിയ്ക്കുന്നതും. "Because the third person was no one but appeared to give what was written the status of truth...And I didn’t think you could know the truth about Romand. On the other hand, I could tell the truth about myself in relation to Romand. ...you have access to yourself, others are a black box" - Paris Review). Romand വിദ്യാർത്ഥിയായിരിയ്ക്കേ, വിചിത്രമായ ഒരു കാരണം പറഞ്ഞു മെഡിക്കൽ പരീക്ഷകളിലൊന്ന് അറ്റൻഡ് ചെയ്തിരുന്നില്ല. എന്നിട്ടും യൂണിവേഴ്സിറ്റിയുടെ പരീക്ഷാ നടത്തിപ്പിലെ ഒരു പഴുതുപയോഗിച്ചു അയാൾ 12 വർഷത്തോളം പഠനം തുടരുകയും, അതേ പരീക്ഷയ്ക്ക് റീ അപ്പിയർ ചെയ്തുകൊണ്ടുമിരുന്നു. അക്കാലമത്രയും അയാളവിടത്തെ പഠന സൗകര്യങ്ങളും ലൈബ്രറിയും ഉപയോഗിച്ചു. ഇതുകൊണ്ടൊക്കെ വ്യാജനായിരുന്നെങ്കിലും മെഡിസിനിൽ അയാളുടെ അറിവ് അപാരമായിരുന്നു. സ്വഭാവത്തിൽ വൈചിത്ര്യങ്ങളുണ്ടായിരുന്നെങ്കിലും പുറമേയ്ക്ക് പൊതുവെ കഠിനാധ്വാനിയായ, സ്നേഹനിധിയായ ഒരു ശുദ്ധന്റെ ഭാവമായിരുന്നു Romand-ന്റേത്. അതിലാണ് അയാളുടെ കാമുകിയും പിന്നെ ഭാര്യയുമായ Florence വീണുപോയതും - അവൾ അയാളെ വിവാഹം കഴിയ്ക്കാൻ സാധാരണരീതിയിൽ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. അതുമാത്രമല്ല Romand ചെയ്തത് - ധനികർ മാത്രം താമസിയ്ക്കുന്ന ഒരു പ്രദേശത്ത് നല്ല നിലയിൽ ഭാര്യയും കുട്ടികളുമായി കഴിഞ്ഞു. നുണകളുടെ പുറത്തു ജീവിയ്ക്കുന്ന ഒരാൾ ചെയ്യാത്തപോലെ നല്ല സാമൂഹ്യബന്ധങ്ങളും അടുത്ത സുഹൃത്തുക്കളും അയാൾക്കുണ്ടായി. പിൽക്കാലത്തു പാരീസിൽ ഒരു രഹസ്യകാമുകിയും അയാൾക്കുണ്ടായിരുന്നു, അവൾക്കു വേണ്ടിയും അയാൾ ധാരാളം പണം ചിലവഴിച്ചു. എങ്ങനെയാണ് ഈ ജീവിതം അയാൾ സാധിച്ചെടുക്കുന്നത് എന്നതാണ് നോവലിന്റെ ഏറ്റവും അസാധാരണമായ ഭാഗം. പതിനെട്ടു വർഷമാണ് അയാൾ WHO-യിൽ ഡോക്ടർ ആണെന്ന് പറഞ്ഞു ഒരു കമ്മ്യൂണിറ്റിയെയും കുടുംബത്തെയും മുഴുവൻ പറ്റിച്ചത്. ഏതു നുണയെയും പോലെ അത് തകരുമ്പോൾ വേറെ വഴിയില്ലാതെ അയാൾ കുടുംബത്തെ കൊന്നു തള്ളി. Romand-ന്റെ നുണകളും അതിന്റെ പ്രത്യാഘാതങ്ങളും തന്നെ അസുഖകരമാണെന്നിരിയ്ക്കേ അയാൾ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ സ്വന്തം മക്കളെ കൊല്ലുന്നതും മറ്റും തന്റെ സ്വതസിദ്ധമായ രീതിയിൽ വിശദശാംശങ്ങളോടെ നോവലിസ്റ്റ് വിവരിയ്ക്കുമ്പോൾ വായന അതീവ ദുഷ്കരമായിത്തീരുന്നു. ദിവസങ്ങളോളം ഇത് വായിച്ചതിന്റെ ആഘാതത്തിൽ നിന്ന് എനിയ്ക്ക് മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. അയാളുടെ ക്രൂരത മാത്രമല്ല അത് ചെയ്യുമ്പോൾ അയാൾ കാണിയ്ക്കുന്ന ലാഘവത്വം, അയാളുടെ സമയത്തെ ചിന്തയിലെയും പ്രവൃത്തിയിലെയും സ്വാഭാവികത എന്നിവ കൂടിയാണ് നമ്മെ ഞെട്ടിയ്ക്കുന്നത്.   
 
പിൽക്കാലത്ത് അയാളോട് അനുഭാവം പ്രകടിപ്പിയ്ക്കുന്ന ആളുകളെയും Carrère കണ്ടുമുട്ടുന്നുണ്ട്. എന്നാൽ അവരൊക്കെയും Romand-ന്റെ വ്യക്തിത്വത്തിൽ വീണു പോയവരായിരുന്നു എന്ന് അയാൾക്ക്‌ മനസ്സിലാക്കുന്നുണ്ട്. അവരിൽ ഒരാളോട് Carrère പറയുന്നു - “he lies. That’s his mode of being, he can’t do otherwise, and I think he does it more to fool himself than to fool others. ” താൻ മെഡിക്കൽ പരീക്ഷ പാസായിട്ടില്ല എന്ന സത്യം മറയ്ക്കാനുള്ള ഒരു ചെറിയ നുണയിൽ തുടങ്ങുന്ന Romand പിന്നെ വിദഗ്ദമായ നുണകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിയ്ക്കുന്നു. മരുന്നുകളിലെ അറിവും വ്യക്തിബന്ധങ്ങളും എല്ലാം ഉപയോഗിച്ച് അയാൾ ഒരിയ്ക്കലും ആരുമൊന്നും കണ്ടുപിടിയ്ക്കാതെ രക്ഷപ്പെട്ടുപോകുന്നു എന്നതാണ് അയാളുടെ കഥയിലെ ഏറ്റവും അത്ഭുതകരമായ അംശം. അയാളുടെ അയൽക്കാരും  ബന്ധുക്കളും ഇതെല്ലാം ആലോചിച്ചു പിന്നീട് അതിശയപ്പെടുന്നുണ്ട്. ഒരു ഗ്രൂപ്പിലെ അംഗങ്ങൾ ഊഴമെടുത്ത്, ഒരിയ്ക്കലും അണിമുറിയാതെ പ്രാർത്ഥന നടത്തുന്ന ഒരു പ്രത്യേക ക്രിസ്ത്യൻ സെക്റ്റിന്റെ ഭാഗമായി തീരുന്ന അയാൾ പിന്നെ തന്റെ അച്ചടക്കവും സമർപ്പണവും വഴി അവർക്കിടയിൽ പേരെടുക്കുന്നുണ്ട്. അതിനെക്കുറിച്ചു അയാൾ Carrère-യ്ക്കുള്ള കത്തുകളിൽ വാചാലനാകുന്നു. ആ സെക്റ്റിൽ അംഗമായ Marie-France എഴുത്തുകാരനോട് പറയുകയാണ് - “To think that it should have taken all those lies, those random accidents, and that terrible tragedy so that today he might do all the good he does around him. It’s something I’ve always believed, you see, and that I see at work in Jean-Claude’s life: everything works out and finds its meaning in the end for those who love God.” താൻ സ്തബ്ധനായിപ്പോയി എന്നാണ് Carrère പറയുന്നത്. “I no longer saw any mystery in his long imposture, only a pathetic mixture of blindness, cowardice, and distress.” എഴുത്തുകാരൻ തുടരുന്നു. Romand-നെ സംബന്ധിച്ച ഫയലുകളും കുറിപ്പുകളും അയാൾ പെട്ടികളിലാക്കി തന്റെ സ്റ്റുഡിയോയിൽ ഒരലമാരയ്ക്കകത്തു തള്ളുന്നു, ഇനിയൊരിയ്ക്കലും അവ തുറക്കില്ലെന്ന നിശ്ചയത്തോടെ. അപ്പോഴും Carrère-യ്ക്ക് മനസ്സിൽ “He is not putting on an act, of that I’m sure, but isn’t the liar inside him putting one over on him? ” എന്നാണ് ചിന്ത. ആ നുണയനാണ് Romand-ന്റെ ജീവിതത്തിലെ Adversary-യും. 
 
“I thought that writing this story could only be either a crime or a prayer.” - Carrère പറയുന്നു. ഒരു ഫിക്ഷണൽ കഥയായി എഴുതിയിരുന്നെങ്കിൽ പോലും അവിശ്വസനീയമായി തോന്നിയേക്കാവുന്നത്ര യുക്തിയില്ലാതെയാണ് ഈ സംഭവ കഥയിലെ പാത്രങ്ങൾ പെരുമാറുന്നത് എന്നതാണ് രസകരം അഥവാ ഫിക്ഷനെ വെല്ലുന്ന തരത്തിലുള്ള യഥാർത്ഥ ജീവിതമാണ് അവരുടേത്. ഒരു ഫോൺ വിളിയോ  ഒരു മെയിലൊ ചെയ്‌താൽ തകരാവുന്ന ഒരു നുണയിൽ തൂങ്ങി ഒരാൾ വർഷങ്ങൾ കഴിയ്ക്കുമ്പോൾ  അയാൾക്ക് ചുറ്റുമുള്ളവർ അവരറിയാതെ അയാളുടെ കുറ്റകൃത്യത്തിൽ പങ്കാളികളാകുകയായിരുന്നു എന്നതാണ് സത്യം. ആ അസുഖകരമായ തിരിച്ചറിവ് കൂടിയാണ് ഈ നോവൽ.
പ്രധാന വാർത്തകൾ
 Top