04 June Sunday

‘നഷ്ടപ്പെടാൻ ഒന്നുമില്ലാതെ സ്വതന്ത്രരാകുന്നവർ’

സുനി സി സുകുUpdated: Monday Jun 15, 2020

സുനി സി സുകു

സുനി സി സുകു

'നഷ്ടപ്പെടാൻ ഒന്നുമില്ലാതാവുമ്പോൾ നിങ്ങൾ സ്വതന്ത്രരാവുന്നു'  ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയ്‌ലോ 2006  ൽ എഴുതിയ  "ഇലവൻ മിനിറ്റ്സ്" എന്ന നോവലിലെ വാചകങ്ങളാണിവ. ആധ്യാത്മികതയുടെയും മന്ത്രവാദത്തിന്റെയും ആഭിചാരങ്ങളുടേയും ഒക്കെ കഥകൾ പറഞ്ഞിട്ടുള്ള പൗലോ കൊയ്‌ലോയുടെ തികച്ചും സ്ത്രീപക്ഷ ചിന്താഗതിയിൽ ഊന്നി നിൽക്കുന്ന ഒരു കൃതി കൂടിയാണ് ഇലവൻ മിനിറ്റ്സ്.

യാഥാസ്ഥിതികമായ, പാരമ്പര്യാധിഷ്ഠിതമായ ചുറ്റുപാടുകളിൽ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന ജീവിതങ്ങളിൽ നിന്ന് പുറത്തു ചാടിപ്പോകുന്ന അനേകം സ്ത്രീജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മനുഷ്യർ എവിടെയും ഒരു പോലെ ആയതുകൊണ്ട്, സാംസ്കാരികമായ ചില വ്യത്യാസങ്ങൾ ഒഴിച്ച് നിർത്തിയാൽ സ്ത്രീജീവിതവും ഏതാണ്ടെല്ലായിടത്തും ഒരേ പോലെ തന്നെയാണ്. അതുകൊണ്ടു തന്നെ ബ്രസീലിലെ ഒരു കുഗ്രാമത്തിൽനിന്നു ജീവിതം പിടിക്കാൻ പുറപ്പെടുന്ന മരിയക്കും ജീവിതം തേടി പുറത്തു പോകേണ്ടി വരുന്ന കേരളത്തിലെ, ഇന്ത്യയിലെ തന്നെയോ ഒരു പെൺകുട്ടിക്കും നേരിടേണ്ടിവരുന്നത്‌ ഒരേ ജീവിത യാഥാർഥ്യങ്ങൾ. സത്യങ്ങൾ മുഴുവൻ തുറന്നു പറയാൻ അവർക്ക്‌ കഴിയുന്നുമില്ല. ഒരു വ്യത്യാസമുള്ളത്, മരിയക്ക് ഒറ്റയ്ക്ക് വിദേശത്തു പോകാൻ നമ്മുടെ സ്ത്രീകൾക്കുള്ളത്ര തടസ്സങ്ങൾ ഇല്ലെന്നതാണ്. കൂട്ടുകാരുടെ  ചില ചില്ലറ നിരുത്സാഹമെടുത്തലുകൾ ഒഴിച്ചാൽ.

മരിയ എന്ന ഒരു സാധാരണ പെൺകുട്ടിയുടെ ഉൽക്കർഷേച്ഛയും അതിനായി അവൾ തിരഞ്ഞെടുത്ത വഴികളും ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ  അവളുടെ മാനസികമായ  വളർച്ചയും ആണ് നോവലിന്റെ ഉള്ളടക്കം. ബ്രസീലിലെ ഒരു ഉൾഗ്രാമത്തിലെ ഏതൊരു പെൺകുട്ടിയെയും പോലെ നല്ല ജീവിത സാഹചര്യങ്ങൾ ഉള്ള ഒരു ഭർത്താവിനെ കിട്ടുക എന്നതായിരുന്നു അവളുടെയും സ്വപ്നം. നന്നേ കുട്ടിയായിരിക്കുമ്പോൾ ഒരു സഹപാഠിയോട് തോന്നിയ മാനസിക അടുപ്പവും പെന്സിലുണ്ടോ എന്ന ചോദ്യത്തിന് അവനോട് ഒരു 'യെസ്' പറയാൻ (വാസ്തവത്തിൽ അവന്റെ നിഷ്കളങ്കമായ ഒരു പ്രണയാഭ്യർത്ഥന ആയിരുന്നു അത്) കഴിയാതെ പോയതിൽ പിന്നീട് മരിയ വിഷമിക്കുന്നുണ്ട്. വരും കാലങ്ങളിൽ ജീവിതത്തിലെ പല ഘട്ടങ്ങളിലും 'യെസ്' പറയാൻ ഈ സംഭവം മരിയയെ ഇത് പ്രാപ്തയാക്കി. രണ്ടു മൂന്നു കൗമാര പ്രണയങ്ങൾക്കു ശേഷം നല്ല ഭർത്താവിനെ തിരയുക എന്ന ശ്രമം അവൾ ഉപേക്ഷിക്കുന്നു. ഒരു കടയിലെ കണക്കെഴുത്തുകാരി ആയി ജോലി നോക്കുകയായിരുന്ന മരിയയെ കടഉടമസ്ഥനു ഇഷ്ടമായിരുന്നു. അയാൾ അധികമായി കൊടുത്ത ശമ്പളം കൊണ്ട് മരിയക്ക്  ബ്രസീലിലെ പ്രമുഖ  നഗരമായ റിയോ ഡി ജനീറ കാണാൻ തനിയെ പോവുക എന്ന തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനായി. അവളുടെ ജീവിതം പുതിയ മാനങ്ങളിലേക്ക് കടക്കുകയായിരുന്നു.

റിയോ ഡി ജനീറയിൽ ബീച്ചിലൂടെ സ്വതന്ത്രമായി നടക്കുമ്പോഴാണ് ബ്രസീലിലെ തനതു കലയായ സാംബ നൃത്തം പഠിപ്പിക്കുന്നതിനായി സ്വിട്സര്‌ലാണ്ടിലെക്ക് അവിടെ വച്ച് കണ്ട ഒരു സഞ്ചാരി അവളെ ക്ഷണിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ശമ്പളവും അയാൾ വാഗ്ദാനം ചെയ്യുന്നു. ദിഭാഷിയുടെ പ്രോത്സാഹനം കൂടെ ആയപ്പോൾ അവൾ അതിനു സമ്മതിക്കുന്നു. ഒരു രാത്രി അയാളുടെ കൂടെ ഹോട്ടലിൽ ഡിന്നറിനു പോകുന്നതിനു ആയിരം ഫ്രാൻകും നല്ല ഉടുപ്പുകളും അവൾക്കു കിട്ടുന്നു. മരിയയുടെ ആദ്യ പ്രതിഫലം.

ജനീവയിൽ അവളെ കാത്തിരുന്നത് തികച്ചും വിപരീതമായ ചുറ്റുപാടുകളാണ്. എവിടെയും പോകാൻ അനുവാദമില്ലാതെ, ആരെയും കാണാൻ കഴിയാതെ, അറിയാത്ത ഭാഷയും, പറ്റിക്കപ്പെട്ട ജോലിയും. അനധികൃതമായി നടത്തുന്ന നൃത്തശാലയെ പറ്റി മുറിഞ്ഞ ഭാഷയിൽ കേസിനു പോകും എന്ന പ്രസ്താവം അവൾക്കു കൂടുതൽ തുക നൽകാൻ ഉടമസ്ഥൻ നിര്ബന്ധിതനായി. മരിയ ആ ജോലി വിടുന്നു.

കയ്യിലുള്ള തുക കൊണ്ട് അവൾ ഫ്രഞ്ച് പഠിക്കാനും വേറെ ജോലി തിരയാനും തുടങ്ങുന്നു. അടുത്തുള്ള ലൈബ്രറിയിൽ പോക്കും അവിടത്തെ ലൈബ്രറിയനായ സ്ത്രീയുമായുള്ള പരിചയവും അവളെ ഒരു വായനക്കാരി ആക്കുന്നു. എന്നാൽ ജീവിതം എവിടെയും എത്തുകയില്ലെന്നും ഒന്നും കയ്യിലില്ലാതെയുള്ള മടങ്ങിപ്പോക്ക് ദുഷ്കരമാണെന്നും മരിയ മനസിലാക്കുന്നു. അങ്ങനെയാണ് സമയം വിൽക്കുന്ന നാട്ടിൽ തന്റെ ശരീരം വിറ്റ് (മനസ്സല്ല, (മനസ്സല്ല, മനസ് കൊണ്ട് അവൾ തന്റെ ജോലി ആസ്വദിച്ചിരുന്നില്ലെന്നു നോവലിൽ എടുത്തു പറയുന്നുണ്ട് ) കുറഞ്ഞ കാലത്തിൽ പരമാവധി പണം സ്വരൂപിക്കാനുള്ള തീരുമാനം മരിയ എടുക്കുന്നത്. 'എല്ലാവരും പറയുന്നു ഇതൊരു തെറ്റായ തീരുമാനം ആണെന്ന്. യഥാർത്ഥത്തിൽ ലോകം എന്നിൽ നിന്നെന്താണ് പ്രതീക്ഷിക്കുന്നത് ? തെറ്റായ തീരുമാനമാണ് എടുക്കുന്നതെങ്കിൽ, തെറ്റുകളും ജീവിതത്തിന്റെ ഭാഗമല്ലേ' എന്നാണ് മരിയ ചോദിക്കുന്നത്.

ഒരു നിശാക്ലബിലെ ലൈംഗിക തൊഴിലാളി ആയി മരിയ ജോലി ആരംഭിക്കുന്നു. അവിടെ മരിയ പെട്ടെന്ന് പ്രശസ്തയാവുന്നു. ഒരു വര്ഷം ജോലി ചെയ്ത് കിട്ടുന്ന സമ്പാദ്യവുമായി ബ്രസീലിൽ ചെന്ന് മാതാപിതാക്കൾക്ക് ഒരു ഫാമും വീടും ഉണ്ടാക്കി തന്നെ കാത്തിരിക്കുന്ന കട ഉടമസ്ഥനെയും വിവാഹം ചെയ്ത് ജീവിക്കണമെന്നാണ് അവൾ തീരുമാനിച്ചത്.

തന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് മരിയയുടെ മാനസിക വളർച്ച വായനക്കാരിലെത്തുന്നത്. അവൾക്ക് സംസാരിക്കാൻ കൂട്ടിനു ആരും ഉണ്ടായിരുന്നില്ല. എന്നാൽ ആൾക്കൂട്ടത്തിൽ ആ  ഏകാന്തത അവൾ ആസ്വദിക്കുകയും ചെയ്തിരുന്നു.

കാര്യങ്ങൾ മാറുന്നത് അവൾ പ്രശസ്ത ചിത്രകാരൻ റാൽഫ് ഹാർട്ടിനെ കണ്ടുമുട്ടിയപ്പോഴാണ്. അയാൾ അവളുടെ 'ആന്തരിക വെളിച്ചത്തെ'പ്പറ്റി അവളോട് പറയുന്നു. ജനീവയിലെ സ്ത്രീകൾ എന്ന തന്റെ ചിത്ര പരമ്പരയിൽ അയാൾ അവളുടെ ചിത്രം ചേർക്കുന്നു. തന്റെ 'ആന്തരിക വെളിച്ചം' കണ്ടെത്തുന്നതായിരുന്നു മരിയയുടെ പിന്നീടുള്ള ഓരോ നിമിഷവും. രണ്ടു തരം വേശ്യാവൃത്തി ഉണ്ടെന്നും അതിലൊന്ന് സാധാരണ ജോലി പോലെ ചെയ്യുന്നതും മറ്റൊന്ന് സാത്വികവൃത്തി പോലെയെന്നും ചിത്രകാരൻ ആണ് അവളോട് പറയുന്നത്.  വേശ്യാവൃത്തിയുടെ ചരിത്രത്തെ പറ്റി അയാൾ അവളെ പഠിപ്പിക്കുന്നു. മരിയ ക്രമേണ റാൽഫിനോട് അനുരാഗത്തിലാകുന്നു. ജോലിയുടെ ഭാഗമെന്ന നിലയിൽ സഹനത്തിലൂടെ ആനന്ദം കണ്ടെത്തുന്ന ചില രീതികൾ കൂടി മരിയ മനസ്സിലാക്കുന്നുണ്ട്. പല വഴികളിലൂടെയും സഞ്ചരിച്ചു കഴിഞ്ഞിട്ടുള്ള റാൽഫ് അവളെ അതിൽനിന്നു പിന്തിരിപ്പിക്കുകയാണ്. അവളുടെ മാനസിക ഔന്നത്യം ആണ് റാൽഫിനെ മരിയയിൽ കൊളുത്തി ഇടുന്നത്. ലോകം നിശ്ചലമായ ഒരു നിമിഷത്തിൽ, പണം എന്ന ആകർഷണം അവസാനമില്ലാത്ത കാലത്തോളം തന്നെ ജനീവയിൽ തളച്ചിടുമെന്നു മനസിലാക്കിയ മരിയ തന്റെ സമ്പാദ്യവുമായി ബ്രസീലിലേക്ക് മടങ്ങുന്നു.

ആത്യന്തികമായി ലൈംഗികതയുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ അനാവരണം ചെയ്യുന്ന ഈ നോവൽ തികച്ചും വ്യത്യസ്തമായ തലങ്ങളിലൂടെയാണ്  പുരോഗമിക്കുന്നത്. വഴിയിൽ വെച്ച റാൽഫ് കാത്തു നിന്ന് മരിയയെ ജീവിതത്തിലേക്ക് കൂട്ടുന്ന പതിവ് ക്ളീഷെയിൽ കഥ തീരുകയും ചെയ്യുന്നുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top