ചിറകിലേറ്റിപ്പറന്ന ചിത്രകഥകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2015, 12:02 PM | 0 min read

 ബൈബിളിനും പാഠപുസ്തകങ്ങള്‍ക്കും പുറമെ, വൈകിട്ട് കട പൂട്ടി വരുമ്പോള്‍ അപ്പന്‍ ചുരുട്ടിപ്പിടിച്ചുകൊണ്ട് വന്നിരുന്ന ദിനപത്രംമാത്രം വായിക്കാന്‍ ലഭിച്ചിരുന്ന ഒരു വീട്ടില്‍ വളര്‍ന്ന എന്റെ ഭാവനാജീവിതത്തിന് ഫിക്ഷനിലേക്ക് പറക്കാനുള്ള ചിറകുകള്‍ നല്‍കിയത് പത്രങ്ങളില്‍ അക്കാലത്തുണ്ടായിരുന്ന ചിത്രകഥകളാണ്.

മാന്ത്രികനായ മാന്‍ഡ്റേക്കും ലീ ഫോക്കിന്റെ ഫാന്റവുമൊക്കെ ചേര്‍ന്നാണ് വായനയുടെ വിശാല വിഹായസ്സിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. എന്റെ തലമുറയിലെ ഒട്ടുമിക്കവരെയുംപോലെ, ഒരു വീട്ടില്‍ത്തന്നെ വളര്‍ന്ന കുട്ടി ആയിരുന്നില്ല ഞാന്‍. പല വീടുകളാല്‍ വളര്‍ത്തപ്പെട്ട ഒരു കുട്ടിയവയിരുന്നു. അതിനാല്‍, അയലത്തെ വീടുകളില്‍ ലഭ്യമായിരുന്ന പത്രമാസികകള്‍ പില്‍ക്കാലം എന്റെ വായനസ്നേഹത്തെ പരിപോഷിപ്പിച്ചുപോന്നു. ഹൈസ്കൂള്‍പ്രായത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചുതുടങ്ങിയ ഖസാക്കിന്റെ ഇതിഹാസം എന്റെ അക്കാല സാഹിത്യഭാവുകത്വത്തെ പിടിച്ചുലച്ചപ്പോഴുണ്ടായ ഉള്ളുലച്ചില്‍ ഇന്നും എനിക്ക് വ്യക്തമായി ഓര്‍ക്കാനാകുന്നു.

അതിനോടകം, സ്കൂള്‍ക്ലാസുകളിലെ ഉപപാഠപുസ്തകങ്ങളും നല്ല സാഹിത്യത്തിന്റെ ഉള്‍വെളിച്ചങ്ങള്‍ എന്റെ മനസ്സിലേക്ക് കടത്തിവിട്ടിരുന്നതിനാല്‍ പാഠപുസ്തകങ്ങളെ കുറച്ചൊരു നീരസത്തോടെ കാണുകയും ഉപപാഠപുസ്തകങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്തിരുന്ന ഒരു വിദ്യാര്‍ഥിയായിത്തീര്‍ന്നിരുന്നു ഞാന്‍. ആനുകാലികങ്ങള്‍ നല്‍കിയ സാഹിത്യപരിചയത്തിന്റെ പിന്‍ബലത്തില്‍ നാട്ടിലെ ഗ്രാമീണവായനശാലയില്‍ പോയി ഇഷ്ടപുസ്തകങ്ങള്‍ സ്വയം കണ്ടെത്തുകയും ചെയ്തുപോന്നിരുന്നു. ആ വായനശാലവഴിതന്നെ വന്നെത്തിയ സമാന മനസ്കരുമായുള്ള സൗഹൃദങ്ങളും വായനയെ വിപുലമാക്കുന്നതില്‍ ഒട്ടേറെ സഹായിച്ചു. വായനയുടെ ആദ്യകാലത്ത് എന്നെ ഏറെ വശീകരിച്ചത് എം ടി കൃതികളായിരുന്നു. തകഴിയിലേക്കും ബഷീറിലേക്കും പോറ്റെക്കാട്ടിലേക്കും കാരൂരിലേക്കുമൊക്കെ കടന്നുചെന്നതുപോലും പിന്നീടാണ്. അതുപോലെതന്നെ ആശാനെയും ചങ്ങമ്പുഴയെയും ഒക്കെ വായിക്കുന്നതും ജിയെയും വൈലോപ്പിള്ളിയെയും ഒക്കെ വായിച്ചതിനുശേഷമാണ്. പാഠഭാഗങ്ങള്‍ക്ക് പുറത്തേക്ക് പോയി സ്വന്തം നിലയ്ക്ക് ഇതിഹാസപുരാണങ്ങളിലേക്ക് സഞ്ചരിച്ചതോ?അതിനൊക്കെശേഷവും.

അങ്ങനെ ജീവിതപരിസരങ്ങളിലെ പരാധീനതകള്‍കൊണ്ട് എന്റെ വായനയില്‍ ഒരല്‍പ്പം തലതിരിച്ചില്‍ സംഭവിച്ചിട്ടുണ്ട്. പ്രീഡിഗ്രി പഠനകാലത്ത് വായിച്ച ജെയിംസ് ബോണ്ട്, പെരി മേസന്‍, ഷെര്‍ലക് ഹോംസ് കുറ്റാന്വേഷണ നോവല്‍പരമ്പരകളുടെ അപാരമായ വായനക്ഷമതയാണ് എന്നെ ഇംഗ്ലീഷ് പുസ്തകവായനയിലേക്ക് വഴിനടത്തിയത് ഒരുപാട് നല്ല ഇംഗ്ലീഷ് പുസ്തകങ്ങള്‍ അധികമാര്‍ക്കും വേണ്ടാത്ത നിലയില്‍ സൂക്ഷിക്കപ്പെട്ടിരുന്ന കോളേജിലെ കോളിന്‍സ് ലൈബ്രറിയില്‍നിന്നെടുത്താണ് തോമസ് ഹാര്‍ഡി, ചാള്‍സ് ഡിക്കെന്‍സ്, ജെയിന്‍ ഓസ്റ്റിന്‍, ഹെര്‍മന്‍ മെല്‍വില്‍ മുതല്‍പേരുടെ നോവലുകളും വേര്‍ഡ്സ് വെര്‍ത്, ഷെല്ലി, കീറ്റ്സ്, കോള്‍റിഡ്ജ് തുടങ്ങിയവരുടെ കവിതകളുമൊക്കെ വായിച്ചിട്ടുള്ളത്.

ആ വായനപരിചയം നല്‍കിയ പുതുഭാവുകത്വത്തോടെ സമീപിച്ച എന്നെ ഫോക്നറും ഡി എച്ച് ലോറന്‍സും ടി എസ് എലിയട്ടും ലോറന്‍സ് ഡ്യൂറലും ഹെമിങ് വേയും ടോള്‍സ്റ്റോയ്, ദസ്തേവ്സ്കി, ഷോളോഖോവുമാരും കസ്സന്‍സാക്കിസും അപ്ഡേക്കുമൊക്കെ അവരവരുടേതായ അത്ഭുത ഭൂഖണ്ഡങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. എഴുപതുകളില്‍ അത്യാധുനികതയുടെ അധിനിവേശകാലത്ത് എന്റെ ഇഷ്ടവായന സാര്‍ത്രെ, കാമു, കാഫ്കമാരിലേക്ക് കൂടുമാറി. എം കൃഷ്ണന്‍നായരുടെ "സാഹിത്യവാരഫലം' മുഖേനയാണ് പില്‍ക്കാലമെന്നും ഏറെ പ്രിയപ്പെട്ടതായി കരുതിപ്പോരുന്ന ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ എത്തിച്ചേര്‍ന്നത്. ജെയിംസ് ജോയ്സും സോള്‍ ഷെനിറ്റ്സിനും കാല്‍വിനോയും കുന്ദേരയും കുറ്റ്സെയും കവാബാത്തയും സരമാഗോയുമൊക്കെ എനിക്ക് പ്രിയങ്കരരാവുന്നതും ഏതാണ്ട് അതേ കാലയളവില്‍ത്തന്നെയാണ്.പുനര്‍വായന ആവശ്യമെന്ന് ആദ്യവായനയില്‍ എനിക്ക് തോന്നിയിട്ടുള്ള രചനകള്‍ പരിമിതമാണ്.

മലയാളത്തില്‍ ഖസാക്കി ന്റെ ഇതിഹാസമാണ് പലവട്ടം വായിച്ച ഒരേയൊരു പുസ്തകം. മഞ്ഞും പ്രകൃതിനിയമവുംപോലെ ചുരുക്കം ചിലതും ഒന്നിലേറെ തവണ വായിച്ചിട്ടുണ്ട്. ഏതെങ്കിലും രചനകളുടെ പേരില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍ അനേകരുണ്ടെങ്കിലും, വായിച്ചിട്ടുള്ള എല്ലാ കൃതികളിലും മികവ് തോന്നിയിട്ടുണ്ടെന്നു പറയാനാകുന്നത് മാര്‍ക്വേസിന്റെയും കുന്ദേരയുടെയും കാര്യത്തില്‍മാത്രമാണ്. വായിച്ച നാള്‍മുതല്‍ ഇന്നോളം എന്നെ വിടാതെ പിന്തുടര്‍ന്നിട്ടുള്ള ഒരു വായനാനുഭവമുണ്ട് "കേണലിന് ആരും എഴുതുന്നില്ല' എന്ന മാര്‍ക്വേസിന്റെ ലഘുനോവല്‍.സമീപകാലത്തെ വായനാനുഭവങ്ങളില്‍നിന്ന് ഉയര്‍ത്തിക്കാട്ടാന്‍ തോന്നുന്ന ഒരു പുസ്തകം കസുവോ ഇഷിഗുരോയുടെ "ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്ളോട്ടിങ് വേള്‍ഡ്' എന്ന നോവലാണ്.

രണ്ടാം ലോകമഹായുദ്ധാനന്തരം, രാജ്യ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജാപ്പനീസ് ജനത അനുഭവിച്ച ആത്മസംഘര്‍ഷങ്ങളാണ് ഈ നോവലിന്റെ പ്രമേയം. യുദ്ധകാലചെയ്തികളുടെ പേരില്‍ ദേശസ്നേഹിയായി വാഴ്ത്തപ്പെടുന്ന ഒരാള്‍തന്നെ യുദ്ധത്താല്‍ തകര്‍ന്ന ഒരു സമൂഹത്തില്‍ എങ്ങനെ ഒരു ദേശദ്രോഹിയായി കാണപ്പെടാം എന്നും യുദ്ധത്തില്‍ ബലി കഴിക്കപ്പെട്ടവരുടെ ഓര്‍മകള്‍ അതിജീവനം സാധ്യമായവരെ എവ്വിധമൊക്കെ വേട്ടയാടുന്നുവെന്നും ആ ബലിദാനങ്ങളുടെ പേരില്‍ അവര്‍ അനുഭവിക്കുന്ന ആത്മനിന്ദകള്‍ അവരെ ആത്മാഹുതിയോളം എത്തിക്കാന്‍ പോന്നവയാണെന്നും തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ഇഷിഗുരോ കണ്ടെത്തുന്നു. സാര്‍വദേശീയമായ ചില മനുഷ്യാനുഭവങ്ങളുടെ അതീവലളിതമായ ആവിഷ്കാരമായാണ് ഞാന്‍ ഈ പുസ്തകത്തെ വായിച്ചത്.

ഭാഷയിലോ രചനാതന്ത്രങ്ങളിലോ എടുത്തുപറയത്തക്ക പുതുമകളോന്നുമില്ലാതെതന്നെ സാമൂഹികമായ സംഘര്‍ഷാവസ്ഥകള്‍ വീടകങ്ങളിലെ മനുഷ്യബന്ധങ്ങളെപ്പോലും സാമാന്യ സങ്കല്‍പ്പങ്ങള്‍ക്ക് അതീതമാംവണ്ണം ഉലയ്ക്കാമെന്നുള്ളത്, ആ ഉലച്ചിലിന്റെ വ്യാപ്തി എത്രത്തോളം ആവാമെന്നുമുള്ളത് ഹൃദ്യതയോടെ, ആഘാതശേഷിയോടെ അനുഭവവേദ്യമാക്കുന്നു എന്നതാണ് ഈ പുസ്തകത്തെ എന്റെ ഇഷ്ടപുസ്തകമാക്കിയ മുഖ്യ ഘടകം. സമീപകാല ഇന്ത്യന്‍ അവസ്ഥകളില്‍ അതേ പ്രമേയം സ്വന്തം മനസ്സിലെ സജീവമായ ചിന്താവിഷയമായിരിക്കെത്തന്നെയാണ് ഈ പുസ്തകം എന്നിലേക്ക് എത്തിച്ചേര്‍ന്നത് എന്നതിലെ ആകസ്മികതയും ഇതിന്റെ വായനാനുഭവത്തെ കൂടുതല്‍ ഹൃദ്യമാക്കി.രൂപകങ്ങള്‍ തീരെ പരിമിതമായ ഈ രചനയില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഒരു രൂപകമുണ്ട്.

യുദ്ധപൂര്‍വകാലത്ത് ടെലിഗ്രാഫ് കമ്പികളില്‍ നിരനിരയായി ഇരിക്കാറുണ്ടായിരുന്ന പക്ഷികള്‍ യുദ്ധാനന്തരം ആ ഇണക്കുകമ്പികള്‍ ഇല്ലാതായ ടെലിഗ്രാഫ് പോസ്റ്റുകളില്‍ പറ്റംചേര്‍ന്ന് പറ്റിപ്പിടിച്ചിരിക്കുന്നതിന്റെ ഒരു വാങ്മയ ചിത്രം! എന്തിനേറെ? ആ ഒരേയൊരു രൂപകംമാത്രം മതിയല്ലോ ഈ കൃതിയുടെ ഉള്ളറിയാന്‍.പാത്രസൃഷ്ടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സൂക്ഷ്മതകൊണ്ടും സംഭാഷണങ്ങളുടെ ചടുലതകൊണ്ടും നോവല്‍ രചനാപാടവം പഠിക്കാനുതകുന്ന ഒരു പാഠപ്പുസ്തകംപോലെയും ഈ കൃതി വായിക്കാവുന്നതാണ്. മേല്‍പ്പറഞ്ഞ പ്രമേയപരിസരം ആവശ്യപ്പെടുന്നത്ര ആത്മഗൗരവം ഉടനീളം സൂക്ഷിക്കുന്നതില്‍ ഇഷിഗുരോ പുലര്‍ത്തിയിട്ടുള്ള ജാഗ്രതയും ശ്രദ്ധേയമായി തോന്നി. ജാപ്പനീസ് വംശജനെങ്കിലും ജീവിതംകൊണ്ട് ഇംഗ്ലണ്ട് സ്വദേശമാക്കിയ എഴുത്തുകാരനാണ് ഇഷിഗുരോ. എന്നിട്ടും ആവിഷ്കാരത്തിലെ കൈയൊതുക്കവും ലാളിത്യവുംകൊണ്ട് ഈ പുസ്തകം സാധര്‍മ്യം പുലര്‍ത്തുന്നത് ജാപ്പനീസ് കലാ, സാഹിത്യ പാരമ്പര്യങ്ങളോടാണെന്നുള്ളതും ഏറെ കൗതുകകരമായി അനുഭവപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home