29 May Friday

സമരയാത്ര സാഹിത്യയാത്ര

ബി അബുരാജ്Updated: Tuesday Dec 3, 2013

മധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ ശക്തമായ ഒരു സാംസ്കാരിക അന്തര്‍ധാരയുണ്ട്. യാഥാസ്ഥിതികത്വത്തിനും ഫ്യൂഡലിസത്തിനുമെതിരായ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രതിഭാശാലികള്‍ പലരും എഴുത്തുകാരന്മാരും കലാകാരന്മാരും ആയിരുന്നതിനാലാണ് സാംസ്കാരികപ്രവര്‍ത്തനവും രാഷ്ട്രീയപോരാട്ടങ്ങളും ഒന്നായിത്തീരുന്ന സവിശേഷമായ സാഹചര്യമുണ്ടായത്.     തോപ്പില്‍ ഭാസി, കാമ്പിശേരി കരുണാകരന്‍, തിരുനല്ലൂര്‍, ഒ മാധവന്‍, പുതുശേരി രാമചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ തങ്ങളുടെ വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ഗാത്മകസൃഷ്ടികളെ മാറ്റിത്തീര്‍ത്തവരാണ്. പുരോഗമനകാരികളുടെ ഈ നിരയില്‍ ഇടംനേടിയ നോവലിസ്റ്റാണ് എ പി കളയ്ക്കാട് എന്ന അയ്യപ്പന്‍പിള്ള കളയ്ക്കാട്. കളയ്ക്കാടിന്റെ പൂര്‍വഗാമി ചെറുകാടാണ്. പ്രത്യയശാസ്ത്രനിലപാടുകളില്‍ വീട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധനല്ലായിരുന്ന ചെറുകാട് തെളിച്ച മാര്‍ഗത്തിലൂടെ അദ്ദേഹം മുന്നോട്ടുപോയി. തകഴിയുടെ രണ്ടിടങ്ങഴി, ചെറുകാടിന്റെ മണ്ണിന്റെ മാറില്‍, നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി തുടങ്ങി വിപ്ലവചിന്ത ഉണര്‍ത്തുന്ന ഒരുപിടി രചനകള്‍ മലയാളത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ എഴുതിത്തുടങ്ങിയ കളയ്ക്കാട് സ്കൂള്‍-കോളേജ് വിദ്യാര്‍ഥിയായിരിക്കെതന്നെ സംഘടനാപ്രവര്‍ത്തനത്തിലേക്കും സമരരംഗത്തേക്കും കടന്നുവന്നു. ക്രൂരമായ പൊലീസ് മര്‍ദനത്തിന് ഇരയായി. വാക്കിലും പ്രവൃത്തിയിലും ജീവിതാന്ത്യം വരെ പുരോഗമനകാരിയായി നിലകൊണ്ട അദ്ദേഹത്തിന്റെ ജീവിതകഥയാണ് "എ പി കളയ്ക്കാട്: ജീവിതവും പോരാട്ടവും" എന്ന പുസ്തകം നമ്മോട് പറയുന്നത്. കഥാകൃത്തായ ഇലിപ്പക്കുളം രവീന്ദ്രനാണ് രചയിതാവ്. ക്ലേശകരമായ ബാല്യകാലമായിരുന്നു കളയ്ക്കാടിന്റേത്. അനീതിക്കെതിരെ കലഹിക്കുന്ന മനസ്സുമായി ജീവിതദുരിതങ്ങളിലൂടെ വളര്‍ന്നു. വിദ്യാലയത്തിലെത്തിയപ്പോള്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംഘാടകനായി. കമ്യൂണിസ്റ്റ് ആശയങ്ങളുള്ള കവിത ചൊല്ലി എന്ന പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ടു. ഇതിനെതിരെ സമരം ചെയ്തപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 13 ദിവസം ലോക്കപ്പില്‍. ഒരു വര്‍ഷത്തിനകം ട്രാന്‍സ്പോര്‍ട്ട് സമരവുമായി ബന്ധപ്പെട്ട് മൂന്നുമാസം വീണ്ടും ലോക്കപ്പിലടയ്ക്കപ്പെട്ടു. കളയ്ക്കാടിന് 18 വയസ്സ് തികയുംമുമ്പാണ് ശൂരനാട് സമരം. പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും കളയ്ക്കാടും അറസ്റ്റ് ചെയ്യപ്പെട്ടു. എല്ലുനുറുങ്ങുന്ന മര്‍ദനമുറകളിലൂടെ പൊലീസ് ആ ചെറുപ്പക്കാരനെ ജീവച്ഛവമാക്കി. കമ്യൂണിസ്റ്റാണെന്ന പേരില്‍ സര്‍ക്കാര്‍ജോലി നിഷേധിക്കപ്പെട്ട അനുഭവവും പില്‍ക്കാലത്ത് കളയ്ക്കാടിനുണ്ടായി. ഏഴു നോവലുകളും ഏതാനും ചെറുകഥകളുമാണ് സാഹിത്യത്തില്‍ കളയ്ക്കാടിന്റെ സംഭാവന. 1952ല്‍ ആദ്യനോവല്‍ "വെളിച്ചം കിട്ടി" പ്രസിദ്ധീകരിച്ചു. പിന്നീട് സംക്രാന്തി, ഇടുക്കി, പോര്‍ക്കലി, അഗ്നിഹോത്രം, ചാഞ്ചാട്ടം, മഴക്കാറുകള്‍ എന്നിവ. ശൂരനാട് സമരമാണ് പോര്‍ക്കലിയുടെ പ്രമേയം. കളയ്ക്കാടിന്റെ ജീവിതം, നിലപാടുകള്‍, രചനകള്‍ എന്നിവ ലളിതമായ ഭാഷയിലും ആസ്വാദ്യകരമായ ശൈലിയിലും പറഞ്ഞു പോവുകയാണ് ഇലിപ്പക്കുളം രവീന്ദ്രന്‍. ചില ജീവിതസന്ദര്‍ഭങ്ങളെ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നതില്‍ രചയിതാവിന്റെ കഥാകഥന പാടവം സഹായിച്ചിട്ടുണ്ട്. ഭോപാലില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതാന്‍ പോയ സന്ദര്‍ഭം വിവരിക്കുന്നത് ഉദാഹരണമാണ്.     ഉറ്റ സുഹൃത്ത്, പിന്നീട് ദേശാഭിമാനി വാരികാ പത്രാധിപരായി തീര്‍ന്ന, എം എന്‍ കുറുപ്പും ഒപ്പമുണ്ട്. പലതും വിറ്റുപെറുക്കിയാണ് പരീക്ഷയെഴുതാനുള്ള പണം കണ്ടെത്തിയത്. പക്ഷേ, പരീക്ഷാദിവസം രാവിലെ കളയ്ക്കാട് ഒരു വാര്‍ത്തയറിഞ്ഞു- സ്റ്റാലിന്‍ മരിച്ചു. മുറിക്കുള്ളിലേക്ക് തിരിച്ചുകയറി കളയ്ക്കാട് പൊട്ടിക്കരഞ്ഞു. പരീക്ഷയെഴുതേണ്ടേ എന്നു കുറുപ്പ് ചോദിക്കുമ്പോള്‍ ""എന്തുപരീക്ഷ, സ്റ്റാലിന്‍ മരിച്ചില്ലേ..."" എന്നായിരുന്നു മറുപടി. സാഹിത്യകാരനായ കളയ്ക്കാടിനെപ്പറ്റി സാമാന്യമായ ഒരു വിവരണം ജീവചരിത്രകാരന്‍ നല്‍കുന്നു. എന്നാല്‍, ഓരോ കൃതിയെയുംപറ്റി ദീര്‍ഘമായ ഒരു പരിശോധനയ്ക്ക് മുതിരാതെ സാഹിത്യവിദ്യാര്‍ഥികളെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുക എന്ന സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. 14 അധ്യായങ്ങളുള്ള പുസ്തകത്തിന്റെ അനുബന്ധമായി കളയ്ക്കാടിന്റെ ഭാര്യ രാധമ്മ എഴുതിയ അനുസ്മരണം ചേര്‍ത്തിട്ടുണ്ട്. നാലുപതിറ്റാണ്ടോളം നീണ്ട ഒരാത്മബന്ധത്തിന്റെ നേര്‍ചിത്രമാണത്. ജന്മദേശത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെപ്പറ്റി കളയ്ക്കാടെഴുതിയ കുറിപ്പ് മറ്റൊരനുബന്ധമായുണ്ട്.

പ്രധാന വാർത്തകൾ
 Top