Deshabhimani

വായന പുതിയ വെയിലും തണലുമാകണം

panicker iv das
avatar
പയ്യന്നൂർ കുഞ്ഞിരാമൻ

Published on Jun 15, 2025, 11:09 AM | 2 min read

രണ്ടാം ലോകമഹായുദ്ധകാലത്ത് പുസ്തക രചനയും അതിന്റെ പ്രസാധനവും പ്രതിസന്ധി നേരിട്ടപ്പോഴാണ് സാഹിത്യപ്രവർത്തക സഹകരണ സംഘം രൂപംകൊണ്ടത്. കന്നട സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ നിരഞ്ജന കോട്ടയത്തെ സംഘത്തിൽ ഒരിക്കൽ പോയി. കയ്യൂരിന്റെ കാഥികനായ നിരഞ്ജനയെ പൊൻകുന്നം വർക്കിയും മറ്റും ചേർന്ന് സ്വീകരിച്ചു. അവിടെ കണ്ട ശബ്ദതാരാവലിയുടെ പേജുകൾ അദ്ദേഹം മറിച്ച് നോക്കുമ്പോൾ, ആദ്യം അച്ചടിച്ചത് 5000 പ്രതിയാണെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. അത് മുഴുവനും വിറ്റുപോയി. നിരഞ്ജന അത്ഭുതപ്പെട്ടു. ഒരു പുസ്തകം രചിക്കുന്നതോ അത് പ്രസിദ്ധപ്പെടുത്തുന്നതോ അല്ല പരമപ്രധാനം, ആ പുസ്-തകം ആസ്വാദകരിൽ എത്തിക്കുക എന്നതാണ്‌. അക്ഷരവും പുസ്-തകവും മലയാളിയുടെ ബോധതലത്തിൽ വരുത്തിയ മാറ്റങ്ങൾ വിലമതിക്കാനാകാത്തതാണ്‌. കീഴടങ്ങാത്ത സർഗാത്മകതയോടെ എഴുത്തുകാർ പ്രതികരിച്ചപ്പോൾ സമൂഹം കാൽനട പോവുകയും കാവലിരിക്കാൻ ഒരുങ്ങിപ്പുറപ്പെടുകയും ചെയ്തു. ചൂഷണത്തിനും അടിമത്തത്തിനും എതിരെ പൊരുതാൻ ജ്ഞാനത്തിന്റെ വിളക്ക് അത്യാവശ്യമാണെന്ന് നിരഞ്ജന പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്.

എഴുത്തുകാരൻ ഒരു യന്ത്രമല്ലെന്ന് നമുക്കറിയാം. അയാളുടെ ഹൃദയത്തിൽനിന്ന്‌ പുറത്തേക്ക്- ഒഴുകുന്ന വൈകാരികഭാവങ്ങളാണ് സാഹിത്യമായി പ്രതിഫലിക്കുന്നത്‌. കേരളത്തിൽ ജൂൺ 19 മുതൽ വായന ഒരു വിഷയമായി ചർച്ച ചെയ്യപ്പെടുന്നു. പി എൻ പണിക്കരെയും ഐ വി ദാസിനെയും ഓർത്തുകൊണ്ടാണ് ഈ വായനക്കാലം കേരളം സജീവമാക്കുന്നത്.

സാഹിത്യത്തിന്റെ പരമ്പരാഗത രീതിയും സമീപനവും മാറുന്ന കാലമാണിത്. അതുകൊണ്ടുതന്നെ വായനയും ആസ്വാദനവും കാലികമായ മാറ്റത്തിന് വിധേയമാകുന്നുണ്ട്. ഓരോ വായനയും ഓരോ ആശയലോകം തെളിയിച്ചെടുക്കുന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അടിസ്ഥാനംതന്നെ ജനങ്ങളാണ്‌. ജനങ്ങൾ ഇല്ലെങ്കിൽ സാഹിത്യത്തിന് നിലനിൽപ്പില്ല. സഹനത്തിലും സമരത്തിലും ജനതയോട് ചായ്‍വ് പുലർത്തുന്ന എഴുത്തുകൾക്കാണ് അനശ്വരത കൈവരുന്നത്.

കാലത്തിന്റെയും ജീവിതത്തിന്റെയും അടയാളങ്ങളായി പുസ്തകങ്ങൾ മാറുമ്പോൾ സമൂഹത്തിന്റെ ഗുണപരമായ കുതിപ്പിനെ അത് ത്വരിതപ്പെടുത്തുന്നു. ഈ അത്ഭുത പ്രപഞ്ചവും പൂക്കളും അതിന്റെ വർണഗന്ധ വിസ്മയവും ഗ്രാമങ്ങളും തോടുകളും പുഴകളും മരങ്ങളും ഒന്നും അറിയാതെ ഒറ്റപ്പെട്ട തുരുത്തിലെ ഡിജിറ്റൽ ലോക കണ്ണികളിൽ പിടിച്ചുതൂങ്ങുന്ന തലമുറ നമുക്ക് ചുറ്റുമുണ്ട്‌. ഏതോ മായികവലയത്തിൽ കുടുങ്ങി ചിന്തകൾപോലും പണയം വയ്‌ക്കുന്നവരായി മാറുകയാണവർ.

ബുക്കർ സമ്മാനം ലഭിച്ച ബാനു മുഷ്താഖിന്റെ ശ്രദ്ധേയമായ ഒരു കഥയുണ്ട്, ‘വീട്ടുമുറ്റത്തെ രക്തം'. വളർന്നു വലുതാകുന്നത് അമ്മ ഉൽക്കണ്ഠയോടെയാണ് കണ്ടത്. എന്നാൽ, പഠിപ്പും അറിവും കൈമുതലുള്ള ചെറുപ്പക്കാർ തീവ്രവാദികളായി മാറുന്നതായി അമ്മ ഭയപ്പെടുന്നു. മകൻ അർധരാത്രിവരെ കംപ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരുന്ന് ആരോടോ സംസാരിക്കുന്നതും മറ്റും ശ്രദ്ധിച്ചിരുന്നു. മകനെ വഴിതെറ്റിക്കുന്നത് കംപ്യൂട്ടറിന്റെ മോണിറ്റർ ആണെന്ന് വിശ്വസിച്ച അമ്മ അതുംകൊണ്ട് ഒരു ഷോപ്പിൽ ചെല്ലുന്നതാണ് കഥ. ഒരുപക്ഷേ ഇത് ഒരു കഥയിൽമാത്രം ഒതുങ്ങിനിൽക്കുന്ന അനുഭവമല്ല. വിക്‌ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവലിന്റെ പിറവി ഓർക്കുന്ന സന്ദർഭമാണിത്‌. മനുഷ്യൻ അജ്ഞതയിലും നിരാശയിലും കഴിയുന്നിടത്തോളം കാലം പാവങ്ങൾ വായിക്കപ്പെടുമെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. സ്നേഹത്തിനും സത്യത്തിനും ധാർമിക നീതിക്കും അന്തിമമായ വിജയം കൈവരിക്കുമെന്ന് ആ മഹാകൃതി തെളിയിക്കുന്നു.

അക്ഷരങ്ങൾ നവോത്ഥാന കാഹളം മുഴക്കിയ നാടാണിത്. സ്നേഹവികാരങ്ങൾ തട്ടിയുണർത്തി ഉടഞ്ഞ ജീവിതങ്ങൾ വിളക്കിച്ചേർക്കാൻ പുസ്തകവായന സഹായമാകുന്നു. മനുഷ്യർക്ക് അയിത്തം കൽപ്പിച്ചതുപോലെ വായനയ്‌ക്കും അശുദ്ധി കൽപ്പിച്ചിരുന്നു. ഇരുൾമൂടിയ ആ കാലത്തെ മറികടക്കാൻ നമ്മുടെ പൂർവികർക്ക്- കൈ കരുത്തും മനക്കരുത്തും നൽകിയതും പുസ്തകങ്ങൾതന്നെയാണ്.

നവകേരളത്തിന്റെ പ്രതീക്ഷയായി മക്കൾ വളരേണ്ട കാലമാണിത്. ലോകത്ത് വായിക്കുന്നത് മനുഷ്യൻ മാത്രമാണ്. മനുഷ്യർക്ക് വയറിന്റെ പ്രശ്നം മാത്രമല്ല, മനസ്സിന്റെ പ്രശ്നവും പ്രധാനമാണ്. ജീവനുള്ള പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള ഉപാധിയാണ് പുസ്തകം. അപരിചിതമായ പുതിയ ലോകം അത് തുറന്നുതരും. അതുവരെ കേൾക്കാത്ത പദങ്ങളും താളങ്ങളും പരിചയപ്പെടും. മാനവികത മിടിക്കുന്ന പുതിയ ലോകത്തേക്കാണ് തലമുറയെ നമുക്ക്- നയിക്കാനുള്ളത്. ഇതിന് ആസൂത്രിത കർമപരിപാടിതന്നെ വേണം. പുസ്-തകങ്ങൾ ബാല്യത്തിന്റെ കൂട്ടുകാരാകണം. ജീവിതത്തിന്റെ ഇടവഴികളാൽ വായന സംസ്കാരം ഒഴുക്കിവിടണം.ജനാധിപത്യബോധമുള്ളവരുടെ ബദ്ധശ്രദ്ധയാണ് ഇക്കാര്യത്തിൽ അനിവാര്യം. ലഹരിവസ്തുക്കളോട് താൽപ്പര്യം കാട്ടുന്ന കുട്ടികൾ ഉൽക്കണ്ഠപ്പെടുത്തുന്നതാണ്. അതിനെതിരെ പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാകണം. വഴികളിൽ പുതിയ വെയിലാകാനും തണലാകാനും വായനയെ ഒപ്പം കൂട്ടണം.



deshabhimani section

Related News

View More
0 comments
Sort by

Home