സമാന്തര മനുഷ്യന്‍


ശിവദത്ത് എം കെ [email protected]
Published on May 11, 2025, 10:45 AM | 4 min read
ഏഴാം ക്ലാസുകാരനായ ഒരു കുട്ടിയുടെ മനസ്സിൽ തോന്നിയ കൗതുകം, പ്രധാനപ്പെട്ട പത്രങ്ങളുടെ എല്ലാം കട്ടിങ്ങുകൾ ശേഖരിച്ചുവയ്‌ക്കുക. അതു മെല്ലെ മാസികകളുടെ ശേഖരണത്തിലേക്കും എത്തി. മാസികകൾ എന്നു പറഞ്ഞാൽ സാധാരണ മാസികകൾ അല്ല, സമാന്തര മാസികകൾ. കാലത്തിന്റെ ഇടിമുഴക്കങ്ങളായി വന്ന് ചരിത്രത്തിൽ അലിഞ്ഞുചേർന്ന് ഇല്ലാതായ ആയിരക്കണക്കിനു കുഞ്ഞുമാസികകൾ. അവയെല്ലാം തേടിപ്പിടിച്ച് വായിക്കുന്നതിലും ശേഖരിക്കുന്നതിലും ആനന്ദം കണ്ടെത്തിയ ആ ഏഴാം ക്ലാസുകാരന് ഇന്ന് പ്രായം 60. എന്നിട്ടും താൻ വായിച്ചതും കണ്ടെത്തിയതുമായ ഓരോ കുഞ്ഞു മാസികയും അയാൾ കൈവിട്ടു കളഞ്ഞില്ല. സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കാത്തുസൂക്ഷിച്ചു. അവർക്കായി സ്വന്തം വീട്ടിൽത്തന്നെ പ്രത്യേകം ഇടമൊരുക്കി. അങ്ങനെ ആ വീട് ഇന്ന് ഭൂമുഖത്ത് മറ്റെങ്ങുമില്ലാത്ത അപൂർവ സ്പീഷിസുകളുടെ മ്യൂസിയംപോലെ നിലനിൽക്കുന്നു. പയ്യന്നൂർ ചാലക്കോട് ശങ്കരൻ കോറോമെന്ന ശങ്കരേട്ടനെ വ്യത്യസ്തനാകുന്നത് മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള കുഞ്ഞുമാസികകളുടെ അപൂർവമായ ശേഖരണത്തിലൂടെയാണ്.
അപൂർവങ്ങളിൽ അപൂർവം
മാസിക ശേഖരണം പുതുമയുള്ള കാര്യമാണോ എന്ന് സ്വാഭാവികമായും തോന്നാവുന്ന സംശയമാണ്. എന്നാൽ, ഇവിടെ സംഗതി അങ്ങനെയല്ല. ഒരു കോപ്പി അന്വേഷിച്ചിറങ്ങിയാൽ ലഭിക്കാത്തവിധം അപ്രത്യക്ഷമായ പല കുഞ്ഞുമാസികകളുടെയും കലക്‌ഷൻ ശങ്കരേട്ടന്റെ ശേഖരത്തിലുണ്ട്. ചില മാസികകൾ അവയുടെ പ്രസാധകരുടെ കൈയിൽത്തന്നെ ഉണ്ടാകണമെന്നില്ല.
വൈവിധ്യ വിഷയങ്ങളെ മുൻനിർത്തിയുള്ള സമാന്തരമാസികകളാണ് ശങ്കരേട്ടന്റെ ശേഖരത്തിലുള്ളത്. ആരോഗ്യം, കായികം, പരിസ്ഥിതി, മനഃശാസ്ത്രം, രാഷ്ട്രീയം, യുക്തിവാദം, സാഹിത്യം എന്നിങ്ങനെ പലമട്ടിൽ വന്നിട്ടുള്ള സമാന്തരങ്ങളെ അതതു വിഷയത്തിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് പ്രത്യേകം ഷെൽഫുകളിൽ വച്ചിട്ടുണ്ട്. അധികം ലക്കങ്ങൾ ഇറങ്ങിയിട്ടില്ലാത്തവയുടെ ഒരു ലക്കമെങ്കിലും ആ ശേഖരണത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകും. ഓരോ മാസികയും പ്രത്യേകം കവറുകളിലാക്കി കേടുവരാതെ സൂക്ഷിക്കുന്നതിലുള്ള ജാഗ്രതയും കാണിച്ചിട്ടുണ്ട്. ഓരോ സമാന്തര പ്രസിദ്ധീകരണവും പറഞ്ഞുവയ്‌ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും ശങ്കരേട്ടന് കൃത്യമായ ധാരണയുമുണ്ട്. ഈ അപൂർവ ശേഖരം കാണാൻ വരുന്നവരോട് ഓരോ മാസികയെയും പറ്റി പറയാൻ അദ്ദേഹം കാണിക്കുന്ന ഉത്സാഹം ചെറുതല്ല. സമാന്തര പ്രസിദ്ധീകരണങ്ങളുടെ സവിശേഷ പതിപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് പല പ്രദർശനങ്ങളും അദ്ദേഹം നടത്തിയിട്ടുമുണ്ട്.
കലഹത്തിന്റെ കൂട്ടിരിപ്പുകാരൻ
|ലോകത്തെമ്പാടുമുണ്ടായിട്ടുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളിൽ സമാന്തര മാസികകൾ വഹിച്ച പങ്ക് ചെറുതല്ല. ജർമനിയിലെ എല്ലാ മാധ്യമങ്ങളും ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് വാഴ്‌ചയ്‌ക്കു മുമ്പിൽ നിശ്ശബ്ദമായപ്പോൾ ഗാർഡ്നറുടെ കുഞ്ഞുമാസികമാത്രം ഉറക്കെ ശബ്ദിച്ചുകൊണ്ടിരുന്നത് ചരിത്രത്തിലെ അടയാളമാണ്. ഇത്തരത്തിൽ ലോകത്തെവിടെയും ഒരു പ്രതിസംസ്കാര (counter culture)രൂപമായി ഉയർന്നുവന്ന് അധീശത്വശക്തികൾക്കും വ്യവസ്ഥാപിത ആശയങ്ങൾക്കുമെതിരെ നിരന്തര കലഹം സൃഷ്ടിച്ചവയാണ് സമാന്തര മാസികകൾ.
കേരളത്തെ സംബന്ധിച്ച് സമാന്തരമാസികകളുടെ ചരിത്രം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെകൂടി ഭാഗമാണ്. അവയുടെ പിറവി ഒട്ടും ഔപചാരികമായിരുന്നില്ല. അതുകൊണ്ടുതന്നെ അടയാളങ്ങളൊന്നും വീണ്ടെടുക്കാൻ കഴിയാത്തവിധം പലതും മൃതിയടഞ്ഞു. ഇവിടെയാണ് ഈ മനുഷ്യൻ തന്റെ ജീവിതംകൊണ്ടുതന്നെ സംരക്ഷകനായത്. നാട്ടിൽ ഒരു കടയിലെ സെയിൽസ്‌മാനായി ഉപജീവനം കണ്ടെത്തുമ്പോഴും എഴുത്തിലും വായനയിലും സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു. കവിതാ സമാഹാരം, ബാലസാഹിത്യം എന്നിങ്ങനെ വിവിധ മേഖലകളിലായി പന്ത്രണ്ടോളം പുസ്തകങ്ങളും പുറത്തിറക്കി. ഇക്കാലത്തിനിടെ തേടിപ്പിടിച്ച ഓരോ മാസികയും പൊന്നുപോലെ സൂക്ഷിച്ചുവച്ചു. അവയ്‌ക്കായി സ്വന്തം വീട്ടിൽ പ്രത്യേകം മുറിയുമൊരുക്കി.
സമാന്തരന്മാർ വെറും കുഞ്ഞന്മാരല്ല
മുഖ്യധാരാ മാസികകളിൽനിന്ന് വ്യത്യസ്തമാണ് സമാന്തരമാസികകളുടെ പിറവി. അസാധാരണമായ ഒരു വിപ്ലവ ഊർജമാണ് അവയുടെ ഇന്ധനം. സമാനമനസ്കരായ വ്യക്തികളുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ഓരോ സമാന്തര പ്രസിദ്ധീകരണങ്ങൾക്കും വഴിക്കല്ല് പാകിയത്. അങ്ങനെയാണ് പരമ്പരാഗതമായ അച്ചടി മാധ്യമങ്ങളുടെ കീഴ്‌വഴക്കങ്ങളെ അതിലംഘിച്ചുകൊണ്ട് അവ തങ്ങളുടെ യുഗപ്പിറവി സാധ്യമാക്കിയതും. കൊച്ചുമാസിക, ബദൽ പ്രസിദ്ധീകരണം, മിനി മാസിക, ലിറ്റിൽ മാഗസിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സമാന്തര പ്രസിദ്ധീകരണങ്ങളുടെ തുടക്കം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളാണ്. മലയാളത്തിലെ സമാന്തര പ്രസിദ്ധീകരണങ്ങളുടെ തുടക്കക്കാരൻ എം ഗോവിന്ദനാണ്. അദ്ദേഹം പുറത്തിറക്കിയ ‘‘നവസാഹിതി''യാണ് മലയാളത്തിലെ സമാന്തര പ്രസിദ്ധീകരണ പരിശ്രമങ്ങളിൽ ആദ്യത്തേതായി പരിഗണിക്കപ്പെടുന്നത്. ഗോവിന്ദനൊപ്പം ചിത്രകാരനായ എം വി ദേവനും കവികളായ ഇടശേരിയും എൻ വി കൃഷ്ണവാര്യരും വിവർത്തകരായ കെ എ കൊടുങ്ങല്ലൂരും എം പി ബാലഗോപലുമെല്ലാം ഉണ്ടായിരുന്നു. 1950കൾ മുതൽ 2000 വരെയുള്ള അരനൂറ്റാണ്ട് മലയാളത്തിൽ സമാന്തര മാസികകളുടെ സുവർണകാലംതന്നെയായിരുന്നു. വളരെ കുറച്ച് സർക്കുലേഷനുകളിലൂടെ വളരെ ചുരുക്കം വായനക്കാരെമാത്രം ലക്ഷ്യംവച്ച് പ്രസിദ്ധീകരണം നടത്തിയിരുന്ന ഓരോ സമാന്തര മാസികയ്‌ക്കും കൃത്യമായ രാഷ്ട്രീയ സാമൂഹ്യ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.
സമാന്തര പ്രസിദ്ധീകരണങ്ങൾ പലതും അധികാരത്തിന്റെ ഉരുക്കുമുഷ്ടികൾക്കെതിരെ നിരന്തരം പ്രതിരോധം തീർത്തവയായിരുന്നു. മുഖ്യധാര പറയാൻ വിമുഖത കാട്ടിയ പല വിഷയങ്ങളും അവ ഉറക്കെ വിളിച്ചുപറഞ്ഞു. പ്രബലമായി നിൽക്കുന്ന കലാസാഹിത്യ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന രചനാ പരീക്ഷണങ്ങൾക്ക് ഇടം നൽകി. വ്യവസ്ഥാപിത തത്വങ്ങളെ അട്ടിമറിച്ചു. കമ്പോളാധിഷ്ഠിതമായ സാംസ്കാരിക രൂപങ്ങളോട് നിരത്തരം കലഹമുയർത്തി. ഇത്തരത്തിൽ കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ സമാന്തരമാസികകൾ ശക്തമായ ബദലുകളായി നിലകൊണ്ടു. നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനവും അടിയന്തരാവസ്ഥയും തീവ്ര ഇടതുപക്ഷ ആശയങ്ങളും ഉൾക്കൊണ്ട് പുറത്തുവന്ന സമാന്തര പ്രസിദ്ധീകരണങ്ങളും നിരവധിയുണ്ടായി.
കമ്പോളത്തിലെ പ്രവണതകൾക്ക് അനുസരിച്ച് തങ്ങളുടെ കച്ചവടം കൂട്ടാനുള്ള വഴികൾ മുഖ്യധാരാ പ്രസാധകർ ആരാഞ്ഞപ്പോൾ അവയോട് വിയോജിച്ച് മാധ്യമ വിമർശം എന്ന വ്യവഹാരരൂപത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് സമാന്തരമാസികകൾ തങ്ങളുടെ നിലപാടുതറ കെട്ടിപ്പടുത്തത്. മലയാളത്തിൽ രൂപപ്പെട്ടിട്ടുള്ള സമാന്തര പ്രസിദ്ധീകരണ പരിശ്രമങ്ങളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ കേരളത്തിന്റെ ചരിത്രത്തിൽ സവിശേഷമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ഇന്നും തുടരുന്ന അത്ഭുതം
ശങ്കരേട്ടന്റെ പക്കലുള്ളവയിൽ ഏറ്റവും ശ്രദ്ധേയമായത് ഇൻലാൻഡ് മാഗസിനുകളുടെ അഥവ ലെറ്റർ മാഗസിനുകളുടെ വിപുലമായ കലക്‌ഷനാണ്. ഏകദേശം നൂറിലധികം വരുന്ന ലെറ്റർ മാഗസിനുകൾ ഇതിൽപെടും. പുതുതലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാണ് ലെറ്റർ മാഗസിനുകൾ. ഇവ ലിറ്റിൽ മാഗസിനുകളുടെ ജനുസ്സിൽ ഉൾപ്പെടുന്നവ അല്ലെങ്കിലും സമാന്തര പ്രസിദ്ധീകരണ പരിശ്രമങ്ങളിൽ സുപ്രധാന മുന്നേറ്റം സൃഷ്ടിച്ചവയാണ്. ഇന്ത്യക്കുള്ളിൽ മാത്രമുള്ള വിനിമയത്തിന് ഉപയോഗിക്കുന്ന ഇൻലാൻഡിന് 28.2 X 18.2 സെന്റീമീറ്റർ വലുപ്പമാണ് ഉള്ളത്. ഇത് മൂന്നായി മടക്കുമ്പോൾ പരമാവധി 15.2 X 9 സെന്റീമീറ്റർ. ഈ പരിമിതിക്കുള്ളിൽനിന്നുകൊണ്ട് വളരെ ചെറിയ രചനകളും ചിത്രങ്ങളുമാണ് ഇൻലാൻഡ് മാസികകൾക്ക് പ്രസിദ്ധീകരിക്കാൻ ആവുക. ആ ചുരുങ്ങിയ സ്ഥലത്തെ ഉപയോഗപ്പെടുത്തിയാണ് അവർ തങ്ങളുടെ കൊച്ചു ചുണ്ടുകൾ ഉയർത്തി വലിയ ശബ്ദങ്ങൾ ഉണ്ടാക്കിയത്. മലപ്പുറത്തുനിന്ന് കവി മണമ്പൂർ രാജൻ ബാബു 1981 തൊട്ട് പ്രസിദ്ധപ്പെടുത്തുന്ന ഇൻലാൻഡ് മാസികയായ ‘‘ഇന്ന്'' ഇപ്പോഴും തുടരുന്ന അത്ഭുതമാണ്.
ശങ്കരേട്ടന് നന്ദി
കേരളത്തിന്റെ സാംസ്കാരിക പരിസരത്തെ രാഷ്ട്രീയ സംവാദങ്ങൾക്ക് വേദി ഒരുക്കിയ സമാന്തര പ്രസിദ്ധീകരണങ്ങളുടെ കണ്ടെടുക്കലും പഠനവും ശ്രമകരമായ ദൗത്യമാണ്. ഇവിടെയാണ് ഒരു മനുഷ്യായുസ്സ് മാറ്റിവച്ച സാധാരണക്കാരനായ വ്യക്തിയുടെ ഇടപെടൽ സവിശേഷമാകുന്നത്. ലൈബ്രറികളിലെ മാസിക ശേഖരണങ്ങളിൽ സ്ഥാനം ലഭിക്കാത്തതും വീട്ടിലെ സ്ഥലപരിമിതികൾ കാരണം സാമാന്യ വായനക്കാർ തൂക്കിവിറ്റതുമായ കടലാസു കഷണങ്ങൾ മലയാളസാഹിത്യത്തിന്റെ പയറ്റു നിലങ്ങളും ആധുനികതയുടെ അടിവേരുമായിരുന്നു. അവ എങ്ങനെ ഇനി വീണ്ടെടുക്കാൻ കഴിയും. അത്തരം വീണ്ടെടുപ്പുകൾക്കുള്ള അവസാന തുരുത്തുകളാണ് ശങ്കരേട്ടനെപ്പോലുള്ള മനുഷ്യർ. വരുംതലമുറയ്ക്കു മുമ്പിൽ ഒരു സാംസ്കാരിക ചരിത്രത്തെ മുൻനിർത്തിയുള്ള പീരിയോഡിക്കൽ സ്റ്റഡീസ് (കാലിക പഠനങ്ങൾ) സാധ്യമാക്കുക എന്നത് ചില മനുഷ്യരുടെ ഇടപെടലിലൂടെയാകും. അതിന് ശങ്കരേട്ടനോട് നന്ദി പറയാം.
0 comments