അകത്തേക്കു കരയുന്നവർ


എൻ രാജൻ
Published on Jan 15, 2025, 11:57 AM | 3 min read
കല്ലിൽ തീർത്തതാണെങ്കിലും തന്റെ നിർമാണ വൈദഗ്‌ധ്യത്താൽ ശില നിറയെ കണ്ണീരും വിഷാദവും സങ്കടങ്ങളും ഏകാന്തതയും നിറച്ച് അതൊരു കണ്ണാടിപ്രതിമയാക്കി മാറ്റിയിരിക്കുകയാണ് എഴുത്തുകാരൻ. ഏതു കോണിലും അകം കാണാവുന്ന, ഉള്ളം കാണാവുന്ന, ഏതു കാറ്റിലും വീണുടയാവുന്ന ശിലാപത്മം‐ വി ജി തമ്പിയുടെ ‘ഇദം പാരമിതം’ എന്ന നോവലിന്റെ വായന...
ഒറ്റക്കല്ലിൽ പണിതുയർത്തിയ ശിൽപ്പനിർമിതിയാണ് വി ജി തമ്പിയുടെ ‘ഇദം പാരമിതം.’ ഏതറ്റം തൊട്ടാലും വിങ്ങിപ്പൊട്ടാൻ കാത്തുനിൽക്കുന്ന വീണാതന്ത്രി പോലെയാണത്. വിഷാദഭരിതമായ ഒറ്റക്കമ്പിനാദം.
‘അല്ലെങ്കിലും ഏതു ശിലയാണ്, ഏതു ഉളിക്കൊത്തുകളാണ് ഏതു രചനയാണ് പ്രപഞ്ചത്തിൽ പുതിയതെന്ന് പറയാനുള്ളത്? ഏതു ധൂളിയാണ്, ഏത് അന്ധകാരമാണ് ഈ പ്രപഞ്ചത്തിൽ പുരാതനമെന്ന് പറയാവുന്നത്?’ (പേജ് 62)
കല്ലിൽ തീർത്തതാണെങ്കിലും തന്റെ നിർമാണ വൈദഗ്‌ധ്യത്താൽ ശില നിറയെ കണ്ണീരും വിഷാദവും സങ്കടങ്ങളും ഏകാന്തതയും നിറച്ച് അതൊരു കണ്ണാടിപ്രതിമയാക്കി മാറ്റിയിരിക്കുകയാണ് എഴുത്തുകാരൻ.
ഏതു കോണിലും അകം കാണാവുന്ന, ഉള്ളം കാണാവുന്ന, ഏതു കാറ്റിലും വീണുടയാവുന്ന ശിലാപത്മം.
‘നദിയുടെ നിഴൽ’ എന്നായിരുന്നുവല്ലോ ഈ നോവലിന്, ഉദ്ദേശിച്ച പേര്. എന്നാൽ ‘അകത്തേക്കു കരയുന്നവർ’ എന്ന മറ്റൊന്നുകൂടി ചേരും. ഒഴുക്കു നിലച്ച നദീപ്രവാഹങ്ങൾ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന രൂപകമാണ്.
അന്തർവാഹിനയായ സരസ്വതിയും കൊനാർക്കിലെ ചിത്രഭാഗയും പോലെ, കടലിൽ വിലയിക്കാനാവാതെ, അപൂർണതയിൽ മുങ്ങിയ, മുടങ്ങിപ്പോയ കാലയാനങ്ങൾ.
അപൂർണതയുടെ അർധവിരാമങ്ങളിലാണ് നോവൽ അതിന്റെ വിട്ടുപോയ ഇടങ്ങളെ നിശ്ശബ്ദത കൊണ്ട് പൂർത്തിയാക്കുന്നത്.
അതൊരുപക്ഷേ, വായനക്കാരിൽ നിക്ഷിപിത്‌മായ, നിർലീനമായ ചുമതലയുമാവാം. കാടും കാട്ടുപക്ഷികളും കാട്ടുപൂക്കളും ദലമർമരങ്ങളും കാട്ടരുവികളും മഴയും നിലാവും നക്ഷത്രങ്ങളും ചേരുന്ന വനസ്ഥലികളിലൂടെയുള്ള സഞ്ചാരം സ്വച്ഛവും സൗമ്യവുമാണ്.
കൂട്ടുണ്ടായിട്ടും ഒറ്റപ്പെടുന്നവരാണ് ഇതിലെ മനുഷ്യരെല്ലാം.
അവരുടെ കാരണമറിയാത്ത അലച്ചിലും ഒളിച്ചോട്ടങ്ങളും ആത്മവിചാരണകളും വിചാരങ്ങളും ഉൾച്ചേരുന്നു ഒാരോ അധ്യായത്തിലും. അതുകൊണ്ടുതന്നെ വേദപുസ്‌തകം പോലെ ഏതൊരു ഭാഗവും പകുത്ത് വായിക്കാം.
ആദിമധ്യാന്തങ്ങളിലൂടെ വികസിച്ച് ക്രമപ്പെടുന്ന കഥാഗതിയുടെ വ്യവസ്ഥാപിത ചിട്ടകളെ ഈ നോവൽ അതിവർത്തിക്കുന്നു.
മുഖ്യ കഥാപാത്രങ്ങളായി വരുന്ന ലെവിനും സമരിയയും തന്നെ ഒരേ മനുഷ്യാവസ്ഥയുടെ വ്യത്യസ്‌ത ഭാവങ്ങളാണ്.
പേരുകൾ മാറിപ്പോകാവുന്ന ആന്തരികവും അദൃശ്യവുമായ ഏകാത്മകത്വം, സാദൃശ്യം ഇവരെ പരസ്‌പരബന്ധിതരാക്കുന്നു.
ഏതൊന്നിലാണിവർ കോർക്കപ്പെടുന്നത്? ഏതേത് സരണിയിൽ? ഉണ്ടായിരുന്ന, പഴയ ജീവിതാസക്തികളുടെ ചുഴിയിലോ? ഒരേ തീവ്രതയിൽ പൊള്ളിക്കുന്ന പ്രണയത്തിലോ, വിരഹത്തിലോ?
സാധാരണ മനുഷ്യരുടെ ഇല്ലായ്‌മകളോ വേദനകളോ കണ്ണീരോ കഷ്ടനഷ്ടങ്ങളോ ഒന്നുമല്ല ഇവിടെ അടിസ്ഥാനഹേതു.
ഇവരെല്ലാം ധൈഷണികമായ അതിമാനങ്ങളുള്ളവരാണ്. ജെഎൻയുവും ബ്രിട്ടീഷ് മ്യൂസിയവും പഠന ഗവേഷണങ്ങൾക്കപ്പുറത്ത് ധ്യാനമണ്ഡപങ്ങളാണ്.
കൊറിയോഗ്രാഫറും നർത്തകിയുമായ പൂജയും ഇന്ത്യൻ സന്യാസത്തെപ്പറ്റി ഗവേഷണത്തിനിറങ്ങുന്ന സമരിയയും അത്യുക്തികളുടെ ഉച്ചഭാഷണികളാണ്.
‘നിനക്കറിയാമോ ഞാൻ ഇവിടേക്ക് വരാൻ കാരണമായത് അന്നത്തെ ആ ഗന്ധമാണ്.
ലെവിൻ, എന്റെ നാസികയിൽ ആ ഗന്ധം ഗാഢമായ ഒരു ശി്ീരമശേീി ആണ്. കിലോമീറ്ററുകൾക്കപ്പുറത്തേക്ക് തേൻഗന്ധം തേടിപ്പോകുന്ന ഒരു തേനീച്ചയെപ്പോലാണ് നിന്നെ തിരഞ്ഞു ദിവസങ്ങളോളം യാത്ര ചെയ്‌തതും ഒടുവിൽ ഈ കാട്ടിനകത്തു കണ്ടെത്തിയതും’‐ ഇങ്ങനെ കേവലയുക്തിയുടെ അളവുകോൽ തിരയേണ്ട ബാധ്യത വായനക്കാരനില്ല.
മനുഷ്യഭാവനയുടെ അതീന്ദ്രമായ മറ്റേതോ തലങ്ങളിലായിരിക്കാം ഇവരെല്ലാം സഞ്ചരിക്കുന്നതും ഒടുങ്ങുന്നതും.
ഏതൊന്നിനെയും, നിസ്സാരതയേയും അസ്വാഭാവികമായി കാണാനും മഹത്വവൽക്കരിക്കാനും അതിനെല്ലാം ദാർശനികാടിത്തറ ചമയ്‌ക്കാനുമുള്ള ധൈഷണിക ചാതുര്യം വി ജി തമ്പിയുടെ സ്വത്വസവിശേഷതയാണ്.
പള്ളിമേടകളിൽ നിന്നിറങ്ങി വരാൻ കൂട്ടാക്കാത്ത ഒരു കലാപകാരിയോ നിഷേധിയോ അയാളുടെ ജീവസ്‌പന്ദമാണ്.
പണിതീരാത്ത യേശുവെന്ന്, തച്ചനറിയാത്ത മരമെന്ന്, പുഴയുരുട്ടിയുരുട്ടി മിനുസപ്പെടുത്തിയ വെള്ളാരങ്കല്ലെന്ന്, ജീവിതം പിഴിഞ്ഞാറ്റിയ ചവർക്കുന്ന ചാറെന്ന്, മുറി അടിച്ചുവാരി കഴുകി തുടയ്‌ക്കുന്ന പിറന്നാൾ വിചാരണയെന്ന്,
പൂക്കുന്ന യേശുവള്ളിയെന്ന്, കാരുണ്യത്തിന്റെ ബുദ്ധസ്‌മിതമെന്ന്, അമ്മയുടെ സ്‌നിഗ്‌ധവും പേലവവുമായ കണ്ണീരും മുലപ്പാലും വർഷിക്കുന്ന മടിത്തട്ടെന്ന് കവിതയിൽ പ്രത്യക്ഷപ്പെടും.
വായിച്ചറിഞ്ഞ പുസ്‌തകങ്ങളും കൊണ്ടറിഞ്ഞ യാത്രകളും കാഴ്‌ചകളും തന്റെതന്നെ വിസ്‌മയങ്ങളും ജീവിതവിചാരങ്ങളും അനുഭൂതികളും അനുഭവങ്ങളും ഉന്മാദിയാക്കിയ ഒരാളുടെ അനുയാത്രകളാണ് ഇതിലെ ഒരോ വരിയും.
ആരെല്ലാമാണ് കടന്നു വരാത്തത്?
ഹൈപ്പേഷ്യയുടെ അലക്‌സാൺഡ്രിയ മുതൽ ഹിമാലയത്തിലെ സതോപന്ദ് തടാകംവരെ. വിസ്‌തൃതമായ ധ്യാനഭൂമിക.
ഈജിപ്‌തിലെ പിരമിഡുകൾ മുതൽ ബാമിയൻ ബുദ്ധന്മാരും അരുണാചലവും ബോധ്‌ഗയയും പക്ഷിപാതാളവും മണികർണികയും മാറിമറയുന്ന സ്ഥലരാശികൾ.
ബുദ്ധനും യേശുവും റൂമിയും അക്ക മഹാദേവിയും രമണ മഹർഷിയും ജിദ്ദുവും ഒഷോയും അഘോരികളും സൂഫികളും നിത്യയും അരബിന്ദോയും ദലൈലാമയും.
എഴുതാൻ ഇനിയുമേറെ. എന്നാൽ ഇത്തരമൊരു കുറിപ്പിൽ അത് അസംബന്ധമാവും.
ഏതാണ്ട് പത്തുമുപ്പത്തഞ്ച് വർഷം മുമ്പ് എന്റെ ആദ്യ കഥാസമാഹാരത്തിനെഴുതിയ ആമുഖക്കുറിപ്പ് വി ജി തമ്പി ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്:
‘ഒരുപക്ഷേ, പറയാതെ പോയ വാക്കുകളെ കണ്ടെടുത്തുകൊണ്ട് പ്രസക്തമായ ചുവടുകൾക്കുള്ള പുതിയ ഇച്ഛാശക്തിയായിരിക്കും സമാഹരിക്കപ്പെട്ട കഥകളിൽനിന്ന് കുതറിമാറുന്നതിലൂടെ രാജൻ കൈവരിക്കുന്ന സ്വാതന്ത്ര്യം’.
374 പുറങ്ങളിലുള്ള ‘ ഇദം പാരമിതം’ എന്ന വി ജി തമ്പിയുടെ, എന്റെ അധ്യാപകന്റെ, കവിയുടെ, പ്രിയചങ്ങാതിയുടെ ആദ്യനോവൽ വായിച്ചവസാനിപ്പിക്കുമ്പോൾ യാദൃച്ഛികമാവാം ഉള്ളിലുയർന്ന വരികളും വളരെ മുമ്പേ അദ്ദേഹം എഴുതി നിർത്തിയവ.
ഇത് ഒഴുക്കൊഴിഞ്ഞ നദിയല്ല, തളം കെട്ടിയ കാലംപോലെ, തടാകമാണ്.
ഏതൊരു കരയിൽനിന്നു നോക്കിയാലും ഒരേ കാഴ്‌ച. ഹിമധവളിമയിൽ സ്‌ഫടികംപോലെ തിളങ്ങുകയും നിലാവിൽ സ്വപ്‌നങ്ങളുടെ ഓളങ്ങളുതിർക്കുകയും വനസൗഗന്ധികങ്ങളുടെ അജ്ഞാതചേരുവയുടെ അകമ്പടിയിൽ ഏതോ ഗാനവീചികളുയരുകയും നക്ഷത്രമാലകൾ കണ്ണിറുക്കുകയും ചെയ്യുന്ന ഒരു നീലച്ച, നിലച്ച, കണ്ണീർത്തടാകം.
അപ്പോഴും ദൂരെ, മേഘപാളികൾക്കപ്പുറം ഒരു കരിമേഘം മാത്രം, ഒന്നുമാത്രം ഒറ്റയ്‌ക്ക് കൂട്ടംതെറ്റി അപാരതയിൽ തന്റെ ഇടം ആരായുംപോലെ, അത്രയും അനാഥം.
ഒഴുക്കു നിലച്ച ഈ തടാകത്തിൽനിന്ന് നീന്തിക്കയറാനുള്ള സ്വാതന്ത്ര്യവും മറുകര കാണാനുള്ള കരുത്തുമാണ് ഇനി വി ജി തമ്പിയിലെ എഴുത്തുകാരൻ കാട്ടേണ്ടത്.
വി ജി തമ്പി ആഗ്രഹിച്ച ഒരു പുസ്‌തകമായി ഈ നോവൽ മാറിയിരിക്കുന്നു. തീർച്ചയായും അതൊരു ചെറിയ കാര്യമല്ല.
ഒരു മനുഷ്യൻ ഇതുവരെ അയാൾ അനുഭവിക്കുകയും ആഗ്രഹിക്കുകയും തപിക്കുകയും കരയുകയും വർഷിക്കുകയും ഒക്കെ ചെയ്‌ത ദിനരാത്രങ്ങളെ ആറ്റിപ്പിഴിഞ്ഞെടുത്തതാണ്. അതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.
എന്നാൽ തമ്പിയിൽനിന്ന് വായനക്കാരനെന്ന നിലയിൽ ആഹ്ലാദിപ്പിക്കുകയും മഥിപ്പിക്കുകയും ചെയ്യേണ്ട, ഞാൻ ആഗ്രഹിക്കുന്ന പുസ്‌തകം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് പ്രതീക്ഷിക്കാനാണ് ഇഷ്ടം.
ദേശാഭിമാനി വാരികയിൽ നിന്ന്
0 comments