28 September Monday

ആറ്റിക്കുറുക്കിയ ആറ്റൂര്‍ക്കവിത

ടി ടി പ്രഭാകരന്‍Updated: Friday Jul 26, 2019

സാഹിത്യത്തില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാതെ, തന്റെ മൊഴികളെ കുറുക്കുകയും മുറുക്കുകയും ചെയ്തുകൊണ്ട്, സ്വന്തം വഴിയിലൂടെ മന്ദമായി, ഏകാന്തനായി സഞ്ചരിക്കുന്ന കവിയാണ് ആറ്റൂര്‍ രവിവര്‍മ. അമ്പത്തഞ്ചുവര്‍ഷം നീളുന്ന കാവ്യസപര്യയില്‍ അദ്ദേഹം എഴുതിയത് ഏതാണ്ട് നൂറ്റിനാല്‍പതോളം കവിതകള്‍ മാത്രം! അതുകൊണ്ടാകണം മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചപ്പോള്‍ ആറ്റൂരിന്റെ പ്രതികരണം ഇങ്ങനെയായത്: ""ഒരമ്പരപ്പാണ് ആദ്യം തോന്നിയത്. എത്രയോ അകലെയാണ് എന്നു വിചാരിച്ച കൊടുമുടിയില്‍ ഒരു വളവുകഴിഞ്ഞപ്പോഴേക്കും എത്തിയപോലെ. ആ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.'' ഈ അമ്പരപ്പ് അല്ലെങ്കില്‍ അപ്രതീക്ഷിതത്വം ഒരുപക്ഷേ ആറ്റൂരിനു മാത്രമല്ല അദ്ദേഹത്തിന്റെ കവിതകളുടെ ആസ്വാദകര്‍ക്കും പൊതുജനങ്ങള്‍ക്കുംകൂടി ഉണ്ടായിട്ടുണ്ടാകണം.

""ഞാന്‍ കുറച്ചേ എഴുതിയിട്ടുള്ളൂ. വിഷംപോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല. എന്നിട്ടും അത് സ്വീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്'' എന്ന് ആറ്റൂര്‍ പറയും. കാരണം, തന്റെ കവിത ജനകീയമല്ല, താനത്ര ജനപ്രിയനല്ല, അങ്ങനെ ആവേണ്ടതുമില്ല എന്നുതന്നെ അദ്ദേഹം കരുതുന്നു. ""ഞാനൊരു "സെല്ലി'ല്‍ സംസാരിക്കുന്നവനാണ്, പൊതുയോഗത്തെ അഭിമുഖീകരിക്കുന്നവനല്ല'' എന്നും കവിയുടെ വാക്കുകള്‍. കുയിലാവാനല്ല, കൂമനോ മരംകൊത്തിയോ ആവാനാണിഷ്ടം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വസന്തത്തിന്റെയും ആനന്ദത്തിന്റെയും സംഗീതാത്മകതയുടെയും കവിയല്ല ആറ്റൂര്‍; ആശങ്കയുടെയും അമംഗളത്തിന്റെയും അപശകുനത്തിന്റെയും കവി. മധുരം സര്‍വത്ര വര്‍ജിക്കുകയും എരിവ്, പുളി, കയ്പ് എന്നിവയെ കൊണ്ടാടുകയും ചെയ്യുന്നവന്‍. വാക്കുകളില്‍നിന്ന് സംഗീതത്തെ ചോര്‍ത്തിക്കളഞ്ഞുമാത്രം കവിതയില്‍ ഉപയോഗിച്ചവന്‍.

ജനകീയതയ്ക്കോ സ്വീകാര്യതയ്‌ക്കോ വേണ്ടി ഒരു വരിപോലും എഴുതിയിട്ടില്ലാത്ത ആറ്റൂര്‍ എന്നും സഞ്ചരിച്ചത് വേറിട്ട വഴിയില്‍ത്തന്നെയായിരുന്നു. പൊന്‍കോലം കേറ്റുവാന്‍ തലകുനിക്കാത്ത, കേമന്മാരോമനിച്ചാലും ചെവി വട്ടംപിടിക്കുന്ന പ്രകൃതംതന്നെ ഈ കവിയുടേത്.

മടങ്ങര്‍ലി കൃഷ്ണന്‍ നമ്പൂതിരിയുടെയും ആലുക്കല്‍ അമ്മിണിയമ്മയുടെയും മകനായി തൃശൂര്‍ ജില്ലയിലെ തലപ്പിള്ളിതാലൂക്കില്‍ 1930ലാണ്‌ ആറ്റൂര്‍ രവിവര്‍മ ജനിച്ചത്‌.   തൃശൂര്‍ പൂങ്കുന്നത്തിനടുത്ത് "രാഗമാലികാപുര'ത്ത് "ശഹാ"യില്‍ സ്ഥിരതാമസമാക്കിയ സംഗീതപ്രേമിയായ കവി ഈ വേളയിലും ആഘോഷങ്ങള്‍ക്കായി നില്‍ക്കാതെ ചെന്നൈയിലെ മാര്‍കഴിപ്പാട്ടുത്സവത്തില്‍ (ഡിസംബറിലെ മ്യൂസിക് ഫെസ്റ്റിവല്‍) പങ്കെടുക്കാന്‍ പോയിരിക്കുകയാണ്.("തുയിലുണരല്‍' എന്ന കവിതയിലെ "ചെന്നൈയിലെ മാര്‍കഴിപ്പാട്ടുത്സവത്തിനു ഞാന്‍ പോവുകയായിരുന്നു/ വണ്ടി നിറച്ചും പ്രയാണികള്‍' എന്ന വരി ഓര്‍മിക്കാം). ആഘോഷങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും സാഹിത്യസദസ്സുകള്‍ക്കും സ്വീകരണങ്ങള്‍ക്കും ഒന്നും അധികം നിന്നുകൊടുക്കാത്ത ആറ്റൂര്‍ പറയാറുള്ളത് കവിയെയല്ല കവിതയെയാണ് മനസ്സിലാക്കേണ്ടത് എന്നാണ്. കവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മിക്കവാറും മൗനംതന്നെയാകും മറുപടി. കവിതയെഴുതുന്നതോടെ കര്‍ത്തവ്യം പൂര്‍ത്തിയായതായി അദ്ദേഹം കരുതുന്നു. ആഘോഷങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും എന്നല്ല സാഹിത്യപരിപാടികള്‍ക്കുള്ള ക്ഷണങ്ങള്‍പോലും അദ്ദേഹം നിരസിച്ചേക്കും. സൗഹൃദത്തിന്റെ കടുത്ത സമ്മര്‍ദമുണ്ടാകുമ്പോള്‍ മാത്രമാണ് അപൂര്‍വം ചടങ്ങുകളില്‍ പങ്കെടുക്കുക. ഏത് ചടങ്ങായാലും, ഉദ്ഘാടകനായോ അധ്യക്ഷനായോ മുഖ്യ പ്രഭാഷകനായോ പങ്കെടുത്താല്‍പ്പോലും, ഏറ്റവും കുറച്ചുമാത്രം സംസാരിക്കുക എന്നതാണ് ആറ്റൂരിന്റെ രീതി. സ്വന്തം കവിതപോലെതന്നെ, കുറഞ്ഞ മൊഴിയെങ്കിലും അതില്‍ മൊഴിയുടെ നിറവുണ്ടാകും.ആധുനികതയ്ക്ക് കൊടിയേറിയ ഘട്ടത്തിലാണ് ആറ്റൂര്‍ രവിവര്‍മ എഴുതാന്‍ തുടങ്ങിയത്. ആധുനികതയെ അടയാളപ്പെടുത്തിയ "പുതുമുദ്രകള്‍' എന്ന സമാഹാരത്തില്‍ ആറ്റൂരിന്റെ "നഗരത്തില്‍ ഒരു യക്ഷന്‍' സ്ഥാനം പിടിച്ചു. ആ കവിതയടക്കം പിന്നീട് പുറത്തുവന്ന പേടി, അവന്‍ ഞാനല്ലോ, ഭ്രാന്ത്, അര്‍ക്കം, മേഘരൂപന്‍, സംക്രമണം, ക്യാന്‍സര്‍, ഉദാത്തം തുടങ്ങിയ കവിതകളെല്ലാം ആധുനികതയുടെ മുഖമുദ്ര പേറുന്ന കവിതകളെന്ന നിലയില്‍ ശ്രദ്ധനേടി.

1957 മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ആറ്റൂരിന്റെ ആദ്യ കവിതാസമാഹാരമായ "കവിത' എന്ന പുസ്തകം കേരള കവിതാഗ്രന്ഥാവരിയിലൂടെ പുറത്തുവരുമ്പോഴേക്കും കാലം 1977 ആയിരുന്നു. "വേഗം നടക്കുന്നോരാളുകളെല്ലാരും ഞാനൊരമാന്തക്കൊടിമരമല്ലോ' (സ്വകാര്യം) എന്ന് കവി രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയം. "കവിത' എന്ന സമാഹാരത്തില്‍ത്തന്നെ പില്‍ക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വായിക്കപ്പടുകയും ചെയ്ത പല കവിതകളും ഉണ്ടായിരുന്നു. "മേഘരൂപന്‍', "സംക്രമണം' തുടങ്ങിയവയാണ് അതില്‍ ഏറ്റവും പ്രധാനം.വാക്കുകളേക്കാള്‍ മൗനം പ്രധാനമാകുന്ന ഒരു എഴുത്തുരീതിയാണ് ആറ്റൂര്‍ പരിശീലിച്ചത്. വാക്കുകള്‍ ഏറ്റവും കുറച്ചു പറയുക, കൂടുതല്‍ ധ്വനിപ്പിക്കുക എന്ന രീതികൊണ്ട് വേറിട്ടുനിന്ന ആ കവിതയെ സമീപിക്കാന്‍ ആസ്വാദകര്‍ ശങ്കിച്ചുനിന്നു. ആറ്റൂര്‍ രവിവര്‍മയുടെ എഴുത്തില്‍ പാരമ്പര്യവും ആധുനികതയും ഒന്നിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കവിതയുടെ അച്ചടക്കത്തില്‍, അതിന്റെ സാന്ദ്രതയില്‍ ക്ലാസിക് കവിതകളെപ്പോലെ ദൃഢവും ഇഴയടുപ്പമുള്ളതുമാണ് അവ. അതേസമയം, ഏറ്റവും നവീനമായ ഭാവുകത്വത്തെയാണ് അത് ആവിഷ്കരിച്ചത്.

ചങ്ങമ്പുഴയെയോ, പിയെയോ പോലെ കാല്‍പ്പനികമായതും പരന്നുപോകുന്നതുമായ എഴുത്തല്ല, ഉണ്ണായിവാര്യര്‍, കുമാരാനാശാന്‍ തുടങ്ങിയവരുടേതുപോലെ ഒതുക്കിയും ചുരുക്കിയും പറയുകയാണ് ആറ്റൂര്‍ ചെയ്യുന്നത്.വ്യത്യസ്തമായിരിക്കുക എന്നത് ആറ്റൂര്‍ കവിതയുടെ അടയാളമാണ്. ആറ്റൂര്‍ക്കവിതപോലെ ആറ്റൂര്‍ക്കവിതമാത്രം എന്നു പറയാവുന്ന ഒരു അന്യത അതിനുണ്ട്. പല പാരമ്പര്യങ്ങളെ പിന്‍പറ്റുമ്പോഴും തന്റേതായ രുചിയും വഴിയും നേടിക്കൊണ്ടാണ് സ്വന്തം എഴുത്തായി അത് ഉരുത്തിരിയുന്നത്. "എല്ലാ വീടും പടിഞ്ഞാട്ടുനോക്കുമ്പോള്‍/ എന്റെ വീടു കിഴക്കോട്ടാണല്ലോ/ എല്ലാവര്‍ക്കും വെളുത്തുള്ളൊരമ്മമാര്‍/ എന്റെ അമ്മ കറുത്തിട്ടുമല്ലോ' എന്നിങ്ങനെ തന്റെ വ്യതിരിക്തത അദ്ദേഹം "സ്വകാര്യം' എന്ന കവിതയില്‍ രേഖപ്പെടുത്തുന്നുണ്ട്. വെളുപ്പിനേക്കാള്‍ എപ്പോഴും കറുപ്പിനോട് പുലര്‍ത്തുന്ന പ്രിയം ആറ്റൂര്‍ക്കവിതയില്‍ ഉടനീളം കാണാം. ശബ്ദത്തേക്കാളേറെ മൗനത്തിന് കാതുകൊടുക്കുകയും വെളിച്ചത്തേക്കാളേറെ ഇരുട്ടിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു അസാധാരണത്വം ആറ്റൂര്‍ക്കവിതയില്‍ കാണാം. അതൊരുപക്ഷേ മൗനത്തിലാണ് ശബ്ദം മുഴങ്ങുക എന്നതുകൊണ്ടും ഇരുട്ടിലാണ് വെളിച്ചം തെളിയുക എന്നതുകൊണ്ടും ആകാം.

ആദ്യസമാഹാരത്തിനുശേഷം ആറ്റൂര്‍ രവിവര്‍മയുടെ രണ്ടാം സമാഹാരം "ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍' പുറത്തുവന്നത് 1994ലാണ്. പിന്നീട് 2003ല്‍ പുറത്തുവന്ന "ആറ്റൂര്‍ രവിവര്‍മയുടെ കവിതകളി'ല്‍ "95 മുതലുള്ള കവിതകളാണ് സമാഹരിക്കപ്പെട്ടത്. "ആറ്റൂര്‍ക്കവിതകള്‍' എന്ന സമ്പൂര്‍ണ സമാഹാരം 2012ല്‍ പ്രകാശിതമായി. എണ്ണത്തില്‍ കുറവെങ്കിലും ആത്മാവിലും ആവിഷ്കാരത്തിലും രണ്ടുമൂന്നു ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് ആറ്റൂര്‍ക്കവിത. ആദ്യഘട്ടത്തിലെ കവിതകളില്‍ സ്വത്വാന്വേഷണശീലം, നഗരജീവിതം, അതിന്റെ ഒറ്റപ്പെടല്‍, അകാരണമായ ഭയം, "ഉദാത്ത'ങ്ങളെ എറിഞ്ഞുടയ്ക്കാനുള്ള ആവേശം, ഒന്നിലും വിശ്വാസമോ ആശ്വാസമോ ഇല്ലാത്ത അലച്ചില്‍ എന്നിവ ഉണ്ടായിരുന്നു. ഏതാണ്ട് തൊണ്ണൂറുകള്‍വരെ എഴുതിയ കവിതകളില്‍നിന്ന് വളരെ വ്യത്യസ്തമായ എഴുത്ത് പിന്നീടുണ്ടായി. അതേസമയം, മുഴുവന്‍ കവിതകളെയും ഇണക്കുന്ന ആന്തരികമായ ഒരു ധാര അതിലുണ്ടായിരുന്നുതാനും. സ്വയം അനുകരിക്കാനുള്ള വാസന ആറ്റൂരില്‍ കാണുകയേയില്ല. സംക്രമണവും മേഘരൂപനും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട കവിതകളായിട്ടും അതുപോലെ എഴുതുക എന്നത് അദ്ദേഹത്തിന് പ്രലോഭനമായതേയില്ല. എന്‍ എന്‍ കക്കാടിനാല്‍ "മൃത്യോപനിഷത്ത്' എന്ന് പ്രശംസിക്കപ്പെട്ട "സംക്രമണം', സംസ്കാരത്തിന്റെ ജീര്‍ണതയെ, സ്ത്രീജീവിതത്തിന്റെ ഇതഃപര്യന്തമുള്ള നിഷ്ഫലതയെ തുറന്നുകാട്ടുകമാത്രമല്ല, ക്രുദ്ധമായ രീതിയില്‍ അത് എങ്ങനെ പരിവര്‍ത്തിക്കണം എന്ന അഭിലാഷത്തെ വരച്ചുകാണിച്ചു.

"പുറപ്പെട്ടേടത്താണൊരായിരം കാതമവള്‍ നടന്നിട്ടും' എന്ന ഒറ്റവരിയില്‍ മുന്നോട്ടുപോകാത്ത പെണ്‍ജീവിതങ്ങളുടെ ദുര്‍വിധിയെ അദ്ദേഹം എഴുതി.

ഒരു കുറ്റിച്ചൂല്-ഒരു നാറത്തേപ്പ്- ഞെണുങ്ങിയ വക്കാര്‍-ന്നൊരു കഞ്ഞിപ്പാത്രം-ഒരട്ടി മണ്ണവള്‍!

എന്നെഴുതിയപ്പോള്‍ അതിനേക്കാളധികമായി ഒരു വേലക്കാരിയുടെ ജീവിതത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായി. ആ കവിതയുടെ ഉത്തരഭാഗമാണ് പക്ഷേ അതിന് ഇന്ന് ലഭിച്ച പ്രസക്തിക്ക് നിദാനം. ഒരു നരഭുക്കായ കടുവയിലേക്ക് ആ ആത്മാവിനെ എടുത്തുചേര്‍ക്കുന്ന ഒരു ആഭിചാരത്തിലൂടെയാണ് കവിത അവസാനിക്കുന്നത്. ക്യാന്‍സറിലുമുണ്ട് ഒടുക്കത്തെകൈയായി ഒരു ശസ്ത്രക്രിയ. എന്നാല്‍, സംക്രമണം ഒരു പ്രതീക്ഷയില്‍ അവസാനിക്കുമ്പോള്‍, മാരകമാംവിധം രോഗബാധിതമായ, വംശനാശത്തോളമെത്തിക്കഴിഞ്ഞ ഒരു വ്യവസ്ഥയെയാണ് ക്യാന്‍സറില്‍ കാണുക. കാന്‍സറിലും, ക്ലാസില്‍, ഭാരതദര്‍ശന്‍ തുടങ്ങിയ കവിതകളിലും "ഏട്ടിലെ പുല്ലുതിന്നു വളരുന്ന' വിദ്യാഭ്യാസത്തെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് കേരളത്തിലെ പല കോളേജുകളിലും അധ്യാപകനായിരുന്ന കവി.

പുതുകവികളോടും പുതുകവിതകളോടും ആറ്റൂരിന് എന്നും പ്രിയമായിരുന്നു. ആധുനികാനന്തര കവിതയിലെ ചില ധാരകളെ "പുതുമൊഴിവഴികള്‍' എന്ന പേരില്‍ അവതരിപ്പിക്കാന്‍ കാരണവും മറ്റൊന്നല്ല. കവിത കഴിഞ്ഞാല്‍ ആറ്റൂര്‍ ഏറ്റവും അധികം പ്രവര്‍ത്തിച്ചതും പ്രയത്നിച്ചതും വിവര്‍ത്തനത്തിലായിരുന്നു. തമിഴില്‍നിന്ന് മലയാളത്തിലേക്കാണ് രവിവര്‍മയുടെ മൊഴിമാറ്റങ്ങളെല്ലാംതന്നെ. സുന്ദരരാമസ്വാമിയുടെ രണ്ടു നോവലുകളും (ജെ ജെ ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ) നാഗരാജന്റെയും സല്‍മയുടെയും ഓരോ നോവലും അദ്ദേഹം മലയാളികള്‍ക്ക് നല്‍കി. കവികള്‍കൂടിയായ നോവലെഴുത്തുകാരാണ് അവരെന്നും കാവ്യാത്മകമായ ഭാഷയാണ് അവര്‍ ഫിക്ഷനില്‍ ഉപയോഗിക്കുന്നതെന്നും രവിവര്‍മ പറഞ്ഞിട്ടുണ്ട്. മധ്യകാല തമിഴ് കവിതയുടെ വിവര്‍ത്തനമായ ഭക്തികാവ്യം, തമിഴ് പുതുകവിതകളുടെ സമാഹാരമായ പുതുനാനൂറ് എന്നിവയ്ക്കു പുറമെ ഇപ്പോള്‍ കമ്പരാമായണ പരിഭാഷയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കവി.

1985നുശേഷമാണ് പരിഭാഷാ യത്നങ്ങളില്‍ രവിവര്‍മ കടന്നുവന്നത്. അതോടെ അദ്ദേഹത്തിന്റെ കവിതകളുടെ മൊഴിയും ചൊല്‍രൂപങ്ങളും മാറുകയുണ്ടായി. ആദ്യകാല കവിതകളില്‍ അനുഷ്ടുപ്പുപോലുള്ള സംസ്കൃതവൃത്തങ്ങളും പിതൃഗമനം പോലുള്ള സംസ്കൃത പ്രയോഗങ്ങളും സുലഭമായിരുന്നെങ്കില്‍ പിന്നീട് ആ നയം മാറ്റി, തായ്മൊഴിയോടടുത്തുനില്‍ക്കുന്ന തനിമൊഴികള്‍ക്ക് പ്രാധാന്യം നല്‍കുയാണുണ്ടായത്. ഒതുക്കിയും ചുരുക്കിയുമുള്ള തന്റെ കവിതാരചനയ്ക്ക് ആറ്റൂര്‍ തമിഴ്മൊഴിയെ പില്‍ക്കാലകവിതകളില്‍ ഏറെ ഉപയോഗിച്ചിട്ടുണ്ട്. തമിഴിന്റെ മൊഴിയഴകിലും അടക്കത്തിലും അദ്ദേഹം കമ്പമാര്‍ന്നിരുന്നു. സംസ്കൃതത്തെ മാത്രമല്ല, ഇംഗ്ലീഷിനെയും അകറ്റിനിര്‍ത്തുന്നതായിരുന്നു ഈ കവിയുടെ രീതി. അതിനായി മലയാളികള്‍ നിത്യേന ഉപയോഗിക്കുന്ന വാക്കുകളെ തേടിപ്പിടിക്കുകയും മലയാളിക്കു മനസ്സിലാകുന്ന തമിഴ്വാക്കുകളെ കടംകൊള്ളുകയും ചെയ്തിട്ടുണ്ട് രവിവര്‍മ. മലയാളകവികളില്‍ ഇങ്ങനെയൊരു തായ്മൊഴിവഴക്കം സൃഷ്ടിക്കാന്‍ മറ്റൊരു കവിക്കും കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.

ഊരിനോടും വേരിനോടും പ്രിയം ഈ കവിക്ക്. അത് അന്ധമായ ഒരു ഗൃഹാതുരതയായി ആറ്റൂര്‍ക്കവിതകളില്‍ കാണുകയില്ല. വിവേകിയായ കവി അടുപ്പത്തോടൊപ്പം അകലവും സൂക്ഷിക്കുന്നു. പഴയതിനെ പാടിപ്പുകഴ്ത്തുകയോ അതില്‍ അലിഞ്ഞില്ലാതാവുകയോ സര്‍വമധുരങ്ങളും അതാണെന്ന് ആവേശപ്പെടുകയോ ഇല്ല. കാലക്രമത്തില്‍ മാഞ്ഞുപോകുന്ന ഊരിന്നടയാളങ്ങളെപ്പറ്റി "എന്റെ ഊരിന്നടയാളമില്ല' എന്നും ഊരും വേരും തിരിച്ചറിയത്തക്കവിധം ഒരു അടയാളം ആളുകള്‍ക്കാവശ്യം എന്നും കവി.തൊണ്ടകളില്‍ പുനര്‍ജനിക്കുന്നഒരു ഈണം എഴുതിവിടണംമാഞ്ഞുപോകാത്ത ഒരു ഈണംവാ തുറക്കുമ്പോഴേക്കുംതിരിച്ചറിയണം ഊരും വേരുംമനുഷ്യന്റെ സ്വത്വം അവന്റെ തായ്മൊഴിയിലാണുള്ളതെന്ന ഒരു തിരിച്ചറിവ് ഈ വരികളിലുണ്ട്. മലയാളി മറുഭാഷകള്‍ പേശുമ്പോള്‍ നമുക്കവനെ തിരിച്ചറിയില്ല, എന്നാല്‍ മലയാളം മൊഴിയുമ്പോള്‍ അയാള്‍/ അവള്‍ വള്ളുവനാടന്‍, തൃശൂര്‍, വടക്കന്‍, തെക്കന്‍ എന്നിങ്ങനെ ഊരിന്നടയാളം പിടികിട്ടുന്നു.

പുതുമൊഴിയോടും പുതുവഴിയോടും എന്നും ആഭിമുഖ്യം ആറ്റൂരിന്; അദ്ദേഹത്തിന്റേത് ഗൃഹാതുരത്വം ഏറ്റവും കുറഞ്ഞ മൊഴികള്‍. "പഴയ ഞാനാകാന്‍ വളരെ വിഷമമായിരിക്കുന്നു' എന്നു രേഖപ്പെടുത്തിയ "ഒപ്പ്' എന്ന കവിതയില്‍നിന്ന് "പുത്തന്‍ ചൊല്ലി'ല്‍ എത്തുമ്പോള്‍ അത് ഇന്നിന്റെ ഒരു സങ്കീര്‍ത്തനംതന്നെയായിത്തീരുന്നു. "ദേശങ്ങളെപ്പറ്റിയുള്ള ഉപന്യാസ'ങ്ങളില്‍ ഊരിന്റെ പഴയ അടയാളങ്ങള്‍തേടി നിരാശനാകുന്നില്ല കവി: "എന്റെ നാടിപ്പോഴില്ല- കാലത്തിന്നുരുള്‍പൊട്ടി/ വീണുപോയടയാളങ്ങളുമില്ലാതെ ചിലപ്പോള്‍' എന്ന് തൊണ്ടയിടറാതെ പറയാന്‍ രവിവര്‍മയ്ക്കു സാധിക്കുന്നുണ്ട്. അമേരിക്കയുടെ തെരുവും പ്രകൃതിയും ഭാഷയും ഭക്ഷണവും സംഗീതവുമൊക്കെയായി പെട്ടെന്നിണങ്ങുന്ന ഒരാള്‍ "അശാന്തസമുദ്രക്കരയില്‍' ഉണ്ട്. തെരുവോരത്തെ കൂട്ടപ്പൂക്കളുടെ പുഞ്ചിരി ""ആരേയും "തന്നില്ലത്തി'ലാക്കുന്നു'' എന്നു കവി. ആ കഥാപാത്രത്തില്‍ ഊരെന്നത്, "മാര്‍ഗം കൂടിയവനില്‍ പഴയ ദൈവങ്ങള്‍ പോലെ/ അണിഞ്ഞ കൊമ്പനില്‍ അരണ്ട കാടുപോലെ' മാത്രം. "നാള്‍ക്കുറിപ്പുകളി'ല്‍ ആറ്റൂര്‍ ഇങ്ങനെ എഴുതി.

"പോയവയെപ്പറ്റി പരാതിപ്പെടുവാന്‍

ഞാന്‍ "പി'യല്ലഇന്നത്തെ പത്രം വായിക്ക

തന്നെവാര്‍ത്ത കാണുക

ഇന്നത്തെ സൂര്യോദയം അസ്തമയം

കാലാവസ്ഥ, ചൂട് അറിയുക'

ഇങ്ങനെ ഇന്നിന്റെ കാലാവസ്ഥയില്‍ ജീവിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയുമാണ് ആറ്റൂര്‍. ഭൂതകാലത്തില്‍ വേരുകള്‍ ആഴ്ന്നുനില്‍ക്കുമ്പോഴും ശിഖരങ്ങള്‍ മാനത്തേക്കുയര്‍ത്തിയാണ് നില്‍പ്പ്. മണ്ണിനെയും മാനത്തെയും ഒരുപോലെ അടയാളപ്പെടുത്തിയിട്ടുള്ള ആറ്റൂര്‍ക്കവിത ഭൂതകാലാഭിരതി കുറഞ്ഞവയാണ്. "പകലേ നമ്മള്‍വെട്ടിയ/ നീളം മുഴുവനു-/ മൊരു വലിയാല്‍ പുറകോട്ടാക്കാന്‍' ഉള്ള പാരമ്പര്യങ്ങളുടെ ശ്രമത്തെ ഈ കവി പ്രതിരോധിക്കുകയും കുതറി മുന്നോട്ടുപോവുകയും ചെയ്യുന്നു. മേലേയാ നീലയൊഴുക്കോളവും താഴെയുള്ളോളപ്പരപ്പോളവും കണ്ണെത്തുന്നു. "പിറവി'യില്‍ എഴുതിയതുപോലെ "ചില്ലകള്‍ കൊണ്ടു തപ്പുകയും വേരുകള്‍കൊണ്ടു തേടുകയും' ചെയ്യുന്നു.കാണാത്ത പഴംകാലത്തേക്കും കാണാത്ത വരുംകാലത്തേയ്ക്കും കൊതിച്ചും പേടിച്ചുമടിവയ്ക്കുന്ന ഈ കവി ഇന്നിന്റെ കവിയാകുന്നു.

(2014ല്‍ ദേശാഭിമാനി വാരാന്തപതിപ്പിൽ പ്രസിദ്ധീകരിച്ചത്‌


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top