30 May Tuesday

പുസ്തകം ഒന്ന് മാത്രം; ആത്മകഥകൾ പലത്-അശോകൻ ചരുവിലിന്റെ 'കാട്ടൂർ കടവ് ' എന്ന നോവലിനെ കുറിച്ച് എൻ ശശിധരൻ എഴുതുന്നു

എൻ ശശിധരൻUpdated: Tuesday Nov 22, 2022

കാട്ടൂർ പാലം

അനുഭവത്തിന്റെ  രാഷ്ട്രീയത്തെ രാഷ്ട്രീയമായ അനുഭവമായി തെറ്റിദ്ധരിക്കാറുണ്ട്. ഏത് സാഹിത്യ സൃഷ്ടിയും അതിൽ നിർലീനമായ അനുഭവ രാഷ്ട്രീയത്തെ അധികരിച്ചുവേണം വിലയിരുത്തപ്പെടാൻ.  ഒരു നൂറ്റാണ്ടിലേറെക്കാലത്തെ കേരളീയ ജീവിതം ആവിഷ്‌കരിക്കുന്ന അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ എന്ന രാഷ്ട്രീയ നോവൽ അനുഭവങ്ങളുടെ രാഷ്ട്രീയാവിഷ്‌കാരങ്ങളായി മാത്രമേ വായിക്കാനാവൂ

ഡോ. ഇ വി രാമകൃഷ്‌ണ‌ൻ സമീപകാലത്ത് എഴുതിയ ഒരു ലേഖനത്തിൽ അനുഭവത്തിന്റെ രാഷ്ട്രീയത്തെയും രാഷ്‌ട്രീയമായ അനുഭവത്തെയും സവിശേഷമായി പരാമർശിക്കുന്നുണ്ട്. നമ്മൾ മലയാളികൾ അനേകകാലമായി അനുഭവത്തിന്റെ രാഷ്‌ട്രീയത്തെ രാഷ്‌ട്രീയമായ അനുഭവമായി തെറ്റിദ്ധരിച്ചുപോന്നിട്ടുണ്ട്.

ഏത് സാഹിത്യ സൃഷ്ടിയും അതിൽ നിർലീനമായ അനുഭവരാഷ്ട്രീയത്തെ അധികരിച്ചുവേണം വിലയിരുത്തപ്പെടാൻ. 

ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ  കേരളീയ ജീവിതം ആവിഷ്കരിക്കുന്ന അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ എന്ന രാഷ്ട്രീയ നോവലും അദ്ദേഹം ഇതഃപര്യന്തം എഴുതിയ മുഴുവൻ ചെറുകഥകളും അനുഭവങ്ങളുടെ രാഷ്ട്രീയാവിഷ്‌കാരങ്ങളായി മാത്രമേ വായിക്കാനാവൂ.

ചരിത്രാഖ്യാനമെന്ന നിലയിൽ വായിക്കപ്പെടുമ്പോഴും, ചരിത്രത്തെ കേവല രാഷ്ട്രീയത്തിന്റെ ഉപാഖ്യാനമായി അവതരിപ്പിക്കുന്ന ഒരാഖ്യായിക അല്ല, ‘കാട്ടൂർകടവ്’.

നൂറിലേറെ സ്ഥലങ്ങളിലായി ആയിരത്തിൽപ്പരം കഥാപാത്രങ്ങളിലൂടെ വികസിക്കുന്നു ആഖ്യാനം, അതിൽ നിർലീനമായ ചരിത്രബോധവും ആഖ്യാന പാടവവും കൊണ്ട്, അനുഭവങ്ങളുടെ രാഷ്ട്രീയം എന്ന സങ്കൽപ്പനത്തെ സാക്ഷാൽക്കരിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നുണ്ട്.

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് എന്ന നഗരത്തിൽ വെച്ച് കാട്ടൂർകടവ് എന്ന ജന്മദേശത്തെ വെള്ളപ്പൊക്കത്തെ സ്വപ്നം കാണുന്ന കെ എന്ന എഴുത്തുകാരനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്.

പ്രകൃതിയിൽ സൂര്യൻ നടത്തുന്ന സർഗാവിഷ്കാരങ്ങൾക്ക് സാക്ഷിയായി അയാൾ നേരം പുലരുംമുമ്പേ പ്രഭാത സവാരിക്കിറങ്ങിയിരിക്കുകയാണ്. ആ സൗന്ദര്യ പ്രപഞ്ചം സന്തോഷത്തിനുപകരം അയാളിൽ വിഷാദമാണ് ഉണ്ടാക്കുന്നത്.

അശോകൻ ചരുവിൽ                   ഫോട്ടോ: കെ എസ് പ്രവീൺകുമാർ

അശോകൻ ചരുവിൽ ഫോട്ടോ: കെ എസ് പ്രവീൺകുമാർ

(ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ഇടയിൽ, സത്യത്തിന്റെ മറുപുറം തപ്പുന്ന, അശാന്തവും ആത്മനാശകവുമായ ഈ വിഷാദം നോവലിലുടനീളം പല ഭാവങ്ങളിൽ, പല വിതാനങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്).

പുൽമൈതാനത്തിന് അപ്പുറത്തുള്ള ‘ചാപ്പലി’നടുത്ത് ഒരു സിമന്റ് ബെഞ്ചിലിരുന്ന്, തന്റെ മകൻ ഈയിടെ വാങ്ങിക്കൊടുത്ത വിലകൂടിയ ലാപ്ടോപ്പ് അയാൾ തുറക്കുന്നു.

സാമ്പത്തിക പ്രതിസന്ധികാരണം ബിരുദപഠനം പാതിവഴിക്ക് നിർത്തിയ കെ എന്ന രോഗിയെപ്പോലെ മെലിഞ്ഞ യുവാവ്, ഈയിടെ സംസ്ഥാന സർക്കാരിന്റെ കൾച്ചറൽ അഡ്വൈസറി കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്നും വിരമിച്ച ആളാണ്.

പ്രൈമറി സ്കൂൾ അധ്യാപകനിൽനിന്ന് ഈ വലിയ പദവിയിലേക്കുള്ള ദൂരം അയാൾ കൃത്യമായി ഓർക്കുന്നു. ഇടതുപക്ഷ അനുഭാവം പുലർത്തുന്ന എഴുത്തുകാരൻ എന്ന നിലയിലാണ് ഈ പദവികളെല്ലാം അയാളെ തേടിയെത്തിയത്.

ഫേസ്ബുക്ക് തുറന്നപ്പോഴാണ് കാട്ടൂർകടവിലെ സമരനായിക കെ മീനാക്ഷി എന്ന തന്റെ അമ്മ അന്തരിച്ച വിവരം അയാൾ അറിയുന്നത്.

സുഖമില്ലാതെ ആശുപത്രിയിലായിരുന്ന കാലത്ത് അമ്മയെ സന്ദർശിച്ച കാര്യം കെ ഓർത്തു. കെയെ കാണുമ്പോഴെല്ലാം പകുതി കാര്യമായും പകുതി തമാശയായും അമ്മയുടെ ഒരു ചോദ്യമുണ്ട്.

‘എന്താടോ തന്റെ ഉദ്ദേശ്യം?’  തുടർന്ന് ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും. തെല്ലുനേരത്തെ ആലോചനക്കുശേഷം അവർ ഇത്രയുംകൂടി പറഞ്ഞു: ‘‘ജാതി ജന്മി നാടുവാഴിത്തം’’ എന്ന് കേട്ടിട്ടില്ലേ താൻ? ഇ എം എസ് എപ്പോഴും പറയാറുള്ളതാണ്.

‘‘ജാതി‐ ജന്മി‐ പുരുഷനാടുവാഴിത്തം എന്നാണ് ശരിക്കും പറയേണ്ടത്. അത് വീണ്ടും എണീറ്റ് വര്വാണ്. അതിന്റെ പ്രതികാരമാണ് ഇപ്പോൾ കാണുന്നത്. പല പല രൂപത്തിലും ഭാവത്തിലുമാണ് അതിന്റെ വരവ്. പാർടിക്കാവട്ടെ അത് അത്രക്കങ്ങട് മനസ്സിലായിട്ടുംല്ല’’.

തുടർന്ന് കെയുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി ഒരുപദേശവും കൊടുത്തു മീനാക്ഷി: ‘‘താനിനി വിപ്ലവം നടത്താനൊന്നും മിനക്കെടേണ്ട.

സാഹിത്യകാരന്മാര് ഇത്തിരി അകന്ന് നിൽക്കുന്നതാ അവർക്കും പാർടിക്കും നല്ലത്. സമരം ചെയ്യാനും അടികൊള്ളാനും ഞങ്ങളൊക്കെയുണ്ട്. കലാകാരന്മാർ അത്യാവശ്യം ജനാധിപത്യോം മതേതരത്വോം പറഞ്ഞ് അങ്ങനെ നിന്നാ മതി’’.

സ്വാതന്ത്ര്യാനന്തര ദശകത്തിൽ, കേരളത്തിൽ സവിശേഷമായും എഴുത്തുകാരന്റെ  പദവിയെയും ലക്ഷ്യങ്ങളെയും ഒരു പക്ഷേ ഇത്രമേൽ കർക്കശമായി, നിഷ്‌കൃഷ്ടമായി ഇതിന് മുമ്പ് ആരും ചോദ്യം ചെയ്തിട്ടില്ല.

മാറി മാറി വരുന്ന മുന്നണി ബന്ധങ്ങൾക്കനുസൃതമായി ഭരണത്തിലേറുന്ന ഗവൺമെന്റുകൾക്ക് മുമ്പിൽ വിനീത വിധേയരായി ഓച്ഛാനിച്ചു നിൽക്കുന്ന എഴുത്തുകാരുടെ നട്ടെല്ലിന്റെ വളവുകൾ ഇത്ര സൂക്ഷ്മവും സുതാര്യവുമായി എക്സ്‌റേ ചെയ്യപ്പെട്ടിട്ടില്ല.

‘കാട്ടൂർകടവ് എന്ന നോവൽ ഇത്തരം അനേകം ഏറ്റുപറച്ചിലുകളുടെ ബൃഹദാഖ്യാനമാണ്.പ്രത്യക്ഷത്തിൽ എഴുത്തുകാരുടെ വംശത്തിനുതന്നെ അപമാനകരമായ സത്യങ്ങൾ നിർദാക്ഷിണ്യം വലിച്ചുപുറത്തിടുന്ന നോവലിലെ പല സന്ദർഭങ്ങളും ആത്മഹനനത്തോ ളമെത്തുന്ന ബലിയുടെ സൂചകങ്ങളാണ്.

‘കാട്ടൂർകടവ് എന്ന നോവൽ ഇത്തരം അനേകം ഏറ്റുപറച്ചിലുകളുടെ ബൃഹദാഖ്യാനമാണ്.പ്രത്യക്ഷത്തിൽ എഴുത്തുകാരുടെ വംശത്തിനുതന്നെ അപമാനകരമായ സത്യങ്ങൾ നിർദാക്ഷിണ്യം വലിച്ചുപുറത്തിടുന്ന നോവലിലെ പല സന്ദർഭങ്ങളും ആത്മഹനനത്തോ ളമെത്തുന്ന ബലിയുടെ സൂചകങ്ങളാണ്.

അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

ചരിത്രം, ഭാഷ, സംസ്കാരം, പാരമ്പര്യം എന്നീ ഏകകങ്ങൾക്ക് ഏകാധിപത്യത്തിന്റെയും  ജനവിരുദ്ധതയുടെയും ഫാസിസ്റ്റ് ദംഷ്ട്രകൾ മുളച്ചുതുടങ്ങിയ നമ്മുടെ കാലത്ത് ഈ ആത്മബലിക്ക് വലുതായ സാംഗത്യമുണ്ട്. 

വിപണി കേന്ദ്രീകൃതമായ  സംസ്കാരത്തിന്റെ  ചന്തയിൽ വിലപേശി വിൽക്കപ്പെടുന്ന ഉൽപ്പന്നം മാത്രമായി  സാഹിത്യ വ്യവഹാരങ്ങൾ തരംതാണുകഴിഞ്ഞിരിക്കുന്നു. എഴുത്തുകാരന്റെ /എഴുത്തുകാരിയുടെ നട്ടെല്ല് എന്നത് കാലഹരണപ്പെട്ടുപോയ ഒരു പ്രയോഗമല്ലെന്ന് അവ അടിവരയിടുന്നു.

‘കാട്ടൂർക്കടവ്’ എന്ന നോവലിന്റെ  നിഹിതാർഥങ്ങളെക്കുറിച്ചും ദർശന പരിസരങ്ങളെക്കുറിച്ചും  പലതലങ്ങളിലുള്ള വ്യാഖ്യാനങ്ങൾക്കും ചർച്ചകൾക്കും സാധ്യതയുണ്ട്. 

സാമൂഹികവും ദാർശനികവുമായ അർഥ സങ്കൽപ്പങ്ങൾക്ക് അപ്പുറം, കഥ (fiction)എന്ന നിലയിൽ ഈ കൃതി  പ്രക്ഷേപിക്കുന്ന സൂചകങ്ങളും തെളിച്ചങ്ങളും തന്നെയാണ്  യഥാർഥ വായനക്കാരെ ആകർഷിക്കുക എന്നുതോന്നുന്നു. നല്ല പുസ്തകം എന്ന സങ്കല്പത്തെ അധികരിച്ച് ഓർഹാൻ പാമുക്ക്‌ പറയുന്നത് ഇങ്ങനെയാണ്:

ഓർഹാൻ പാമുക്ക്‌

ഓർഹാൻ പാമുക്ക്‌

‘‘ഒരു നല്ല പുസ്തകം, മുഴുവൻ ലോകത്തെക്കുറിച്ചും നമ്മെ ഓർമിപ്പിക്കുന്ന ഒന്നാണ്.  ഒരു പക്ഷേ, എല്ലാ പുസ്തകങ്ങളും അങ്ങനെ ആവേണ്ടതുണ്ട്.  ലോകത്തിന്റെ നിശ്ചലതയും ആരവങ്ങളും മാറ്റിയെടുത്ത് നിർമിക്കപ്പെട്ട എന്തോ ഒന്നാണത്.

പക്ഷേ,  അത് നിശ്ചലതയോ ആരവമോ അല്ലതാനും. ഒരു നല്ല പുസ്തകം നിലവിലില്ലാത്ത വസ്തുക്കളെകൂടി ഉൾക്കൊള്ളുന്ന എഴുത്താണ്; ഒരു തരത്തിലുള്ള അസാന്നിധ്യം; അഥവാ  മരണം. പക്ഷേ, വാക്കുകൾക്കപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു ലോകത്തിനുവേണ്ടി,  പുസ്തകത്തിനുവെളിയിൽ അന്വേഷിക്കുന്നത് വൃഥാവിലാണ്’’. വാക്കുകൾക്കും  മരണത്തിനും അപ്പുറത്ത് സ്ഥിതിചെയ്യുന്ന സത്യത്തിന്റെ ഒടുങ്ങാത്ത  തീജ്വാലകൾ ആളിക്കൊണ്ടിരിക്കുന്ന ഒരു കൃതിയാണ് ‘കാട്ടൂർകടവ്’. അല്പം അകലം പാലിച്ചില്ലെങ്കിൽ കൈപൊള്ളും.

കൈക്കൂലി വാങ്ങാത്ത ചന്ദ്രശേഖരൻ എന്ന ആളുടെ മകൻ തൃശിവപേരൂർ റജിസ്ട്രാഫീസിൽവച്ച് കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിലായി അറസ്റ്റ് ചെയ്യപ്പെടുന്നു. സമ്പത്തിനോടോ, സ്ഥാനമാനങ്ങളോടോ ജന്മനാ ആർത്തിയില്ലാത്ത ആളാണ് ദിമിത്രി.

പക്ഷേ, വിജിലൻസിനാൽ പിടിക്കപ്പെടുന്നതിനു മുമ്പും തൃശിവപേരൂരിലെ മുറിയിലിരുന്ന് അയാൾ കൈക്കൂലി വാങ്ങിയിരുന്നു. ചില വ്യക്തിപരമായ ശത്രുതയുടെ പേരിൽ  വളരെ  അടുപ്പമുള്ള ചിലർ വിജിലൻസ് കേസിൽ കുടുക്കിയെങ്കിലും  ആത്യന്തികമായി  ദിമിത്രിയെ കൈക്കൂലിയിലേക്ക് നയിച്ചത്  എന്തായിരിന്നു! ദുരന്തം സ്വയം ഏറ്റെടുക്കാനും അതിന്റെ  വിനാശകരമായ ചതുപ്പുകളിൽ ആണ്ട് മുങ്ങുമ്പോഴുള്ള വേദനകലർന്ന ആനന്ദം അനുഭവിക്കാനുമുള്ള അയാളുടെ അഭിവാഞ്ഛയാകാം അത്.

കാട്ടൂർ പോംപെ സെന്റ്‌ മേരീസ്‌ സ്‌കൂൾ

കാട്ടൂർ പോംപെ സെന്റ്‌ മേരീസ്‌ സ്‌കൂൾ

ഒരു തരത്തിലുള്ള ആത്മബലിയുടെ ആനന്ദം ആ നേരങ്ങളിൽ ദിമിത്രി അനുഭവിച്ചിരിക്കണം. തന്നെക്കാൾ ഉയർന്ന തസ്തികയിലിരിക്കുന്ന ഭാര്യയോട്  അയാൾക്ക് വിരോധമോ അസൂയയോ  ഉണ്ടാവാനിടയില്ല. കുട്ടികളുടെ ഭാവിയെപ്പറ്റി ആശങ്കകളും ഉണ്ടാവില്ല. പക്ഷേ, അതിനുമപ്പുറം ദുരന്തത്തെ സ്വയം വരിക്കുമ്പോൾ അയാൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം, അതിന്റെ  ആനന്ദാത്മകമായ വേദന അത് നോവലിന്റെ ഒരു സവിശേഷ വികാരമായി അവശേഷിക്കുന്നു.

അനുഭവങ്ങളുടെ പ്രത്യക്ഷവൽക്കരണത്തിൽനിന്നും അകലെ, മനുഷ്യരുടെ ധർമസങ്കടങ്ങൾക്ക്  ഇങ്ങനെയൊരു തലവുമുണ്ടെന്ന് ‘കാട്ടൂർകടവ്’  എന്ന നോവലിൽ പല മട്ടിൽ അശോകൻ ആവിഷ്കരിക്കുന്നുണ്ട്. മുമ്പേപറഞ്ഞ  ‘അനുഭവങ്ങളുടെ രാഷ്ട്രീയം’ എന്ന ആശയത്തിലേക്ക്  തന്നെയാണ് ഈ വൈകാരികതലം  തിരിച്ചെത്തുന്നത്.

മരണാസന്നയായ അമ്മയുടെ കട്ടിലിൽ ചേർന്നിരിക്കുമ്പോൾ  ദിമിത്രി തന്നോടുതന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘‘ദൈവമേ അനക്കമില്ലാതെ  കിടക്കുന്ന ഈ സ്ത്രീയും ഞാനും തമ്മിൽ എന്താണുള്ളത്?  ദിമിത്രി കണ്ണടച്ചിരുന്നു.

എങ്ങനെയാണ്  ഒരാൾ തന്റെ  അമ്മയെ  സ്നേഹിക്കേണ്ടത്  എന്ന് അയാൾ  ആലോചിച്ചു.  ഏതെങ്കിലും  സർവകലാശാല ആ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടാവുമോ?  ഏത്‌ പുസ്തകത്തിലാണ് അതിന്റെ  നടപടിക്രമങ്ങൾ എഴുതിയിട്ടുള്ളത്‌? പത്തുമാസം ഈ ഉദരത്തിൽ അയാൾ കിടന്നു. ഈ ശരീരത്തിൽനിന്ന് രക്തവും കണ്ണീരും വലിച്ചെടുത്ത് ഒരു ഇത്തിൽ കണ്ണിയെപ്പോലെ വളർന്നു. 

അയാളെ  ഉദരത്തിൽ വഹിച്ച കാലത്ത് സ്നേഹിച്ച മനുഷ്യന്റെ  വീട്ടിൽനിന്നും അവലംബമില്ലാതെ  ഇവർ  ഇറങ്ങിപ്പോന്നു.  മകന് ഭക്ഷണം കൊടുക്കാൻവേണ്ടി  ഇവർ കഷ്ടപ്പെട്ടു.

കുടിലിന്റെ ചെറിയ ഇറയത്തിരുന്ന് ചേറിന്റെയും ചകിരിയുടെയും  മണമുള്ള കൈകൊണ്ട്  അവർ ഉരുട്ടിയ ഉരുളക്ക് വേണ്ടി അയാൾ തന്റെ ചെറിയ വായ തുറന്നുപിടിച്ചു.  ആ സമയത്ത് അയാൾ തന്റെ  കുഞ്ഞിക്കണ്ണുകൾകൊണ്ട്  നന്ദിയോടെ അവരെ നോക്കിയിരിക്കും. ഒരു കരച്ചിൽ ദിമിത്രിയുടെ തൊണ്ടയിൽ കിടന്നു  പിടഞ്ഞു.

അതുകണ്ട്‌ ശിവരാമൻ പറഞ്ഞു:  കരയേണ്ട ദിമിത്രീ അമ്മയുടെ സുഖക്കേട്‌ മാറും’’.

കേവല വൈകാരികതകൾക്ക്‌ അപ്പുറമുള്ള ഇത്തരം സത്യങ്ങളും  വെളിപ്പെടുത്തുന്ന അനേകം സന്ദർഭങ്ങൾ ‘കാട്ടൂർകടവി’ൽ നിരവധിയുണ്ട്‌;മനുഷ്യനായിരിക്കുക എന്നതിന്റെ പാപവും പുണ്യവും ഒന്നിച്ച്‌ അനുഭവിച്ച ഒരാൾക്ക്‌ മാത്രം എഴുതാൻ കഴിയുന്നവ.ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ അനേകായിരം മനുഷ്യരുടെ ആത്മകഥയാണ്‌ നാം ‘കാട്ടൂർകടവി’ൽ വായിക്കുന്നത്‌. പുസ്‌തകം ഒന്നേയുള്ളൂ; പക്ഷേ ആത്മകഥകൾ അനേകായിരം. ഈ പുസ്‌തകം ഭൂമിയിലെ ചെറിയ മനുഷ്യർക്കുവേണ്ടി എഴുതപ്പെട്ടതാണ്‌.

കേവല വൈകാരികതകൾക്ക്‌ അപ്പുറമുള്ള ഇത്തരം സത്യങ്ങളും  വെളിപ്പെടുത്തുന്ന അനേകം സന്ദർഭങ്ങൾ ‘കാട്ടൂർകടവി’ൽ നിരവധിയുണ്ട്‌;മനുഷ്യനായിരിക്കുക എന്നതിന്റെ പാപവും പുണ്യവും ഒന്നിച്ച്‌ അനുഭവിച്ച ഒരാൾക്ക്‌ മാത്രം എഴുതാൻ കഴിയുന്നവ.ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ അനേകായിരം മനുഷ്യരുടെ ആത്മകഥയാണ്‌ നാം ‘കാട്ടൂർകടവി’ൽ വായിക്കുന്നത്‌. പുസ്‌തകം ഒന്നേയുള്ളൂ; പക്ഷേ ആത്മകഥകൾ അനേകായിരം. ഈ പുസ്‌തകം ഭൂമിയിലെ ചെറിയ മനുഷ്യർക്കുവേണ്ടി എഴുതപ്പെട്ടതാണ്‌.

അതിന്റെ താളുകളിൽ അനേകായിരം മനുഷ്യരുടെ കണ്ണീരും ചോരയും സഹനവും അതിജീവനവുമുണ്ട്‌.

അവയുടെ ഉണങ്ങാത്ത പാടുകളുണ്ട്‌. അതേ, ‘കാട്ടൂർകടവ്‌’ വേദനയുെട പുസ്‌തകമാണ്‌.

‘കാട്ടൂർകടവ്‌’ ഗന്ധങ്ങളുടെ പുസ്‌തകം കൂടിയാണ്‌. നോവലിൽ വലവിരിക്കപ്പെടുന്ന ഗന്ധങ്ങൾ കേവല ഗന്ധങ്ങളല്ല. അവയ്‌ക്ക്‌ ഓർമയുടെയു മറവിയുടെയും ചതുപ്പുനിലങ്ങളുടെ ഗന്ധമാണ്‌.

എങ്കിലും ഓർമയായും മറവിയായുമല്ല അവ ആവിഷ്‌കരിക്കപ്പെടുന്നത്‌. ആഴത്തിൽ വേരോട്ടമുള്ള മനുഷ്യജീവിതത്തിന്റെ നാനാവിധമായ ഗന്ധങ്ങൾ. ‘‘ വേലൻ തുരുത്തിനും ഒരു കാലത്ത്‌ ചകിരിഗന്ധമുണ്ടായിരുന്നു. ആ ഗന്ധത്തിൽ പക്ഷേ വെണ്ണ ബിസ്‌കറ്റിന്റെ മണം കലർന്നിരുന്നു.

കോൾപ്പടവുകൾക്കിടയിലെ ചെറിയ ഓലക്കുടിലിൽ ജനിച്ചപ്പോൾ ദിമിത്രിയെ ആദ്യം സ്‌പർശിച്ച കൈകൾക്ക്‌ ആ ഗന്ധമുണ്ടായിരുന്നു. അയാളുടെ അമ്മമ്മയുടെ കൈകളായിരുന്നു അത്‌. വി കെ മീനാക്ഷിയുടെ അമ്മ കൗസല്യയുടേത്‌.

തന്റെ മകൾക്ക്‌ പ്രസവവേദന തുടങ്ങിയതറിഞ്ഞ്‌ ചകിരിക്കുഴിയിൽനിന്ന്‌ കയറി വന്നതായിരുന്നു അവർ. പിന്നീട്‌ ആ മണം അവർക്ക്‌ പരിചയമുളളതായി. അമ്മമ്മയുടെ ജാക്കറ്റിന്റെ പച്ചനിറം അകലെ വയൽവരമ്പിൽ തെളിയുന്നത്‌ അയാൾ കാണാൻ തുടങ്ങി.

ചേറുപുരണ്ട കൈകൾ കൊണ്ട്‌ അപ്പോൾ ദിമിത്രിയെ വാരിയെടുക്കും. തോളിലിട്ടിരുന്ന അഴുക്കുപുരണ്ട തോർത്തുമുണ്ടിലാണ്‌ ബിസ്‌കറ്റുകൾ പൊതിഞ്ഞുകെട്ടിയിരുന്നത്‌. അത്‌ അഴിക്കുംമുമ്പേ വെറ്റിലമണമുള്ള ചുണ്ടുകൾകൊണ്ട്‌ കവിളത്ത്‌ കിട്ടുന്ന ഒരുമ്മയക്ക്‌ നല്ല ചൂടുണ്ടായിരുന്നു.

കാട്ടൂർ സബ്‌ രജിസ്‌ട്രാർ ഓഫീസ്‌

കാട്ടൂർ സബ്‌ രജിസ്‌ട്രാർ ഓഫീസ്‌

വിയർപ്പിന്റെ നനവും. നനവും ചൂടുമല്ലാതെ ദിമിത്രിക്ക്‌ പിന്നീട്‌ ആ മുഖം ഓർമിച്ചെടുക്കാനായില്ല.’’ മനുഷ്യഗന്ധങ്ങളിൽ നിന്ന്‌  ജീവിതഗന്ധങ്ങളിലേക്കുള്ള ഉയിർപ്പിന്റെ ആവിഷ്‌കാരങ്ങൾ കൂടിയാണ്‌ ‘കാട്ടൂർകടവ്‌’.

പാർടിയുെട നിർബന്ധപ്രകാരമാണ്‌ വേലസമുദായത്തിൽപ്പെട്ട മീനാക്ഷിയെ ഉന്നതകുലജാതനും കവിയുമായ ചന്ദ്രശേഖരൻ വിവാഹം കഴിക്കുന്നത്‌. കുട്ടിയായിരുന്നപ്പോൾ ചന്ദ്രശേഖരന്റെ അമ്മ, അവനെ അച്ഛന്റെ വീട്ടിലേക്ക്‌ കൊണ്ടുപോയി. പക്ഷേ അച്ഛനും അച്ഛന്റെ അച്ഛനും അവനെ ഗൗനിച്ചതേയില്ല.

സ്‌കൂളിൽ ചേർക്കാൻ കൂടെ പോകാൻപോലും അച്ഛൻ തയ്യാറായില്ല. പക്ഷേ അച്ഛന്റെ മുറിയിൽനിന്ന്‌ വന്ന സിഗരറ്റിന്റെ മണം ദിമിത്രിക്ക്‌ ഇഷ്ടമായി. തനിക്ക്‌ എഴുത്തും വായനയും അറിയാമെന്ന്‌ സ്ഥാപിക്കാൻ അവൻ എബിസിഡിയും ദേവിയെക്കുറിച്ചുള്ള ഒരു പാട്ടും പാടിക്കേൾപ്പിച്ചു.

നിലതെറ്റിയ ചന്ദ്രശേഖരൻ കൈയിൽ കിട്ടിയ മഷിക്കുപ്പിയെടുത്ത്‌ ഊക്കോടെ ചുമരിലെറിഞ്ഞു. കുപ്പിപൊട്ടി ചുമരിൽ ഭൂപടം വരച്ച്‌ മഷി താഴോട്ടു ഒഴുകി.

ഈ വക പാട്ടൊന്നും ഇവിെട പാടരുതെന്ന്‌ ചന്ദ്രശേഖരൻ അലറി. ‘നിനക്കെന്താ പറ്റീത്‌ ചന്ദ്രാ. അവൻ നിന്റെ ചോരയല്ലേ? അല്ലാന്ന്‌ച്ചാൽ പറയ്‌? നീയല്ലാണ്ട്‌ ആരാ നിന്റെ ജീവിതത്തിന്‌ ഉത്തരവാദി’’ എന്ന അമ്മയുടെ ചോദ്യത്തിന്‌ ചന്ദ്രശേഖരൻ പറഞ്ഞ മറുപടി വിചിത്രമായിരുന്നു.

നോവലിസ്‌റ്റ്‌ ഇങ്ങനെ തുടരുന്നു: താൻ എഴുതിയ നാടകങ്ങളിലെ ഡയലോഗ്‌ പോലെയാണ്‌ ചന്ദ്രൻ പിന്നെ സംസാരിച്ചത്‌. വികാരഭരിതനായ ഒരു  നടന്റെ ഭാവമായിരുന്നു, അദ്ദേഹത്തിന്‌: ‘‘അതെ എന്റെ തെറ്റുതന്നെ. ഞാൻ തെറ്റുചെയ്‌തു: വലിയ തെറ്റ്‌. വലിയ പാപം. വിചാരമില്ലാതെ ഞാൻ വികാരത്തിന്റെ പിറകെപോയി. അതിന്റെ ശിക്ഷ ഞാൻ ഏറ്റുവാങ്ങുന്നു.

വിചാരണ കഴിഞ്ഞു. വിധിയും. ജിവിതമാണ്‌ എനിക്കുള്ള ശിക്ഷ. ഭൂമിയിലെ നരകത്തിലേക്ക്‌ ഞാൻ പ്രവേശിക്കുകയാണ്‌.

തീക്കടലിന്‌ മുകളിലൂടെ, മുടിപ്പാലത്തിലൂടെ ഞാനിതാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഇതിൽനിന്ന്‌ രക്ഷപ്പെടാൻ ഒരു വാതിലേ ഉള്ളൂ. മരണത്തിന്റെ വാതിലാണത്‌. മരണം എത്രയുംവേഗം വന്ന്‌ എന്നെ അനുഗ്രഹിക്കട്ടെ.

അദ്ദേഹം തന്റെ അമ്മക്ക്‌ മുന്നിൽച്ചെന്ന്‌ കൈക്കൂപ്പി.’’ അനേകവർഷക്കാലമായി മലയാളികളുടെ സങ്കല്പയാഥാർഥ്യങ്ങളിൽ പുലരുന്ന എഴുത്തുകാരൻ എന്ന സങ്കല്പത്തെ ഇത്രയും സുക്ഷ്‌മമായി മറ്റേതെങ്കിലും മലയാള നോവലിൽ വിചാരണ ചെയ്‌തതായി ഓർമയില്ല.

എഴുത്തുകാരോട്‌ മലായാളികൾ വച്ചുപുലർത്തുന്ന വിധേയത്വത്തെ ഇത്ര രൂക്ഷമായി  മറ്റാരും വിമർച്ചുകണ്ടിട്ടില്ല. കഷ്ടമെന്ന്‌ പറയട്ടെ, എഴുത്തുകാരുടെ മുന്നിൽ പഞ്ചപുച്ഛമടക്കി പ്രാർഥനാനിരതരായി നിൽക്കുന്ന മലയാളിയുടെ അടിമമനോഭാവത്തിന്‌ ഇപ്പോഴും മാറ്റം വന്നിട്ടില്ല.

കാട്ടൂർ അങ്ങാടി

കാട്ടൂർ അങ്ങാടി

വർണനകളുടെയും വിശദാംശങ്ങൾ ഓർമകളിൽനിന്ന്‌  ഉദ്ധരിക്കുന്നതിന്റെയും കാര്യത്തിൽ നോവലിസ്‌റ്റ്‌ ദീക്ഷിക്കുന്ന ഔചിത്യവും കൃത്യതയും ‘കാട്ടൂർകടവി’ന്റെ മറ്റൊരു സവിശേഷതയാണ്‌.

കളമെഴുത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു വിവരണം നോക്കും: ‘‘ഒരു പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്നതാണ്‌ മിക്ക കളങ്ങളും.

കളത്തിനുമുന്നിലുള്ള മുറ്റം ചാണകം മെഴുകി വെടുപ്പാക്കിയിട്ടുണ്ടാവും. ഓലയും കുരുത്തോലയും പറയും നെല്ലും കരിക്കും കുലവാഴയും വീട്ടുകാർ ഒരുക്കും. പിന്നെ തേച്ചുമിനുക്കിയ നിലവിളക്കുകളും കിണ്ടിയും തളികയും. അവിൽ, മലർ, ശർക്കര, കദളിപ്പഴം, കളഭം, തിരിത്തുണി, എണ്ണ തുടങ്ങിയ പൂജാവസ്‌തുക്കൾ.

നാലുകാൽ പന്തലുയർത്തി കൂറയിടും. കുരുത്തോലയ്‌ക്കിടെ മാവില, ആലില, ചെത്തിപ്പൂവ്‌, പൂക്കാപ്പാക്ക്‌, നാളികേരം വട്ടത്തിൽ പൂളിയെടുത്തത്‌, ചെറിയപഴം എന്നിവയും ഞാത്തിയിടും.

പിന്നെ പഞ്ചവർണപ്പൊടിയുടെ നിർമാണമാണ്‌. വെള്ള, കറുപ്പ്‌, പച്ച, മഞ്ഞ, ചുവപ്പ്‌ എന്നിങ്ങനെയാണ്‌. ഉമിക്കരി പൊടിച്ച്‌ കറുപ്പുണ്ടാക്കും.

െവള്ളയ്‌ക്ക്‌ അരിപ്പൊടി, മഞ്ഞയ്‌ക്ക്‌ മഞ്ഞൾ. നെന്മേനി വാകയുടെ ഇലപൊടിച്ചാണ്‌ പച്ചയുണ്ടാക്കുന്നത്‌. മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും േചർത്തുകലർത്തി ചോപ്പുണ്ടാക്കും.

വിശദാംശങ്ങളിലുളള ഈ സൂക്ഷ്‌മതയും കണിശതയും ബോധപൂർവം സൃഷ്ടിക്കപ്പെടുന്നവയല്ല. അവയുടെ സമൃദ്ധിയും സൂചകസ്വഭാവവും വായനക്കാരെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും. അവിടെ ഓരോ വാക്കും ഓർമകൾ കൊണ്ട്‌ തുറക്കാവുന്ന അനേകം വാതിലുകളായി മാറുന്നു.

‘കാട്ടൂർകടവ്‌’ എന്ന നോവൽ ആരംഭിക്കുന്നതും അവസാനിക്കുന്നതും ‘കെ’ എന്ന എഴുത്തുകാരന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റുകളും അതിന്‌ ദിമിത്രി എഴുതുന്ന മറുപടികളും കൊണ്ടാണ്‌.

‘കെ’യുടെ കുറിപ്പുകളിൽ കാണുന്ന വ്യാജമായ കമ്യൂണിസ്‌റ്റ്‌ സൈദ്ധാന്തികതയെ നോവൽ ശക്തിയായി അപലപിക്കുന്നുണ്ട്‌. അവിടെയും എഴുത്തുകാരന്റെ ബിംബവൽക്കരണങ്ങൾക്കെതിരെയാണ്‌ നോവലിസ്‌റ്റ്‌ വിരൽചൂണ്ടുന്നത്‌ .


(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top