18 September Wednesday

മാറുന്ന മലയാള വായന

ജോണി എം എൽUpdated: Friday Aug 9, 2024


ശാസ്ത്രവും ഇടതു-സോഷ്യലിസ്റ്റ് ചിന്തകളും സാഹിത്യവും ആയിരുന്നു മലയാളിയുടെ വായനാലോകത്തെ ഭരിച്ചിരുന്നത്. കേരളം അതിന്റെ വിവിധങ്ങളായ സാമൂഹിക പുരോഗതികൾ കൈവരിക്കുന്ന കൂട്ടത്തിൽ സാധ്യമാക്കിയ സാക്ഷരത പുതിയ വായനാമനുഷ്യരെ സൃഷ്ടിക്കുകയും ആ മനുഷ്യരുടെ ലളിത കോമള കാന്ത ഭാവനകളെ തൃപ്തിപ്പെടുത്താൻ പോന്ന വിധത്തിലുള്ള സാഹിത്യം ഉണ്ടാവുകയും ചെയ്‌തു. പൈങ്കിളി എന്ന് പൊതുവെ വിളിക്കപ്പെടുന്ന സാഹിത്യത്തിന്റെ ഒരു കുത്തൊഴുക്ക് മലയാള ഭാഷയിൽ ഉണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്. ജോണി എം എൽ എഴുതുന്നു.

 മലയാളിയുടെ വായന മാറിപ്പോയി എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എവിടെനിന്ന് എങ്ങോട്ട് മാറിപ്പോയി എന്നിടത്താണ് സംശയങ്ങൾ തുടങ്ങുന്നത്. എന്റെ വ്യക്തിപരമായ വായനയുടെ തുടക്കം എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കുന്നത്, പിന്നീട് ഞാൻ നടത്തുന്ന നിരീക്ഷണങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കാൻ സഹായിക്കുമെന്നതിനാൽ അവിടെനിന്ന് തുടങ്ങാം.

എഴുപതുകളുടെ രണ്ടാം പകുതിയാകുമ്പോഴേക്കുമാണ് ഞാൻ വായിച്ചു തുടങ്ങുന്നത്. കൃത്യമായിപ്പറഞ്ഞാൽ അടിയന്തരാവസ്ഥയ്‌ക്കു ശേഷം. അതുവരെ വായന എന്നത് കുട്ടികൾക്കുള്ള പുസ്തകങ്ങളിൽ ഒതുങ്ങിയിരുന്നു. അടിയന്തരാവസ്ഥ കഴിയുന്ന സമയത്താണ് വായനശാലയിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിച്ചു തുടങ്ങുന്നത്.

മാത്യു എം കുഴിവേലി നടത്തിയിരുന്ന ബാലൻ ബുക്‌സ്‌ പ്രസിദ്ധീകരിച്ചിരുന്ന മഹാന്മാരുടെ ജീവചരിത്രങ്ങൾ, പ്രഭാത് ബുക്ക് ഹൗസിന്റെ ബാലവിജ്ഞാനകോശം, ആരോഗ്യവിജ്ഞാനകോശം, റാദുഗ പബ്ലിഷേഴ്സിന്റെ ശാസ്ത്രപുസ്തകങ്ങൾ, റഷ്യൻ എഴുത്തുകാരുടെ പുസ്തകങ്ങൾ, സോവിയറ്റ് സമീക്ഷ, സോവിയറ്റ് നാട്, അവയ്‌ക്കൊപ്പം കടന്നുവന്ന മാർക്‌സിന്റെയും എംഗൽസിന്റെയും സമ്പൂർണ കൃതികൾ, മൂലധനം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ലെനിന്റെ ജീവചരിത്രം, മാക്‌സിം ഗോർക്കിയുടെ ‘അമ്മ' എന്നിവയൊക്കെയായിരുന്നു ചുറ്റും ഉണ്ടായിരുന്നത്.

കടപ്പാട്‌: ഡെന്നിസ്‌ സ്‌റ്റോക്ക്‌, മാഗ്നം ഫോട്ടോസ്‌

കടപ്പാട്‌: ഡെന്നിസ്‌ സ്‌റ്റോക്ക്‌, മാഗ്നം ഫോട്ടോസ്‌

ബാല്യകാലത്തിലേ ഇതൊക്കെ വായിച്ചോ എന്നൊരു അതിശയം ഉണ്ടായേക്കാം. ഒരു കഥ വായിക്കുന്നതുപോലെ ഇവയെ വായിച്ചു എന്നല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, മറിച്ച് ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് വായന രൂപപ്പെടുന്നത് എന്ന് പറയാനാണ് ശ്രമിക്കുന്നത്.

എഴുപതുകളിലെയും എൺപതുകളിലെയും മലയാളി മധ്യവർഗത്തിൽ ഉണ്ടായിരുന്ന കുട്ടികളും ചെറുപ്പക്കാരും ഒക്കെ ഈ ഒരു വായനാപശ്ചാത്തലം പൊതുവെ പങ്കിടുന്നവരാണെന്ന് എനിക്ക്‌ തോന്നുന്നു. വലതുപക്ഷത്തിന്റെ ചിന്തയ്ക്ക് വളരാൻ വളമിടുന്ന പുസ്തകങ്ങളായ ഭഗവദ്ഗീതയോ വിചാരധാരയോ ഒന്നും അക്കാലത്ത് വീടുകളിൽ വായിച്ചിരുന്നില്ല. ഇന്ന് ഏറ്റവും അധികം വായിക്കപ്പെടുന്ന അംബേദ്‌കർ കൃതികളോ അംബേദ്കറൈറ്റ് സാഹിത്യമോ ദളിത് എഴുത്തുകളോ അന്നുണ്ടായിരുന്നില്ല.

അതിനുള്ള സാമൂഹ്യശാസ്ത്രപരമായ കാരണങ്ങൾ വേറെയുണ്ടെന്ന് നമുക്ക് അറിയാവുന്നതാകയാൽ അതിലേക്ക്‌ കടക്കുന്നില്ല. ശാസ്ത്രവും ഇടതു സോഷ്യലിസ്റ്റ് ചിന്തകളും സാഹിത്യവും ആയിരുന്നു മലയാളിയുടെ വായനാലോകത്തെ ഭരിച്ചിരുന്നത്. കേരളം അതിന്റെ വിവിധങ്ങളായ സാമൂഹികപുരോഗതികൾ കൈവരിക്കുന്ന കൂട്ടത്തിൽ സാധ്യമാക്കിയ സാക്ഷരത പുതിയ വായനാമനുഷ്യരെ സൃഷ്ടിക്കുകയും ആ മനുഷ്യരുടെ ലളിത കോമള കാന്ത ഭാവനകളെ തൃപ്തിപ്പെടുത്താൻ പോന്ന വിധത്തിലുള്ള സാഹിത്യം ഉണ്ടാവുകയും ചെയ്‌തു.

പൈങ്കിളി എന്ന് പൊതുവെ വിളിക്കപ്പെടുന്ന സാഹിത്യത്തിന്റെ ഒരു കുത്തൊഴുക്ക് മലയാള ഭാഷയിൽ ഉണ്ടാകുന്നത് ഈയൊരു സാഹചര്യത്തിലാണ്. അതിനും മുൻപേ തന്നെ മധ്യതിരുവിതാംകൂർ കുടിയേറ്റവുമായി ബന്ധപ്പെട്ട് മലയോര, ക്രിസ്ത്യൻ ജീവിതങ്ങൾ കേന്ദ്രപ്രമേയമാകുന്ന നോവലുകളും കഥകളും കേരളത്തിൽ ധാരാളമായി പ്രചരിക്കുകയും അവ ഉൽപ്പാദിപ്പിച്ച ജീവിതവീക്ഷണവും സാംസ്‌കാരിക പരിസരവും വൈകാരികമണ്ഡലവും അവയുടെ സിനിമാരൂപങ്ങളിലൂടെ വിപുലമായ ഒരു പൊതുമണ്ഡല സൗന്ദര്യശാസ്ത്രമായി പരിണമിക്കുകയും ചെയ്തിരുന്നു. അത്തരമൊരു വായനയുടെ ഘട്ടം ഞാൻ ഉൾപ്പെടുന്ന മനുഷ്യരുടെ വായനജീവിതത്തെ രൂപപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നു.

എൺപതുകളുടെ പകുതിയിൽ കോളേജ് വിദ്യാർഥിയായി മാറുമ്പോഴേക്കും സാഹിത്യ പ്രവർത്തക സഹകരണ സംഘം, ഡി സി ബുക്‌സ്‌, പ്രഭാത് ബുക്‌സ്‌ തുടങ്ങിയ പ്രസാധകസംഘങ്ങളുടെ പുസ്തകങ്ങൾ വായിക്കുന്ന ഒരു രീതി പൊതുവെ സംജാതമായിക്കഴിഞ്ഞിരുന്നു.

രണ്ടു പ്രധാനപ്പെട്ട പുസ്തക പരമ്പരകളെക്കുറിച്ചു പറയാതെ വയ്യ. ഒന്ന് ഇന്ത്യൻ പുരാണേതിഹാസങ്ങളെ സംഗൃഹീത പുനരാഖ്യാനം ചെയ്ത് എൻ ബി എസ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. രണ്ടാമത്തേത്, ഡോ. അയ്യപ്പ പണിക്കർ ജനറൽ എഡിറ്ററായി ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച വിശ്വസാഹിത്യമാല എന്ന പുസ്തക പരമ്പരയാണ്.

മലയാളനാട് വിട്ടിറങ്ങിയ സാഹിത്യവാരഫലം കലാകൗമുദിയിലൂടെ കേരളത്തിൽ തരംഗമായി മാറിയ കാലഘട്ടത്തിൽ എം കൃഷ്ണൻ നായർ പരാമർശിക്കുമായിരുന്ന പല പുസ്തകങ്ങളുടെയും സംഗ്രഹീത പുനരാഖ്യാനം ഈ ഒരു പുസ്തകപരമ്പരയിലൂടെ ഗൗരവമായി വായനയെ കണ്ടിരുന്ന മലയാളികൾക്ക് ലഭിച്ചിരുന്നു.

ലോക ക്ലാസ്സിക്കുകളുടെ പേര് പറഞ്ഞാൽ (മോണ്ടിക്രിസ്തോ പ്രഭു എന്ന് പറഞ്ഞാൽ അലക്‌സാണ്ടർ ദൂമ എന്ന് ഓർക്കാനും ഡോൺ ക്വിക്‌സോട്ട് എന്ന് പറഞ്ഞാൽ ഉടൻ സെർവാന്റസ് എന്ന് ഓർക്കാനും ഗെഞ്ചിയുടെ കഥ എന്ന് പറഞ്ഞാൽ മുറകാമി എന്ന് പറയാനും കാദംബരി എന്ന് കേട്ടാൽ ബാണഭട്ടൻ എന്നോർക്കാനും) എഴുത്തുകാരുടെ പേരുകൾ ഓർക്കാൻ ഒക്കെ സഹായിക്കും വിധം വായനക്കാരുടെ മനസ്സുകളിലേക്ക് ആഴ്‌ന്നിറങ്ങാൻ ഈ പുസ്തക പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു.

എൻ ബി എസും ഡി സി ബുക്‌സും തമ്മിലുള്ള മത്സരം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ കേരളത്തിലെ മിക്കവാറും ആധുനികരായ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങൾ ഈ രണ്ടു പ്രസാധകരിലൂടെയുമാണ് വായനക്കാരിലേക്ക് എത്തിക്കൊണ്ടിരുന്നത്.

അതതു വർഷങ്ങളിൽ നൊബേൽ സമ്മാനം കിട്ടുന്ന വിശ്വസാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ വളരെ വിശദമായിത്തന്നെ വിവർത്തനം ചെയ്ത്  നന്നായി ഇറക്കാൻ ഡി സി കിഴക്കേമുറി ശ്രദ്ധവെച്ചു. ക്ലാസ്സിക്കുകളിൽ നിന്ന് ആധുനിക സമകാലിക സാഹിത്യത്തിലേക്കുള്ള ഒരു വാതിലായിരുന്നു ഈ വിവർത്തനങ്ങൾ.

പക്ഷെ അന്ന് വിവർത്തനങ്ങൾ ഇന്ന് കാണുംവിധം അത്ര പ്രചാരം നേടിയവയായിരുന്നില്ല. മാതൃഭൂമിയിൽ പരമ്പരയായി വന്നു കൊണ്ടിരുന്ന ഇന്ത്യയിലെ ഇതര ഭാഷാ കൃതികൾ പുസ്തകങ്ങളായി ഇറങ്ങിയിരുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ നേരിട്ട് ഇംഗ്ലീഷിൽ നിന്ന് വായിക്കുന്ന രീതി തികച്ചും നഗരകേന്ദ്രീകൃതമായ ഒരു വരേണ്യ ന്യൂനപക്ഷത്തിന്റേതായിരുന്നു. ഇംഗ്ലീഷിൽ നേരിട്ട് എഴുതുന്നവരെയോ വിവർത്തനത്തിലൂടെ ഇംഗ്ലീഷ് ഭാഷയിൽ എത്തുന്നവരെയോ ഇന്ന് നമ്മൾ അറിയും വിധം തൊണ്ണൂറുകളുടെ തുടക്കത്തിൽപ്പോലും അറിഞ്ഞിരുന്നില്ല.

ഇത്തരം വായനകൾക്കായി സർവകലാശാലാ ലൈബ്രറികളെയോ പബ്ലിക് ലൈബ്രറികളെയോ ആശ്രയിക്കണമായിരുന്നു.  മാത്രമല്ല, ഇന്ത്യയിലെ പോപ്പുലർ ഇംഗ്ലീഷ് വായന എന്നത് ജെയിംസ് ഹാഡ്‌ലി ചേസ് പോലുള്ള പൾപ് ഫിക്‌ഷൻ ത്രില്ലർ എഴുത്തുകാരിൽ ഒതുങ്ങി നിന്നിരുന്നു.

ഇന്ത്യൻ ഇംഗ്ലീഷ് രചയിതാക്കൾ എന്നു പറയാൻ വി എസ് നയ്‌പാൾ, അനിതാ ദേശായി, മനോഹർ മല്ഗോങ്കർ, മുൽക്ക് രാജ് ആനന്ദ്, സൽമാൻ റുഷ്ദി, കമലാദാസ്, വേദ് മെഹ്ത്ത, ആർ കെ നാരായൺ തുടങ്ങി കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ.

ഷെൽവി

ഷെൽവി

എൺപതുകളുടെ ഒടുവിലാണ് ഞാൻ മൾബറി എന്നൊരു പ്രസാധകനാമം കേൾക്കുന്നത്. ഡി സി ബുക്‌സിൽ നിന്നും എൻ ബി എസിൽ നിന്നും പ്രഭാത്, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയിൽ നിന്നും ഒക്കെ വ്യത്യസ്തമായ കെട്ടും മട്ടും ഫോണ്ടും ഒക്കെ ഉള്ള ആ പുസ്തകങ്ങൾ കവിതകളുടെയും കഥകളുടെയും ആത്മകഥാക്കുറിപ്പുകളുടെയും കത്തുകളുടെയുമൊക്കെ രൂപത്തിലാണ് വായനക്കാരുടെ കൈകളിൽ എത്തിയത്. ഷെൽവി എന്ന ഒരു എഴുത്തുകാരനാണ് ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നത് എന്ന് പിന്നീടാണ് അറിയുന്നത്.

മൾബറി പുസ്തകങ്ങൾ കൈയിലുണ്ടാവുക എന്നതിനർഥം നിങ്ങൾ വ്യത്യസ്തനായി ചിന്തിക്കുന്നു എന്നാണെന്ന് കരുതിയിരുന്ന കാലമാണത്. ബാലചന്ദ്രൻ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാർ, എ അയ്യപ്പൻ, ഡി വിനയചന്ദ്രൻ തുടങ്ങിയവരുടെ കവിതകളൊക്കെ വളരെ പ്രശസ്തമാകുന്ന കാലം. മിക്കവാറും ഡി സി ബുക്‌സാണ് പ്രസാധകർ.

ഈ കവികളെയും ആധുനികരായ എം മുകുന്ദൻ, ആനന്ദ്, സക്കറിയ, ഒ വി വിജയൻ തുടങ്ങിയവരുടെ പുസ്തകങ്ങൾ ഒക്കെ ഇറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കാലം. നിരന്തരമായി പ്രസിദ്ധീകരിക്കാൻ വേണ്ടി എഴുത്തുകാരും വായനക്കാരും ഒരുപോലെ ഇല്ലാതിരുന്ന കാലം. എങ്കിലും ഓരോ പ്രസാധകരും അവരവർക്ക് യുക്തമായ കൃതികൾ പ്രസിദ്ധീകരിച്ചുകൊണ്ടേയിരുന്നു.

പുസ്തകപ്രസാധനമോ പുസ്തകരചനയോ ഒരു മത്സരമായിരുന്നില്ല അന്ന്. തൊണ്ണൂറ്റിയൊന്നിൽ ഇന്ത്യൻ സമ്പദ്‌രംഗം ആഗോളവൽക്കരിക്കപ്പെട്ടെങ്കിലും പുസ്തകപ്രസാധനരംഗത്തൊന്നും അതിന്റെ ഒരു ലക്ഷണവും കണ്ടു തുടങ്ങിയില്ല.

ഇന്ന് കേരളത്തിലെ പ്രസാധന ചരിത്രമൊക്കെ അറിയാൻ തുടങ്ങുമ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുപതുകൾ മുതൽ അനേകം സമാന്തര പ്രസാധക സംഘങ്ങൾ ഉണ്ടായിരുന്നെന്ന് മനസ്സിലാകുന്നു. അതിന്റെയൊക്കെ പിന്നിൽ കെ സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള, ബി രാജീവൻ തുടങ്ങി ജോയ് മാത്യു, കെ കെ കൊച്ച്, കെ കെ ബാബുരാജ് തുടങ്ങി അനേകം പേരുടെ സംഭാവനകൾ ഉണ്ടെന്ന് തിരിച്ചറിയുന്നു.

ഇന്ന് കേരളത്തിലെ പ്രസാധന ചരിത്രമൊക്കെ അറിയാൻ തുടങ്ങുമ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എഴുപതുകൾ മുതൽ അനേകം സമാന്തര പ്രസാധക സംഘങ്ങൾ ഉണ്ടായിരുന്നെന്ന് മനസ്സിലാകുന്നു. അതിന്റെയൊക്കെ പിന്നിൽ കെ സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള, ബി രാജീവൻ തുടങ്ങി ജോയ് മാത്യു, കെ കെ കൊച്ച്, കെ കെ ബാബുരാജ് തുടങ്ങി അനേകം പേരുടെ സംഭാവനകൾ ഉണ്ടെന്ന് തിരിച്ചറിയുന്നു.

എങ്കിലും എന്റെ വായനയുടെ ചരിത്രത്തിൽ മൾബറി ഒഴികെ ബാക്കിയെല്ലാം മുഖ്യധാരകൾ തന്നെയായിരുന്നു. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചുള്ള ജീവിതം ആയതിനാൽ അവിടെ ലഭ്യമാകുന്ന പുസ്തകങ്ങളായിരുന്നു വായിച്ചിരുന്നത്. ഇംഗ്ലീഷിൽ ആദ്യമായി വായിക്കുന്ന പുസ്തകങ്ങൾ കാഫ്കയും കാമുവും മാർകേസും ഒക്കെയാണ്. അതൊക്കെയും എൺപതുകളുടെ രണ്ടാം പകുതിയിലും ആയിരുന്നു എന്നോർക്കുമ്പോൾ ഇപ്പോൾ അതിശയം തോന്നുന്നു.

ബോബ് മാർലി

ബോബ് മാർലി

കാരണം അത്തരം പുസ്തകങ്ങൾ കിട്ടാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷെ ചില നിയോഗങ്ങൾ എന്നപോലെ ഈ പുസ്തകങ്ങൾ കൈവരികയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴിൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ നിന്ന് ബോബ് മാർലിയുടെ ജീവചരിത്രപുസ്തകം എടുത്തുവായിച്ചു എന്നുപറഞ്ഞാൽ ഇന്ന് ആരും വിശ്വസിക്കില്ല.

കാരണം ബോബ് മാർലിയൊക്കെ കേരളത്തിൽ അറിയപ്പെടാൻ തുടങ്ങിയത് പുതിയ നൂറ്റാണ്ടിൽ മാത്രമാണ്. അങ്ങനെ എന്നെപ്പോലെ എത്രയോ പേർ ചില സാഹചര്യങ്ങളിൽ പുതിയ എഴുത്തുകാരെ കണ്ടെത്താൻ തുടങ്ങിയിട്ടുണ്ടാകാം. എന്തായാലും തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ മലയാളിയുടെ എന്നല്ല ഇന്ത്യക്കാരുടെ മൊത്തം വായനശീലം മാറുന്നതാണ് കാണുന്നത്. അതിന് ചരിത്രപരവും സാമൂഹികവുമായ ചില കാരണങ്ങളുണ്ട്.

തൊണ്ണൂറ്റിയൊന്നിൽ തുറന്ന വിപണിയുടെ ആഗോളീയതയിലേക്ക്‌ ഇന്ത്യ പ്രവേശിച്ചെങ്കിലും അതിന്റെ ഫലങ്ങൾ ക്രമേണ മാത്രമാണ് പല രംഗങ്ങളിലും പ്രത്യക്ഷമായത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ, ഡെസ്‌ക്‌ടോപ്പും ഡയൽ അപ്പ് ഇന്റർനെറ്റ് സംവിധാനവും വന്നെങ്കിലും ഡിജിറ്റൽ ഉള്ളടക്കത്തിന്റെ അപര്യാപ്തത വിപണിയുടെ സാമ്പ്രദായികതയെ പഴയപടി തന്നെ നിലനിർത്തി. വായനയുടെ ഉള്ളടക്കം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മാറാൻ പിന്നെയും സമയമെടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്.

തൊണ്ണൂറ്റിയൊന്നിൽ തുറന്ന വിപണിയുടെ ആഗോളീയതയിലേക്ക്‌ ഇന്ത്യ പ്രവേശിച്ചെങ്കിലും അതിന്റെ ഫലങ്ങൾ ക്രമേണ മാത്രമാണ് പല രംഗങ്ങളിലും പ്രത്യക്ഷമായത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ, ഡെസ്‌ക്‌ടോപ്പും ഡയൽ അപ്പ് ഇന്റർനെറ്റ് സംവിധാനവും വന്നെങ്കിലും ഡിജിറ്റൽ ഉള്ളടക്കത്തിന്റെ അപര്യാപ്തത വിപണിയുടെ സാമ്പ്രദായികതയെ പഴയപടി തന്നെ നിലനിർത്തി. വായനയുടെ ഉള്ളടക്കം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മാറുവാൻ പിന്നെയും സമയമെടുത്തു എന്നാണ് മനസ്സിലാക്കേണ്ടത്.

സാക്ഷരമായ വലിയൊരു സമൂഹം ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലും,  പ്രത്യേകിച്ച് കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, ഇന്ത്യയിലെ വായനാരീതി കൃത്യമായും പ്രാദേശികഭാഷകളിലായി വിഘടിച്ചു നിൽക്കുകയായിരുന്നു.

വിവർത്തനങ്ങളിലൂടെയുള്ള ക്രോസ്‌ ഓവറുകൾ ഒഴിച്ചാൽ ഓരോ ഭാഷയിലും ഉണ്ടാകുന്ന സാഹിത്യം അതത് ഭാഷാസമൂഹങ്ങൾക്കുള്ളിൽ സ്വയം പര്യാപ്തമായും പാരമ്പര്യങ്ങളിൽ നിന്ന് അത്രയൊന്നും വിഘടിച്ചു മാറാതെയും പാരമ്പര്യം, ആധുനികം എന്നിങ്ങനെ ദ്വന്ദ്വാത്മകതയിൽ അഭിരമിച്ചും തുടരുകയായിരുന്നു.

വായനയുടെ ആഗോളീയത എന്നൊരു ആശയത്തെ മുന്നോട്ടു തള്ളാൻ വേണ്ട ഭൗതികമായ ഉപാധികൾ ഉണ്ടായിരുന്നില്ല എന്നാണർഥം. അപ്പോൾ ബന്ധഭാഷ അഥവാ ലിങ്ക് ലാംഗ്വേജ് എന്ന പദവിയുള്ളതും ആഗോളവിപണിയുടെ ഭാഷ എന്ന പദവി നേരത്തെ ആർജിച്ചതുമായ ഇംഗ്ലീഷ് ഭാഷയിലെ സാഹിത്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതായി വന്നു.

ഹോമോജനൈസേഷൻ ഓഫ് ടേസ്റ്റ് എന്നതും ഹോമോജനൈസേഷൻ ഓഫ് റീഡിങ് എന്നതും ആഗോള പുസ്തകവിപണിയുടെ ലക്ഷ്യങ്ങളാണ്. അത് എങ്ങനെ സാധ്യമാക്കും എന്നൊരു ചോദ്യത്തെയാണ് യഥാർഥത്തിൽ അന്താരാഷ്ട്ര പുസ്തകവിപണി തൊണ്ണൂറുകളിൽ നേരിട്ടത്. ഇന്ത്യയിൽ, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ കിരൺ നഗർക്കാർ, മനോഹർ മുൽഗവോങ്കർ, ശശി തരൂർ, പവൻ വർമ്മ, അലൻ സീലി തുടങ്ങിയവർ ഇംഗ്ലീഷ് സാഹിത്യം എഴുതുന്നുണ്ടായിരുന്നു.

അരുന്ധതി റോയി

അരുന്ധതി റോയി

കൂടാതെ പെൻഗ്വിൻ ഇന്ത്യയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും ഒക്കെ ശ്രമഫലമായി പ്രമുഖമായ ചില പ്രാദേശിക നോവലുകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെടുകയും ചെയ്തിരുന്നു. ജയ്‌കോ പോലുള്ള പ്രസാധക സംഘങ്ങൾ പെൻഗ്വിൻ പുസ്തകങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ വിപണിയിൽ എത്തിച്ചിരുന്നു. എങ്കിലും ഒരു അന്താരാഷ്ട്ര വായനസമൂഹത്തെ തയ്യാറാക്കുന്നതിൽ ഇന്ത്യ വിജയം കണ്ടെത്തിയിരുന്നില്ല.

പടയാളികൾ ഉണ്ടെങ്കിലും പടനായകനില്ലാത്തതിനാൽ ചിതറിപ്പോയ ഒരു വായനസമൂഹത്തെയാണ് ആഗോളവത്കരണം ഇന്ത്യയിൽ കണ്ടത്. അങ്ങനെ സാക്ഷരരും എന്നാൽ ഏകോപിപ്പിക്കപ്പെട്ട വായനാരുചികൾ ഇല്ലാത്തതുമായ ഒരു വായനാസമൂഹത്തിന്റെ ക്ഷമതയെ ചൂഷണം ചെയ്യുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമായി വേണം തൊണ്ണൂറ്റി ഏഴിൽ പ്രസിദ്ധീകൃതമായ, അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്‌സിനെ കാണാൻ. ഒപ്പം അതിനു ലഭിച്ച ബുക്കർ പ്രൈസിനെയും.

അരുന്ധതി റോയി ഇന്ത്യൻ വായനാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അവർക്ക് ലഭിച്ച ബുക്കർ പ്രൈസ് ഇന്ത്യൻ വായനക്കാരെ ആഗോളവായനക്കാരാക്കി മാറ്റാനുള്ള ഒരു വഴിയായിരുന്നു. ആഗോളതലത്തിൽ അതിനകം നെറ്റ്‌വർക്കുകൾ ഉള്ള ശശി തരൂരിനെയും അലൻ സീലിയേയും ഒക്കെ മറികടന്നാണ് അരുന്ധതി റോയ് എന്ന പുതിയ എഴുത്തുകാരിയെ ബുക്കർ സമ്മാനത്തിനായി തെരഞ്ഞെടുത്തത്.

അരുന്ധതി റോയി ഇന്ത്യൻ വായനാചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അവർക്ക് ലഭിച്ച ബുക്കർ പ്രൈസ് ഇന്ത്യൻ വായനക്കാരെ ആഗോളവായനക്കാരാക്കി മാറ്റാനുള്ള ഒരു വഴിയായിരുന്നു. ആഗോളതലത്തിൽ അതിനകം നെറ്റ്‌വർക്കുകൾ ഉള്ള ശശി തരൂരിനെയും അലൻ സീലിയേയും ഒക്കെ മറികടന്നാണ് അരുന്ധതി റോയ് എന്ന പുതിയ എഴുത്തുകാരിയെ ബുക്കർ സമ്മാനത്തിനായി തെരഞ്ഞെടുത്തത്.

ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്

ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്

ഗോഡ് ഓഫ് സ്മോൾ തിങ്‌സിന്റെ കഥ കേരളത്തിൽ നടക്കുന്നതാണ് (സാക്ഷരത), അതിൽ കമ്യൂണിസ്റ്റ് പാർടിയെക്കുറിച്ചും ഇ എം എസ്സിനെക്കുറിച്ചുമൊക്കെ പരാമർശമുണ്ട് (ആഗോളസാന്നിധ്യമുള്ള വിഷയങ്ങൾ), ജാതി അതിലൊരു പ്രധാന വിഷയമാകുന്നുണ്ട് (ഉയർന്നു വരുന്ന ദേശീയ അംബേദ്കറൈറ്റ് വ്യവഹാരങ്ങൾ) ‐ അങ്ങനെ പ്രദേശം, ദേശം, ലോകം എന്നിങ്ങനെ മൂന്നു നിർമിതികൾ ഒറ്റയടിക്ക്‌  ഉൾപ്പെട്ടു നിൽക്കുന്ന ഒരു സാഹിത്യരൂപമായിരുന്നു അരുന്ധതി റോയിയുടെ പുസ്തകം.

തൊണ്ണൂറ്റിയേഴിൽ അരുന്ധതി റോയി അറിയപ്പെട്ടിരുന്നത് മേരി റോയിയുടെ മകൾ ആയിട്ടാണെങ്കിലും അവർക്ക് മാസി സാബ് എന്ന സിനിമയിൽ അഭിനയിച്ചതും, തിരക്കഥ എഴുതിയതും, ചേരികളിൽ ജീവിച്ചതും, വാസ്തുശില്പവിദ്യ പഠിച്ചതുമൊക്കെ ആയ വളരെ വിപ്ലവകരവും കൗതുകകരവുമായ ഒരു ജീവിതകഥ ഉണ്ടായിരുന്നു.

അതിരുകളെ ഉൾക്കൊള്ളുന്ന ഉത്തരാധുനികത ആഗോളീയതയുടെ ബഹുസ്വരതാ വാദത്തിന്റെ പ്രധാനഘടകമായിരുന്നു (ഏകീകൃത രുചികൾക്കായി വിളമ്പുന്നത് ബഹുസ്വരതയുടെ വിഭവങ്ങളാണെന്ന ഐറണി ഇവിടെയുണ്ട്). അങ്ങനെ ലക്ഷണമൊത്ത ഒരു എഴുത്തുകാരിയെ അരുന്ധതി റോയിയിൽ കണ്ടെത്തുകയായിരുന്നു.

ബുക്കർ സമ്മാനം ലഭിച്ചതോടെ, ദേശീയത, ദേശാഭിമാനം, കമ്യൂണിസ്റ്റ് വിമർശനം, മൗലികമായ ഇന്ത്യൻ ഇംഗ്ലീഷ് രചന തുടങ്ങി പലതും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടുകയും, ഒരു എഴുത്തുകാരിയിലൂടെ അനേകം ആഗോള എഴുത്തുകാർ ഇന്ത്യൻ വായനക്കാരുടെ മുന്നിലേയ്ക്ക്‌ കടന്നു വരികയും ചെയ്തു.

അരുന്ധതി റോയ് ആഗോളവിപണിയിലേയ്ക്ക് ഇന്ത്യൻ പ്രസാധനരംഗത്തെ തുറന്നിടുക മാത്രമല്ല, തിരികെ ആഗോളവിപണി അരുന്ധതി റോയിയിലൂടെ ഇന്ത്യൻ പ്രസാധന രംഗത്ത്‌ കടന്നുവരികയുമായിരുന്നു. ഗോഡ് ഓഫ് സ്മോൾ തിങ്‌സ്‌ താമസിയാതെ മലയാളത്തിലേയ്ക്ക് തർജമ ചെയ്യപ്പെട്ടു.

എന്നാൽ സക്കറിയ ഉൾപ്പെടുന്ന വളരെ സ്വാധീനശക്തിയുള്ള എഴുത്തുകാർ തങ്ങളിപ്പോൾ വായിക്കുന്നത് മലയാള സാഹിത്യമല്ല എന്നും ഇംഗ്ലീഷിൽ ഇറങ്ങുന്ന പുസ്തകങ്ങൾ ആണ് എന്നും വെളിപ്പെടുത്താൻ തുടങ്ങിയതോടെ മലയാളസാഹിത്യത്തിന്റെ ഗുണപരമായ പതനം വെളിപ്പെടുകയും മലയാള സാഹിത്യത്തിന്റെ മുഖ്യധാരാ സ്തംഭനം നേരിടുകയും ചെയ്തു എന്നുപറയാം.

മുകുന്ദൻ, സച്ചിദാനന്ദൻ, ആനന്ദ്, സക്കറിയ ‐ വിരലിൽ എണ്ണാവുന്നവരിലേയ്ക്ക് മലയാള സാഹിത്യം ചുരുങ്ങിപ്പോവുകയും ആ വിടവിലേക്ക് വിവർത്തന സാഹിത്യം വളരെ ശക്തമായി കടന്നുവരികയും ചെയ്തു. തൊണ്ണൂറുകളുടെ അവസാനത്തിലും പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും ഏകദേശം ഈയൊരു അവസ്ഥയാണ് മലയാളസാഹിത്യത്തിൽ കാണപ്പെടുന്നത്.

ബുക്കർ പ്രൈസ് ലഭിക്കുന്ന, നോബൽ സമ്മാനം ലഭിക്കുന്ന, അന്താരാഷ്ട്രവിപണിയിൽ പ്രാമുഖ്യം നേടുന്ന എഴുത്തുകാരെല്ലാം മലയാളത്തിലേക്ക് അതിവേഗം വിവർത്തനം ചെയ്യപ്പെട്ടു. അരുന്ധതി റോയിക്ക്‌ തൊട്ടുപിന്നാലെ വന്ന അനിതാ നായർ, ജയശ്രീ മിശ്ര, ചിത്ര ബാനർജി ദിവാകരുണി, ചേതൻ ഭഗത്, അനീസ് സലിം തുടങ്ങിയവരുടെ കൃതികളൊക്കെ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യപ്പെടാൻ തുടങ്ങി.

പൗലോ കൊയ്‌ലോ

പൗലോ കൊയ്‌ലോ

ഒപ്പം പൗലോ കൊയ്‌ലോ, ഡാൻ ബ്രൗൺ തുടങ്ങിയ പോപ്പുലർ എഴുത്തുകാരും വിവർത്തനം ചെയ്യപ്പെട്ടു. മലയാളി പ്രസാധകർ വിവർത്തനങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്നവരും മലയാളികൾ വിവർത്തന സാഹിത്യം മാത്രം വായിക്കുന്നവരും ആയി മാറിയ ഒരു അന്തരാള ഘട്ടമായിരുന്നു ഇത്.

ഇതിനൊരു മാറ്റം വരുന്നത് രണ്ടായിരത്തി അഞ്ചിന് ശേഷമാണ് എന്ന് തോന്നുന്നു. മലയാളത്തിൽ അന്നുവരെയും ബ്ലോക്ക് ബസ്റ്റർ സാഹിത്യം എന്നത് എം മുകുന്ദനും വി കെ എന്നും സക്കറിയയും ആനന്ദും ഒക്കെ എഴുതുന്ന സാഹിത്യം ആയിരുന്നു.

എക്കാലത്തെയും ഇഷ്ട എഴുത്തുകാരായ തകഴി, ബഷീർ, കേശവദേവ്, ഉറൂബ്, പി കുഞ്ഞിരാമൻ നായർ, എം ടി വാസുദേവൻ നായർ, ഒ വി വിജയൻ, മാധവിക്കുട്ടി തുടങ്ങിയവരുടെ പുസ്തകങ്ങൾ പല കാരണങ്ങളാൽ പുതിയ എഡിഷനുകളിലേയ്ക്ക് നീണ്ടു കൊണ്ടിരുന്നു.

ഇതിന് പിന്നിലെ പ്രധാന കാരണം ഇവരെല്ലാം തന്നെ പല കാലങ്ങളിലായി ബിരുദ ബിരുദാനന്തര തലങ്ങളിലെ സിലബസുകളിൽ കൂടി കയറിയിരുന്നു എന്നതാകണം. കൂടാതെ, സാഹിത്യതത്പ്പരരായി മാറുന്ന ഓരോ ചെറുപ്പക്കാരും അവശ്യം വായിച്ചിരിക്കേണ്ട എഴുത്തുകാരുടെ കൂട്ടത്തിൽ ഇവരുടെ പേരുകൾ പ്രാമുഖ്യമാർജിച്ചിരിക്കുന്നു എന്നതുമായിരിക്കണം.

വിവർത്തനങ്ങളും ആധുനികരും ചേർന്നുണ്ടാക്കിയ ഈയൊരു സവിശേഷാവസ്ഥയെ മലയാളസാഹിത്യം മറികടക്കുന്നത് കെ ആർ മീര, ബെന്യാമിൻ, ടി ഡി രാമകൃഷ്ണൻ, വി ജെ ജെയിംസ് തുടങ്ങിയ ഉത്തരാധുനിക എഴുത്തുകാർ രംഗത്തു വന്നതോടെയാണ്.

ഡൽഹിയിൽ താമസിക്കുന്ന എനിയ്ക്കു പോലും ഈ എഴുത്തുകാരുടെ കൃതികൾ വായിക്കണം എന്നൊരു ആവശ്യം വന്നുകൂടി. ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും ഒക്കെ സൃഷ്ടിച്ച അലകൾ എൻ എസ് മാധവനും സക്കറിയയും ഒക്കെ അടങ്ങുന്ന തലമുറ സൃഷ്ടിച്ചവയിൽ നിന്ന് വ്യത്യസ്തമായിരുന്നു.

 അച്ചടി സാങ്കേതിക വിദ്യയിൽ ഉണ്ടായ മാറ്റം പുതിയ കുറെ പ്രസാധകരെ രംഗത്തു കൊണ്ടുവന്നു. സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം എന്ന ലക്ഷ്യമുള്ളവ മുതൽ പ്രത്യയശാസ്ത്രാധിഷ്ഠിതമായ പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന പ്രസാധകർ ഉൾപ്പെടെ പുതിയ സമീപനമുള്ളവർ ആയിരുന്നു ഇവയിൽ ഏറെയും.

നാഷണൽ ബുക്ക് സ്റ്റാൾ, ഡി സി ബുക്‌സ്‌, മാതൃഭൂമി, മലയാള മനോരമ, ചിന്ത, ദേശാഭിമാനി, പൂർണ, എച്ച് ആൻഡ് സി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഒലീവ് തുടങ്ങി വലിയ നെറ്റ്‌വർക്ക് ഉള്ള പ്രസാധക സംഘങ്ങൾ മുതൽ അല്പം പിന്നാക്കം മാറി നിന്നിരുന്ന സൈൻ ബുക്‌സ്‌ വരെയുള്ള പ്രസാധകർ പുതിയ ശൈലികളുമായി രംഗത്തു വന്നു. കൂടാതെ പാപ്പാത്തി പുസ്തകങ്ങൾ, ധ്വനി, ലോഗോസ്, ഗൂസ്ബെറി, ഹാംലെറ്റ് എന്നു തുടങ്ങി അനേകം ചെറുതും വലുതുമായ സംഘങ്ങൾ രംഗത്ത് വന്നു.

ഒപ്പം ദളിത് അംബേദ്കറൈറ്റ് സാഹിത്യത്തിനുണ്ടായ ഉണർവ്‌ പല പുതിയ പ്രസാധകരെയും രംഗത്തെത്തിച്ചു. ഇപ്പോൾ റാറ്റ്സ് ബുക്‌സ്‌ വരെ എത്തി നിൽക്കുകയാണ് മലയാളത്തിലെ പ്രസാധകരംഗം. എന്നാൽ എന്താണ് ഇത്രയും പ്രസാധകരെ രംഗത്തെത്തിച്ചത്? അച്ചടി സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ മാത്രമാണോ? അതോ എഴുത്തുകാരുടെ എണ്ണം കൂടിയതോ? അതോ സാക്ഷരതയും വായനയും വർധിച്ചതാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒരുത്തരം അല്ല ഉള്ളതെങ്കിലും പരസ്പരം ഇടകലർന്നു നിൽക്കുന്ന ചില ഉത്തരങ്ങൾ നമുക്ക് ലഭിക്കുന്നതാണ്.

എഴുത്തുകാർ‐വായനക്കാർ എന്ന ദ്വന്ദ്വത്തിന്റെ തകർച്ചയാണ് ഇതിൽ പ്രധാനം. ആധുനികത പൂർണമായ കാലത്തും ഉത്തരാധുനികതയുടെ തുടക്കത്തിലും ഈ ദ്വന്ദ്വം വളരെ പ്രബലമായി നിലനിന്നിരുന്നിരുന്നു. ഒരു വിഭാഗം ആളുകൾ എഴുത്തുകാരും മറ്റൊരു വിഭാഗം ആളുകൾ വായനക്കാരും ആയി തിരിഞ്ഞുനിൽക്കുന്ന ഒരു കാലം. വായനക്കാരുടെ ഇടപെടലുകൾ പത്രാധിപർക്കുള്ള കത്തുകളിൽ  മാത്രമായി ഒതുങ്ങി നിന്നിരുന്ന കാലം.

പുതിയ നൂറ്റാണ്ട് തുടങ്ങി ഏതാനും വർഷങ്ങൾ കഴിയുമ്പോഴേയ്ക്കും ബ്ലോഗുകൾ എഴുതുന്നവർ ഇന്റർനെറ്റ് സ്‌പേസിൽ അവരവരുടെ സ്വരവും ഇടവും കണ്ടെത്താൻ തുടങ്ങി. ആദ്യകാല ബ്ലോഗുകളായ ബെർളിത്തരങ്ങൾ, വിശാലമനസ്‌കൻ തുടങ്ങിയവ വളരെയധികം വായനക്കാരെ സ്വന്തമായി ഉണ്ടാക്കി.

ഡിജിറ്റൽ ഉള്ളടക്കം ക്രമേണ പച്ചപിടിച്ചു വരുന്ന കാലമായിരുന്നു അത്. രണ്ടായിരത്തി ഏഴോടെ ഫേസ് ബുക് കൂടുതൽ ആളുകൾക്കിടയിൽ പ്രചരിക്കുകയും ബ്ലോഗുകൾ ഫേസ് ബുക് വഴി കൂടുതൽ വായനക്കാരിലേക്ക് എത്തുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി അഭിപ്രായം പറയുകയും ആ അഭിപ്രായങ്ങൾക്ക് കൂടുതൽ വായനക്കാരും ലൈക്ക് നൽകുന്നവരും ഷെയർ ചെയ്യുന്നവരും ഒക്കെ ഉണ്ടായി വരികയും ചെയ്തതോടെ എഴുത്തുകാർ‐വായനക്കാർ എന്ന ദ്വന്ദ്വം തകരുകയും എഴുത്തുകാരായ വായനക്കാരും വായനക്കാരായ എഴുത്തുകാരും ഉണ്ടാവുകയും ചെയ്തു.

ഇങ്ങനെ ഉണ്ടായ സാഹിത്യ റിപ്പബ്ലിക്, എന്ത് വായിക്കണം എന്നുള്ളതിനെക്കുറിച്ചുണ്ടായിരുന്ന മുൻധാരണകൾ പലതും തിരുത്തിക്കുറിച്ചു. ഈ ഇടത്തിലേക്ക് വളരെപ്പെട്ടെന്നു തന്നെ പരമ്പരാഗത മാധ്യമങ്ങളിൽ നിന്നിരുന്ന പല എഴുത്തുകാരും കടന്നുവരികയും ശ്രേണീകൃതമായ ഉച്ചനീചത്വങ്ങൾ പലതും തകർക്കപ്പെടുകയും ചെയ്തു. പ്രധാന പുസ്തകശാലകൾ അച്ചടിച്ച് വിൽക്കുന്നത് മാത്രമല്ല സാഹിത്യം എന്നു വന്നു.

സോഷ്യൽ മീഡിയ സൃഷ്ടിച്ച പുതിയ എഴുത്തുകാർ വായനക്കാർ കൂടി ആയിരിക്കുകയും പുതിയ വായനക്കാർ എഴുത്തുകാർ കൂടി ആയിരിക്കുകയും ചെയ്യുന്ന, പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാഹിത്യരംഗം സംജാതമായതോടെ ന്യൂ മീഡിയ ആൻഡ് ടെക്‌നോളജി അഥവാ പുതിയ മാധ്യമങ്ങളും സാങ്കേതികവിദ്യകളും തമ്മിലുള്ള നാഭീനാളബന്ധം വ്യക്തമാക്കപ്പെടുകയും ഒരു പുതിയ ലിറ്റററി എക്കണോമി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഏറി വരികയും ചെയ്തു.

സോഷ്യൽ മീഡിയ സൃഷ്ടിച്ച പുതിയ എഴുത്തുകാർ വായനക്കാർ കൂടി ആയിരിക്കുകയും പുതിയ വായനക്കാർ എഴുത്തുകാർ കൂടി ആയിരിക്കുകയും ചെയ്യുന്ന, പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു സാഹിത്യരംഗം സംജാതമായതോടെ ന്യൂ മീഡിയ ആൻഡ് ടെക്‌നോളജി അഥവാ പുതിയ മാധ്യമങ്ങളും സാങ്കേതികവിദ്യകളും തമ്മിലുള്ള നാഭീനാളബന്ധം വ്യക്തമാക്കപ്പെടുകയും ഒരു പുതിയ ലിറ്റററി എക്കണോമി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഏറി വരികയും ചെയ്തു.

കുറഞ്ഞു വരുന്ന ശ്രദ്ധാവേളകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന തിരിച്ചറിവാണ് സുഖദവും സങ്കീർണതാരഹിതവുമായ വായനയ്ക്കായുള്ള കണ്ടന്റ് സൃഷ്ടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സാഹിത്യപ്രസാധനരംഗത്തെ ബോധവത്താക്കിയത്. ഈ പുതിയ സാഹചര്യം അഭിസംബോധന ചെയ്തത് പരമ്പരാഗത വായനക്കാരെയല്ല, മറിച്ച് ചേതൻ ഭഗത്, പൗലോ കൊയ്‌ലോ, ഡാൻ ബ്രൗൺ, ജെ കെ റൗളിങ്, ജെ ആർ ആർ ടോൾക്കിൻ തുടങ്ങിയ എഴുത്തുകാർ സൃഷ്ടിച്ച പുതിയ വായനക്കാരെയായിരുന്നു.

ഇവരാകട്ടെ കൂടുതലും പ്രാദേശിക ഭാഷകളിൽ വായിക്കുന്നതിനേക്കാൾ ഇംഗ്ലീഷിൽത്തന്നെ വായിക്കാൻ താൽപ്പര്യമുള്ളവരും ആയിരുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷ വേഗത്തിൽ വായിക്കാൻ കഴിയാത്ത മലയാളി വായനക്കാരിലേക്ക് ഈ എഴുത്തുകാരെല്ലാം വിവർത്തനങ്ങളിലൂടെ എത്തിച്ചേർന്നു.

അങ്ങനെ ഇംഗ്ലീഷ് പ്രസാധനവും മലയാള പ്രസാധനവും ഏകദേശം ഒരേ ആവൃത്തിയിൽ എത്താൻ തുടങ്ങി. പൗലോ കൊയ്‌ലോയെപ്പോലുള്ള എഴുത്തുകാരുടെ പുതിയ കൃതികൾ അന്താരാഷ്ട്ര വിപണിയിൽ എത്തുന്നതിനോടൊപ്പം മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യുന്ന രീതിയിൽ മലയാള പ്രസാധനരംഗം മാറി.

കടപ്പാട്‌: പാട്രിസ്‌ സാക്ക്‌മാൻ, മാഗ്നം ഫോട്ടോസ്‌

കടപ്പാട്‌: പാട്രിസ്‌ സാക്ക്‌മാൻ, മാഗ്നം ഫോട്ടോസ്‌

ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട രണ്ടു പ്രധാനകാര്യങ്ങളാണ് മലയാള വായനയിലേക്ക് കടന്നുവന്ന സെൽഫ്‌ ഹെൽപ്പ്‌ ബുക്കുകളുടെ പ്രചാരവും മതപരമായ പുസ്തകങ്ങളുടെ വെള്ളപ്പൊക്കവും. പുതിയ നൂറ്റാണ്ട് ആകുന്നതോടെ ആഗോളവിപണിയിലേക്കുള്ള ഇന്ത്യയുടെ തുറക്കൽ ഏതാണ്ട് പൂർണമാകുന്നുണ്ട്. എന്നാൽ സെക്യുലർ രാഷ്ട്രീയശക്തികൾ നയിക്കുന്ന സർക്കാരുകൾ പൂർണമായ സ്വകാര്യവത്ക്കരണത്തിന് അധികം ആക്കം കൊടുത്തില്ല.

ഭാഗികമായി ഡിസിൻവെസ്റ്റ് ചെയ്യുകയോ വിദേശ കമ്പനികൾക്ക് നേരിട്ടു നിക്ഷേപം നടത്താനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയോ ആണ് ചെയ്തത്. എന്നാൽ രണ്ടായിരത്തി രണ്ടിൽ ഗുജറാത്തിൽ നടന്ന ഗോധ്ര കലാപവും തുടർന്ന് നരേന്ദ്ര മോദി ഗുജറാത്തിലെ മുഖ്യമന്ത്രി ആയതും പുതിയൊരു രാഷ്ട്രീയ സാഹചര്യമുണ്ടാക്കി. വൈബ്രന്റ് ഗുജറാത്ത് എന്ന പദ്ധതിയിലൂടെ മോദി ഗുജറാത്തിനെ കോർപറേറ്റ്‌വൽക്കരിക്കുന്നതിൽ വിജയിച്ചു.

കൂടാതെ, ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം കോർപറേറ്റ് ഹബ്ബുകൾ ആകുന്ന പ്രക്രിയ സജീവമാവുകയും ചെയ്തു. ഇങ്ങനെ രൂപപ്പെട്ട പുതിയ എക്കണോമിയുടെ ഫലം എന്നത് കൂടുതൽ ശമ്പളം നേടുന്ന യുവത്വമാർന്ന ഒരു തൊഴിൽപ്പട ഇവിടെ ഉയർന്നുവന്നു എന്നതാണ്.

എ നൈറ്റ് അറ്റ് ദി കോൾ സെന്റർ എന്ന നോവൽ ചേതൻ ഭഗത് എഴുതുന്നത് ഈ സാഹചര്യത്തിലാണ്. കോർപറേറ്റ് മേഖലയിലേയ്ക്ക് കടന്നുകയറുകയും അവിടെ വിജയിക്കുകയും ചെയ്യുന്നത് പ്രധാനമായതോടെ എങ്ങനെ പണമുണ്ടാക്കാം, എങ്ങനെ വിജയിക്കാം, എങ്ങനെ ഫോക്കസ് ചെയ്യാം എന്നിങ്ങനെയൊക്കെ ഉള്ള വിഷയങ്ങളിൽ സെൽഫ്‌ ഹെൽപ്പ്‌ പുസ്തകങ്ങൾ ഉണ്ടായി. മലയാളികൾക്കിടയിലും ഇവ ഇംഗ്ലീഷിലും വിവർത്തനങ്ങളിലൂടെ മലയാളത്തിലും വായിക്കപ്പെട്ടു.

രണ്ടായിരത്തിരണ്ടിനു ശേഷം ഇന്ത്യയിൽ വ്യക്തമായും കാണപ്പെട്ട ആക്രാമക വലതുപക്ഷ പ്രവർത്തനങ്ങൾ രാജ്യത്തിലെ ജനങ്ങളെ ധ്രുവീകരിക്കുന്ന സാഹചര്യം ഉണ്ടായി. ഇത് സാഹിത്യരംഗത്ത് പ്രതിഫലിച്ചത് രണ്ടു രീതികളിലായിരുന്നു. ഒന്ന്, വലതുപക്ഷം തിരുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ചരിത്രത്തെ ശരിയായ പാതയിൽ പുനർവായന നടത്തുന്ന നോൺ ഫിക്‌ഷൻ പുസ്തകങ്ങൾ ധാരാളമായി എഴുതപ്പെടാനും വായിക്കപ്പെടാനും തുടങ്ങി.

വില്യം ഡാർലിംപിൾ, രാമചന്ദ്ര ഗുഹ, ശശി തരൂർ, അരുന്ധതി റോയ്, ഗണേഷ് ദേവി, അനന്തമൂർത്തി, റോമിലാ ഥാപ്പർ, പി സായിനാഥ്, വന്ദനാ ശിവ, പവൻ വർമ്മ തുടങ്ങി അനേകം എഴുത്തുകാർ ചരിത്രത്തിന്റെ പുനർവായനകൾ ശക്തിപ്പെടുത്തി. അവരുടെ പുസ്തകങ്ങളെല്ലാം മലയാളത്തിലേയ്ക്ക് ഉടനടി തർജ്ജമ ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു.

ഇതിനേക്കാൾ വളരെ ശക്തമായി മുന്നോട്ടുവന്ന മറ്റൊരു സാഹിത്യരൂപമാണ് വലതുപക്ഷ മതാത്മക സാഹിത്യം. ദേവദത്ത പട്ടനായക്, ചിത്ര ബാനർജി ദിവാകരുണി, അമീഷ്, നീലകണ്ഠൻ, പത്മനാഭൻ തുടങ്ങി വലിയൊരു നിര എഴുത്തുകാർ മതത്തെ സെക്കുലർ ഫിക്‌ഷൻ മാതൃകയിൽ പുനർവായിക്കാൻ തുടങ്ങി. എന്നാൽ ഇവയെല്ലാം മുന്നോട്ടുവെച്ചത് ഒരു ഹിന്ദു അന്തരീക്ഷമായിരുന്നു.

അതിനോടൊപ്പം വളരെ ശക്തമായ രീതിയിൽ രാമായണം, മഹാഭാരതം, ഭഗവദ്‌ഗീത തുടങ്ങിയ പുസ്തകങ്ങൾ വായിക്കപ്പെട്ടു. അമർ ചിത്രകഥകളുടെ പഴയ ലക്കങ്ങൾ പുതിയ എഡിഷനുകളായി ഇറങ്ങാൻ തുടങ്ങി. വായനയെ വിമർശനാത്മകമായി സമീപിക്കാത്ത വായനക്കാർ ഈ പുസ്തകങ്ങളുടെ ആരാധകരായി മാറി എന്നു വേണം പറയാൻ.

കടപ്പാട്‌: ബ്രൂണോ ബാർബി, മാഗ്നം ഫോട്ടോസ്‌

കടപ്പാട്‌: ബ്രൂണോ ബാർബി, മാഗ്നം ഫോട്ടോസ്‌

ഇവയ്ക്ക് സമാന്തരമായി പുതിയൊരു രചനാ പ്രസാധന വായനാ ശ്രേണി ഉണ്ടായി വന്നതിനെക്കുറിച്ചാണ് അടുത്തതായി സൂചിപ്പിക്കേണ്ടത്. എഴുത്തുകാർ‐വായനക്കാർ എന്ന ദ്വന്ദ്വം തകർന്നതിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചുവല്ലോ. വായനക്കാരായ എഴുത്തുകാർ, സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന എഴുത്തുകാർ, അഭിപ്രായം പറയുന്നതിലൂടെ കൂടുതൽ പ്രശസ്തി ആർജിച്ച എഴുത്തുകാർ എന്നിങ്ങനെ പല തലങ്ങളിലുള്ള എഴുത്തുകാർ‐വായനക്കാർ ബന്ധങ്ങൾ രൂപപ്പെടാൻ തുടങ്ങി.

അങ്ങനെ അനേകം എഴുത്തുകാർ കേരളത്തിൽ ഉണ്ടായി വന്നു. ഉദാഹരണത്തിന് കലക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്ത്. സോഷ്യൽ മീഡിയാ സാന്നിധ്യം ഉണ്ടാക്കിയ ഫോളോവേഴ്സ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വായനക്കാരാവുകയും പുസ്തകങ്ങൾ വളരെയധികം വിൽക്കപ്പെടുകയും ചെയ്തു.

വിശാലമനസ്‌കൻ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന സജീവ് എടത്താടന്റെ സോഷ്യൽ മീഡിയാ സാന്നിധ്യം അദ്ദേഹത്തിന്റെ കൊടകര പുരാണത്തിന്‌ തുടരെത്തുടരെ എഡിഷനുകൾ ഉണ്ടാകാൻ സഹായിച്ചു എന്നുമാത്രമല്ല, ഇന്ന് അദ്ദേഹം സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരു പ്രസാധനസംഘം തുടങ്ങുകയും ചെയ്തു.

മുരളി തുമ്മാരുകുടി, എതിരവൻ കതിരവൻ തുടങ്ങി നേരത്തെ മലയാളികൾക്ക് പരിചയമില്ലാത്ത പലരും എഴുത്തുകാരായി മുഖ്യധാരയിൽ എത്തി. യൂട്യൂബ് പ്രസംഗങ്ങളിലൂടെ വളരെപ്പെട്ടെന്ന് മലയാളികൾക്കിടയിൽ പ്രസിദ്ധരായ പലരും താമസിയാതെ പ്രസിദ്ധീകൃതമായ പുസ്തകങ്ങളുടെ രചയിതാക്കൾ കൂടിയായി.

സി രവിചന്ദ്രൻ മുതൽ സുനിൽ പി ഇളയിടം വരെയുള്ളവർ ഇങ്ങനെ പ്രസംഗങ്ങളിലൂടെ വളരെ വേഗം ഗ്രന്ഥകർത്താക്കൾ കൂടി ആയവരാണ്. ഇൻഫ്ളുവൻസേഴ്‌സ് എന്നറിയപ്പെടുന്ന പല ചെറുപ്പക്കാരും ഗ്രന്ഥകർത്താക്കൾ കൂടി ആയത് കേരളത്തിലെ വായാനസമൂഹം അവരെ ഏറ്റെടുത്തതുകൊണ്ടാണ്.

മുഖ്യധാരാ പ്രസാധക സംഘങ്ങൾ ഇങ്ങനെ സോഷ്യൽ മീഡിയാ പ്രചാരം ഉള്ളവരെയൊക്കെ കൈക്കലാക്കിയെങ്കിലും (ഇതറിയണമെങ്കിൽ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെയും മാതൃഭൂമി ഫെസ്റ്റിവലിലെയും പ്രഭാഷകരുടെ ലൈനപ്പ് നോക്കിയാൽ മതി.

കടപ്പാട്‌: ബ്രൂസ്‌ ഡേവിഡ്‌സൺ, മാഗ്നം ഫോട്ടോസ്‌

കടപ്പാട്‌: ബ്രൂസ്‌ ഡേവിഡ്‌സൺ, മാഗ്നം ഫോട്ടോസ്‌

കൂടുതലും ഇങ്ങനെ സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസേഴ്‌സ് പദവി ഉള്ളവരാണ് അവിടെ വരുന്നത്), മുഖ്യധാര കൈവിട്ടുകളഞ്ഞ അനേകം സോഷ്യൽ മീഡിയാ എഴുത്തുകാർ പുതിയ പ്രസാധക സംഘങ്ങൾ ആരംഭിക്കുകയോ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ പിന്നാക്കം നിന്നിരുന്ന പ്രസാധക സംഘങ്ങൾക്ക് പുതിയ ഊർജം പകരുകയോ ചെയ്യുന്നതായി കാണാം.

അതായത് നീഷ് പ്രസാധനവും നീഷ് വായനയും നടക്കുന്ന ഒരു രംഗം സമാന്തരമായി കേരളത്തിൽ വളരുന്നുണ്ട്. വളരെ കുറഞ്ഞ തുകയ്ക്ക് നൂറോളം പേജുകൾ വരുന്ന കവിതാപുസ്തകങ്ങളും കഥാപുസ്തകങ്ങളും ഒക്കെ അടിച്ചു കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ടായതോടെ ഇന്ന് മിക്കവാറും സോഷ്യൽ മീഡിയയിൽ അഞ്ഞൂറിന് മേൽ ലൈക്കുകൾ കിട്ടുന്ന എല്ലാവരും പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കൈകളിലുള്ള ഗ്രന്ഥകർത്താക്കൾ കൂടിയാണ്.

ഇത് മറ്റൊരു തരത്തിൽ വനിതാ എഴുത്തുകാർക്ക് വലിയൊരു സാന്നിധ്യം നീഷ് മലയാളി വായനക്കാർക്കിടയിൽ ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്. മുഖ്യധാരാ മാഗസിനുകളും വാരികകളും എടുക്കാത്തതിനാൽ എഴുത്തുകാർ എന്ന പദവിയിലേക്ക് ഉയരാൻ കഴിയാത്ത പല വനിതാ എഴുത്തുകാർക്കും ഇത്തരം സമാന്തര പ്രസിദ്ധീകരണ സംരംഭങ്ങൾ വലിയൊരു തുറവാണ് നൽകിയിരിക്കുന്നത്.

വായക്കാർ തന്നെ എഴുത്തുകാരും ചിന്തകരും എന്ന നിലപാടോടെ തുടങ്ങിയ ട്രൂ കോപ്പി തിങ്ക് എന്ന വെബ്‌സീൻ ഇപ്പോൾ റാറ്റ് ബുക്‌സ്‌ എന്ന പ്രസാധകസ്ഥാപനം കൂടി ഉണ്ടാക്കിയിരിക്കുന്നു എന്നത് മുഖ്യധാരയിൽ നിന്ന് വിട്ടുള്ള ഒരു വായനാസമൂഹത്തെ കേരളത്തിൽ സൃഷ്ടിക്കുന്നതിന്റെ തെളിവാണ്.

തൊണ്ണൂറുകളുടെ ഒടുക്കം മുതൽ കേരളത്തിൽ ശക്തിപ്പെട്ട ദളിത് പ്രസാധന ശ്രമങ്ങൾ പുതിയൊരു സാഹിത്യ പ്രസ്ഥാനമായി കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ വളർന്നു എന്നത് വലിയൊരു കാര്യമാണ്.

തൊണ്ണൂറുകളുടെ ഒടുക്കം മുതൽ കേരളത്തിൽ ശക്തിപ്പെട്ട ദളിത് പ്രസാധന ശ്രമങ്ങൾ പുതിയൊരു സാഹിത്യ പ്രസ്ഥാനമായി കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ വളർന്നു എന്നത് വലിയൊരു കാര്യമാണ്. ദളിത് എഴുത്ത് ഇന്ന് ഒരു നീഷ് വായനാസമൂഹത്തെ മാത്രമല്ല അഡ്രസ് ചെയ്യുന്നത്. അത് കേരളത്തിലെ എല്ലാ ചിന്തിക്കുന്ന മലയാളികളെയും സ്‌പർശിക്കുന്ന ഒന്നായി വളർന്നു കഴിഞ്ഞു.

ദളിത് ഓട്ടോ ഫിക്‌ഷൻ, ആത്മകഥകൾ, ചരിത്രം, പഠനങ്ങൾ, കവിതകൾ, വിമർശനങ്ങൾ, പുനർവായനകൾ, ഇതരഭാഷകളിലെ ദളിത് സാഹിത്യത്തിന്റെ വിവർത്തനങ്ങൾ തുടങ്ങി ദളിത് വിഷയ സ്‌പർശിയായ ഏതൊരു പുസ്തകത്തിനും വലിയൊരു സ്വീകരണം ലഭിക്കുന്ന രീതിയിലേക്ക് കേരളത്തിലെ പുതിയ വായന വളർന്നിരിക്കുന്നു എന്നു പറയേണ്ടി വരും. അതുപോലെ തന്നെയാണ് ഫെമിനിസ്റ്റ് സാഹിത്യത്തിനും പഠനങ്ങൾക്കും ലഭിച്ചിട്ടുള്ള സ്വീകരണം.

ലൈംഗികത്തൊഴിലാളികളുടെയും എൽജിബിടിക്യു തുടങ്ങിയ വിഭാഗങ്ങളിലെ മനുഷ്യരുടെയും ആത്മകഥകളും പഠനങ്ങളും സാഹിത്യവും ഒക്കെ വളരെ ശക്തമായി കേരളത്തിൽ വായിക്കപ്പെടുന്നു. ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ മുതൽ കുലസ്ത്രീയും ചന്തപ്പെണ്ണുങ്ങളും ഉണ്ടാകുന്നത്, ദളിതൻ, എതിര്, അക്കൈ പദ്മശാലി, സണ്ണി കപിക്കാടിന്റെ കലക്ടഡ് വർക്ക്സ്, ആ നെല്ലിമരം പുല്ലാണ്  തുടങ്ങി എ കെ വാസു, കെ എസ് മാധവൻ, വിനിൽ പോൾ, ഓ കെ സന്തോഷ്, വിജുല, രാജേഷ് എരുമേലി, ടി എസ് ശ്യാംകുമാർ, കെ കെ ബാബുരാജ് തുടങ്ങിയവരുടെ രചനകൾ കേരളം ഇപ്പോൾ വളരെ ആവേശത്തോടെ വായിക്കുന്നുണ്ട്.

മുഖ്യധാരയിൽ വളരെയധികം എഴുത്തുകാർ വന്നെങ്കിലും നോവൽ സാഹിത്യത്തിനാണ് കൂടുതൽ വായനക്കാർ ഇപ്പോഴുമുള്ളതെന്ന് തോന്നുന്നു. ടി ഡി രാമകൃഷ്ണനും വി ജെ ജെയിംസും കെ ആർ മീരയും ബെന്യാമിനും സൃഷ്ടിച്ച ഓളം ഷിനിലാൽ, അമൽ, പ്രശാന്ത് ചിന്മയൻ, സോണിയ റഫീഖ്, ജി ആർ ഇന്ദുഗോപൻ, സുഭാഷ് ചന്ദ്രൻ, അജയ് പി മങ്ങാട്ട്, സാറാ ജോസഫ്, എസ് ഹരീഷ്, ഫ്രാൻസിസ് നൊറോണ, വിനോദ് കൃഷ്ണ തുടങ്ങി എനിക്ക്‌ അറിയില്ലാത്ത അനേകം നോവലിസ്റ്റുകളിലൂടെ തുടരുന്നു. ഓട്ടോഫിക്‌ഷൻ, കവിതകൾ, ചെറുകഥകൾ, അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ എന്നീ ജോണറുകളിൽ ധാരാളം എഴുത്തുകാർ വരുന്നുണ്ട്.

അവരൊക്കെ വളരെ ആവേശപൂർവം വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മുഖ്യധാരാ പ്രസാധകർ എഴുത്തുകാരുടെ പഴയ രചനകളെ പുതിയ രീതിയിൽ അവതരിപ്പിക്കുകയും ചിലപ്പോൾ പ്രശസ്ത എഴുത്തുകാരുടെ പുതിയ രചനകൾ പുതിയ കെട്ടിലും മട്ടിലും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട സാഹിത്യമാണ് മലയാളികൾ ഏറ്റവും കൂടുതൽ വായിക്കുന്നതെന്ന് തോന്നുന്നു.

മിക്കവാറും എല്ലാ സിനിമാനടന്മാരുടെയും നടികളുടെയും ആത്മകഥകളും ജീവചരിത്രങ്ങളും പഠനങ്ങളും വളരെ സജീവമായി വായിക്കപ്പെടുന്നുണ്ട്. കൂടാതെ സിനിമാ പ്രവർത്തകർ എഴുതുന്ന നർമപുസ്തകങ്ങൾ, സിനിമയുടെ പിന്നാമ്പുറത്ത് പ്രവർത്തിച്ചവരുടെ തുറന്നെഴുത്തുകൾ ഒക്കെയും വായിക്കപ്പെടുന്നുണ്ട്‌.

മിക്കവാറും എല്ലാ സിനിമാനടന്മാരുടെയും നടികളുടെയും ആത്മകഥകളും ജീവചരിത്രങ്ങളും പഠനങ്ങളും വളരെ സജീവമായി വായിക്കപ്പെടുന്നുണ്ട്. കൂടാതെ സിനിമാ പ്രവർത്തകർ എഴുതുന്ന നർമപുസ്തകങ്ങൾ, സിനിമയുടെ പിന്നാമ്പുറത്ത് പ്രവർത്തിച്ചവരുടെ തുറന്നെഴുത്തുകൾ ഒക്കെയും വായിക്കപ്പെടുന്നുണ്ട്‌.

ഏറ്റവും വിപുലമായ ഒരു മേഖലയായി വളർന്നത് പാട്ടെഴുത്താണ്. രവി മേനോൻ മിക്കവാറും എല്ലാ മലയാളം പാട്ടുകളുടെയും ചരിത്രം എഴുതിക്കഴിഞ്ഞു. നദീം നൗഷാദ് മറ്റൊരു പാട്ടു ചരിത്രമെഴുത്തുകാരനാണ്. കുറ്റാന്വേഷണ സാഹിത്യം ഇടയ്ക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തുകയുണ്ടായി.

പുതിയ കുറ്റാന്വേഷണ എഴുത്തുകാർക്കൊപ്പം പഴയ കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, നീലകണ്ഠൻ പരമാര തുടങ്ങിയ എഴുത്തുകാരും വീണ്ടും പ്രത്യക്ഷരായി. അവർക്കൊപ്പം അഗതാ ക്രിസ്റ്റി, ആർതർ കൊനാൻ ഡോയൽ, ജെഫ്രി ആർച്ചർ തുടങ്ങിയവരും വീണ്ടും വായിക്കപ്പെടാൻ തുടങ്ങി.

‘റീഡിങ്‌ അറ്റ്‌ എ ടേബിൾ’. പാബ്ലോ പിക്കാസോയുടെ പെയിന്റിങ്‌

‘റീഡിങ്‌ അറ്റ്‌ എ ടേബിൾ’. പാബ്ലോ പിക്കാസോയുടെ പെയിന്റിങ്‌

മലയാളഭാഷയിലുള്ള എന്റെ വായനകൾ പൊതുവെ വളരെ സെലക്ടീവ് ആണ്. അതിനാൽ ഈ ലേഖനത്തിൽ ഞാൻ പറയാൻ ശ്രമിച്ച പല കാര്യങ്ങളിലും പറയാതെ വിട്ടുപോയ പല പേരുകളും ഉണ്ടായിരിക്കാം. അതൊന്നും മനഃപൂർവം അല്ല എന്ന് പറഞ്ഞുകൊള്ളട്ടെ.

ഇതൊരു സർവേയല്ല. മാറുന്ന മലയാളി വായന എന്നതാണ് വിഷയം എന്നതിനാൽ കുറെ പരത്തി പറയേണ്ടി വന്നിട്ടുണ്ട്. മലയാളി മലയാളം മാത്രമല്ല വായിക്കുന്നത് എന്നതാണ് ഇന്ന് പ്രധാനമായി ഉണ്ടായിരിക്കുന്ന മാറ്റം. ലിറ്റററി ഫെസ്‌റ്റിവലുകളിലൂടെ മാത്രമല്ല, നല്ല വായനക്കാരുടെ നിർദേശങ്ങളിലൂടെയും പുസ്തക നിരൂപണങ്ങളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും വായനയുടെ ചക്രവാളങ്ങൾ വികസിച്ചു കൊണ്ടിരിക്കുകയാണ്.

വ്യക്തിപരമായി പറഞ്ഞാൽ തിരുവനന്തപുരത്തെ മോഡേൺ ബുക്‌സിലെ ചിത്രസേനൻ അഡ്മിൻ ആയിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് പലപ്പോഴും ലോകസാഹിത്യത്തിലെ പ്രധാന പുസ്തകങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ എനിക്ക്‌ ലഭിക്കുന്നത്. അവയിൽ പലതും പിന്നീട് വാങ്ങി വായിക്കും. ഫേസ് ബുക്കിൽ ചില നല്ല വായനക്കാരുണ്ട്. അവർ നിർദേശിക്കുന്ന, നിരൂപണം ചെയ്യുന്ന പുസ്തകങ്ങളും മലയാളികളുടെ വായനയെ വിപുലപ്പെടുത്തുന്നുണ്ട്.

ഇ പി രാജഗോപാലൻ, എൻ ഇ സുധീർ, ആദർശ് ഓണാട്ട്, വിവേക് മെനെസിസ് തുടങ്ങി അനേകം പേർ പുതിയ പുസ്തകങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നുണ്ട്. എന്റെ പല പുസ്തകനിരൂപണങ്ങളും പ്രചോദകമാണെന്ന് പറയുന്ന വായനക്കാരെ ഞാൻ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.

ഇൻസ്റ്റാഗ്രാം പുതിയ പുസ്തകങ്ങളെക്കുറിച്ചറിയാൻ ഞാൻ ഉപയോഗിക്കുന്ന വലിയൊരു വാതായനമാണ്. ഒരു മലയാളി വായനക്കാരൻ എന്ന നിലയിൽ, ഞാനൊരു പ്രാതിനിധ്യം അവകാശപ്പെടുമെങ്കിൽ, എന്നെപ്പോലെ തന്നെ മലയാളി വായനക്കാരെല്ലാം ഇങ്ങനെ സ്വയം പുതുക്കുന്നവരാണ് എന്നു തന്നെയാണ് എന്റെ വിശ്വാസം .

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top