30 September Saturday

പ്രധാനമന്ത്രിയോട് യുവതയുടെ 100 ചോദ്യങ്ങൾ

വി കെ സനോജ്Updated: Monday Apr 24, 2023

സാധാരണ മനുഷ്യരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പകരം ജാതി, -മത വർഗീയതയുടെ വൈകാരികമായ പരിസരങ്ങളിൽ രാഷ്ട്രീയ ചർച്ചകളെ തളച്ചിടുകയെന്ന സംഘപരിവാർ തന്ത്രത്തെ ജീവൽപ്രശ്‌നങ്ങളെ 
മുൻനിർത്തിയുള്ള കാമ്പുള്ള 
ചോദ്യങ്ങൾകൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ ചോദ്യങ്ങൾ 
മുന്നോട്ടുവയ്ക്കുന്നത്

രാജ്യത്തെ പ്രമുഖ പത്രപ്രവർത്തകനായ കരൺ ഥാപ്പർ 2007ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖം ഇന്നും ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ആ അഭിമുഖം ശ്രദ്ധ നേടാനുള്ള പ്രധാന കാരണം കരൺ ഥാപ്പറിന്റെ  ശരിയായ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ നാല്‌ മിനിറ്റുകൊണ്ട് മോദി അഭിമുഖത്തിൽനിന്ന്‌ ഇറങ്ങിപ്പോയി എന്നതുകൊണ്ടാണ്. ‘2002ലെ ഗുജറാത്ത് കലാപസമയത്ത് നടന്നതിൽ പശ്ചാത്താപമുണ്ടെന്ന് താങ്കൾ എന്തുകൊണ്ടാണ് പറയാത്തത്'എന്ന ചോദ്യമാണ് മോദിയെ ചൊടിപ്പിച്ചതും അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചതും.

പിന്നീട് 2014ൽ രാജ്യത്തെ വൻകിട കോർപറേറ്റുകളുടെ പിന്തുണയോടെ പിആർഏജൻസികളും മാധ്യമങ്ങളും നിർമിച്ചെടുത്ത ‘വികാസ് പുരുഷ്' എന്ന പുതിയ വ്യാജ ഇമേജുമായി മോദി പ്രധാനമന്ത്രി പദത്തിൽ എത്തിയപ്പോഴും 2007ലെ ആ പഴയ അഭിമുഖം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാർടിയെയും വേട്ടയാടിയിട്ടുണ്ടായിരിക്കണം. അതുകൊണ്ടാണ് പ്രധാനമന്ത്രിസ്ഥാനത്ത് ഒമ്പതുവർഷം പിന്നിടുമ്പോഴും ഒരേയൊരു വാർത്താസമ്മേളനവും വിരലിൽ എണ്ണാവുന്ന അഭിമുഖങ്ങളും (അതും അനുയായികളുമായി) മാത്രം നടത്തി ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയായി അദ്ദേഹം ചുരുങ്ങിയത്. ചോദ്യങ്ങളോട് മുഖംതിരിക്കുകയെന്നത് കേവലം പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പ്രശ്നം മാത്രമല്ല, മറിച്ച്‌ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് രീതിശാസ്ത്രത്തിലൂന്നിയതുമായ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അടിസ്ഥാന സ്വഭാവംകൂടിയാണ്. അതുകൊണ്ടാണ് ഒന്നാം മോദി സർക്കാരിന്റെ കാലത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ 80 ശതമാനം ചോദ്യത്തിനും പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരം നൽകാതിരുന്നത്. പാർലമെന്റിൽ നിയമനിർമാണ സമയത്ത് നടക്കുന്ന ചർച്ചകളും സംവാദങ്ങളും ഒഴിവാക്കാൻ പല ബില്ലും മണി ബില്ലായി അവതരിപ്പിക്കുന്നതും ഇന്ന് ശീലമായിരിക്കുന്നു. ഇങ്ങനെ പാർലമെന്റിനകത്തും പുറത്തും ചോദ്യങ്ങളിൽനിന്ന്‌ ഒളിച്ചോടുന്ന സമീപനമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും സ്വീകരിക്കുന്ന നയം.

അഭിമുഖങ്ങളും വാർത്താസമ്മേളനങ്ങളും നടത്തുന്നില്ലെങ്കിലും റേഡിയോയിലൂടെയുള്ള ‘മൻ കി ബാത്തും' നമോ ആപ്പിലൂടെയുള്ള അഭിസംബോധനകളും മോദി വഴിപാടുപോലെ നടത്തുന്നുണ്ട്. പക്ഷേ, ഇവിടെയൊന്നും എതിർ ചോദ്യങ്ങളുടെ അലോസരപ്പെടുത്തലില്ല. ഇതോടൊപ്പം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്‌ക്ക്‌ അനുസരിച്ചുള്ള ചോദ്യോത്തരപരിപാടികളും പ്രധാനമന്ത്രിയുടെ പിആർ ഏജൻസികൾ രാജ്യവ്യാപകമായി നടത്തുന്നുണ്ട്. അത്തരത്തിലൊരു തിരക്കഥ പ്രകാരമാണ് യുവജനങ്ങളെ പങ്കെടുപ്പിച്ച്‌ അടുത്തദിവസം കേരളത്തിലും നടക്കുന്നത്. അവിടെ രാജ്യത്തെ കാർന്നുതിന്നുന്ന തൊഴിലില്ലായ്മയെയോ അഴിമതിയെയോ വിലക്കയറ്റത്തെയോ വർഗീയതയെയോ സമ്പൂർണമായ സ്വകാര്യവൽക്കരണത്തെയോ  ലിംഗവിവേചനത്തെയോ സർക്കാർ സ്‌പോൺസേർഡ് ആൾക്കൂട്ട ആക്രമണങ്ങളെയോ കുറിച്ചുള്ള ശരിയായ ചോദ്യങ്ങൾ ഒട്ടുമേ ഉന്നയിക്കപ്പെടില്ല. മറിച്ച് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർടിക്കുംവേണ്ടി എഴുതപ്പെടുന്ന, അവരെ തെല്ലും അലോസരപ്പെടുത്താത്ത അവരുടെ രാഷ്ട്രീയ ഇംഗിതത്തെ തൃപ്തിപ്പെടുത്തുന്ന കേവലം കുസൃതിച്ചോദ്യങ്ങൾ മാത്രമാണ് ആവർത്തിക്കപ്പെടുക.


 

ഈഘട്ടത്തിലാണ് ‘യുവ ഇന്ത്യ ചോദിക്കുന്നു, പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ'എന്നപേരിൽ രാജ്യത്തെ ഭൂരിപക്ഷം  യുവജനങ്ങളുടെയും തൊഴിലാളി-–- കർഷക ജനസാമാന്യങ്ങളുടെയുമെല്ലാം ജീവിതത്തെ അനുദിനം ചെന്നുതൊടുന്ന 100 ചോദ്യങ്ങൾ ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി (സിഎഐഇ)യുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ മാർച്ചിൽ ഉയർന്ന നിരക്കായ 7.8 ശതമാനമാണ്. പ്രതിവർഷം രണ്ടു കോടി തൊഴിലെന്ന വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയ മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾമൂലം യുവജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2018നും 2022നും ഇടയിൽ രാജ്യത്ത് തൊഴിലില്ലായ്മ കാരണം 25,231 യുവജനങ്ങൾ ആത്മഹത്യ ചെയ്‌തെന്നാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ തൊഴിലില്ലായ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നു  മാത്രമല്ല, തൊഴിൽ സാധ്യതയുള്ള റെയിൽവേ ഉൾപ്പെടെയുള്ള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിൽ പൊതുമേഖലാ സ്വകാര്യവൽക്കരണവും അപ്രഖ്യാപിത നിയമന നിരോധനവുമൊക്കെയായി ബന്ധപ്പെട്ട് രാജ്യത്തെ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മോദിക്കും സർക്കാരിനും ബാധ്യതയുണ്ട്.

യുവജനവിരുദ്ധതയോടൊപ്പം അങ്ങേയറ്റം കർഷകത്തൊഴിലാളി വിരുദ്ധമായ നടപടികളാണ് കേന്ദ്ര സർക്കാർ പിന്തുടർന്നുപോരുന്നത്. രാജ്യത്തെ തൊഴിലാളികൾ നീണ്ടകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത 44 പ്രധാന തൊഴിൽ നിയമങ്ങൾ ഉപേക്ഷിച്ച് തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കൊണ്ടുവരാനുള്ള നീക്കം എല്ലാ തൊഴിലാളി സംഘടനകളും എതിർത്തിട്ടും വാശിപിടിച്ച് സർക്കാർ നടപ്പാക്കുകയാണ്. ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർന്ന തുക കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവിലയായി നിശ്ചയിക്കുമെന്ന് 2014ൽ പ്രഖ്യാപിച്ച മോദി പ്രധാനമന്ത്രിയായി ഒമ്പതുവർഷമായിട്ടും ഇതിനുള്ള നിയമനടപടികളൊന്നും സ്വീകരിച്ചില്ല.  മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ച കർഷകവിരുദ്ധമായ നയങ്ങൾ അതുപോലെ നടപ്പാക്കുകയാണ്. കർഷകവിരുദ്ധമായ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെ നടന്ന സമരത്തിൽ  എഴുന്നൂറിലധികംപേർ ഡൽഹിയിൽ മരിച്ചതിനുശേഷമാണ്  നിയമങ്ങൾ പിൻവലിക്കാനും സമരം ഒത്തുതീർപ്പാക്കാനും മോദി സർക്കാർ തയ്യാറായത്. പക്ഷേ, ഒത്തുതീർപ്പുസമയത്ത് കർഷകർക്ക് നൽകിയ  ഉറപ്പുകൾ വർഷം ഒന്ന് കഴിഞ്ഞിട്ടും പാലിക്കാത്തതും ലേബർ കോഡുകൾ നടപ്പാക്കുന്നതും അദ്ദേഹത്തിന്റെ കോർപറേറ്റ് ചങ്ങാതിമാർക്ക് വേണ്ടിയല്ലേ എന്ന ഉത്തരം മുട്ടിക്കുന്ന ചോദ്യം നമ്മൾ ചോദിക്കുകതന്നെ വേണം.


 

സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമവും വിവേചനവും ദിനംപ്രതി വർധിക്കുകയും സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം  വർഷംതോറും താഴോട്ടുപോകുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. അങ്ങനെയിരിക്കെ ഒന്നാം മോദി  സർക്കാരിന്റെ കാലത്ത്‌ 2016-–-2019ൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിന്റെ 79  ശതമാനവും പരസ്യവുമായി ബന്ധപ്പെട്ടാണ് ചെലവാക്കിയത് എന്നത് സ്‌ത്രീമുന്നേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മോദി സർക്കാരിന് ഒരു ആത്മാർഥതയും ഇല്ലെന്നതിന്റെ  തെളിവല്ലേ എന്ന ചോദ്യം സ്വാഭാവികമാണ്. 

ഒരുഭാഗത്ത് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, പെട്രോൾ വിലവർധന, പാചകവാതക സിലിണ്ടറിന്റെ തുടർച്ചെയുള്ള വിലകൂട്ടൽ തുടങ്ങിയ പ്രശ്‌നങ്ങളാണെങ്കിൽ മറുഭാഗത്ത് മനുഷ്യരുടെ സമാധാനജീവിതത്തെ അട്ടിമറിക്കാൻ പാകത്തിലുള്ള വർഗീയപ്രചാരണവും വിവേചനപരമായ നിയമനിർമാണവും നടത്തുകയാണ് സർക്കാർ ചെയ്യുന്നത്. 14 ശതമാനംവരുന്ന രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത ഒട്ടും ഉൾക്കൊള്ളാത്തവിധത്തിൽ രണ്ടാംതരം പൗരന്മാരായി കാണുന്ന സിഎഎ, എൻആർസി, എൻപിആർ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നു. പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നതും ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കുന്നതും കേന്ദ്ര മന്ത്രിമാർ പോലും വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതും കലാപങ്ങൾക്ക് സർക്കാർ പിന്തുണ കിട്ടുന്നതും ഈ സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ സമീപനം കൊണ്ടല്ലേ എന്ന്‌ ഏതൊരു ജനാധിപത്യ- മതനിരപേക്ഷ വിശ്വാസികളുടെയും ചോദ്യമാണ്.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിക്കുന്ന സംസ്ഥാനമെന്നനിലയിൽ മറയില്ലാത്തവിധം കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കേരള വിരുദ്ധമായ നടപടികൾക്ക് നിരവധി ഉദാഹരണം ചൂണ്ടിക്കാണിക്കാൻ കഴിയും. കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ തുക അനുവദിക്കാതിരിക്കുന്നതും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തി കേരളത്തിന്റെ സർവകലാശാലകളിൽ ഇടപെടുന്നതും സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചതും ഗുജറാത്തിൽ അതിവേഗ ട്രെയിൻ പദ്ധതികൾ അനുവദിക്കുമ്പോൾ കെ–- റെയിൽ പദ്ധതിക്ക് അനുമതി നിഷേധിക്കുന്നതും  ബിജെപിയുടെ കേരളവിരുദ്ധ സമീപനംകൊണ്ടല്ലേ എന്ന ചോദ്യമാണ് മലയാളി യുവതയ്ക്ക് ചോദിക്കാനുള്ളത്.  ഈവിധത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഉത്തരം പറയേണ്ട കുറെയേറെ ചോദ്യങ്ങൾ ഈ നീതിരഹിത ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യൻ യുവതയ്ക്ക് ചോദിക്കാനുണ്ട്.

സാധാരണ മനുഷ്യരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പകരം ജാതി, -മത വർഗീയതയുടെ വൈകാരികമായ പരിസരങ്ങളിൽ രാഷ്ട്രീയ ചർച്ചകളെ തളച്ചിടുകയെന്ന സംഘപരിവാർ തന്ത്രത്തെ ജീവൽപ്രശ്‌നങ്ങളെ മുൻനിർത്തിയുള്ള കാമ്പുള്ള ചോദ്യങ്ങൾകൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ആ ചോദ്യങ്ങൾ ഞങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top