25 May Monday

യെസ് ബാങ്കുകള്‍ നോ പറയുമ്പോൾ

സി ജെ നന്ദകുമാർUpdated: Friday Mar 13, 2020

നവസ്വകാര്യ ബാങ്കുകളിൽ പ്രമുഖമായ യെസ് ബാങ്കിന്റെ ഭരണം റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്ത ദിവസം ഒരു ദേശീയ ദൃശ്യമാധ്യമത്തിൽ നടന്ന ചർച്ചകൾ ഇപ്രകാരമായിരുന്നു. ‘ക്രമക്കേടുകൾ മൂലം തകർന്ന സ്വകാര്യ ബാങ്കിനെ ജാമ്യത്തിലെടുക്കുവാൻ പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും എൽഐസിയെയും കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതായി കാണുന്നു. നാലുവർഷക്കാലത്തിനുള്ളിൽ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് 2.65 ലക്ഷം കോടിയാണ് പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശാക്തീകരണത്തിനു നൽകേണ്ടിവന്നത്. വൻകിട സ്വകാര്യ കോർപറേറ്റുകൾ വീഴ്ച വരുത്തിയ 5,05,311 കോടിയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയതുവഴി പൊതുമേഖലാ ബാങ്കുകൾക്ക് സംഭവിച്ച മൂലധനശോഷണം ഒഴിവാക്കാനായിരുന്നു ഈ നടപടി. ഇപ്പോൾ വീണ്ടും സ്വകാര്യ ബാങ്കുകളെ ജാമ്യത്തിലെടുക്കാൻ ഇതേ പൊതുമേഖലാ ബാങ്കുകളെ ഉപയോഗപ്പെടുത്തുമ്പോൾ നിക്ഷേപകരുടെ സമ്പാദ്യങ്ങൾക്ക് എന്തുസുരക്ഷയാണുള്ളത്. പണ്ടത്തെപ്പോലെ തലയിണച്ചുവട്ടിലേക്കോ ബാങ്ക്‌ ലോക്കറുകളിലേക്കോ സമ്പാദ്യങ്ങൾ മാറ്റേണ്ടതുണ്ടോ’ ന്യായമായ മേൽചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിനുമുമ്പ്, പക്ഷേ, എന്തുകൊണ്ട് യെസ് ബാങ്കുകൾ ആവർത്തിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

‘കോർപറേറ്റ് ഗവേണൻസ്’ കെട്ടുകഥ പൊളിയുന്നു
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇങ്ങനെ പറയുന്നു, ‘‘യെസ് ബാങ്കിലെ പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയവയല്ല, 2017 മുതൽ തന്നെ റിസർവ്‌ ബാങ്കിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. ബാങ്കിന്റെ തലവൻ റാണാകപൂറിന്റെ കാലാവധി നീട്ടാനുള്ള ബോർഡ് തീരുമാനം റിസർവ്‌ ബാങ്ക് അനുവദിച്ചില്ല. റാണാകപൂറിന് സ്ഥാനം ഒഴിയേണ്ടിവന്നു. ഭരണവൈകല്യങ്ങൾ, നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ, തെറ്റായ ആസ്തിവിഭജനങ്ങൾ, അപകടകരമായ വായ്പാ തീരുമാനങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.’’ മാത്രമല്ല, ബാങ്കിന്റെ നിക്ഷേപങ്ങൾ കുഴപ്പത്തിലായിട്ടുള്ള കോർപറേറ്റ് കമ്പനികളിലാണ്. ധനസ്ഥാപനങ്ങളിൽ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെയാണ് ആലങ്കാരിക പദങ്ങളായ ‘ഇൻസൈഡർ ട്രേഡിങ്, റിലേറ്റഡ് പാർടി ട്രാൻസ് ആക്‌ഷൻസ് ഫിക്ടീഷ്യസ് അക്കൗണ്ട്സ്, മണി ലോണ്ടറിങ്’ എന്നിവകൊണ്ട് വിശേഷിപ്പിക്കുന്നത്. സാധാരണ ഭാഷയിൽ ഇവയെല്ലാം ചേർത്ത് ‘നഗ്നമായ ക്രമക്കേടുകൾ’എന്നു വിശേഷിപ്പിക്കാം.

ആരംഭംമുതൽ 15 വർഷക്കാലം തലപ്പത്തിരുന്ന റാണാകപൂറിന്റെ വിശദീകരണം അതീവ രസകരമാണ്. ‘‘2019 ജനുവരി 31ന് ഞാൻ സ്ഥാനം ഒഴിയുമ്പോൾ നല്ല പ്രവർത്തന റെക്കോർഡായ  (എഎഎ) റേറ്റിങ്‌ ഉണ്ടായിരുന്നു. ലാഭക്ഷമതയിൽ മൂന്നാം സ്ഥാനത്തായിരുന്നു. പിന്നെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും തമ്മിൽ ചെറിയ വിടവുസംഭവിച്ചു. അതുകൊണ്ട് ഉദ്ദേശിച്ച നിലയിൽ മൂലധന നിക്ഷേപകരെ കണ്ടെത്താനായില്ല’’ അതെ, പ്രതീക്ഷകളും യാഥാർഥ്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് പ്രശ്നം.


 

കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയ്‌ക്കുപിന്നിൽ
2004ൽ ബാങ്ക് പരിഷ്കാരങ്ങളുടെ രണ്ടാം ഘട്ടത്തിൽ ഉദാരമാക്കിയ ലൈസൻസിങ്ങിന്റെ മറവിൽ പ്രവർത്തനം തുടങ്ങിയതാണ് യെസ് ബാങ്ക്. 15 വർഷംകൊണ്ട് 1120 ശാഖയും 2,09,497 കോടിയുടെ ഡിപ്പോസിറ്റും 2,24,504 കോടിയുടെ വായ്പയും 67,340 കോടിയുടെ നിക്ഷേപങ്ങളുമായി വളർന്നപ്പോൾ രാജിവച്ചുപോയ ഡയറക്ടർ ഉത്തം അഗർവാളിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാണ്. ‘‘ഫോട്ടോസ്റ്റാറ്റ് ഡോക്യുമെന്റിന്റെ പുറത്തുപോലും ലക്ഷം കോടികൾ വായ്പ അനുവദിക്കുന്ന സംവിധാനത്തിനെതിരെ ഞാൻ പരാതി നൽകിയിരുന്നു, പക്ഷേ, അധികാരികൾ കണ്ണടച്ചു.’’ നവ സ്വകാര്യ ബാങ്കുകളിലെ രീതികൾ അതീവ രഹസ്യമാണ്. ഒരു വിഭാഗത്തിലെ കാര്യങ്ങൾ തൊട്ടടുത്ത ഡെസ്കിലുള്ളവർക്കുപോലും അപ്രാപ്യമാണ്. ഉദ്യോഗസ്ഥർ കരാർ വ്യവസ്ഥയിലോ, കോസ്റ്റ്ടു കമ്പനി വ്യവസ്ഥയിലോ നിയമിതരാണ്. ഏതു മാർഗത്തിലൂടെയും ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് തങ്ങളുടെ ഇൻസെന്റീവുകൾ വർധിപ്പിക്കുക എന്നതുതന്നെയാണ് ജീവനക്കാരുടെ തൊഴിൽ സംസ്കാരം.

ഈ നവ സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഭരണാധികാരികളും അവരുടെ സാമ്പത്തികോപദേഷ്ടാക്കളും പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമതയില്ലായ്മയെ കുറിച്ചും പ്രൊഫഷണലിസത്തിന്റെ അഭാവത്തെക്കുറിച്ചും ആക്ഷേപം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. നിരന്തര സമ്മർദങ്ങളാൽ ഈ ബാങ്കുകളുടെ മാതൃകകൾ പകർത്താൻ ഉദ്യോഗസ്ഥർ നിർബന്ധിക്കപ്പെട്ടതിന്റെകൂടി ഫലമായിട്ടാണ് പൊതുമേഖലാ ബാങ്കുകളിൽനിന്ന് വിജയ് മല്യമാരും നീരവ് മോഡിമാരും മെഹുൽ ചോക്സിമാരും പണം കുത്തിച്ചോർത്തിയത്. 1949നും 1969നും ഇടയിൽ 736 സ്വകാര്യ ബാങ്കുകളാണ് തകർന്നടിഞ്ഞത്. 1991 നുശേഷം ഇതുവരെ 36 എണ്ണം തകർന്നു. മിക്കവയെയും പൊതുമേഖലാ ബാങ്കുകളിൽ ലയിപ്പിക്കുകയും ഇടപാടുകാരുടെ നിക്ഷേപം തിരികെ നൽകുകയുമായിരുന്നു. ഡോ. മൻമോഹൻസിങ് ഉദ്‌ഘാടനംചെയ്ത ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് മുതൽ ടൈംസ് ബാങ്ക്, സെഞ്ചൂറിയൻ ബാങ്ക്, ബാങ്ക് ഓഫ് പഞ്ചാബ് അങ്ങിനെ നീളുന്നു പട്ടികകൾ. അതിൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കിനെ ഏറ്റെടുത്ത ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിനെ ഇപ്പോൾ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കുന്നതാണ് മറ്റൊരു വിരോധാഭാസം. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കപ്പെട്ടാൽ തുടർന്ന് തകരുന്ന ബാങ്കുകളെ ആരാണ് ഏറ്റെടുക്കുക.  

വലിയ അഗ്നിപർവതങ്ങൾ
പത്ത്‌ പൊതുമേഖലാ ബാങ്കുകളെ തമ്മിൽ ലയിപ്പിച്ച് നാല് വലിയ ബാങ്ക്‌ ആക്കാനുള്ള വിജ്ഞാപനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ചത് എന്നത് കേവലം യാദൃച്ഛികമാകാം. ‘‘തകരാനനുവദിക്കാൻ കഴിയാത്തത്ര വലുപ്പമുള്ള’’ വിഭാഗത്തിലാണ്‌ യെസ് ബാങ്ക് എന്നതിനാൽ 49 ശതമാനം ഓഹരി വാങ്ങി രക്ഷിക്കാൻ എസ്ബിഐയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിനായി സ്റ്റേറ്റ് ബാങ്ക് 11,000 കോടിയിലേറെ കണ്ടെത്തണം. 2017ൽ ആറ് അസോസിയറ്റ് ബാങ്കുകളെ ലയിപ്പിച്ചതുവഴി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എന്നതിനപ്പുറം വലിയ അത്ഭുതങ്ങൾ എസ്ബിഐക്ക് കാണിക്കാനായിട്ടില്ല. നഷ്ടം വർധിച്ചു, ശാഖകൾ അടച്ചുപൂട്ടി, നിയമനങ്ങൾ കുറഞ്ഞു, സാധാരണ ഇടപാടുകാർ പടിക്കുപുറത്തായി. 2019 ഏപ്രിൽ മുതൽ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചപ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ വലുപ്പത്തിനൊപ്പം നഷ്ടവും വർധിച്ചു. ആറ് പൊതുമേഖലാ ബാങ്കുകൂടി അടച്ചുപൂട്ടി നാല്‌ വലിയ ബാങ്ക്‌ രൂപപ്പെടുമ്പോൾ ‘തകരാനനുവദിക്കാൻ കഴിയാത്തത്ര വലുപ്പമുള്ളവ’യായി അവയും മാറും. വലിയ ബാങ്കുകൾ വലിയ ഇടപാടുകാർക്ക് വമ്പൻ ക്രമക്കേടുകൾ നടത്താൻ കഴിയുന്ന അപകട ബാങ്കുകളായി മാറുമോ എന്ന ജനങ്ങളുടെ ആശങ്കകൾ ഭരണാധികാരികൾ പരിഗണിക്കുമോ? അതോ ഡിപ്പോസിറ്റ് ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമാക്കി ഉയർത്തിയിട്ടുണ്ടെന്ന ആശ്വാസവചനവുമായി മാറ്റിവയ്ക്കപ്പെട്ട എഫ്ആർഡിഐ ബിൽ വീണ്ടും കൊണ്ടുവരുമോ. രണ്ടാമത്തെ മാർഗത്തിലാണ് നീങ്ങുന്നതെങ്കിൽ യെസ് ബാങ്കുകൾ ആവർത്തിക്കപ്പെടാനാണ് സാധ്യത.

(ബെഫി അഖിലേന്ത്യാ പ്രസിഡന്റാണ് ലേഖകൻ)


പ്രധാന വാർത്തകൾ
 Top