18 January Monday

ഇങ്ങനെയാണ് ചൈന ഗോര്‍ബച്ചേവിസത്തെ തടയുന്നത് - എ എം ഷിനാസ്‌ എഴുതുന്നു

എ എം ഷിനാസ്‌Updated: Tuesday Jan 12, 2021

2012 നവംബർ മധ്യത്തിൽ  ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 18–-ാം പാർടി കോൺഗ്രസ് ബീജിങ്ങിൽ നടക്കുന്നു. അപ്പോൾ ചൈനയുടെ വൈസ് പ്രസിഡന്റും പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും പാർടി സെൻട്രൽ  മിലിറ്ററി കമീഷന്റെ വൈസ് ചെയർമാനുമായിരുന്നു ഷി ജിൻപിങ്. 18–-ാം പാർട്ടി കോൺഗ്രസ്, ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്ങിനെ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ അന്ന് ആർക്കും അണുവിട സംശയമുണ്ടായിരുന്നില്ല.

അതേസമയം, ചൈനയിലെ വിദേശ മാധ്യമപ്രവർത്തകരും രാജ്യാന്തര ചൈന നിരീക്ഷകരും ചൈനയിലെ ലിബറലുകളും ന്യൂയോർക്കും ഹോങ്കോങ്ങും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനീസ് വിമതരും ഷി ജിൻപിങ്ങിൽ  ഒരു ‘ചൈനീസ് ഗോർബച്ചേവിനെ’ പകൽക്കിനാവ് കാണുന്നുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം പൊതുവിലും ഡെങ്‌ സിയാവോപിങ്ങിന്റെ ഭരണശേഷം വിശേഷിച്ചും ഈ ‘ഗോർബച്ചേവ്‌ സിൻഡ്രോം’ മേൽപ്പറഞ്ഞ കൂട്ടരിൽ കലശലായിരുന്നു. ജിയാങ് സെമിനിലും ഹൂ ജിന്റാവോയിലും ഇവർ ചൈനീസ് ഗോർബച്ചേവിനെ കണ്ടിരുന്നുവെങ്കിലും (കാംക്ഷിച്ചിരുന്നുവെങ്കിലും) അതെല്ലാം വെറും ആഗ്രഹചിന്തയായി മാറുകയാണുണ്ടായത്.

18–-ാം പാർടി കോൺഗ്രസ് നടക്കുമ്പോൾ ഇവരിൽ പലരും 1953ൽ  ജനിച്ച, താരതമ്യേന ചെറുപ്പമായ ഷി ജിൻപിങ്ങിൽ ചൈനീസ് ഗോർബച്ചേവിന്റെ സാധ്യത ഏറെക്കുറെ ഉറപ്പിച്ചു. ഉദാഹരണത്തിന് ബിബിസിയുടെ അനുഭവ സമ്പന്നനായ പത്രപ്രവർത്തകൻ ജോൺ സിംസൺ 18–-ാം കോൺഗ്രസ്‌  റിപ്പോർട്ട് ചെയ്യാൻ ബീജിങ്ങിലുണ്ടായിരുന്നു. 1988ൽ  മോസ്കോവിൽ  സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെ ഒരു സുപ്രധാനസമ്മേളനം ഗോർബച്ചേവിന്റെ കാർമികത്വത്തിൽ നടക്കുമ്പോൾ അത് റിപ്പോർട്ട് ചെയ്തതും സിംസൺ ആയിരുന്നു. (ആ മീറ്റിങ്ങിൽ  ഗോർബച്ചേവ് എടുത്ത ചില തീരുമാനങ്ങളാണ് സോവിയറ്റ് യൂണിയന്റെ അതിശീഘ്രപതനത്തിന് സുഗമമായ വഴിവെട്ടിയത്). 2012ലെ ബീജിങ്‌, 1988 ലെ മോസ്കോയെയാണ് സിംപ്‌സണെ ഓർമപ്പെടുത്തിയത്‌.  ഏതാനും മാസംകഴിഞ്ഞ് ‘ദ ഗാർഡിയൻ’ പത്രത്തിൽ പ്രതീക്ഷാനിർഭരമായി സിംസൺ എഴുതി: “ഷി ജിൻപിങ് ചൈനയിൽ  സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെയും അഭൂതപൂർവമായ രാഷ്ട്രീയപരിഷ്കരണങ്ങൾ ആരംഭിക്കുന്നതിന്റെയും വക്കത്താണ്.


 

1980കളിൽ  ലിബറലുകൾക്ക് ഇത്തരം രാഷ്ട്രീയപരിഷ്കരണങ്ങൾ പ്രയോഗപഥത്തിൽ കൊണ്ടുവരാൻ പറ്റിയില്ല. 1989ലെ തിയാനൻമെൻ ദുരന്തത്തിനുശേഷം ചൈനയുടെ ഭരണചക്രം നിയന്ത്രിച്ച എല്ലാവരും രാഷ്ട്രീയപരിഷ്കരണത്തെ ഉപേക്ഷിക്കുകയോ വിസ്മരിക്കുകയോ ചെയ്തു. തന്റെ മുൻഗാമികളേക്കാൾ ചെറുപ്പവും ഒതുക്കവുമുള്ള ഷി ജിൻപിങ്ങിന് അത് സാധ്യമാകുമോ? വ്യവസ്ഥയെ ആമൂലാഗ്രം പരിഷ്കരിക്കാൻ, ഗോർബച്ചേവിനെപ്പോലെ വ്യവസ്ഥയെത്തന്നെ സംഹരിക്കാതെ ഷി ജിൻപിങ്ങിന് കഴിയുമോ? ഗോർബച്ചേവിനില്ലാത്ത പല അനുകൂലതകളും ഷീക്ക് ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിനിത്‌ തീർത്തും അസാധ്യമല്ല. സാമ്പ്രദായിക മാർക്‌സിസം–-  ലെനിനിസത്തിന് ചൈനയിൽ ഇനി അതിജീവിക്കുക ദുഷ്കരമാണ്.”

2012 ഒക്ടോബറിൽ ന്യൂയോർക്കിൽ  ചൈനീസ്‌ വിമതരുടെ സൈറ്റ് ആയ ‘മിംഗ്ജിങ്’ ഒരു ചർച്ച സംഘടിപ്പിച്ചിരുന്നു. ഹൂ ജിന്റാവോയിൽനിന്ന് ഷി ജിൻപിങ്ങിലേക്ക് അധികാരക്കൈമാറ്റം നടക്കുമ്പോൾ എന്തു സംഭവിക്കും എന്നതായിരുന്നു ചർച്ചാവിഷയം. മിംഗ്‌ജിങ് സൈറ്റിന്റെ മാനേജരായ പിൻഹോയുടെ പ്രവചനം ഇതായിരുന്നു:

‘ഷീ രാഷ്ട്രീയപരിഷ്കരണങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ ഒരു അട്ടിമറി ചൈനയിൽ സുനിശ്ചിതമാണ്‌.  എന്നാൽ, ചൈനീസ് പാർടിയിൽ ദീർഘകാല പ്രവർത്തനപരി ചയമുണ്ടായിരുന്ന വിമതനേതാക്കളിലൊരാളായ യാവോ ജിയാൻഫു പിൻഹോയുടെ പ്രവചനത്തെ തള്ളിക്കളയുകയും അതുവെറും ആഗ്രഹചിന്തയാണെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്തു. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസത്തെ കൂടുതൽ സാമ്പത്തിക പരിഷ്കരണങ്ങൾ ഉൾച്ചേർത്ത് ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോകണമെന്ന് തന്നെയാണ് ഷി ജിൻപിങ്ങിന്റെയും മതം. പക്ഷേ, സോവിയറ്റ് യൂണിയനെപ്പോലെ ഛിന്നഭിന്നമാകാതെ എങ്ങനെ അത് ചെയ്യുമെന്നായിരുന്നു ഷീയുടെ മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യമെന്ന്‌ ബീജിങ്ങിൽ ഏജൻസ് ഫ്രാൻസ് പ്രസിന്റെ കറസ്പോണ്ടന്റും ഇപ്പോൾ  ലെ മോണ്ട് ന്റെ സാമ്പത്തികശാസ്‌ത്ര കറസ്പോണ്ടന്റുമായ ഫ്രാൻസ്വ ബൂഗോൺ നിരീക്ഷിക്കുന്നു. 2018ൽ  പുറത്തിറങ്ങിയ ഫ്രാൻസ്വ ബൂഗോണിന്റെ ‘ഇൻസൈഡ് ദ മൈൻഡ് ഓഫ് ഷി ജിൻപിങ്’ എന്ന ഗ്രന്ഥത്തിൽ ‘ആന്റി ഗോർബച്ചേവ്’ എന്ന അധ്യായത്തിൽ  ഇങ്ങനെ വായിക്കാം:

1950 കളിൽ ചൈനയിലെ പല്ലവി ഇന്നത്തെ യുഎസ്എസ്ആർ നാളത്തെ ചൈനയാണ് എന്നതായിരുന്നു. എന്നാൽ,  ഇന്ന് ഷി ജിൻപിങ് പാർടി വേദികളിൽ  നിലപാട് പറയുന്ന കാര്യം ‘ഇന്നലെയിലെ യുഎസ്എസ്ആറിനെപ്പോലെ നാളെത്തെ ചൈന ഒരിക്കലും ആയിത്തീരാൻ പാടില്ല’ എന്നത്രെ. ഗോർബച്ചേവല്ല ഷീയുടെ റോൾ മോഡൽ. ഗോർബച്ചേവിനെ ഷീ സമ്പൂർണമായും തിരസ്കരിക്കുന്നു. ഗോർബച്ചേവുമായി താരതമ്യം ചെയ്യപ്പെടുന്നതുതന്നെ പാർടിയിൽ  മുന്നോട്ടുപോകുന്നതിന് ഒരു ഭാരവാഹിക്കും വൻ വിഘാതമാണെന്ന സാമാന്യബോധംപോലും ‘ഗോർബച്ചേവ് സിൻഡ്രോം’ ബാധിച്ച വിദേശ മാധ്യമപ്രവർത്തകർക്ക് ഉണ്ടായില്ല. ഇവരെല്ലാം ഒരു ചൈനീസ് ഗോർബച്ചേവിനെ ആറ്റുനോറ്റിരുന്നു. പക്ഷേ, കിട്ടിയത് ഒരു ‘‘ചൈനീസ് പുടിനാണ്.’’

ഡെങ്ങിന്റെ സാമ്പത്തികപരിഷ്കാരങ്ങൾ ഷെൻസനിൽ  പ്രയോഗത്തിൽ  വരുത്തുന്നതിന് നേതൃത്വം നൽകിയത് ഷീ യുടെ പിതാവ് ഷി ഷോംഗ്സൺ ആയിരുന്നു

തുടർന്ന്, ബൂഗോൺ 2012 ഡിസംബറിൽ ഷി ജിൻപിങ് തെക്കൻ ചൈനാ നഗരമായ ഷെൻസനിലേക്ക് നടത്തിയ ഒരു യാത്രയെക്കുറിച്ച് വിവരിക്കുന്നു. മുപ്പത് വർഷംമുമ്പ്‌ ഒരു മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെൻസൺ ഇപ്പോൾ ചൈനയിലെ മുഖ്യനഗരങ്ങളിലൊന്നും മൂന്നു വ്യാഴവട്ടക്കാലത്തെ സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകവുമാണ്‌. ഡെങ്ങിന്റെ സാമ്പത്തികപരിഷ്കാരങ്ങൾ ഷെൻസനിൽ  പ്രയോഗത്തിൽ  വരുത്തുന്നതിന് നേതൃത്വം നൽകിയത് ഷീ യുടെ പിതാവ് ഷി ഷോംഗ്സൺ ആയിരുന്നു. ലിബറലുകൾ വീണ്ടും ഹർഷാതിരേകത്തിലായി. ‘ഇതാ ചൈന മർമപ്രധാനമായ രാഷ്ട്രീയ പരിഷ്കരണങ്ങൾ ആരംഭിക്കാൻ പോകുന്നു’ എന്ന ആരവം ന്യൂയോർക്കിലും ഹോങ്കോങ്ങിലും തായ്‌വാനിലും മുഴങ്ങി.

ചൈനയിൽ  ഗോർബച്ചേവിസം വേരാഴ്‌ത്തണമെന്ന് ഉൽക്കടമായി ആഗ്രഹിച്ചവരെ നിരാശരാക്കുന്നതായിരുന്നു പക്ഷേ, ഷെൻസനിൽവച്ച് പാർടി അംഗങ്ങൾമാത്രം സന്നിഹിതരായ ഒരു സദസ്സിനെ അഭിസംബോധനചെയ്ത് ഷി ജിൻപിങ് നടത്തിയ പ്രസംഗം. ചൈന സോവിയറ്റ് യൂണിയന്റെ തകർച്ചയിൽനിന്ന് പാഠം പഠിക്കണം എന്നതായിരുന്നു അതിന്റെ രത്നച്ചുരുക്കം. ഇതേ ഉള്ളടക്കമുള്ള മറ്റൊരു പ്രഭാഷണത്തിൽ, 2013 ജനുവരി അഞ്ചിന് പുതിയ അംഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര കമ്മിറ്റിയോട് ഷി ജിൻപിങ് ഇങ്ങനെ പറഞ്ഞു:

“സോവിയറ്റ് യൂണിയൻ എന്തുകൊണ്ട് തകർന്നു? സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിക്ക് അധികാരം നഷ്ടപ്പെട്ടത് എന്തുകൊണ്ടാണ് ? ഇതിനുള്ള സുപ്രധാന കാരണങ്ങളിലൊന്ന് പ്രത്യയശാസ്ത്രസമരം തീഷ്ണമായിരുന്നു എന്നതും യുഎസ്എസ്ആറിന്റെയും സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെയും ചരിത്രം അവിടെ പൂർണമായും നിരാകരിക്കപ്പെടുകയും ചെയ്തിരുന്നു എന്നതുമാണ്. അവർ ലെനിനെ പരിത്യജിച്ചു. സ്റ്റാലിനെ തിരസ്കൃതനാക്കി. ചരിത്രപരമായ നിഷേധവാദം അങ്ങനെ സ്വാഭാവികമായ പരിണാമഗുപ്തിയിലെത്തി. സോവിയറ്റ് യൂണിയനിൽ പരക്കെ പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പം പടർന്നു. ഏറെക്കുറെ ഒരു പാർടി ഘടകത്തിനും ഒരു തലത്തിലും ഉപയോഗമില്ലാതായി. സോവിയറ്റ് സൈന്യം പാർടിയുടെ നിയന്ത്രണത്തിലല്ലാതായി. ഒടുവിൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർടി, അത് മഹത്തായ പാർടിയായിരുന്നുവെങ്കിലും ഒരു പറ്റം കുരുവികളെപ്പോലെ മറഞ്ഞില്ലാതായി.

മഹത്തായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയൻ നിലംപതിച്ചു. സോവിയറ്റ് ഭൂതകാലത്തിലെ പ്രമാദങ്ങളിൽനിന്നും അപഥങ്ങളിൽനിന്നും നാം നിർബന്ധമായും പഠിച്ചിരിക്കേണ്ട പാഠം ഇതാണ്.” ഇതേ പ്രസംഗംതന്നെ പിന്നീട് ഷീ പലവുരു ചൈനയിലെ വ്യത്യസ്തദിക്കിലുള്ള പാർടി അംഗങ്ങൾക്കുമുന്നിൽ  അവതരിപ്പിച്ചു.

2013 ൽത്തന്നെ ചൈനയിലുടനീളമുള്ള പാർടി ഭാരവാഹികളെ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി ഫിലിം കാണാൻ കേന്ദ്രനേതൃത്വം ക്ഷണി ച്ചു."ഇൻ മെമ്മറി ഓഫ് ദ കൊലാപ്സ് ഓഫ് ദ   കമ്യൂണിസ്റ്റ്‌ പാർടി ആൻഡ് ദ സോവിയറ്റ് യൂണിയൻ " എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഈ ഡോക്യുമെന്ററിയുടെ അണിയറശിൽപ്പികൾ റഷ്യയുടെയും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെയും മുക്കിലും മൂലയിലും ചെന്ന് മുൻ സോവിയറ്റ് പാർടി അംഗങ്ങളെയും സാധാരണക്കാരെയും (പ്രത്യേകിച്ച് പ്രായം ചെന്നവരെ) കണ്ടു സംസാരിച്ചു. മുൻ യുഎസ്എസ്ആറിന്റെ പ്രതാപം ഉയർത്തിക്കാണിക്കുന്ന ഈ ഡോക്യുമെന്ററിയിൽ മുൻ സോവിയറ്റ് യൂണിയന്റെ ഗതകാല സ്മരണകളാണ് അടിവരയിട്ടു പറയുന്നത്‌.

ഗോർബച്ചേവ് തീരുമാനങ്ങളെടുക്കുന്നതിൽ അതീവ ദുർബലനും പ്രത്യയശാസ്ത്രപരമായി സന്ദേഹിയും ആയിരുന്നുവെന്നും സ്വകാര്യവൽക്കരണത്തിരമാലകളിലൂടെ രാഷ്ട്രത്തെ നശിപ്പിക്കുകയും അങ്ങനെ മാഫിയയും ഹിംസയും സോവിയറ്റ് രാഷ്ട്രഗാത്രത്തെ ഗ്രസിച്ചുവെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.

സോവിയറ്റ്‌ യൂണിയന്റെ ആദ്യത്തെ അകൃത്യവും പാതകവും 1956 ഫെബ്രുവരി 25ന്, 1430 പാർടി പ്രതിനിധികൾക്ക് മുമ്പിൽ  നികിത ക്രൂഷ്ചേവ് നടത്തിയ ‘രഹസ്യഭാഷണ’മായിരുന്നു എന്ന് ഡോക്യുമെന്ററി അസന്ദിഗ്ധമായി പറയുന്നു. ഇതാണ് ദുരന്തത്തിന്റെ വിത്ത് പാകിയത്. സ്റ്റാലിൻ മാത്രമല്ല, ലെനിനും മാർക്സിസ്റ്റ് തത്വങ്ങളും അന്ന് ഭേദ്യം ചെയ്യപ്പെട്ടു.  ഗോർബച്ചേവും അദ്ദേഹത്തിന്റെ ദുഷ്കർമങ്ങളിലെ കൂട്ടാളികളായ അലക്സാണ്ടർ യാകൊവ്ലേവും എഡ്വേഡ് ഷെവർനദ്സെയും ബോറിസ് യെത്സിനും 20–-ാം പാർടി കോൺഗ്രസിന്റെ സന്തതികളാണെന്നും അവർ അക്ഷരാർഥത്തിൽ  വഞ്ചകരായിരുന്നുവെന്നും പാശ്ചാത്യശക്തികൾക്ക് പ്രത്യേകിച്ച് അമേരിക്കയ്ക്ക് സ്വയം സമർപ്പിച്ചവരായിരുന്നുവെന്നും റഷ്യൻ കമ്യൂണിസ്റ്റ് പാർടി നേതാവ് ഗെന്നഡി ഷ്യുഗാ നോവ് മുതൽ ജോർജിയയിലെ കർഷകരെവരെ അഭിമുഖം നടത്തി ഡോക്യുമെന്ററി സമർഥിക്കുന്നു. ഇവർ ചേർന്നാണ് ഉൽപ്പാദനോപാധികളുടെ മേലുള്ള നിയന്ത്രണം കൈയൊഴിഞ്ഞതെന്നും പൊതുവ്യവസായങ്ങളെ തുച്ഛവിലയ്ക്ക് വിറ്റ് സ്വകാര്യവൽക്കരിച്ചതെന്നും പാർടിയും സൈന്യവും തമ്മിലുള്ള ബന്ധവിച്ഛേദം നടത്തിയതെന്നും എൻജിഒകൾക്ക്‌  തന്നിഷ്‌ടത്തോടെ വിഹരിക്കാൻ സ്വാതന്ത്ര്യം നൽകിയതെന്നും ഡോക്യുമെന്ററി നിശിതമായ ഭാഷയിൽ കുറ്റപ്പെടുത്തുന്നു.

ഗോർബച്ചേവ് തീരുമാനങ്ങളെടുക്കുന്നതിൽ അതീവ ദുർബലനും പ്രത്യയശാസ്ത്രപരമായി സന്ദേഹിയും ആയിരുന്നുവെന്നും സ്വകാര്യവൽക്കരണത്തിരമാലകളിലൂടെ രാഷ്ട്രത്തെ നശിപ്പിക്കുകയും അങ്ങനെ മാഫിയയും ഹിംസയും സോവിയറ്റ് രാഷ്ട്രഗാത്രത്തെ ഗ്രസിച്ചുവെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു. അവസാന പ്രഹരം മുൻസോവിയറ്റ് റിപ്പബ്ലിക്കുകളിൽ  തലപൊക്കിയ വിഘടനവാദത്തിലൂടെയായിരുന്നു. അവയെ ഗോർബച്ചേവ് ഗൗനിച്ചതേയില്ല. ഗോർബച്ചേവ് നടപ്പാക്കിയ ‘ഗ്ലാസ്‌നോസ്‌തും’ ‘പെരിസ്‌ത്രോയിക്ക’യും സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം വിപരീതഫലം ഉണ്ടാക്കി. ക്രെംലിന്റെ ചിത്രം ഇന്റർനാഷണലിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top