22 February Friday

സ്ത്രീമുന്നേറ്റം ശക്തിപ്പെടുത്തുക

അഡ്വ. പി സതീദേവിUpdated: Thursday Mar 8, 2018


അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ത്രീവിരുദ്ധവും വംശീയവിരുദ്ധവുമായ നിലപാടുകൾക്കെതിരെ സ്ത്രീകളുടെ പടുകൂറ്റൻ റാലികൾ നടന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സാർവദേശീയ മഹിളാദിനം ലോകമെങ്ങും ആചരിക്കപ്പെടുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശങ്ങൾക്കായി ലോകമെങ്ങും ഉയരുന്ന തൊഴിലാളിമുന്നേറ്റങ്ങളിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമാകുകയാണ്.

സാമ്രാജ്യത്വ അധിനിവേശവും കമ്പോളവൽക്കരണവും തൊഴിലാളികൾ ഉൾപ്പെടെയുള്ള സർവമാന ജനവിഭാഗങ്ങളുടെയും ജീവിതം പരിതാപകരമാക്കി. ലോകത്തിന്റെ സമ്പത്ത് മുഴുവൻ ഏതാനും പേരുടെ കൈകളിൽ ഒതുക്കപ്പെടുന്നു. സ്വാതന്ത്ര്യലബ്ധിയുടെ സപ്തതി പിന്നിട്ട ഇന്ത്യാ രാജ്യത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. നവലിബറൽ നയങ്ങൾക്കും ഹൈന്ദവ വർഗീയതയ്ക്കും പരിരക്ഷ നൽകുന്ന മനുവാദികളുടെ കൈകളിലാണ് ഇന്ന് രാജ്യഭരണം. സ്ത്രീകേന്ദ്രീകൃത വികസനപ്രക്രിയകളെ കുറിച്ച് വാതോരാതെയുള്ള പ്രചാരണങ്ങളാണ് ഭരണവർഗം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പരസ്യ മോഡലായി രംഗത്തുവന്ന് 'ശൗചാലയങ്ങൾ പണിയൂ' എന്ന് ആഹ്വാനം ചെയ്യുമ്പോൾ സ്വ്ച്ഛ്ഭാരത് മിഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് സർക്കാർ വെട്ടിച്ചുരുക്കി. ആർഷഭാരതസംസ്കാരത്തിന്റെ മഹനീയ മാതൃകകളായി സദ്സന്താനങ്ങളെ പിറവികൊള്ളിക്കുന്നവരായി സ്ത്രീകളെ വാഴ്ത്തി കൂടുതൽ പ്രസവിക്കുന്ന ഹിന്ദുസ്ത്രീകൾക്ക് 'വീരപ്രസവിനി' അവാർഡ് നൽകുമെന്ന് പറയുന്നവർ പോഷകാഹാരക്കുറവിന്റെ ഫലമായി വിളർച്ചാ രോഗം ബാധിച്ച് തൂക്കക്കുറവുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരാണ് രാജ്യത്തെ 70 ശതമാനത്തോളം സ്ത്രീകൾ എന്ന യാഥാർഥ്യം മറച്ചുവയ്ക്കുകയാണ്. സ്വന്തം ഉപജീവനത്തിനായി സ്ത്രീകൾ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സാഹചര്യം രാജ്യത്തുണ്ട്. എന്നാൽ, സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഗണ്യമായി വെട്ടിച്ചുരുക്കപ്പെട്ടു. തുച്ഛമായ കൂലി നൽകിയാലും സ്ത്രീകളെ തൊഴിലിനായി ലഭ്യമാകുമെന്ന് വരുമ്പോൾ അവരെ സ്വകാര്യ മുതലാളിമാർ വലിയരീതിയിൽ ചൂഷണം ചെയ്യുന്നു. തുല്യജോലിക്ക് തുല്യവേതനമെന്ന നിയമം സ്ത്രീത്തൊഴിലാളികളുടെ കാര്യത്തിൽ അംഗീകരിക്കപ്പെടുന്നേയില്ല. അസംഘടിത മേഖലകളിൽ സ്ത്രീകൾ ചെയ്യുന്നത് വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളാണ് എന്നതാണ് ന്യായീകരണം. കാർഷിക വ്യാവസായിക മേഖലകളിലെല്ലാം ഇത്തരത്തിൽ സ്ത്രീകളുടെ അധ്വാനശേഷി ചൂഷണം ചെയ്യപ്പെടുകയാണ്.

നോട്ട് നിരോധനവും ജിഎസ്ടിയും വിലക്കയറ്റം രൂക്ഷമാക്കിയപ്പോൾ ദുരിതങ്ങൾ വർധിച്ചു. തൊഴിൽ മേഖലകളിലുണ്ടായ പ്രതിസന്ധികൾ സ്ഥിരം തൊഴിലുകൾ നഷ്ടപ്പെടുത്തുകയാണ്. ആദ്യം തൊഴിൽ മേഖലകളിൽനിന്ന് പുറന്തള്ളപ്പെടുന്നത് സ്ത്രീകളാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ ഫണ്ടുകൾ കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയപ്പോൾ തൊഴിൽദിനം ഗണ്യമായി കുറഞ്ഞു. ഇന്ത്യയിൽ മൊത്തം തൊഴിൽ പങ്കാളിത്തത്തിന്റെ 18.7 ശതമാനം മാത്രമാണ് സ്ത്രീത്തൊഴിലാളികൾ. കാർഷികമേഖലയുടെ തകർച്ച സ്ത്രീകളുടെ തൊഴിലവസരമാണ് കുറച്ചത്. തോട്ടം തൊഴിൽമേഖലയിൽ ഏറെ പരിതാപകരമായ അവസ്ഥയിൽ ജോലിചെയ്യുന്ന സ്ത്രീത്തൊഴിലാളികളെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവന്നത് അവരുടെ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്. സർക്കാർ ക്ഷേമപദ്ധതികളുടെ ഭാഗമായി ജോലിചെയ്യുന്ന അങ്കണവാടി ജീവനക്കാർ, ആരോഗ്യമേഖലയിലെ ആശാവർക്കർമാർ, ലഘുസമ്പാദ്യപദ്ധതിയുടെ ഏജന്റുമാർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവരെല്ലാം ചെയ്യുന്ന ജോലി കേവലം സേവനമായി കണക്കാക്കുകയാണ്. ഈ മേഖലയുടെയാകെ പ്രവർത്തനങ്ങൾ സ്വകാര്യസ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും ഏൽപ്പിച്ച് ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി, മത്സ്യസംസ്കരണം, പഴസംസ്കരണം, ഖാദിവ്യവസായങ്ങളുടെ ഭാഗമായി ജോലിചെയ്യുന്ന സ്ത്രീകൾ എന്നിവരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ടെക്സ്റ്റൈൽ വ്യാപാരസ്ഥാപനങ്ങളിൽ നാമമാത്രമായ കൂലിക്ക് അടിസ്ഥാന പ്രാഥമികസൗകര്യങ്ങൾ പോലുമില്ലാതെ ജോലിയെടുക്കേണ്ടിവരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ സങ്കീർണമാണ്. സ്ത്രീകൾ കൂടുതലായി ജോലിചെയ്യുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സജ്ജമാക്കേണ്ട ക്രഷെ, നേഴ്സറി സൗകര്യങ്ങൾ, സ്ത്രീസൗഹൃദ ശൗചാലയങ്ങൾ എന്നിവയെല്ലാം ഉറപ്പുവരുത്താൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും തൊഴിലുടമകൾ അതൊന്നും പ്രാവർത്തികമാക്കുന്നില്ല. പ്രസവാനുകൂല്യം നൽകേണ്ടിവരുമെന്നതിനാൽ വിവാഹശേഷം സ്ത്രീകളെ തൊഴിൽസ്ഥാപനങ്ങളിൽനിന്ന് ഒഴിവാക്കുന്ന അവസ്ഥയുമുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയൽ നിയമം പ്രാബല്യത്തിൽ വന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും നിയമം അനുശാസിക്കുന്ന കംപ്ലയിന്റ് കമ്മിറ്റികൾ, പരാതിപരിഹാര സംവിധാനങ്ങൾ എന്നിവയൊന്നും നിലവിൽ വന്നിട്ടില്ല. സംവിധാനങ്ങൾ ഉണ്ടായാലും സാമൂഹ്യപരമായ കാരണങ്ങളാൽ പരാതി നൽകാൻ സ്ത്രീകൾ തയ്യാറാകാത്ത സ്ഥിതിയുമുണ്ട്.

നരേന്ദ്ര മോഡി സർക്കാരിന്റെ നാലാം ബജറ്റവതരണവേളയിൽ പോലും വനിതാക്ഷേമപദ്ധതികൾ പാടേ അവഗണിക്കപ്പെട്ടു. ഇക്കാര്യത്തിൽ കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ പരിമിതമായ വിഭവശേഷിക്കകത്തുനിന്നുകൊണ്ട് 'ജന്റർ ബജറ്റിങ്' എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാൻ തയ്യാറായതും വനിതാക്ഷേമപദ്ധതികൾക്കായി ഫണ്ട് അലോട്ട്മെന്റ് വർധിപ്പിച്ചതും കുടുംബശ്രീ അടക്കമുള്ള സ്ത്രീശാക്തീകരണപദ്ധതികൾക്ക് പരിഗണന നൽകിയതും രാജ്യമാകെ മാതൃകയാക്കേണ്ടതാണ്.

1996ൽ ദേവഗൗഡ ഗവൺമെന്റ് ലോക്സഭയിൽ അവതരിപ്പിച്ച വനിതാസംവരണ ബിൽ പാസാകാതെ പോയി. ഒന്നാം യുപിഎ ഗവൺമെന്റ് രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയ വനിതാസംവരണ ബിൽ പിന്നീട് ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യുപിഎ സർക്കാരിനോ നാലുവർഷമായി അധികാരം കൈയാളുന്ന മോഡി സർക്കാരിനോ ഉണ്ടായിട്ടില്ല. നിയമനിർമാണവേദികളിൽ സ്ത്രീയുടെ പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനം എടുക്കുന്ന വേദികളിൽ സ്ത്രീകളുടെ സാന്നിധ്യമുണ്ടാക്കാനും കഴിഞ്ഞാലേ സമൂഹത്തിലാകെ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയർന്നുവരികയുള്ളൂ.

രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ വൻകിട കുത്തകകളുടെ കൈയിലെത്തിക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കേന്ദ്രഭരണസംവിധാനം 'ഡിജിറ്റൽ ഇന്ത്യ' എന്ന മുദ്രാവാക്യത്തിലൂടെ യുവതയുടെ പിന്തുണ ആർജിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, രാജ്യത്തെ ഐടി സ്ഥാപനങ്ങളിൽനിന്ന് നിഷ്കാസിതരാകുന്ന അവസ്ഥ യുവത്വത്തിന്റെ സ്വപ്നങ്ങൾ പോലും നഷ്ടപ്പെടുത്തുന്ന സാഹചര്യമാണുണ്ടാക്കുന്നത്.

സ്ത്രീകളുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയൽ നിയമം കുറ്റമറ്റരീതിയിൽ നടപ്പാക്കുക, സ്ത്രീകൾക്ക് മാന്യമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുക, എല്ലാ സ്ത്രീത്തൊഴിലാളികൾക്കും മിനിമം കൂലി, ആരോഗ്യപരിരക്ഷ, സാമൂഹ്യസുരക്ഷാ സംവിധാനം എന്നിവ ഉറപ്പുവരുത്തുക, സ്ത്രീവിരുദ്ധമായ നിലയിൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാതിരിക്കുക, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം 26 ആഴ്ചത്തെ അവധിയുൾപ്പെടെയുള്ള പ്രസവാനുകൂല്യങ്ങൾ എല്ലാ സ്ത്രീജീവനക്കാർക്കും ഉറപ്പുവരുത്തുക, തൊഴിലുറപ്പു പദ്ധതി പ്രകാരം വർഷത്തിൽ ഒരു കുടുംബത്തിന് 250 തൊഴിൽ ദിനം ഉറപ്പുവരുത്തുക, സ്കീം വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, കേന്ദ്ര സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക, വനിതാസംവരണ ബിൽ പാസാക്കുക, സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംയുക്തമായി സ്ത്രീസംഘടനകൾ നടത്തുന്ന വനിതാദിനാചരണം പൊതുസമൂഹത്തിലാകെ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയർത്താൻകൂടി പര്യാപ്തമാകേണ്ടതുണ്ട് •
(ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖിക)
 

പ്രധാന വാർത്തകൾ
 Top