26 September Tuesday
നാളെ ലോക ഫാർമസിസ്റ്റ് ദിനം

ഏകജാലക 
സംവിധാനം വേണം

ഒ സി നവീൻ ചന്ദ്Updated: Saturday Sep 24, 2022

സംസ്ഥാനത്ത് സ്വകാര്യ മരുന്നുസംഭരണ വിതരണം കാര്യക്ഷമമാകാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തണം. മരുന്നുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽനിന്ന്‌ ഇവിടെ എത്തുന്ന മരുന്നുകളുടെ യഥാർഥ വിവരം സംസ്ഥാനത്തെ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് ലഭിക്കുന്നില്ലെന്നതാണ് സത്യം. വിപണിയിലെത്തുന്ന മരുന്നുകൾ വ്യാജനാണെന്നറിയാൻപോലും സംവിധാനമില്ല. പലപ്പോഴും ഗുണനിലവാരമില്ലാത്ത മരുന്നുകളാണെന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് പുറത്തു വരുമ്പോഴേക്കും പ്രസ്തുത മരുന്നുകൾ മുഴുവൻ വിറ്റു തീർന്നിരിക്കും. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചില ജൻ ഔഷധികളിലടക്കം കണ്ണുവെട്ടിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വിൽപ്പന നടത്തുന്നതായി പരാതിയുണ്ട്. ഏകജാലക സംവിധാനത്തിലൂടെ എത്തുന്നതോടെ മുഴുവൻ മരുന്നുകളുടെയും ഗുണനിലവാരവും അളവും ഉറപ്പ് വരുത്താൻ സാധിക്കും. അനാവശ്യമരുന്നുകളുടെ വിപണനം തടയാനും കഴിയും. സാമ്പിളുകൾ പരിശോധിക്കാൻ ഡ്രഗ്സ് ലബോറട്ടറികൾക്ക് പുറമെ സംസ്ഥാനത്തെ ഫാർമസി കോളേജുകളെയും ഉപയോഗപ്പെടുത്താൻ സാധിക്കും.

കച്ചവടതാൽപ്പര്യത്തോടെ പ്രാക്ടീസ് ചെയ്യുന്ന ചുരുക്കം ചില ഡോക്ടർമാർ അനാവശ്യമായി രോഗികൾക്ക് ആന്റിബയോട്ടിക്കുകളടക്കമുള്ള മരുന്നുകൾ കുറിച്ച് നൽകുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. ഡ്രഗ് ലൈസൻസോ ഫാർമസിസ്റ്റിന്റെ സേവനമോ ഇല്ലാത്ത ഇത്തരം ക്ലിനിക്കുകളിലും ആശുപത്രികളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം കാര്യക്ഷമമായ പരിശോധന നടത്താറില്ല. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽനിന്ന് ഗുണനിലവാര പരിശോധനയ്ക്ക്‌ സാമ്പിളുകൾ ശേഖരിക്കാറുമില്ല. ഗുണനിലവാരം കുറഞ്ഞ ആന്റിബയോട്ടിക് കഴിക്കുന്നതു കാരണം ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് എന്ന മാരകമായ അവസ്ഥ സംജാതമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രൊപ്പഗാൻഡ കമ്പനികൾ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വ്യാപകമായി ഇത്തരം ക്ലിനിക്കുകളിലും ആശുപത്രിയിലും വിതരണം ചെയ്യുന്നുണ്ട്. ഡ്രഗ്സ് ആൻഡ്‌ കോസ്മറ്റിക് ആക്ട് പ്രകാരം അവശ്യഘട്ടങ്ങളിൽ ഡോക്ടർക്ക് താൻ പരിശോധിക്കുന്ന രോഗിക്ക് നേരിട്ട് മരുന്നുകൾ നൽകാമെന്ന നിയമപരിരക്ഷയുടെ പഴുതുപയോഗിച്ച് ഡ്രഗ് ലൈസൻസില്ലാതെ മരുന്നുകച്ചവടം നടത്തി ലാഭം കൊയ്യുകയാണ്. ഓരേ ഇനത്തിൽപ്പെട്ട മരുന്ന്‌ വിവിധ കമ്പനികൾ ഒരേപേരിലും, കൂടാതെ വ്യത്യസ്ത മരുന്നുകൾ ഒരേ ബ്രാൻഡ്‌ പേരിലും മരുന്നു വിപണിയിൽ കണ്ടെത്തുന്നതും സർവസാധാരണയാണ്. ജിഎസ്ടി സംവിധാനം നിലവിൽ വന്നതിനുശേഷം വിവിധ സംസ്ഥാനങ്ങളിൽനിന്ന് മരുന്നുകൾ എത്തുന്നതിന്റെ പൂർണവിവരം സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനും ലഭ്യമാകുന്നില്ല.

ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങൾ കേരളം കൈവരിക്കുമ്പോഴും അത് പൂർണതയിലെത്തിക്കാൻ മരുന്നുവിതരണ സംവിധാനവും കൂടുതൽ ശാസ്ത്രീയമാകണം. ജീവിതശൈലീ രോഗമുള്ളവരിലാണ് വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും പ്രകടമാകുന്നത്. ഭക്ഷണരീതി കൊണ്ടാണ് ഇത്തരം അസുഖങ്ങൾക്ക് കാരണമെന്നാണ് സാധാരണ കുറ്റപ്പെടുത്താറുള്ളത്. എന്നാൽ, മരുന്നുകളുടെ ഉപയോഗക്രമങ്ങളിലെ അശാസ്ത്രീയതകളാണ് പ്രധാന വില്ലനെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരാൾക്കുതന്നെ പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയ രോഗമുള്ളവർ നിരവധിയാണ്.  വ്യത്യസ്ത രോഗത്തിനുള്ള മരുന്നുകളെല്ലാം ഒന്നിച്ച് കഴിക്കുന്ന രീതിയാണ് സാധാരണ നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. തിളപ്പിച്ച് തണുത്ത വെള്ളത്തിൽ ഗുളികകൾ കഴിക്കുന്നതാണ് ഉത്തമം.  മരുന്നു വാങ്ങാനായി ഫാർമസിയിൽ എത്തിയാൽ കഴിക്കേണ്ട മുഴുവൻ കാര്യങ്ങളും ഫാർമസിസ്റ്റിനോട് ചോദിച്ച് മനസ്സിലാക്കേണ്ടത് നിർബന്ധമാണ്. സർക്കാർ സംവിധാനത്തിലടക്കമുള്ള ഫാർമസികളിൽ പേഷ്യന്റ് കൗൺസലിങ്‌ സംവിധാനം ശക്തിപ്പെടുത്തിയാൽ മാത്രമേ ഇത് ഫലവത്താകുകയുള്ളൂ

(സംസ്ഥാന ഫാർമസി കൗൺസിൽ 
പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top