13 August Saturday
ഇന്ന്‌ ലോക പുകയില വിരുദ്ധദിനം

പുകയിലയും ശ്വാസകോശവും

ഡോ. അശ്വതി ടിUpdated: Tuesday May 31, 2022

മെയ് 31 ലോക പുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നു. ‘പരിസ്ഥിതിയെ സംരക്ഷിക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം. പുകയില മനുഷ്യരാശിയെയും നമ്മുടെ ഭൂമിയെയും കൊല്ലുന്നു. പുകയില കൃഷി, ഉൽപ്പാദനം, ഉപയോഗം എന്നിവ നമ്മുടെ ജലം, മണ്ണ്, നഗരം തുടങ്ങിയവയെ രാസമാലിന്യങ്ങൾകൊണ്ട് വിഷലിപ്തമാക്കുന്നു. നമ്മുടെ ശ്വാസകോശത്തിന് പരിസ്ഥിതിയുമായി അടുത്ത ബന്ധമുണ്ട്. വർധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം ശ്വാസകോശാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താൻ പൂർണമായും ഒഴിവാക്കാവുന്ന ഒരു മലിനീകരണ വസ്തുവാണ് പുകയില. ലോകമെമ്പാടും പ്രതിവർഷം അഞ്ച്‌ ദശലക്ഷം സിഗററ്റ്‌ ഉപേക്ഷിക്കപ്പെടുന്നു, ഇത് ഭൂമിയിൽ ഏറ്റവും കൂടുതൽ മാലിന്യമായി മാറുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരു വർഷം 80 ലക്ഷം മരണമാണ് പുകയില കാരണം സംഭവിക്കുന്നത്.

പുകവലി പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. പുകവലിയുമായി ബന്ധപ്പെട്ട ശ്വാസകോശരോഗം സാരമായ ലക്ഷണങ്ങൾ കാണിക്കുന്നു, ചില സന്ദർഭങ്ങളിൽ ശ്വാസകോശം മാറ്റിവയ്ക്കൽപോലും ആവശ്യമായി വന്നേക്കാം.  പുകയിലയുടെ പുകയോടുള്ള അലർജി, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, പൊതുവായ ആരോഗ്യപ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളുള്ള ശ്വാസനാള രോഗമാണ് സിഒപിഡി. ഇത് പ്രതിരോധിക്കാനും ചികിത്സിക്കാനും സാധിക്കും.

ശ്വാസകോശാർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണ്. മിക്കവാറും ശ്വാസകോശാർബുദം ഒരു വികസിത ഘട്ടത്തിലാണ് കണ്ടെത്തുന്നത്, ഈ സാഹചര്യത്തിൽ ചികിത്സയ്‌ക്ക് ഫലം കാണില്ല, അതിനാൽ അർബുധം നേരത്തേ കണ്ടുപിടിക്കുന്നതിനായി പുകവലി ശീലമുള്ളവർ ശ്വാസകോശം പരിശോധന നടത്തണം. ചുമ, കഫം, കഫത്തിൽ രക്തം, ഭാരക്കുറവ്, വിശപ്പില്ലായ്മ എന്നിവയാണ് ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങൾ. മിക്കപ്പോഴും രോഗം അവസാന ഘട്ടത്തിലേക്ക് പോകുന്നതുവരെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടില്ല. തൊണ്ടയിലെ അർബുധം/ ശ്വാസനാളത്തിലെ അർബുധം എന്നിവയും പുകവലിമൂലം ഉണ്ടാകാറുണ്ട്.

ഇന്റർസ്റ്റീഷ്യൽ ലങ്‌ ഡിസീസ്ശ്വാസകോശത്തിന് സ്ഥിരമായ തകരാറുണ്ടാക്കുന്ന അപൂർവ രോഗമാണ്‌. ചുമ, ക്രമേണ വർധിക്കുന്ന ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, നേരത്തേതന്നെ രോഗനിർണയം നടത്തിയില്ലെങ്കിലോ ഉചിതമായ ചികിത്സ നൽകിയില്ലെങ്കിലോ ശ്വാസകോശ സംബന്ധമായ തകരാറുകൾ തീവ്രമാകുകയും ഓക്സിജന്റെ ആവശ്യം അനിവാര്യമാകുകയും ചെയ്യും. ഈ അവസ്ഥയിൽ രോഗിക്ക് ശ്വാസകോശം മാറ്റിവയ്‌ക്കൽ ആവശ്യമായി വന്നേക്കാം.പുകവലി ആസ്ത്മയുടെ ലക്ഷണങ്ങളും മൂക്കിന്റെയും തൊണ്ടയുടെയും അലർജിയും വർധിപ്പിക്കുന്നു. പുകവലിക്കുന്ന സ്ത്രീകൾക്ക് ഗർഭിണിയാകാൻ കൂടുതൽ ബുദ്ധിമുട്ടാണ്, കൂടാതെ ഗർഭച്ഛിദ്രത്തിനുള്ള സാധ്യത കൂടുതലാണ്. പുകവലി കുഞ്ഞിന് ചില ജനനവൈകല്യങ്ങൾക്ക് കാരണമാകുന്നു. കുഞ്ഞുങ്ങളിലെ ഭാരക്കുറവും മാസം തികയാതെയുള്ള പ്രസവവുമാണ് മറ്റ് പ്രശ്നങ്ങൾ.

സെക്കൻഡ് ഹാൻഡ് പുകവലി
സിഗററ്റ്, ചുരുട്ട്, ഹുക്ക, പൈപ്പുകൾ തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ കത്തിച്ചാൽ ഉണ്ടാകുന്ന പുകയാണ് സെക്കൻഡ് ഹാൻഡ് പുക. പുകവലിക്കാരൻ പുറന്തള്ളുന്ന പുകയാണിത്. പുകയില ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പുകയിൽ അർബുദം ഉണ്ടാക്കുന്ന ഏഴായിരത്തിലധികം രാസവസ്തു അടങ്ങിയിരിക്കുന്നു. ചെറിയ സമയംപോലും സെക്കൻഡ് ഹാൻഡ് പുക ശ്വസിക്കുന്നത് എല്ലാ പ്രായക്കാർക്കും ദോഷകരമാണ്. സമ്പർക്കം വീട്ടിലോ ജോലിസ്ഥലത്തോ പൊതുസ്ഥലങ്ങളിലോ ആകാം. ഒരു ചെറിയ സമയത്തേക്കുപോലും പുകവലിക്കുന്ന ഏതൊരു വ്യക്തിക്കും ശ്വാസകോശ രോഗങ്ങൾ, അലർജികൾ, ശ്വാസകോശാർബുദം, ഹൃദ്‌രോഗങ്ങൾ, സ്ട്രോക്ക്, ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. കുട്ടികളിൽ അതിന്റെ ഫലങ്ങൾ അതിതീവ്രമാണ്.

നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് പുകവലി ഉപേക്ഷിക്കുക എന്നത്. പുകവലി ഉപേക്ഷിക്കുന്നതാണ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും പുകവലിയുടെ ദോഷങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top