28 February Sunday
നാളെ ലോക മാതൃഭാഷാദിനം

മാതൃഭാഷാദിന ചിന്തകൾ

വട്ടപ്പറമ്പിൽ പീതാംബരൻUpdated: Saturday Feb 20, 2021

ഫെബ്രുവരി 21. ലോക മാതൃഭാഷാദിനം. ചോരയുടെ മണമുള്ള ദിവസം, ചുവപ്പിന്റെ ദിനം. ഈ ദിനത്തിന് പിന്നിൽ ഒരു ചരിത്രസത്യമുണ്ട്; സമരചരിത്രം! എല്ലാ മാറ്റത്തിനും പിന്നിൽ ഒരു സമരചരിത്രമുണ്ടായിരിക്കും; ലോക മാതൃഭാഷാദിനത്തിനും. 1952 ഫെബ്രുവരി. ബംഗ്ലാദേശ് ഗവൺമെന്റ് അവരുടെ മാതൃഭാഷയായ ബംഗാളിയെ മാറ്റി ഉറുദുവിനെ ഭരണഭാഷയാക്കി. ആ തീരുമാനം ബഹുഭൂരിപക്ഷം വരുന്ന ബംഗാളികളെ ക്ഷുഭിതരാക്കി. മാതൃഭാഷയ്ക്കുവേണ്ടി ബംഗ്ലാദേശ് ഉജ്വലമായ സമരഭൂമിയായി. സർവവിഭാഗത്തിൽപ്പെട്ടവരും സമരമുഖത്തായി. ബംഗ്ലാദേശ് സർക്കാർ സമരത്തെ അടിച്ചമർത്താൻ എല്ലാ മാർഗവും സ്വീകരിച്ചു. 1952 ഫെബ്രുവരി 21ന് സമരസഖാക്കൾക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ സർവകലാശാലാ വിദ്യാർഥികളായ നാലു പേർ മരിച്ചു. - മാതൃഭാഷയ്ക്കുവേണ്ടി രക്തസാക്ഷികളായ ആ വിദ്യാർഥികളുടെ സ്മരണ നിലനിർത്താൻ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിക്കാൻ 1999 നവംബർ 19ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.

ലോകത്തിൽ 6000നും 8000നും ഇടയിൽ ഭാഷകളുണ്ടെന്നാണ് ഭാഷാ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ മാതൃഭാഷയായ മലയാളത്തിന് അതിൽ 26–--ാം സ്ഥാനമുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു. 1600ൽപ്പരം ഇൻഡ്യൻ ഭാഷയിൽ, ഭരണഘടനയുടെ 8-–-ാം ഷെഡ്യൂളനുസരിച്ചുള്ള 22 ഭാഷയിൽ മലയാളത്തിന് ഒമ്പതാം സ്ഥാനമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കഥകളിൽ മലയാളത്തിലെ "വെള്ളപ്പൊക്കത്തിൽ' (തകഴി) എന്ന കഥയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വായിച്ചതോർക്കുന്നു. 2017-ൽ ഓക്സ്ഫോർഡ് നിഘണ്ടുവിൽ നമ്മുടെ ഭാഷയിലെ “അയ്യോ!', “അണ്ണാ', "വട' എന്നീ പദങ്ങൾ ചേർത്തിരിക്കുന്നു. ഈ വെളിപ്പെടുത്തൽ മലയാള ഭാഷയുടെ മഹത്വമാണ് പ്രകടമാക്കുന്നത്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളഭാഷയുടെ പരിപോഷണത്തിനായി കാലാനുസൃതവും വ്യത്യസ്തങ്ങളും ആകർഷകങ്ങളുമായ നിരവധി പരിപാടികളാണ് നടത്തിക്കൊണ്ടിരുന്നത്

മലയാളഭാഷയുടെ മഹത്വത്തെക്കുറിച്ച് മഹാകവി വള്ളത്തോൾ തുടങ്ങി മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ കവികളും കഥാകാരന്മാരും ഇതര സാംസ്കാരിക പ്രവർത്തകരും ശക്തമായ ഭാഷയിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നിട്ടും മാതൃഭാഷയെ സ്നേഹിക്കാനും ആദരിക്കാനും മനസ്സില്ലാത്ത,- മലയാളത്തെ അവഗണിക്കുന്ന - പരിഹസിക്കുകപോലും ചെയ്യുന്നവർ ഇപ്പോഴും ഉണ്ടെന്നുള്ളതോർക്കുമ്പോൾ ദുഃഖം തോന്നുന്നു.

പ്രകൃതിദുരന്തങ്ങളും മഹാമാരികളും സംഹാരതാണ്ഡവമാടുന്ന ഈ കാലഘട്ടത്തിൽപ്പോലും മുൻസർക്കാരിൽനിന്ന്‌ വ്യത്യസ്തമായി പിണറായി സർക്കാർ, ഇതരമേഖലകളിലെന്നപോലെ മാതൃഭാഷാ പരിപോഷണത്തിനായി നിരവധി കാര്യങ്ങൾ ചെയ്തുവരുന്നതിനെ മലയാളികൾ നന്ദിപൂർവം സ്മരിക്കുകതന്നെ ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളഭാഷയുടെ പരിപോഷണത്തിനായി കാലാനുസൃതവും വ്യത്യസ്തങ്ങളും ആകർഷകങ്ങളുമായ നിരവധി പരിപാടികളാണ് നടത്തിക്കൊണ്ടിരുന്നത്.

മലയാളം മിഷൻ, സാക്ഷരതാമിഷൻ, മലയാളം സർവകലാശാല, ഔദ്യോഗിക ഭാഷാസമിതി തുടങ്ങിയവയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഈ സർക്കാരിന്റെ മാതൃഭാഷയോടുള്ള കൂറിന്റെ മകുടോദാഹരണങ്ങൾ തന്നെയാണ്.
തിരുവനന്തപുരത്ത്‌ കവി വി മധുസൂദനൻ നായർ അധ്യക്ഷനായി 2014 മുതൽ പ്രവർത്തിച്ചുവരുന്ന മലയാളം പള്ളിക്കൂടത്തിന്റെ പ്രവർത്തനം ഇ എസ് ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിലുള്ള നിയമസഭയുടെ ഔദ്യോഗിക ഭാഷാസമിതി പഠിച്ച്, വിശദമായ ചർച്ചകൾക്കുശേഷം 2018 ഡിസംബർ 12ന്‌ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് ഈ സർക്കാരിന്റെ മാതൃഭാഷാസ്നേഹം വെളിപ്പെടുത്തുന്നു.

എല്ലാ അധ്യാപകർക്കും മാതൃഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ തെറ്റില്ലാതെ, മലയാള ഭാഷയിൽ അധ്യാപനം നടത്താൻ അവർക്ക്‌ കഴിയുകയുള്ളൂ. അതിനായി നിയമനത്തിനുമുമ്പ് മാതൃഭാഷാ നൈപുണി പരിശോധിക്കണം. നല്ല മലയാളം എന്ന സങ്കൽപ്പത്തിൽ മാനക ഭാഷയാണ് ലക്ഷ്യമിടുന്നത്. മാനകഭാഷ വരമൊഴിയിലും വാമൊഴിയുടെ ചില പ്രത്യേക സന്ദർഭങ്ങളിലുമാണ് ശുദ്ധമായിരിക്കേണ്ടത്. നമ്മുടെ നിത്യജീവിത വ്യാപാരങ്ങളിൽ നാം പ്രയോഗിക്കുന്ന വായ്‌മൊഴികളുടെ തെറ്റും ശരിയും ചികയുന്നത് വ്യഥാവ്യായാമമാണ്. കാസർകോടുമുതൽ പാറശാലവരെ കേരളത്തിന്റെ മുക്കിലും മൂലയിലും നാം പ്രയോഗിക്കുന്ന ആയിരക്കണക്കിന് വ്യത്യസ്ത നാട്ടുമൊഴികളിലെ തെറ്റും ശരിയും കണ്ടെത്താനുള്ള പാഴ്ശ്രമത്തേക്കാൾ നല്ലത് അവയുടെ പ്രയോഗാർഥവും താളവും ഈണവും ചന്തവും കണ്ടെത്താനുള്ള ശ്രമമാണ് വേണ്ടത്. അത്തരത്തിൽ സമഗ്രമായൊരു സമാഹാരം നമുക്കുണ്ടാകണം. നമ്മുടെ നാട്ടുമൊഴികൾ സംരക്ഷിക്കപ്പെടണം. മലയാള ഭാഷയുടെ പദസമ്പത്ത് വിപുലീകരിക്കാൻ പ്രസ്തുത സംരംഭം സഹായകമാകും. നിത്യജീവിതത്തിൽ പ്രയോഗിക്കുന്ന വാമൊഴികളും അവയുടെ അർഥതലങ്ങളും പ്രയോഗങ്ങളും സമാഹരിച്ച് ക്രോഡീകരിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നാട്ടുമൊഴി നിഘണ്ടു നമുക്കുണ്ടാക്കാനാകില്ലേയെന്ന് പരിശോധിക്കണം.

നാട്ടുമൊഴികളിൽ പ്രാദേശികമായ സാമുദായികമായ ഭാഷകൾ, തൊഴിൽ മേഖലാഭാഷകൾ, ആചാരഭാഷകൾ, കച്ചവടഭാഷകൾ, കാർഷിക ഭാഷകൾ, വ്യാവസായിക മേഖലാഭാഷകൾ, കടൽപ്പുറം ഭാഷകൾ, ഗോപ്യഭാഷകൾ, മലയോരഭാഷകൾ, വ്യത്യസ്ത ആദിവാസി ഭാഷകൾ തുടങ്ങി നിരവധി ഉപ വിഭാഗങ്ങളുണ്ടെന്നതും മറക്കാനാകില്ല.
നാട്ടുമൊഴികളിൽ മാനകഭാഷയിൽ ഉപയോഗിക്കാവുന്ന നിരവധി പദങ്ങൾ നാടോടി സാഹിത്യത്തിൽ കാണാം. അവ പ്രയോഗിക്കാതെ മൃത ഭാഷയായി മാറിക്കൊണ്ടിരിക്കുന്നു. മലയാളഭാഷയുടെ പദസമ്പത്ത് വിപുലീകരിക്കാൻ ഈ പദങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്ത ആദിവാസി ഭാഷകൾ സമാഹരിച്ച് ഗ്രന്ഥങ്ങളായി പ്രസിദ്ധീകരിക്കണം. ലിപിയില്ലാത്ത ആദിവാസി ഭാഷകൾ സമാഹരിച്ച് മലയാള ലിപിയിലാക്കിയാൽ ഒരു മഹാനിഘണ്ടു തന്നെ നിർമിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top